വിമാന യാത്രക്കിടെ കോവിഡ് ബാധിച്ചാൽ 1.3 കോടി രൂപ; ക്വാറന്റൈൻ ചെലവുകൾക്ക് ദിവസവും 8600 രൂപ; വാഗ്ദാനവുമായി എമിറേറ്റ്സ്
ദുബായ്: വിമാന യാത്രയ്ക്കിടെ കോവിഡ് 19 രോഗ ബാധയുണ്ടായാൽ അതിനുള്ള ചികിത്സച്ചെലവുകൾക്ക് 1.3 കോടി രൂപ വരെ (ഏകദേശം 6,40,000 ദിർഹം) നൽകുമെന്ന് വാഗ്ദാനം. എമിറേറ്റ്സ് എയർലൈൻസാണ് യാത്രക്കാർക്ക് വഗ്ദാനവുമായി രംഗത്തെത്തിയത്. ഒക്ടോബർ 31വരെ എമിറേറ്റ്‌സ് എയർലൈനിൽ ടിക്കറ്റ് ബുക്കു ചെയ്ത് യാത്ര ചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക.
യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കോവിഡ് ബാധയുണ്ടായാൽ ആ വ്യക്തിക്ക് 1,30,49,000 രൂപ മെഡിക്കൽ ചെലവിനത്തിൽ ഇൻഷുറൻസായി എമിറേറ്റ്‌സ് നൽകും. കൂടാതെ, ഇത്തരത്തിൽ രോഗ ബാധയുണ്ടാകുന്നവർക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റൈൻ ചെലവുകൾക്ക് നൽകുമെന്നും കമ്പനി വ്യക്തമാക്കി.
ഈ സേവനത്തിന് പ്രത്യേകിച്ച് പണമൊന്നും എമിറേറ്റ്‌സ് ഈടാക്കുന്നില്ല. എമിറേറ്റ്‌സ് ഉപയോക്താക്കൾക്ക് തീർത്തും സൗജന്യമായാണ് ഈ ചികിത്സാ പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ ലക്ഷ്യസ്ഥാനവും പ്രശ്നമല്ല. ഇതിനായി പ്രത്യേക രജിസ്ട്രേഷനും ആവശ്യമില്ല.
ഏതു രാജ്യത്തേക്ക് ടിക്കറ്റെടുക്കുമ്പോഴും ഇതുസംബന്ധിച്ച വിവരങ്ങൾ എയർലൈൻസ് നൽകും. യാത്ര ചെയ്യുന്ന ദിവസം മുതൽ 31 ദിവസത്തേക്കാണ് ഇതിന് സാധുതയുണ്ടാവുക. ഉപഭോക്താക്കൾ ലക്ഷ്യസ്ഥാനത്തെത്തി അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്താലും ഈ സേവനം പ്രയോജനപ്പെടുത്താം. അന്താരാഷ്ട്ര തലത്തിൽ സർവീസുകൾ പുനരാരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്ര പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം കമ്പനി നടത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
