വിമര്‍ശനങ്ങളെ വകവെച്ചില്ല; കല്ലെറിഞ്ഞു കൊല്ലല്‍ നടപ്പിലാക്കി ബ്രൂണെ

പുതിയ നിയമപരിഷ്‌കാരമനുസരിച്ച് മോഷണക്കുറ്റത്തിന് ആദ്യതവണ പിടിക്കപ്പെട്ടാല്‍ വലതുകൈ മുറിച്ചുമാറ്റും
വിമര്‍ശനങ്ങളെ വകവെച്ചില്ല; കല്ലെറിഞ്ഞു കൊല്ലല്‍ നടപ്പിലാക്കി ബ്രൂണെ
Updated on
1 min read

ഗോളതലത്തില്‍ തന്നെ ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങള്‍ക്കിടെ, സ്വവര്‍ഗാനുരാഗികളെയും വ്യഭിചാരക്കുറ്റത്തിന് പിടിക്കപ്പെടുന്നവരെയും കല്ലെറിഞ്ഞു കൊല്ലാനുളള നിയമം ബ്രൂണെയില്‍ നടപ്പിലാക്കി. പുതിയ നിയമപരിഷ്‌കരണത്തിലൂടെയാണ് കടുത്ത ശിക്ഷ കൊണ്ടുവന്നിരിക്കുന്നത്. 

വ്യഭിചാരത്തിനും സ്വവര്‍ഗരതിക്കും കടുത്ത ശിക്ഷ ഏര്‍പ്പെടുത്താന്‍ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരുടെ വലതു കൈയും ഇടതുകാലും മുറിച്ചുമാറ്റാനും നിര്‍ദേശമുണ്ടായിരുന്നു. ഇത് അനുസരിച്ചാണ് നിയമങ്ങള്‍ പരിഷ്‌കരിച്ചത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബ്രൂണെയില്‍ ശരീഅത്ത് നിയമമാണ് പിന്തുടരുന്നത്. 

പുതിയ നിയമപരിഷ്‌കാരമനുസരിച്ച് മോഷണക്കുറ്റത്തിന് ആദ്യതവണ പിടിക്കപ്പെട്ടാല്‍ വലതുകൈ മുറിച്ചുമാറ്റും. രണ്ടാമതും മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഇടതുകാലും അറുത്തുമാറ്റും. സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയ ഭരിക്കുന്ന ബ്രൂണെയില്‍ സ്വവര്‍ഗരതി നേരത്തെ തന്നെ നിയമവിരുദ്ധമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബറിലാണ് സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലണമെന്ന നിയമം നടപ്പിലാക്കാന്‍ നിര്‍ദേശമുയര്‍ന്നത്. തുടര്‍ന്ന് ഏപ്രില്‍ മൂന്ന് മുതല്‍ നിയമം നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

നിയമങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധങ്ങളാണ് ആഗോളതലത്തില്‍ ഉയരുന്നത്. ഇത്തരം ശിക്ഷാരീതികള്‍ നടപ്പിലാക്കുന്നത് മനുഷ്യത്വരഹിതമായ  പ്രവൃത്തിയാണെന്നും ഇത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നും വലതുപക്ഷ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് നിയമം പ്രാബല്യത്തില്‍ വരുന്നത് നിര്‍ത്തിവെക്കാന്‍ ആംനസ്റ്റി ഇന്റര്‍നാഷണലും ബ്രൂണെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലായിരുന്നു ബ്രുണെ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com