ചുരുളി: മലയാളത്തിലെ ആദ്യത്തെ അതീത തെറിപ്പടം

ഒരു മരം പോലുമില്ലാത്ത സിനിമയാണ് 'ചുരുളി'
ചുരുളി പോസ്റ്റര്‍/ ട്വിറ്റര്‍
ചുരുളി പോസ്റ്റര്‍/ ട്വിറ്റര്‍

'ചുരുളി' , മലയാളത്തിലെ ആദ്യത്തെ അതീത തെറിപ്പടമാണ്. 

ഈ സിനിമയുടെ സാങ്കേതികവും പ്രമേയപരവുമായ ഉള്ളടക്കത്തിലേക്ക് മൗലികമായ സംഭാവനയായി വേറിട്ടും ഉയര്‍ന്നു നില്‍ക്കുന്നത് അതിലെ കഥാപാത്രങ്ങള്‍ പരസ്പരം പറയുന്ന ഭാഷയാണ്. ദൈവം കള്ള് കുടിച്ചാല്‍ സംസാരിക്കാനിടയുള്ള ഒരു ഭാഷയാണത്. ഈ ഭാഷ അതിലെ സ്ത്രീകളും പുരുഷന്മാരും ഉപയോഗിക്കുന്നു. ഭാഷ അതില്‍ തുല്യമായി വിതരണം ചെയ്യപ്പെടുന്നെങ്കിലും ആണുടലിനെയാണ് ഉന്നം വെക്കുന്നത്. വേട്ടയിറച്ചി ആണുടലാണ്.

'നായിന്റെ മോന്‍' എന്ന് നമ്മള്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന ലോകപ്രശസ്തമായ അനിമല്‍ അബ്യൂസ് 'ചുരുളി 'യില്‍ കൂടുതലായി വരുന്നില്ല. ('നായിന്റെ മോന്‍ ' എന്ന പേരില്‍ ഡോ. ടി.പി.സുകുമാരന്റെ പഠനാര്‍ഹമായ ലേഖനമുണ്ട്. നായിന്റെ മോന്‍ എന്ന 'തെറി'യുടെ വേരുകള്‍ തിരയുന്ന ലേഖനം). 'ആണുടല്‍ കേന്ദ്ര ' തെറികളാണ് അതില്‍ ഉപയോഗിക്കുന്നത്. 'ശരീര'മാണ് താരം. ആര്‍ടിഫിഷ്യലായി, ഫേഷ്യല്‍ ചെയ്ത 'താര ശരീര'ങ്ങള്‍ക്കു പകരം നഗ്‌നവും വന്യവുമായ ഉടലിരമ്പങ്ങള്‍ ഭാഷയില്‍ തിളച്ചു മറിയുന്നു. മായികമായി സൃഷ്ടിക്കപ്പെട്ട ആ കാട് 'അനിമല്‍ ഫാം' ആണ്. മനുഷ്യ വളര്‍ത്തു കേന്ദ്രം. അതില്‍ സന്നിഹിതമായ യാഥാര്‍ഥ്യം, 'കാട് 'അയഥാര്‍ഥവും 'വന്യമായ ശരീരങ്ങള്‍' കാടുമാണ് എന്നതാണ്. ആ സിനിമയില്‍ കാട് ചിത്രീകരിച്ചിട്ടില്ല. ഒരു മരം പോലുമില്ലാത്ത സിനിമയാണ് 'ചുരുളി'. ശരീരമാണ് മുള്‍മരങ്ങള്‍.

ശരീരമാണ് 'കൊടുങ്കാട്

'ചുരുളി'യില്‍ ശരീരം മുഖ്യ പ്രമേയമായി വരുന്നു. ലൈംഗികമായി പ്രചോദിപ്പിക്കുന്ന ശരീരം, തളരുന്ന ശരീരം, ലഹരിയാല്‍ ഉലയുന്ന ശരീരം, പ്രാര്‍ഥിക്കുന്ന ശരീരം, വേട്ടയാടുന്ന ശരീരം, പ്രഹരിക്കപ്പെടുന്ന ശരീരം, വ്യഭിചരിക്കപ്പെടുന്ന ശരീരം  അങ്ങനെ ശരീരമാണ് ഈ സിനിമയിലെ 'കൊടുങ്കാട് '. ആ കൊടുങ്കാട്ടിലേക്കാണ് ലിജോ ജോസ് പല്ലിശ്ശേരിയും വിനോയ് തോമസും എസ്.ഹരീഷും അതിലെ നടീനടന്മാരും പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

എന്നാല്‍, ഈ സിനിമ കുടിയേറ്റത്തിന് ഒരു ബദല്‍ നരേറ്റീവ് കൊണ്ടുവരുന്നുണ്ട്. കാക്കനാടന്റെ 'ഒറോത'യിലോ എസ്.കെ.പൊറ്റക്കാടിന്റെ 'വിഷകന്യക'യിലോ ഈ വിധം ഒരു ചിത്രീകരണം നടക്കുന്നില്ല. ഒരു ജനതയുടെ പുറപ്പാടു പുസ്തകങ്ങളാണവ. അതില്‍ തെറി ഇല്ല, പുതുതായി ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നവരുടെ കഥയാണത്. കുടിയേറ്റം ചരിത്രപരമായി നേരത്തേ രൂപപ്പെട്ട ജൈവ ഭൂപടമാണ്. 'ഒളി പാര്‍പ്പിന്റെ 'ഒരു സ്വഭാവം മലബാര്‍ / വയനാട് മലയോര കുടിയേറ്റത്തിനുണ്ടായിരുന്നില്ല. എന്നാല്‍, 'ചുരുളി'യില്‍ കുറ്റവാളികള്‍ 'ഒളി പാര്‍ക്കുന്ന ഇടം' എന്ന നിലയിലാണ് 'സിനിമയിലെ സ്ഥലം' രൂപപ്പെടുത്തിയത്. ബഷീറിന്റെ 'സ്ഥലത്തെ പ്രധാന ദിവ്യന്മാരില്‍ 'നിന്ന് വ്യത്യസ്തരാണ് 'ചുരുളി'യിലെ ദിവ്യന്മാര്‍. (ബഷീര്‍ സാര്‍അദൃശ്യനായ എന്ന ഡിവൈഎസ്പിക്കുമുണ്ട് ഒരു ദിവ്യപരിവേഷം, പ്രധാന ദിവ്യന്മാരെ നന്നായി അറിയുന്നയാളാണ് ബഷീര്‍ സാര്‍). ബഷീറിന്റെ 'സ്ഥലത്ത്' ബഹു ജാതി / മത' മനുഷ്യരുടെ 'ഭാഷ' കേള്‍ക്കാം. എന്നാല്‍, ചുരുളിയില്‍ 'അെ്രെകസ്തവ സമൂഹം' കടന്നു വരുന്നില്ല. 'ദൈവിക ക്രമത്തില്‍ 'കണ്ണി ചേര്‍ക്കപ്പെട്ട ഒരു സമൂഹത്തില്‍ ഇരുണ്ടതും വന്യവും മാരകവുമായി ചില 'ഇടങ്ങളുണ്ട്' എന്ന് സൂചിപ്പിക്കുകയാണ് ഈ സിനിമ. പുതിയ ഒരു കുടിയേറ്റമാണ് 'ചുരുളി'. കാക്കനാടന്റെ 'ഒറോതയ്ക്കും ' എസ്.കെ.പൊറ്റക്കാടിന്റെ 'വിഷകന്യകയ്ക്കും ' സിനിമയില്‍ നിന്ന് ഒരു ബദല്‍ നരേറ്റീവ്.

മത വിമര്‍ശന സിനിമ

കള്ള് ഷാപ്പ് ഒന്ന് 'തിരിച്ചിട്ടാല്‍ 'ദേവാലയ'മാക്കാം എന്ന ഉജ്ജ്വലമായ ഒരു ചിത്രീകരണം ഇതിലുണ്ട്. മനുഷ്യ പ്രകൃതത്തില്‍ തന്നെ സാത്താനുണ്ട്. വൈദിക ഭാഷ ദൈവികമെന്ന പോലെ 'സാത്താന്റെ വചന'ങ്ങളുമാണ്. അപ്പോള്‍, ദൈവികമായി രൂപപ്പെട്ട 'സഭ'യുടെ അടിത്തട്ടിലെ ഭാഷ ഇങ്ങനെയാണ്. (നമ്മുടെ ചാനല്‍ ചര്‍ച്ചകളില്‍ ഈയിടെ 'സഭാ വക്താക്കളായി' പ്രത്യക്ഷപ്പെട്ട ചിലരുടെ 'ശരീര ഭാഷ'യ്ക്ക്'ചുരുളി'യിലെ ചിലരുടെ 'ശരീര ഭാഷ'യുമായി വിദൂര സാമ്യമുണ്ട്). അപ്പോള്‍ 'ചുരുളി'മത വിമര്‍ശന സിനിമയാണ്. െ്രെകമും വേദപാരായണവും സൂക്ഷ്മമായി ചേര്‍ത്തു വെച്ചിരിക്കുന്നു.

ഇതിലെ തെറി, 'പാരായണം ചെയ്യപ്പെടുകയും ' ഭക്തിപൂര്‍വ്വം 'കൈ തൊഴുകുകയും കുരിശു വരക്കുകയും ചെയ്യുന്ന 'വ്യാജ വിശുദ്ധികള്‍ 'ക്കെതിരെയുള്ള ഭാഷയുടെ 'പൊട്ടിത്തെറിയാണ് '. ആത്മീയതയുടെ പുറം വേഷങ്ങള്‍ അത് എടുത്തുകളയുന്നു. മായികമായ പ്രച്ഛന്ന ആത്മീയതകള്‍ ജനതയെ പറ്റിക്കുകയാണ് ചെയ്യുന്നത്. ഈ പറ്റിക്കലിനെയാണ് 'ചുരുളി 'തുറന്നു കാട്ടുന്നത്.

അപ്പോഴും അതിലെ 'തിരുമേനി' വഴി തെറ്റി നടക്കുന്നുണ്ടെങ്കിലും 'തെറി 'പറയുന്നില്ല. തിരുമേനിയുടെ ഭാഷ സവര്‍ണമായി, സ്ഫുടമായി തിളങ്ങി നില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com