

നയ്ചിദോ (മ്യാന്‍മര്‍): റാഖൈനില്‍ റോഹിങ്ക്യന്‍ മുസ്‌ലിമുകള്‍ക്ക് നേരെ നടക്കുന്ന നരഹത്യയില്‍ വിശദീകരണവുമായി മ്യാന്‍മര്‍ നേതാവ് ആങ് സാങ് സൂചി ആദ്യമായി രംഗത്ത്. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ അരമണിക്കൂര്‍ ടെലിവിഷന്‍ പ്രഭാഷണത്തിലാണ് സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്ന് സൂ ചി വ്യക്തമാക്കിയത്.സെപ്റ്റംബര്‍ അഞ്ചു മുതല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ യാതൊരു ആയുധ മുന്നേറ്റമോ ഒഴിപ്പിക്കലോ രാജ്യത്ത് നടന്നിട്ടില്ല എന്നായിരുന്നു സൂ ചിയുടെ വാക്കുകള്‍. രാജ്യം വിട്ട് ഒട്ടേറെ മുസ്‌ലിംകള്‍ പലായനം ചെയ്യുന്നതില്‍ ആശങ്കയുണ്ട്. എന്തു കൊണ്ടാണ് ഇത്തരമൊരു പലായനമെന്ന് അന്വേഷിക്കും. പലായനം ചെയ്തവരോടും ഇവിടെ തുടരുന്നവരോടും സംസാരിക്കണമെന്നുണ്ട്. റാഖൈനിലെ വളരെ ചെറിയ വിഭാഗം മുസ്‌ലിംകള്‍ മാത്രമേ പലായനം ചെയ്തിട്ടുള്ളൂ. ഭൂരിപക്ഷവും അവിടെത്തന്നെ തുടരുകയാണ്. അവിടങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ നയതന്ത്രജ്ഞരെ ക്ഷണിക്കുന്നതായും സൂ ചി പറഞ്ഞു.
എല്ലാ മനുഷ്യാവകാശലംഘനങ്ങളെയും നിയമലംഘന പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നുവെന്നു പറഞ്ഞ സൂ ചി അക്രമ സംഭവങ്ങളില്‍ അതീവ ദു:ഖമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ഐക്യത്തിനും സുസ്ഥിരതയ്ക്കും തുരങ്കം വയ്ക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.18 മാസം പോലുമായിട്ടില്ല മ്യാന്‍മറില്‍ പുതിയ സര്‍ക്കാര്‍ എത്തിയിട്ട്. 70 വര്‍ഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവില്‍ സമാധാനവും സുസ്ഥിരതയും രാജ്യത്തേക്കു കൊണ്ടുവരേണ്ടതുണ്ട്.വടക്കന്‍ റാഖൈനില്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ രാജ്യം പ്രതിജ്ഞാബദ്ധരാണ് എന്നും സൂ ചി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ജനാധിപത്യം ശൈശവദശയിലാണ്. വളരെ ചെറുതും ദുര്‍ബലവുമായ രാജ്യമാണിത്. ഇവിടത്തെ അനേകം പ്രശ്‌നങ്ങളില്‍ ഒന്നു മാത്രമാണു റാഖൈനില്‍ നടക്കുന്നത്. പലതരം രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒരാളെ ചികിത്സിക്കുന്ന പോലെയാണ് ഇതും കൈകാര്യം ചെയ്യേണ്ടത്. വളരെ കുറച്ചുപേരില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റില്ല, സൂ ചി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates