

ബാഴ്‌സലോണ: നീണ്ട രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്ക് ഒടുവില്‍ സ്‌പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്‌പെയിന്‍ സെനറ്റില്‍ ഇതുസംബന്ധിച്ച വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് നാടകീയ പ്രഖ്യാപനം. അതേസമയം പ്രഖ്യാപനത്തിന് എതിരെ സ്‌പെയിന്‍ സര്‍ക്കാര്‍ രംഗത്തുവന്നു. പ്രഖ്യാപനം അംഗീകരിക്കില്ലെന്ന് സ്‌പെയിന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറ്റലോണിയയെ സ്‌പെയിനില്‍ തന്നെ നിലനിര്‍ത്തുന്നതിനുളള അവസാന വട്ട ചര്‍ച്ചകളും പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു തീരുമാനം .
കാറ്റലോണിയന്‍ പാര്‍ലമെന്റിലെ 70 അംഗങ്ങള്‍ സ്വാതന്ത്ര്യത്തിന് അനുകൂലമായി വോട്ട് ചെയ്തു. പത്ത് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ അംഗങ്ങള്‍ സന്തോഷസൂചകമായി പരസ്പരം ആലിംഗനം ചെയ്യുകയും ഹസ്തദാനം നല്‍കുകയും ചെയ്തു.കഴിഞ്ഞ ദിവസം കാറ്റലോണിയന്‍ പ്രസിഡന്റ് ഉടന്‍ തെരഞ്ഞെടുപ്പ് നടത്താനുളള സാധ്യത തളളി കളഞ്ഞിരുന്നു. സ്‌പെയിന്‍ സര്‍ക്കാരുമായുളള തര്‍ക്കം പരിഹരിക്കുന്നതിന് ഒരു ഉപായമായി കണ്ടിരുന്നത് തെരഞ്ഞെടുപ്പിനെ ആയിരുന്നു. പ്രാദേശിക ഭരണം നിയന്ത്രിക്കുന്നതില്‍ നിന്നും പിന്മാറാമെന്ന സ്‌പെയിനിന്റെ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ ഉടന്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടതില്ലെന്ന തീരുമാനം സ്വീകരിക്കുകയായിരുന്നുവെന്നായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.
അടുത്തിടെ കാറ്റലോണിയയുടെ സ്വയംഭരണാവകാശം എടുത്തുകളയുമെന്ന് സ്‌പെയിന്‍ തീരുമാനിച്ചിരുന്നു. സ്വയംഭരണവാകശം എടുത്തുകളായാനുള്ള ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 155 നടപ്പാക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസാണ് അറിയിച്ചിരുന്നത്.
സ്വാതന്ത്ര്യം പ്രഖ്യാപിക്കണമോ എന്ന വിഷയത്തില്‍ നടന്ന ഹിതപരിശോധനയില്‍ കാറ്റലോണിയ സ്വതന്ത്രമാകണം എന്നാണ് ജനങ്ങള്‍ വിധിയെഴുതിയത്. ഇതിന് പിന്നാലെയാണ് സ്‌പെയിന്‍ സര്‍ക്കാരും പ്രാദേശിക ഭരണകൂടവും തമ്മിലുളള ബന്ധം വഷളായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates