അന്തരീക്ഷ മലിനീകരണം നിയന്ത്രിച്ച് രാജ്യത്തെ കൂടുതല്‍ പ്രകൃതി സൗഹാര്‍ദമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പെട്രോളിയം-പ്രകൃതിവാതക ഖനനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സ്. പാരമ്പര്യേത ഉര്‍ജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 2040ഓടെ രാജ്യത്ത് പൂര്‍ണ്ണമായും നിയന്ത്രണം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇനിമുതല്‍ പുതിയ ഖനന ലൈസന്‍സുകള്‍ അനുവദിക്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനായാണ് ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് ഫ്രാന്‍സ് കടന്നിട്ടുള്ളത്. ഇതുസംബന്ധിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അവതരിപ്പിച്ച പദ്ധതി പാര്‍ലമെന്റ് അംഗീകരിച്ചതോടെയാണ് ഫ്രാന്‍സ് പുതിയ മാറ്റത്തിന് തുടക്കം കുറിച്ചത്. നിലവില്‍ ഡ്രില്ലിങ്ങിന് എല്ലാ കമ്പനികള്‍ക്കും നല്‍കിയിട്ടുള്ള ലൈസന്‍സ് കാലാവധി 2040ന് അവസാനിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ഫ്രാന്‍സ് അധീന പ്രദേശങ്ങളിലും പെട്രോളും പ്രകൃതി വാതകവും കണ്ടെത്താന്‍ ശ്രമിക്കുന്നത് ഇനി മുതല്‍ നിയമവിരുദ്ധമാണെന്നും പ്രസിഡന്റ് അറിയിച്ചു. ലോകത്ത് ആദ്യമായി ഇത്തരത്തിലൊരു നിയമം കൊണ്ടു വരുന്ന രാജ്യമാണ് ഫ്രാന്‍സ്. 2040ഓടെ രാജ്യത്തുനിന്ന് പെട്രോളിയം ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകള്‍ പൂര്‍ണമായും ഒഴിവാക്കാനും ഫ്രാന്‍സിന് പദ്ധതിയുണ്ട്.
പ്രതിവര്‍ഷം ഫ്രാന്‍സ് ഉല്‍പാദിപ്പിക്കുന്നത് 8.15 ലക്ഷം ടണ്‍ ഇന്ധനം മാത്രമാണെന്നും ഇത് സൗദിയെപ്പോലുള്ള പ്രധാന എണ്ണ ഉല്‍പാദക കേന്ദ്രങ്ങള്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഖനനം ചെയ്‌തെടുക്കുന്ന അത്രയേയുള്ളൂ എന്നും പരിസ്ഥിതി മന്ത്രി നിക്കോളാസ് ഹുലോട്ട് പറഞ്ഞു. എന്നാല്‍ ഭാവി തലമുറയെക്കൂടി മുന്നില്‍ കണ്ടാണ് ഫ്രാന്‍സ് ഇത്തരമൊരു നീക്കത്തിനു തയാറെടുക്കുന്നത് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫ്രാന്‍സിന്റെ പുതിയ നടപടികള്‍ ഊര്‍ജരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ എതിര്‍പ്പുണ്ടാക്കുമെന്നതില്‍ സംശയമില്ല. രാജ്യത്തിന്റെ വൈദ്യൂത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 75ശതമാനം ഊര്‍ജ്ജവും ആണവ നിലയങ്ങളില്‍ ഉത്പാദിപ്പിക്കുന്നവയാണെന്നതും ഫ്രാന്‍സിന് മുന്നിലെ വെല്ലുവിളിയാണ്. വൈദ്യുതി ആവശ്യങ്ങള്‍ക്ക് ആണവ നിലയങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനായി ചില ആണവ നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഇത് വലിയ വിവാദത്തില്‍ കലാശിക്കുകയായിരുന്നു. ആണവനിലയങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ലക്ഷകണക്കിനാളുകളെയാണ് ഈ തീരുമാനം ബാധിച്ചത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് ഫ്രാന്‍സ് പുതിയ പരീക്ഷണങ്ങള്‍ക്ക് ആരംഭംകുറിക്കുന്നത്.
'മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ കളിയാക്കി 'മെയ്ക് അവര്‍ പ്ലാനറ്റ് ഗ്രേറ്റ് എഗെയ്ന്‍' എന്ന ഹാഷ്ടാഗോടെയാണ് പുതിയ നടപടി മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചത്. ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ ലോകരാജ്യങ്ങളെ മുന്നില്‍ നിന്നു നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സ് ഇത്തരമൊരു നിയമത്തിനു രൂപം നല്‍കുന്നതെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates