തങ്ങളുടെ കുട്ടിയുടെ സംരക്ഷണവും രക്ഷകര്‍ത്തൃസ്ഥാനവും വേണ്ടെന്നു വെച്ച് ടെക്‌സസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍. ഇന്നു രാവിലെ കോടതി കേസ് പരിഗണിക്കുമ്പോഴായിരുന്നു ഷെറിന്റെ വളര്‍ത്തച്ഛനും വളര്‍ത്തമ്മയുമായ വെസ്ലി മാത്യൂസും സിനി മാത്യൂസും തങ്ങളുടെ കുട്ടിയുടെ രക്ഷകര്‍ത്താക്കളെന്ന നിലയിലുള്ള അവകാശങ്ങള്‍ വേണ്ടെന്നു വെക്കുന്നതായി കോടതിയെ അറിയിച്ചതെന്ന് ഡാളസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ നിയമപ്രകാരം ഇനി ഇവര്‍ക്ക് ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകാനാകില്ല.
നാലുവയസ്സുകാരിയായ ഇവരുടെ മകള്‍ ഇപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് വളരുന്നത്. തങ്ങളുടെ മകള്‍ക്ക് നല്ലത് മാത്രം സംഭവിക്കണമെന്ന ആഗ്രഹമാണ് മകളുടെ അവകാശങ്ങള്‍ വേണ്ടെന്ന് വയ്ക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ചതെന്ന് സിനിയുടെ അഭിഭാഷകന്‍ പറഞ്ഞു. നിലവിലെ സാഹചര്യങ്ങളും ക്രിമിനല്‍ കേസിന്റെ മുന്നോട്ടുള്ള നടപടിക്രമങ്ങളുമെല്ലാം മുന്‍നിര്‍ത്തി ആലോചിച്ചാണ് ഇരുവരും ഈ തീരുമാനത്തില്‍ എത്തിയതെന്ന് അഭിഭാഷകന്‍ പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് കാണാതായ ഷെറിന്റെ മൃതദേഹം ഒക്ടോബര്‍ 22ന് വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഷെറിന്റെ വളര്‍ത്തച്ഛനായ വെസ്ലി മാത്യൂസിനെയും വളര്‍ത്തമ്മ സിനിയെയും ഈ കേസില്‍ അറസ്റ്റ് ചെയ്തു. പാലു കുടിക്കാത്തതിന് ശിക്ഷയായി വീടിനു പുറത്തു നിര്‍ത്തിയ കുട്ടിയെ കാണാതായെന്നായിരുന്നു വെസ്ലി ആദ്യം പോലീസിന് നല്‍കിയ മൊഴി എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി മാറ്റി പറയുകയായിരുന്നു. കുട്ടി ക്രൂരമായി ഉപദ്രവിക്കപ്പെട്ടിരുന്നതായും പരിക്കേറ്റിരുന്നതായും പോലീസ് കണ്ടെത്തുകയുണ്ടായി.
ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്ന് ദത്തെടുത്ത കുട്ടിയാണ് ഷെറിന്‍. കഴിഞ്ഞവര്‍ഷം ജൂണ്‍ 23നാണ് എറണാകുളം സ്വദേശിയായ വെസ്ലി മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്തത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates