

ചെമ്പ് ഉപയോഗിച്ച് സ്വര്‍ണ്ണം നിര്‍മ്മിക്കാമെന്ന് കണ്ടെത്തി ഒരു കൂട്ടം ഗവേഷകര്‍. യഥാര്‍ത്ഥ സ്വര്‍ണമല്ല, സ്വര്‍ണത്തിന് സമാനമായ പുതിയൊരു വസ്തു ആണെന്ന് മാത്രം. സയന്‍സ് അഡ്വാന്‍സസ് എന്ന ജേര്‍ണലില്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ചുവന്ന പഠനത്തിലാണ് ഇതേ കുറിച്ച് വെളിപ്പെടുത്തുന്നത്.
ലിയാവോനിങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലുള്ള ഡാലിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ഫിസിക്‌സിലെ പ്രഫസര്‍ സണ്‍ ജ്യാനും സഹപ്രവര്‍ത്തകരുമാണ് ഈ പുതിയ കണ്ടുപിടിത്തം നടത്തിയത്. ഇവര്‍ ഉയര്‍ന്ന താപനിലയില്‍ വൈദ്യുതി ചാര്‍ജ് ചെയ്ത ആര്‍ഗണ്‍ ഗ്യാസ് ചെമ്പില്‍ പതിപ്പിച്ചു.
അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്ന അയണീകരിക്കപ്പെട്ട കണങ്ങള്‍ ചെമ്പ് കണങ്ങളില്‍ കൂട്ടിയിടിച്ച് സ്‌ഫോടനം നടന്നു. ശേഷം കണികകള്‍ ശീതികരിക്കപ്പെടുകയും ശേഖരിക്കുന്നതിനായി തയ്യാറാക്കിയ ഉപകരണത്തിന്റെ പ്രതലത്തില്‍ ഖനീഭവിച്ച് മണല്‍ രൂപത്തിലുള്ള ഒരു നേര്‍ത്തപാളിയായി മാറുകയും ചെയ്യുന്നു. നാനോ മീറ്ററുകളോളം മാത്രമാണ് ഈ മണല്‍തരികളുടെ വലിപ്പം.
ഇങ്ങനെ ശേഖരിക്കുന്ന വസ്തുവിനെ റിയാക്ഷന്‍ ചേമ്പറിലിട്ട് കാര്‍ബണ്‍ ആല്‍ക്കഹോള്‍ ആക്കിമാറ്റുന്ന രാസപ്രക്രിയയില്‍ ഉത്‌പ്രേരകമായി ഉപയോഗിച്ചു. സ്വര്‍ണം പോലെ അമൂല്യലോഹ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുമാത്രമാണ് ഏറെ ശ്രമകരമായ ഈ രാസ പ്രക്രിയ നടത്താറുള്ളത്. ചെമ്പിന്റെ ഈ സൂക്ഷ്മകണങ്ങള്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും സമാനമായ രീതിയില്‍ ഒരു ഉത്‌പ്രേരകമെന്നോണം പ്രവര്‍ത്തിച്ചു.
പുതിയതായി കണ്ടെത്തിയ വസ്തുവും കാഴ്ചയിലും ഭാരത്തിലും സ്വര്‍ണത്തിന് സമാനമാണെങ്കിലും വ്യാജ സ്വര്‍ണാഭരണങ്ങളും നാണയങ്ങളും നിര്‍മിക്കാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. കാരണം സാന്ദ്രതയുടെ കാര്യത്തില്‍ ഇത് സാധാരണ ചെമ്പ് തന്നെയാണ്.
എന്നാല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഫാക്ടറികളില്‍ ആവശ്യമായിവരുന്ന വിലകൂടിയ ലോഹപദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ഈ കണ്ടുപിടിത്തത്തിലൂടെ സാധിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ വലിയ അളവില്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം പോലുള്ള ലോഹങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഇലക്ട്രോണുകളുടെ അപര്യാപ്തതമൂലം വ്യാവസായിക ആവശ്യങ്ങള്‍ക്ക് സ്വര്‍ണത്തിനും മറ്റ് ലോഹങ്ങള്‍ക്കും പകരമായി ചെമ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. താരതമ്യേന അസ്ഥിരമായ ചെമ്പിലെ ഇലക്ട്രോണുകള്‍ മറ്റ് രാസ വസ്തുകക്കളുമായി ചേരുമ്പോള്‍ പ്രതിപ്രവര്‍ത്തനം നടത്താന്‍ സാധ്യതയുണ്ട്.
ചെമ്പ് കണികകളിലേക്ക് വലിയ അളവില്‍ ഊര്‍ജം കടത്തിവിടുകയും ഇലക്ട്രോണുകളുടെ സാന്ദ്രത വര്‍ധിപ്പിച്ച് അവയ്ക്ക് സ്ഥിരത നല്‍കുകയുമാണ് ഗവേഷകര്‍ ചെയ്തത്. പുതിയ വസ്തുവിന് ഉയര്‍ന്ന താപനിലചെറുക്കാനുള്ള ശേഷിയുണ്ട്. കൂടാതെ പൊടിഞ്ഞുപോവുകയോ ദ്രവീകരിക്കപ്പെടുകയോ ചെയ്യില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates