വെല്ലിങ്ടണ്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് പിന്നാലെ സെമി ഓട്ടോമാറ്റിക് തോക്കുകള്‍ ന്യൂസിലന്റ് നിരോധിച്ചു. സെമി ഓട്ടോമാറ്റിക് ആയുധങ്ങള്‍ക്ക് പുറമേ സൈനിക ആവശ്യത്തിനുപയോഗിക്കുന്ന പിസ്റ്റളുകള്‍ക്കും അടിയന്തര പ്രാധാന്യത്തോടെ നിരോധനം ഏര്‍പ്പെടുത്തിയ കാര്യം പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ് വെളിപ്പെടുത്തിയത് . പസഫിക് മേഖലയില്‍ ഇനിയൊരിക്കലും ഇങ്ങനെയൊരു കൂട്ടക്കൊല നടക്കാതിരിക്കുന്നതിനാണ് നടപടിയെന്നും അവര്‍ പറഞ്ഞു.
പൊലീസിന്റെ അനുവാദമില്ലാതെ ന്യൂസിലന്റില്‍ ഇനി മുതല്‍ ഇത്തരം തോക്കുകള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും സാധ്യമല്ല. തോക്ക് കൈവശം വയ്ക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ട സാഹചര്യം തന്റെ രാജ്യത്ത് ഉണ്ടാകാതെ നോക്കാന്‍ അറിയാമെന്നും ജസീന്ത ആര്‍ഡന്‍ പറഞ്ഞു. നിലവില്‍ തോക്കുകള്‍ കൈവശമുള്ളവരില്‍ നിന്ന് അത് തിരികെ സമാഹരിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കും. പണം നല്‍കി ഉടമകളില്‍ നിന്നും തോക്ക് വാങ്ങാനാണ് പദ്ധതി ഇതിനായി ആറ് കോടി ഡോളര്‍ മുതല്‍ 14 കോടി ഡോളര്‍ വരെ സര്‍ക്കാര്‍ നീക്കി വയ്ക്കുമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.
ഒരു രാജ്യമെന്ന നിലയില്‍ ന്യൂസിലന്റിനെ മാറ്റിമറിച്ച സംഭവമായിരുന്നു ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്‌പ്പെന്നും രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം തന്റെ കൂടെ നില്‍ക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തോക്കുകള്‍ക്ക് പുറമേ തിരകള്‍ക്കും നിരോധനം ബാധകമാക്കും. 30 റൗണ്ട് വെടിവയ്ക്കാന്‍ സാധിക്കുന്ന തരം തോക്കാണ് അക്രമി ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നിയമ നിര്‍മ്മാണം അടുത്ത മാസം ആദ്യവാരമേ നടക്കുകയുള്ളൂവെങ്കിലും അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാല്‍ നിരോധനത്തിന് അംഗീകാരം നല്‍കിയതായും അവര്‍ വെളിപ്പെടുത്തി.
സെമി ഓട്ടോമാറ്റിക് തോക്കുകള്‍ നിരോധിക്കാനുള്ള ന്യൂസിലന്റിന്റെ പാത പിന്‍തുടരണമെന്ന് യുഎസിലും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തോക്ക് കൈവശം വയ്ക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ ഗോ-പ്രോ ക്യാമറ ഉപയോഗിച്ച് അക്രമിയായിരുന്ന ബ്രന്‍ടന്‍ ടാറന്റ് ലൈവ് സ്ട്രീം ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്നും നീക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates