മാലെദ്വീപില്‍ അടിയന്തരാവസ്ഥ; ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം

മാലെദ്വീപില്‍ അടിയന്തരാവസ്ഥ; ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം

മാലെദ്വീപില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. രാഷ്ട്രീയ പ്രതിസന്ധിയാണ് അടിയന്തരാവസ്ഥയ്ക്ക് വഴിയൊരുക്കിയത്.
Published on

മാലെ:മാലെദ്വീപില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. രാഷ്ട്രീയ പ്രതിസന്ധിയാണ് അടിയന്തരാവസ്ഥയ്ക്ക് വഴിയൊരുക്കിയത്. സംശയമുള്ളവരെ അപ്പോള്‍ തന്നെ കസ്റ്റഡിയില്‍ വെക്കാനും അറസ്റ്റുചെയ്യാനുമുള്ള അധികാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയിട്ടുണ്ട്. മാത്രമല്ല പ്രസിഡന്റ് അബ്ദുള്‍ യമീനിനെ ഇംപീച്ച് ചെയ്യാനുള്ള സുപ്രീംകോടതി നീക്കം തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു

മാലദ്വീപിലുള്ള ഇന്ത്യക്കാരെല്ലാം ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അത്യാവശ്യ യാത്രകള്‍ ഒഴികെ മാലദ്വീപിലേക്കുള്ള എല്ലാ സന്ദര്‍ശനങ്ങളും റദ്ദാക്കാനും നിര്‍ദേശമുണ്ട്.ഈ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ കരുതല്‍ വേണം. പൊതുഇടങ്ങളിലെ കൂട്ടംചേരലുകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു. മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനെ കുറ്റവിചാരണയ്‌ക്കോ അറസ്റ്റിനോ കോടതി ഉത്തരവിട്ടാല്‍ അത് അനുസരിക്കരുതെന്നു സൈന്യത്തോട് മാലദീപ് ഭരണകൂടം കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. യമീനിനെ അനുകൂലിക്കുന്ന അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായാണ്  അടിയന്തരാവസ്ഥ പ്രഖ്യാപനം 

രാഷ്ട്രീയതടവുകാരെ മോചിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ വിസ്സമ്മതിച്ചതോടെയാണ് പ്രസിഡന്റ് അബ്ദുല്ല യമീനും ജുഡീഷ്യറിയും തമ്മിലുളള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഒന്‍പതു രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 വിമത എംപിമാരെ തിരിച്ചെടുക്കാനും കഴിഞ്ഞ വ്യാഴാഴ്ചയാണു സുപ്രീം കോടതി ഉത്തരവിട്ടത്. തടവുകാരെ ഇതുവരെ വിട്ടയച്ചിട്ടില്ല. 12 എംപിമാരെ തിരിച്ചെടുത്താല്‍ ഭരണകക്ഷിക്കു ഭൂരിപക്ഷം നഷ്ടമാകുകയും കുറ്റവിചാരണയ്ക്ക് സാഹചര്യമുണ്ടാകുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ തിങ്കളാഴ്ച തുടങ്ങേണ്ട പാര്‍ലമെന്റ് സമ്മേളനം അനിശ്ചിതമായി നീട്ടിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപനമുണ്ടായിരുന്നു. വേണമെങ്കില്‍, നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരത്തെ നടത്താമെന്നാണ് യമീന്റെ നിലപാട്.രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാനുളള ഉത്തരവ് നടപ്പാക്കാത്ത പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുളള നടപടികള്‍ക്ക് സുപ്രീം കോടതി നീക്കം തുടങ്ങിയിരുന്നു. യുഎസ്, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും കോടതി ഉത്തരവ് നടപ്പാക്കാന്‍ മാലദ്വീപ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com