മറക്കാനാവില്ല, മതികെട്ടാനെയും മൂന്നാറിനെയും; എവിടെ വിഎസ് ഉയര്‍ത്തിപ്പിടിച്ച ആ നിലപാടുകള്‍?

വിഎസ് ഒരിക്കല്‍ ഉയര്‍ത്തിപ്പിടിച്ച പല ആശയങ്ങള്‍ക്കും (കുറെയേറെ നിലപാടുകള്‍ക്കും) ഇപ്പോള്‍ പാര്‍ട്ടിയിലും മുന്നണിയിലും തുടര്‍ച്ചയില്ല
മറക്കാനാവില്ല, മതികെട്ടാനെയും മൂന്നാറിനെയും; എവിടെ വിഎസ് ഉയര്‍ത്തിപ്പിടിച്ച ആ നിലപാടുകള്‍?


ദുരന്ത നിവാരണ അതോറിറ്റി തന്നെ ദുരന്തമായെന്നൊരു പക്ഷം; അതല്ല ദുരന്തമുണ്ടായുടനെ ദുരിതാശ്വാസ ക്യാമ്പുകളും സുരക്ഷാ പ്രവര്‍ത്തനങ്ങളും തുടങ്ങിയില്ലേയെന്നു മറുപക്ഷം. ഇത് രാഷ്ട്രീയത്തിലെ പ്രളയകാലം, അഥവാ പ്രളയത്തിന്റെ രാഷ്ട്രീയം.   


ലിതുള്ളിയ വര്‍ഷപ്പെയ്ത്തില്‍, കൂലം കുത്തി, കരയിടിച്ച് കണ്ണ് നനയിച്ച് കടന്നു പോകുന്ന പ്രളയകാലം കേരളത്തില്‍ തുറന്നിട്ടത് ഇടതുവലതു മുന്നണികളുടെ പുതിയൊരു രാഷ്ട്രീയ കൊമ്പുകോര്‍ക്കലാണ്. സംസ്ഥാനം നാലു വര്‍ഷം തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങള്‍ക്കിരയായിട്ടും ദുരന്ത നിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ്. ദുരന്ത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്തി. 

പ്രളയ രാഷ്ട്രീയത്തിന്റെ പുത്തന്‍ പോര്‍നിലത്ത് നിന്ന് ഇരു മുന്നണികള്‍ നടത്തുന്ന ഗ്വാഗ്വാ വിളിക്കള്‍ക്കിടയില്‍ ഇടം കിട്ടാതെ പോയൊരു സംഗതിയുണ്ട് പരിസ്ഥിതിയുടെ രാഷ്ട്രീയം. പ്രളയ കേരളം ശരിയായ അര്‍ഥത്തില്‍ ഇപ്പോഴെങ്കിലും ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയം. ഇരു മുന്നണികള്‍ക്കും ഒരുപോലെ ചതുര്‍ഥിയായ പരിസ്ഥിതിരാഷ്ട്രീയമാണ് ഇന്ന് പരിശോധനക്കിടയാക്കേണ്ടത്.     

പശിമഘട്ട സംരക്ഷണത്തിന് വേണ്ടിയുള്ള മാധവ് ഗാഡ്ഗില്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിന് മുന്നിലെത്തിയിട്ട് പത്ത്  വര്ഷം കഴിഞ്ഞു. ഗാഡ്ഗില്‍ കമ്മറ്റിയുടെയോ അതിനു ശേഷം വന്ന കസ്തൂരി രംഗന്‍ കമ്മറ്റിയുടെയോ റിപോര്‍ട്ടുകള്‍ അതെ പടി നടപ്പിലാക്കിയില്ലെന്നത് പോട്ടെ; അവയിലെ കാതലായ ഭാഗങ്ങള്‍ പോലും സര്‍ക്കാര്‍ വിലയിരുത്തുന്നില്ലെന്നത് ഖേദകരമാണ്.   

2011 ലാണ് പശ്ചിമഘട്ടത്തെ പല സോണുകളായി തിരിച്ച് വികസന/ നിര്‍മാണ പദ്ധതികള്‍ നടപ്പിലാക്കാമെന്ന ഏറ്റവും പ്രായോഗികമായ റിപ്പോര്‍ട്ട് ഗാഡ്ഗില്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വച്ചത്. അന്നതിനെ എതിര്‍ക്കുന്നതില്‍ സംസ്ഥാനത്തെ ഇടത് വലതു കക്ഷികള്‍ക്ക് ഒരേ മുഖമായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാകട്ടെ ഒരു പടി മുന്നോട്ടു പോയി ഉമ്മന്‍ വി ഉമ്മന്‍ കമ്മറ്റിയെ വച്ചു  പരിസ്ഥിതി വാദത്തില്‍ എങ്ങിനെ വീണ്ടും വെള്ളം ചേര്‍ക്കാമെന്ന് പരിശോധിക്കാന്‍. 

പരിസ്ഥിതി ലോലമെന്ന് കണ്ടെത്തിയ ആകെ 13,108 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള 123 വില്ലേജുകളില്‍ നിന്ന് മനുഷ്യവാസമുള്ള പ്രദേശങ്ങളും കൃഷിഭൂമിയും ഒഴിവാക്കണമെന്ന് പ്രതിപക്ഷത്തേക്കാള്‍ മുന്നേ ആവശ്യപ്പെട്ടത് അന്നത്തെ സര്‍ക്കാരായിരുന്നു. 2016ല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചെന്ന പേരില്‍ കോണ്‍ഗ്രസിലെ  മുതിര്‍ന്ന നേതാവ് പി ടി തോമസിന് ഇടുക്കിയില്‍ നിന്ന് മാറേണ്ടി വന്നതും, ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ നിങ്ങളുടെ മണ്ണ് ഗാഡ്ഗിലില്‍ നിന്ന് സംരക്ഷിക്കാമെന്ന വാഗ്ദാനത്തില്‍ ഇടതുപക്ഷം ജോയ്‌സ് ജോര്‍ജിനെ മത്സരിപ്പിച്ചതും കേരളം മറന്നിട്ടില്ല.

മലയോര കര്‍ഷകന്റെ കണ്ണുനീരിന്റെ മറവില്‍ നേട്ടം കൊയ്യാന്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം തന്നെയുണ്ടായിരുന്നു. പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചു പരിസ്ഥിതി വിരുദ്ധതയുടെ മേലങ്കിയണിച്ച് രാഷ്ട്രീയം കളിച്ചതില്‍ നിന്ന് സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മാറി നില്‍ക്കാനാകില്ല. കുന്നും മലയുമിടിച്ച്, പാടങ്ങളും ചതുപ്പുകളും നികത്തി വമ്പന്‍ നിര്‍മ്മിതികള്‍ കെട്ടിപ്പൊക്കിയപ്പോള്‍ നാം പരിസ്ഥിതിയെ മറന്നു.     

വയനാടിനെ വന്യജീവി സങ്കേതമാക്കിയാല്‍, വീടുകള്‍ക്ക് പച്ച പെയിന്റടിക്കേണ്ടി വരുമെന്നും വീടുകള്‍ക്ക് മുന്നില്‍ കടുവകള്‍ക്ക് കുടിക്കാന്‍ വെള്ളം വയ്‌ക്കേണ്ടി വരുമെന്നും പ്രചാരണം നടത്തിയപ്പോള്‍ ഇത്തരമൊരു തിരിച്ചടി നാം പ്രതീക്ഷിച്ചില്ല. വമ്പന്‍ മലനിരകളിലേക്ക് പറഞ്ഞയച്ച ജെസിബികള്‍ ഉരുള്‍ പൊട്ടലിന്റെ ദൂത് വാഹകരാണെന്നു നാം മനസ്സിലാക്കിയില്ല. നികത്തുന്ന ചതുപ്പുകളും, കൈയ്യേറുന്ന കനാലുകളും കാട്ടിത്തരുന്ന വരള്‍ച്ചയുടെ ഭൂമികകള്‍ നാം കാണില്ല. 

'2018 ലെ മഹാപ്രളയത്തെ തുടര്‍ന്ന് ആരംഭിച്ച റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കാനുതകുംവിധമുള്ള സംവിധാനത്തോടെയും, പരിസ്ഥിതി സൗഹൃദപരമായും കേരളത്തെ പുനര്‍നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തന പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് മഴക്കെടുതി തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇനിയുള്ള തുടര്‍നിര്‍മ്മാണങ്ങളും മുന്‍ വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ തകര്‍ന്ന ആസ്തികളുടെ സുസ്ഥിരമായ പുനര്‍നിര്‍മ്മാണത്തിന്റെ മാതൃകയിലാണ് നടപ്പിലാക്കാനാവുക. ആ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്നത്.' മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാക്കുകളാണിവ.   

ആവര്‍ത്തിച്ച പറയുന്ന ഈ വാക്കുകളില്‍ എന്തെങ്കിലും ആത്മാര്ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട ചിലതുണ്ട്. അടിമുടി പരിസ്ഥിതിവിരുദ്ധമായ, വികാസനോന്മുഖമായ കാഴ്ചപ്പാടില്ലാതെ, വികസന രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം നടപ്പിലാക്കുന്ന വന്‍കിട പദ്ധതികള്‍ ഇനിയെങ്കിലും പുനഃ:പരിശോധിക്കണം. 'വികസനം ആര്‍ക്കു വേണ്ടി' എന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചോദ്യം ഇനിയെങ്കിലും നിങ്ങള്‍ കേള്‍ക്കണം.     
  
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വര്‍ഷമായി. സമാനതകളില്ലാത്ത നേതാവ്, മലയാളത്തിന്റെയും കേരളത്തിന്റെയും സ്വന്തം ഫിഡല്‍ കാസ്‌ട്രോ വിഎസ് അച്യുതാനന്ദന് 98 തികഞ്ഞിരിക്കുന്നു. കേരള സിപിഎമ്മില്‍ വിഎസിന് ശരിയായ അര്‍ഥത്തില്‍ നിലവില്‍ പിന്മുറക്കാറില്ല. അതുകൊണ്ട് കൂടിയാകണം വിഎസ് ഒരിക്കല്‍ ഉയര്‍ത്തിപ്പിടിച്ച പല ആശയങ്ങള്‍ക്കും (കുറെയേറെ നിലപാടുകള്‍ക്കും) ഇപ്പോള്‍ പാര്‍ട്ടിയിലും മുന്നണിയിലും തുടര്‍ച്ചയില്ല. പരിസ്ഥിതി രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മതികെട്ടാനിലെയും മൂന്നാറിലെയും വിഎസ്  നിലപാടുകള്‍ മറക്കാനാകില്ല. 

വര്‍ഷപെയ്ത്തില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ നമുക്കിന്നാവശ്യം പരിസ്ഥിതിയെ മറക്കാത്ത വികസന കാഴ്ചപ്പാടാണ്. ദൈനംദിന രാഷ്ട്രീയത്തിന്റെ വെല്ലുവിളികള്‍ക്കിടയില്‍ മണ്ണിനെയും പ്രകൃതിയെയും മറക്കാത്ത  പരിസ്ഥിതിക്കിങ്ങിയ ഒരു വികസന സങ്കല്‍പ്പത്തിലേക്ക് കണ്‍തുറക്കുമെന്ന് പ്രതീക്ഷിക്കാം. 

:::::::::::::::

വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ

പാര്‍ട്ടി കോണ്‍ഗ്രെസ്സായാല്‍ സിപിഎമ്മിന് ചില ആചാരങ്ങളൊക്കെയുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സൗഹൃദം വേണോ വേണ്ടയോ? കൈവീശി കാണിക്കാമോ, അതോ വേലിക്കരികില്‍ നിന്നുള്ള പുഞ്ചിരി മതിയോ മട്ടിലുള്ള ചര്‍ച്ചകളാണ് അതില്‍ പ്രധാനം. 'വഴീന്ന് മാറടാ  മുണ്ടക്കല്‍ ശേഖരാ' മട്ടില്‍ മുന്നില്‍ വന്നു പെട്ട ആനയെ നോക്കി ആക്രോശിച്ച ഉറുമ്പിന്റെ കഥ നമുക്കൊക്കെ സുപരിചിതമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ കോണ്‍ഗ്രെസ്സുമായി കൂട്ടുികേട്ട് വേണോയെന്ന സിപിഎം നേതൃത്വം ചര്‍ച്ച പലപ്പോഴും അവസാനിക്കുന്നത് ഇത്തരമൊരു ധ്വനിയിലാണ്.

'കോണ്‍ഗ്രസോ മാറി നില്‍ക്കടാ മുന്നീന്ന്' മട്ടില്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വം വാളെടുക്കും. ദേശീയ രാഷ്ട്രീയം കുറച്ചൊക്കെ അറിയാവുന്ന യെച്ചൂരിയും പശ്ചിമ ബംഗാള്‍ സഖാക്കളും പക്ഷെ ഇതൊന്നും വക വയ്ക്കാറില്ല. ചര്‍ച്ച പതിവ് പോലെ നീണ്ടുപോകും. അവസാനം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന സുപ്രധാനമായ തീരുമാനമെടുത്ത് പാര്‍ട്ടി കേന്ദ്ര കമ്മറ്റി പിരിയും. ഇത്തവണയും മാറ്റമൊന്നുമില്ല. മാറ്റമല്ലാതെ ഒന്നും മാറുന്നില്ലെന്നോ മറ്റോ അല്ലെ അറിവുള്ളവര്‍ പറഞ്ഞിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തായാലും അക്കാര്യത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

::::::::::::::::::::

എല്ലാം ഹൈകമാന്‍ഡ് ദൈവത്തിന്റെ കളി

ഹോ. അങ്ങനെ അവസാനം ലിസ്റ്റ് വന്നു. ഈ ജന്മത്തില്‍ കാണാന്‍ കഴിയുമെന്ന് കരുതിയതല്ല. എല്ലാം ഹൈകമാന്‍ഡ് ദൈവത്തിന്റെ കളി. അല്ലാതെന്താ? കെപിസിസി ലിസ്റ്റ് വന്നു കഴിഞ്ഞപ്പോള്‍ പലര്‍ക്കും കണ്‍ഫ്യൂഷനാണ്. വന്നത് നമ്മുടെ ആളാണോ അല്ലയോ എന്ന് പോലും സംശയം. എന്തായാലും ഇത് വരെ ലിസ്റ്റ് എന്ന പേരില്‍ തല്ലു കൂടി. ഇനിയെന്ത് എന്നാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ഇപ്പോഴത്തെ സംശയം. നിയമസഭ നടക്കുകയല്ലേ. പുതിയ വഴികള്‍ കാണാതിരിക്കില്ല. നടന്‍ കരമന ജനാര്‍ദനന്‍  നായര്‍  പറഞ്ഞത് പോലെ അതാണൊരാരാശ്വാസം!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com