മെൽബൺ: പാപ്പുവ ന്യൂഗിനിയയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പറന്ന ചെറുവിമാനം ക്യൂൻസ്‌ലൻഡിന് സമീപം കെയ്ൻസിൽ തകർന്നു വീണത് മയക്കു മരുന്ന് കടത്താൻ ശ്രമിക്കുന്നതനിടെയെന്ന് റിപ്പോർട്ടുകൾ. വിമാനം തകർന്നു വീണ സ്ഥലത്ത് നിന്ന് വൻതോതിൽ കൊക്കെയ്ൻ കണ്ടെടുത്തു.
ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും പാപ്പുവ ന്യൂഗിനി പൊലീസും കിലോക്കണക്കിന് കൊക്കെയ്നാണ് സ്ഥലത്തു നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ ഓസ്ട്രേലിയൻ പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കെയ്ൻ കടത്താനായിരുന്നു വിമാനം ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജൂലായ് 26നാണ് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ സെസ്നയുടെ ചെറുവിമാനം തകർന്നു വീണത്. വിമാനം തകർന്നു വീണതറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക പൊലീസ് സംഘത്തിന് ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. വിമാനത്തിനുള്ളിൽ മറ്റു സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ ഇതിനിടെ വിമാനത്തിന്റെ പൈലറ്റ് പാപ്പുവ ന്യൂഗിനിയ കോൺസുലേറ്റിലെത്തി കീഴടങ്ങി. ഇതോടെയാണ് വൻ മയക്കുമരുന്ന് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്.
കഴിഞ്ഞ ദിവസം അപകട സ്ഥലത്ത് നടത്തിയ തിരച്ചിലിൽ 500 കിലോഗ്രാമിലേറെ കൊക്കെയ്നാണ് പൊലീസ് കണ്ടെടുത്തത്. വിമാനം തകർന്നു വീണതിന് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെല്ലാം. ഇതിനു പിന്നാലെ മയക്കുമരുന്ന് സംഘത്തിൽ ഉൾപ്പെട്ട നാല് പേരെ ഓസ്ട്രേലിയയിലും പിടികൂടി. ഇവർക്ക് ഇറ്റലിയിലെ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
പിടിച്ചെടുത്ത കൊക്കെയ്ന് 80 മില്യൺ ഓസ്ട്രേലിയൻ ഡോളർ വിലവരുമെന്നാണ് പൊലീസ് പറഞ്ഞത്. ഭാരക്കൂടുതൽ കൊണ്ട് വിമാനം തകർന്നു വീണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
നോർത്ത് ക്വീൻസ് ലാന്റിലെ മരീബ ടൗണിൽ നിന്നാണ് ചെറുവിമാനം പാപ്പുവ ന്യൂഗിനിയയിലേക്ക് പോയത്. ഇവിടെ നിന്ന് കൊക്കെയ്ൻ ശേഖരിച്ച് ഓസ്ട്രേലിയയിൽ തിരികെ എത്തിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. റഡാർ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ 3000 അടി ഉയരത്തിലാണ് വിമാനം പറന്നതെന്നും അധികൃതർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates