'ഞങ്ങളുടെ കണ്ണുകള്‍ ഒരു ആന്റിനയെന്നവണ്ണം അവര്‍ക്കു പിറകേ ചരിച്ചുകൊണ്ടേയിരിക്കും'

മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാള്‍ കേരളമായിരിക്കും ഇക്കാര്യത്തില്‍ പാകിസ്ഥാനോട് ചേര്‍ന്നു നില്‍ക്കുക
'ഞങ്ങളുടെ കണ്ണുകള്‍ ഒരു ആന്റിനയെന്നവണ്ണം അവര്‍ക്കു പിറകേ ചരിച്ചുകൊണ്ടേയിരിക്കും'


ന്ത്യക്കാരും പാകിസ്ഥാനികളും തമ്മിലുള്ള വ്യത്യാസം എന്താണ്?
സാധാരണ ഗതിയില്‍ വ്യത്യാസമൊന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. എഴുപത്തിനാലു കൊല്ലം മുമ്പ് ഒരേ രാജ്യത്തിന്റെ ഭാഗമായിരുന്നവര്‍, ഒരേ ഭൂപ്രകൃതി, ഒരേ സംസ്‌കാരം.
എന്നാല്‍ ഇന്ത്യക്കാര്‍ പാകിസ്ഥാനികളെപ്പോലെയല്ല, അവര്‍ പെണ്ണുങ്ങളെ തുറിച്ചു നോക്കുന്നവരല്ല!
പാകിസ്ഥാനി യാത്രയെഴുത്തുകാരനായ സല്‍മാന്‍ റഷീദിന്റെ നിരീക്ഷണമാണിത്. ഏതാനും വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് യാത്ര നടത്തിയ സല്‍മാനെ ഞെട്ടിച്ചത്  -അതെ കള്‍ച്ചറല്‍ ഷോക്ക് എന്നാണ് അദ്ദേഹം പ്രയോഗിച്ചത് -ജീന്‍സും ടീഷര്‍ട്ടും ധരിച്ചിട്ടും ഇന്ത്യക്കാര്‍ പെണ്ണുങ്ങളെ തുറിച്ചു നോക്കുന്നില്ല എന്നതായിരുന്നു.

പലവട്ടം ശ്രമിച്ച് ഒടുവില്‍ കിട്ടിയ വീസയുമായി , വിഭജനകാലത്ത് പിതാവ് ഉപേക്ഷിച്ചു പോന്ന കുടുംബ വീട് തേടി സല്‍മാന്‍ റഷീദ് നടത്തിയ യാത്രയാണ് ദ ടൈം ഒഫ് മാഡ്‌നസ്; എ മെമ്മോയിര്‍ ഒഫ് പാര്‍ടിഷന്‍. ഭ്രാന്തുപിടിച്ച ഒരു കാലം; വിഭജനത്തിന്റെ ഓര്‍മക്കുറിപ്പ്. അനേകായിരം പുറങ്ങളില്‍ ഒരുപാട് എഴുതപ്പെട്ട വിഭജനകാല കഥകളില്‍ നിന്ന് സല്‍മാന്റെ എഴുത്തിനെ മാറ്റിനിര്‍ത്തുന്നത് ഒരുപക്ഷേ, ഇന്ത്യയില്‍ കണ്ട കാഴ്ചകളൈ പാകിസ്ഥാനിലേതുമായി നടത്തുന്ന നിരന്തര താരതമ്യങ്ങളാവും.  അതില്‍ ഒന്നാമത്തേതാണ് ഈ തുറിച്ചുനോക്കല്‍.

'ഇവിടെ ഞങ്ങളുടെ നാട്ടില്‍ കടന്നുപോവുന്ന സ്ത്രീകളെയെല്ലാം ഞങ്ങള്‍ കണ്ണുകള്‍ കൊണ്ട് പീഡിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ശരീരം മുഴുവന്‍ പൊതിഞ്ഞു കെട്ടി, ഉടുപ്പിന്റെ ചെറിയ വിടവിലൂടെ  കണ്ണുകള്‍ മാത്രം പുറത്തു കാണുന്ന വിധത്തിലാണ് അവരുടെ വരവ്. ദൂരെ അവരെ കാണുമ്പോള്‍ തന്നെ ആണുങ്ങള്‍ ചെയ്തു കൊണ്ടിരുന്ന ജോലിയെല്ലാം നിര്‍ത്തി കണ്ണുകള്‍ കൊണ്ട് ആ സ്ത്രീ രൂപങ്ങളെ പിന്തുടരുന്നു. കാഴ്ചയില്‍ നിന്ന് മറയുന്നതുവരെ, ഒരു ആന്റിനയെന്നവണ്ണം ആണുങ്ങളുടെ ശിരസ്സുകള്‍ അവര്‍ക്കു പിറകെ ചരിക്കുന്നു. ഇതിനിടെ ആണുങ്ങളുടെ കൈകള്‍ ഇടുപ്പിലേക്ക് നീങ്ങിയിട്ടുണ്ടാവും.' സല്‍മാന്‍ റഷീദ് വരച്ചിടുന്ന ചിത്രമാണിത്. പോസിബിളി എ വിമന്‍ എന്നാണ് സല്‍മാന്‍ പറയുന്നത്, ശരീരം മുഴുവന്‍ മൂടിയ വസ്ത്രത്തിനുള്ളില്‍ ഉള്ളത് ഒരുപക്ഷേ, ഒരു ചാവേര്‍ ആവാനും മതി!

പഞ്ചാബിലും ഡല്‍ഹിയിലും ഹിമാചലിലുമൊക്കെയായി പതിമൂന്ന് ദിവസമാണ് സല്‍മാന്‍ ഇന്ത്യയില്‍ കഴിഞ്ഞത്. ഈ പതിമൂന്ന് ദിവസവും പെണ്ണുങ്ങളെ തുറിച്ചു നോക്കാതിരിക്കുന്ന ആണുങ്ങളെ നിരീക്ഷിച്ച്, തുറിച്ചു നോട്ടത്തിനുള്ള സ്വന്തം അവസരങ്ങള്‍ പാഴാക്കിക്കളഞ്ഞതിനെക്കുറിച്ച് തമാശ കലത്തിപ്പറയുന്നുണ്ട് സല്‍മാന്‍ റഷീദ്. ഇതിനു മുന്‍പ് അഫ്ഗാനിസ്ഥാനില്‍ സമാനമായ 'അഭ്യാസം' നടത്തിയിട്ടുണ്ട്, അദ്ദേഹം. അഫ്ഗാന്‍ പത്തു വര്‍ഷം നീണ്ട താലിബാന്‍ ഭരണത്തില്‍ നിന്നു മുക്തമായ കാലം. ഈ പത്തു വര്‍ഷവും പൊതുവിടങ്ങളില്‍ എവിടെയും ഉണ്ടായിരുന്നില്ല, സ്ത്രീകള്‍. അഥവാ തെരുവുകളിലും പാര്‍ക്കുകളിലുമെല്ലാം ഇടയ്‌ക്കെങ്കിലും പ്രത്യക്ഷപ്പെട്ടിരുന്നതാവട്ടെ അടിമുടി പൊതിഞ്ഞ, 'സഞ്ചരിക്കുന്ന ശവക്കച്ചകളും'. തരിശ്ശായിക്കിടന്ന ആ തെരുവിലേക്കാണ് ഒരു ദിവസം അഫ്ഗാനി പെണ്ണുങ്ങള്‍ നിറമുള്ള ഉടുപ്പുകളണിഞ്ഞ്, ഇതാ ഞങ്ങള്‍ എന്ന സൗന്ദര്യ പ്രഖ്യാപനത്തോടെ നിറഞ്ഞിറങ്ങിയത്. എന്നിട്ടു പോലും കാബുളിലെയോ ഹെറാത്തിലേയോ മനുഷ്യര്‍ അവരെ തുറിച്ചു നോക്കി നിന്നില്ല, ആണ്‍ നോട്ടങ്ങള്‍ കൊണ്ട് അപമാനിച്ചില്ല.  അഫ്ഗാനെക്കുറിച്ച് നമ്മുടെ ഉള്ളിലുള്ള ചിത്രമേയല്ല, ഇത്.

ഉത്തരേന്ത്യന്‍ നഗരങ്ങളിലെ അനുഭവം വച്ചാണ് സല്‍മാന്റെ ഇന്ത്യാപാക് തുറിച്ചു നോക്കല്‍ താരതമ്യം. തെക്കേ ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷേ, പാക് എഴുത്തുകാരന് ഇന്ത്യന്‍ ആണുങ്ങളോടുള്ള മതിപ്പില്‍ കുറച്ചെങ്കിലും ഇടിവു പറ്റിയേനെ. തുറിച്ചു നോക്കലില്‍ സല്‍മാന്‍ വിവരിക്കുന്നത്ര വള്‍ഗര്‍ ആയില്ലെങ്കിലും, അയാള്‍ പറയുന്ന മറ്റൊരു കാര്യത്തില്‍ പാക് ആണുങ്ങള്‍ക്കൊപ്പം തന്നെ വരും, നമ്മള്‍ മലയാളികള്‍  മദ്യാസക്തി. മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാള്‍ കേരളമായിരിക്കും ഇക്കാര്യത്തില്‍ പാകിസ്ഥാനോട് ചേര്‍ന്നു നില്‍ക്കുക.

1977 മുതല്‍ സമ്പൂര്‍ണ മദ്യനിരോധനമാണ് പാകിസ്ഥാനില്‍. 'കൊള്ളാവുന്ന കൂടിയനായ' സുള്‍ഫിക്കര്‍ അലി ഭൂട്ടോ മുല്ലമാരെ പ്രീതിപെടുത്താന്‍ ചെയ്ത പൊട്ടത്തരം എന്നാണ് സല്‍മാന്‍ അതിനെക്കുറിച്ച് പറയുന്നത്. നിരോധനം വന്നതോടെ, ലോകത്ത് എവിടെയും എന്ന പോലെ പാകിസ്ഥാനികള്‍ കുടി നിര്‍ത്തിയൊന്നുമില്ല, അവര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടി. നാടന്‍ വാറ്റ് കുടില്‍ വ്യവസായം പോലെയായി. തുറന്നു കിട്ടുന്ന അതിര്‍ത്തികളിലൂടെയെല്ലാം അവര്‍ മദ്യം അന്വേഷിച്ചിറങ്ങി. എണ്‍പതുകളുടെ മധ്യത്തില്‍ ചൈന ഖുന്‍ജരാബ് പാസ് തുറന്നു കൊടുത്തപ്പോള്‍ പാകിസ്ഥാനികള്‍ അതിനെ സിന്‍ജിയാങ്ങിലെ മദ്യശാലകളിലേക്കുള്ള ദേശീയപാതയാക്കി. അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മദ്യശാലകള്‍ മുളച്ചുപൊന്തി, ഖുന്‍ജരാബ് പാസിലെ പിര്‍ അലി ചൈനയുടെ മാഹിയായി!

അതിര്‍ത്തി കടന്നുവന്ന് രണ്ടെണ്ണം വിട്ട്, നല്ല കുട്ടികളായി തിരികെ പോവുന്നവരായിരുന്നില്ല പാകിസ്ഥാനി 'ടൂറിസ്റ്റുകള്‍'. അവര്‍ അടിച്ചു ഫിറ്റായി അലമ്പുണ്ടാക്കി, കാഷ്ഗര്‍ ഭരണകൂടത്തിന് അതൊരു നിരന്തര തലവേദനയായി. ഒടുവില്‍ അതിര്‍ത്തി നിയന്ത്രണം കടുപ്പിക്കുകയായിരുന്നു, ചൈന. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന മധ്യേഷ്യന്‍ രാജ്യങ്ങളുടെയും അനുഭവം ഏതാണ്ട് സമാനം, അവിടെയെല്ലാം വന്നു, കൂടുതല്‍ നിയന്ത്രണങ്ങള്‍. സല്‍മാന്‍ ഇന്ത്യയിലേക്കു വന്ന 2008ല്‍, വീസയെടുത്ത് വാഗ അതിര്‍ത്തി കടക്കുക എന്നതായിരുന്നു, നന്നായി ഒന്ന് മിനുങ്ങുന്നതിന് പാകിസ്ഥാനികളുടെ മുന്നിലുള്ള ഒരു മാര്‍ഗം!!

1947 ല്‍ രണ്ടായി പിരിഞ്ഞ ഇന്ത്യയും പാകിസ്ഥാനും പിന്നീട് എങ്ങനെ മുന്നോട്ടു പോയെന്ന് വിശദീകരിക്കാന്‍ സല്‍മാന്‍ ഉപയോഗിക്കുന്ന ഒരുദാഹരണം റെയില്‍വേയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകമായപ്പോഴേക്കും  പടിഞ്ഞാറന്‍ നാടുകളിലെ റെയില്‍വേയോട് താരതമ്യം ചെയ്യാവുന്ന വിധത്തില്‍ നവീകരിക്കപ്പെട്ടിട്ടുണ്ട്, ഇന്ത്യയിലെ തീവണ്ടികള്‍.  വലിയ കുലുക്കമില്ലാതെ, അലോസരപ്പെടുത്തുന്ന നിലവിളി ശബ്ദമില്ലാതെ, അതിശയിപ്പിക്കുന്ന വിധത്തില്‍ സമയക്രമം പാലിച്ചാണ് അവയുടെ സഞ്ചാരം. അമൃത്സറില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള നാന്നൂറിലേറെ കിലോമീറ്റര്‍ ദൂരം ശതാബ്ദി എക്‌സ്പ്രസ് ആറര മണിക്കൂര്‍ കൊണ്ട് ഓടിയെത്തുന്നു , നിശ്ചയിക്കപ്പെട്ട സമയത്ത് അത് ന്യൂഡല്‍ഹി സ്‌റ്റേഷനില്‍ വന്നു നില്‍ക്കുന്നു. പാകിസ്ഥാനിലെ ട്രെയിന്‍ യാത്രക്കാരന് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല, ഇത്. ലഹോറില്‍ നിന്ന് റാവല്‍പിണ്ടിയിലേക്കുള്ള 220 കിലോമീറ്റര്‍ താണ്ടാന്‍ പാക് റെയില്‍വേയ്ക്ക് അഞ്ചര മണിക്കൂര്‍ വേണം. 2005 ല്‍ താന്‍ അവസാനം യാത്ര ചെയ്തപ്പോള്‍ അതെത്തിയത് നാലുമണിക്കൂര്‍ വൈകിയാണെന്ന് സല്‍മാന്‍ ഓര്‍ക്കുന്നുണ്ട്.

പാകിസ്ഥാനിലെ തീവണ്ടിയിലിരുന്ന് നിങ്ങള്‍ക്ക് ഒരു കപ്പ് കാപ്പി കുടിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത്രമേല്‍ കുലുങ്ങിക്കുലുങ്ങിയാണ് അവയുടെ യാത്ര. ബ്രിട്ടീഷുകാര്‍ എവിടെ വിട്ടിട്ടു പോയോ അവിടെ നിന്ന് പിന്നിലേക്കാണ് അത് സഞ്ചരിച്ചത്. 1947 ല്‍ 1200 റെയില്‍വേ സ്‌റ്റേഷനുകളുണ്ടായിരുന്നു, പാകിസ്ഥാനില്‍. ഇന്ന് അഞ്ഞൂറില്‍ താഴെ മാത്രം. ഉപേക്ഷിക്കപ്പെട്ട സ്‌റ്റേഷനുകള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈയേറ്റക്കാര്‍ സ്വന്തമാക്കി, കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി സ്വകാര്യ മന്ദിരങ്ങള്‍ പണിതു, ഉരുക്കു പാളങ്ങള്‍ ഇളക്കി ആക്രിവിലയ്ക്കു തൂക്കി വിറ്റു.  1978 ല്‍  ഗുഡ്‌സ് ട്രെയിനുകള്‍ പാടേ ഉപേക്ഷിച്ച് ചരക്കു നീക്കത്തിന് സ്വന്തം ലോജിസ്റ്റിക് സെല്‍ ഉണ്ടാക്കിയ സൈനിക നേതൃത്വം പാക് റെയില്‍വേയെ സാവധാന മരണത്തിന് വിട്ടു കൊടുത്തു.  അതിവിശാലമായ രാജ്യത്തിന്റെ എത്താക്കോണുകളെ വരെ ബന്ധിപ്പിച്ച്, രാഷ്ട്ര ശരീരത്തിന്റെ നാഡീ ഞരമ്പുകളായി ഇന്ത്യ റെയില്‍വേ ശൃംഖലയെ വളര്‍ത്തിയെടുക്കുകയായിരുന്നു , അപ്പോള്‍.

പാകിസ്ഥാനെ എതിരറ്റത്തു നിര്‍ത്തുന്ന ഏത് ഇന്ത്യക്കാരിലും അഭിമാനബോധമുണര്‍ത്താന്‍ പോന്നവയാണ്, സല്‍മാന്‍ റഷീദിന്റെ നിരീക്ഷണങ്ങള്‍. എങ്കിലും പക്ഷേ ഒരു ചോദ്യം ബാക്കിയാവും. പാകിസ്ഥാനിലൂടെ ഒരു യാത്ര നടത്തി, അവിടെ കണ്ട കാര്യങ്ങളെ ഇന്ത്യയുമായി താരതമ്യം ചെയ്ത്, അതിലെല്ലാം പാകിസ്ഥാന്‍ മെച്ചമെന്നു പറയുന്ന ഒരു പുസ്തകം ഇന്ന് ഇന്ത്യയില്‍ സാധ്യമാവുമോ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com