'ഞാന്‍ പോകില്ല; ഇത്തരം സ്വാതന്ത്ര്യവാദത്തോടു യോജിപ്പുമില്ല'

ശബരിമല പോലൊരു സ്ഥലത്തുചെന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ച്ചെന്ന് പെണ്ണുങ്ങള്‍ ഇടിച്ചു കയറിയാല്‍ അവിടെ പ്രശ്‌നങ്ങളുണ്ടാകും എന്നുള്ളത് ഉറപ്പാണ്
'ഞാന്‍ പോകില്ല; ഇത്തരം സ്വാതന്ത്ര്യവാദത്തോടു യോജിപ്പുമില്ല'

സുപ്രീംകോടതി വിധിയെ എതിര്‍ക്കാനൊന്നും ഞാനില്ല, മറ്റുള്ളവര്‍ പോകണമെന്നു നിര്‍ബന്ധം പിടിക്കുന്നെങ്കില്‍ പോകുന്നതിനോടും എതിര്‍പ്പില്ല. പക്ഷേ, ഞാന്‍ പോകില്ല. ഒന്ന്, പണ്ടേയുള്ള ഒരു വിശ്വാസം. അതിനെ മറികടന്നു പോകണം, അങ്ങനെയൊരു സ്വാതന്ത്ര്യം വേണം എന്നെനിക്ക് തോന്നുന്നില്ല. അയ്യപ്പനെ വീട്ടിലിരുന്നായാലും പ്രാര്‍ത്ഥിച്ചാല്‍ മതി.

പിന്നെ, പ്രായോഗികമായ മറ്റൊരു കാര്യം. ആ തിരക്കിനിടയില്‍ ചെന്നുകയറി വെറുതേ പ്രശ്‌നങ്ങളുണ്ടാക്കാനും എനിക്കു താല്‍പ്പര്യമില്ല. ഗുരുവായൂര് പോലും ആണുങ്ങളുടെ ഇടയ്ക്കു ക്യൂവില്‍നിന്ന് അകത്തു കയറാന്‍ വലിയ ബുദ്ധിമുട്ടാണ്. ശബരിമല പോലൊരു സ്ഥലത്തുചെന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ച്ചെന്ന് പെണ്ണുങ്ങള്‍ ഇടിച്ചു കയറിയാല്‍ അവിടെ പ്രശ്‌നങ്ങളുണ്ടാകും എന്നുള്ളത് ഉറപ്പാണ്. ഒരു പെണ്ണിനു സ്വസ്ഥമായി അവിടെച്ചെന്നു തിരക്കിനിടയില്‍ തൊഴാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഏതായാലും നിലവിലെ ആചാരങ്ങള്‍ ലംഘിച്ചു പോകാന്‍ എനിക്കു താല്‍പ്പര്യമില്ല. ഞാന്‍ വളര്‍ന്നതും വിശ്വസിച്ചതുമൊക്കെ ആയിട്ടുള്ളതു തെറ്റിക്കാന്‍ തയ്യാറല്ല.

ഇത്തരത്തിലുള്ള സ്വാതന്ത്ര്യവാദത്തിനോടും എനിക്ക് യോജിപ്പില്ല. എല്ലാ കാര്യത്തിലും ഇപ്പോള്‍ ഫെമിനിസ്റ്റ് എന്നു പറഞ്ഞു മുദ്രാവാക്യം വിളിച്ചു രംഗത്തിറങ്ങുന്ന ആ ഒരു ടൈപ്പ് ഫെമിനിസത്തോട് താല്‍പ്പര്യമില്ല. ഫെമിനിസം, ഈ വിധത്തിലുള്ള ഫെമിനിസമായി മാറരുത്. അതിന് അതിന്റെ ശരിയായ അര്‍ത്ഥമൊക്കെ നഷ്ടപ്പെട്ടു. ഒരു വല്ലാത്ത പോക്കാണിപ്പോള്‍. അങ്ങനെ നോക്കിയാല്‍ ഞാന്‍ ഫെമിനിസ്റ്റല്ല എന്നു പറയേണ്ടിവരും. ഞാനല്‍പ്പം പഴയമട്ടുകാരിയാണ്-വേണമെങ്കില്‍ പറയാം, ആ അര്‍ത്ഥത്തില്‍.

മുന്‍പ് ഫെമിനിസം എന്നു പറയുമ്പോള്‍ അതിനൊരു നല്ല ഒഴുക്കായിരുന്നു. അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, തുല്യമായിട്ടു കാണണം, നമ്മുടെ അവകാശങ്ങളും അഭിപ്രായങ്ങളും പറയാന്‍ സ്വാതന്ത്ര്യം വേണം എന്നൊക്കെപ്പറയുന്ന ഫെമിനിസം അംഗീകരിക്കാം. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ പൊതുസ്വീകാര്യമായ എന്തിനേയും തള്ളിപ്പറയുക എന്നതാണ്. എന്നിട്ട് മറുപക്ഷത്തു നില്‍ക്കുന്നതിനെ വാരിയെടുക്കുക. അതിനോടു യോജിക്കുന്നില്ല.

(സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനം)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com