
പൊതുവെ കേരള സമൂഹത്തില്‍ വളരുന്ന അപചയങ്ങളെകുറിച്ചാണ് പലപ്പോഴും ചര്‍ച്ചകള്‍, മീഡിയ ചര്‍ച്ചകള്‍ കൂടുതല്‍. അതു കൊണ്ടു ചിലര്‍ കരുതും കേരളം ഏറ്റവും മോശം സ്ഥലമാണന്ന്. ലോകം മുഴുവന്‍ സഞ്ചരിച്ച, ഇപ്പോഴും സഞ്ചരിക്കുന്ന എനിക്ക് ഏറ്റവും മനോഹരമെന്നു പണ്ടും ഇന്നും തോന്നുന്ന ഇടം കേരളമാണ്. ഇവിടുത്തെ പച്ചപ്പ് എല്ലായിടത്തും കാണില്ല
കേരളത്തിനു പുറത്ത്, ഇന്ത്യയില്‍ എല്ലായിടത്തും, ലോകത്തു മിക്കവാറും രാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എന്തൊക്കെയാണ് കേരളത്തിലെ നല്ല കാര്യങ്ങള്‍? കഴിഞ്ഞ മാസം ഞാന്‍ കുഭമേളയും യൂ പിയും സന്ദര്‍ശിച്ചു. അപ്പോഴാണ് കേരളത്തിന്റെ മഹത്വത്തെ കുറിച്ച് ചിന്തിച്ചത്.
1. കേരളത്തിലെ സോഷ്യല്‍ സോളിഡാരിറ്റി
കേരളത്തില്‍ എന്തെങ്കിലും ഒരു വാഹന അപകടമോ അല്ലെങ്കില്‍ പ്രകൃതി ദുരന്തമോ ഉണ്ടായാല്‍ ജാതി മത ഭേദമന്യേ ആളുകള്‍ സഹായിക്കാന്‍ സന്നദ്ധരാണ്. അപകടത്തില്‍ പെട്ട മനുഷ്യരുടെ ജാതിയോ മതമോ നോക്കാതെ എല്ലാവരും സഹായിക്കും. കേരളത്തില്‍ പ്രളയകാലത്തും ഉരുള്‍ പൊട്ടല്‍ ദുരന്തത്തിലും സഹായിക്കാന്‍ ഏറ്റവും മുന്നിട്ട് നിന്നത് യുവാക്കളാണ്.
2. കേരളത്തില്‍ എന്തൊക്ക പറഞ്ഞാലും മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഫ്യൂഡല്‍ മനോഭാവങ്ങള്‍ കുറഞ്ഞു. പലര്‍ക്കും ജാതി മത വിചാരങ്ങള്‍ ഉണ്ടെങ്കിലും മറ്റു പലയിടത്തും പോലെ അതു വെളിയില്‍ റൂഡായി കാണിക്കില്ല. വടക്കെ ഇന്ത്യയില്‍ പലയിടത്തും ഒരു മടിയും ഇല്ലാതെ നിങ്ങളുടെ ജാതി ചോദിക്കും. മതം മനസ്സില്‍ വച്ചു പെരുമാറും. പലയിടത്തും തൊട്ട് കൂട്ടായ്മകള്‍ ഇപ്പോഴുമുണ്ട്.
3. കേരളത്തില്‍ ഗ്രാസ് റൂട്ട്‌സിലും അല്ലാതെയും രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷം സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവരാണ്. പലര്‍ക്കും അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നതും പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുവാനും വീടില്ലാത്തവര്‍ക്ക് വീട് വാക്കാനുമൊക്കെ രാഷ്ട്രീയപാര്‍ട്ടികളിലെ സാമൂഹിക പ്രവര്‍ത്തകരും പഞ്ചായത്ത് അംഗങ്ങളോ ക്കെ മുന്നില്‍ കാണും
4. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ ഏത് കുഗ്രാമങ്ങളിലും റോഡ് ഉണ്ട്, വൈദ്യുതി ഉണ്ട്, മിക്കവാറും ഇടത്തു പൊതു ഗതാ ഗതമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മിക്കവാറും ഇടത്തു കുടിവെള്ളമുണ്ട്. കേരളത്തില്‍ വണ്ടി ചെല്ലാത്ത ഇടങ്ങള്‍ വളരെ കുറവാണ്. മറ്റു പലയിടത്തും വലിയ നല്ല ഒന്നാന്തരം ഹൈവേ കാണാം. പക്ഷെ ഹൈവെ വിട്ട് രണ്ടു കിലോമീറ്റര്‍ ഉള്ളിലേക്ക് പോയാല്‍ ഏറ്റവും മോശമായ റോഡുകള്‍.
5. കേരളത്തിലെ കണക്റ്റിവിറ്റി വളരെ നല്ല ഗുണ മേന്മയുള്ളത്. കേരളത്തില്‍ ഞാന്‍ ജീവിക്കുന്നത് ഗ്രാമത്തിലാണ്. പക്ഷെ ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍ഡ് വളരെ നല്ല ക്വാളിറ്റി. കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഇരുന്നു ലോകത്തു തൊണ്ണൂറ് രാജ്യങ്ങളില്‍ അധികം പ്രവര്‍ത്തനം നടത്തുന്ന അന്താരാഷ്ട്ര സംഘടനക്ക് നേതൃത്വം നല്‍കാന്‍ സാധിക്കും. ഒരു ദിവസം ഞാന്‍ ശരാശരി 5-6 മണിക്കൂര്‍ ഓന്‍ലൈന്‍ മീറ്റിങ്ങില്‍ ആയിരിക്കും. രാവിലെ പത്തു മണിക്ക് ലോകത്തിന്റെ വിവിധ ടീമകളുമായി കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഇരുന്നു മീറ്റിങ് കൂടാം. ഇന്ത്യയില്‍ പലയിടത്തും ഇത് സാധ്യമല്ല. ലോകത്തു മിക്കയിടത്തും ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കുറവാണ്.
6. കേരളത്തിലെ ആരോഗ്യ പരിപാലനം. കേരളത്തില്‍ ഇന്ന് ടെര്‍ഷറി ഹൈ സ്‌പെഷ്യല്‍ ഹെല്‍ത് കെയര്‍ ഏതാണ്ട് 25 കിലോമീറ്ററില്‍ അവൈലബിളാണ്. അടൂരില്‍ ഇപ്പോള്‍ ഹൈ സ്‌പെഷ്യലിറ്റി ലൈഫ് ലൈന്‍ ഉണ്ടായത് കൊണ്ടു ഇവിടെ നിന്നും പതിനഞ്ച് ഇരുപത് മിനിറ്റില്‍ എത്താം. പത്തനംതിട്ട ജില്ലയില്‍ മാത്രം നാലു മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍സ്. തിരുവല്ലയില്‍ മാത്രം മൂന്നു ഹൈ സ്‌പെഷ്യല്‍ ഹോസ്പിറ്റല്‍. കേരളത്തില്‍ എന്തൊക്കെ പറഞ്ഞാലും മറ്റു സംസ്ഥാങ്ങളെക്കാള്‍ മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യം രംഗമുണ്ട്. സര്‍ക്കാര്‍ ആശുപത്രി സംവിധാനങ്ങള്‍ ലോക നിലവാരത്തിലേക്ക് വളരണം. ഇപ്പോള്‍ സാമാന്യ സൗകര്യമുള്ളത് ചില മെഡിക്കല്‍ കോളേജുകള്‍ മാത്രം. ആ അവസ്ഥ മെച്ചപ്പെടണം.
7. കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ച് നമ്മള്‍ നിരന്തരം വിമര്‍ശിക്കും എങ്കിലും കേരളത്തില്‍ സര്‍വത്രിക വിദ്യാഭ്യാസം ഉണ്ട്. എല്ലായിടത്തും സ്‌കൂളകളും കോളജുകളും യൂണിവേഴ്‌സിറ്റികളും ഉണ്ടായത് കൊണ്ടു ഇന്ന് ആര്‍ക്കും കേരളത്തില്‍ വലിയ ചെലവ് ഇല്ലാതെ ഉന്നത വിദ്യാഭ്യാസം നടത്താം.
8. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ക്ക് ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും ഉള്ളത് കേരളത്തിലാണ്. ഇന്ന് സര്‍ക്കാരിലും പ്രൊഫഷണല്‍ മേഖലയിലും സ്ത്രീകള്‍ ഏറ്റവും തിളങ്ങുന്നത് കേരളത്തിലാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ ഉള്ളത് കേരളത്തില്‍ നിന്നും ഫിലിപ്പിന്‍സില്‍ നിന്നുമാണ്.
കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയ്ക്കു ഒരു പ്രധാന കാരണം കേരളത്തിലെ നഴ്‌സുമാര്‍ അയക്കുന്ന പൈസയാണ്. മധ്യകേരളത്തില്‍ അമേരിക്ക, ജര്‍മ്മനി, യൂ കെ ഉള്‍പ്പെടെയുള്ള മലയാളി കുടിയേറ്റത്തിന്റ പുറകില്‍ ഒരു നഴ്‌സ് ആയിരിക്കും.
9. കേരളത്തെ മറക്കാത്ത മലയാളികള്‍.
കേരളത്തിനും ഇന്ത്യക്കും പുറത്തു എല്ലാം കൂടി ഏതാണ്ട് 20% മലയാളികള്‍ ഉണ്ട്. അവരൊക്കെ കേരളത്തെകുറിച്ച് കരുതല്‍ ഉള്ളവരാണ്. കഴിഞ്ഞ വര്‍ഷം റെമിട്ടന്‍സ് വന്നത് രണ്ടു ലക്ഷം കോടിയില്‍ അധികം. വിദേശ റെമിട്ടന്‍സ് ഇല്ലായിരുന്നു എങ്കില്‍ കേരളത്തിന്റെ അവസ്ഥ ഇതായിരിക്കില്ല. ഇന്ന് പേര്‍ ക്യാപിറ്റ വരുമാനത്തില്‍ കേരളം ഇന്ത്യയില്‍ ആറാം സ്ഥാനത്തായത് റെമിട്ടന്‍സ് ഇക്കൊണമി കൊണ്ടാണ്. കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിന്‍ 1987 മുതല്‍ റെമിറ്റന്‍സാണ്. കേരളത്തില്‍ വന്ന കൂടുതല്‍ വിദേശ ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയത് മലയാളികളാണ്. കേരളത്തില്‍ പ്രളയ സമയത്തും ദുരന്തസമയത്തും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് വിദേശ മലയാളികളാണ്.
10. കേരളത്തിലെ അര്‍ബനൈസെഷന്‍
ഇന്ന് തിരുവനന്തപുരത്തോ കൊച്ചിയിലോ കിട്ടുന്ന ഏത് സര്‍വീസും അടൂരില്‍ കിട്ടും. മിക്കവാറും എല്ലാ സാധാരണ കാറുകളും ബൈക്കും അടൂരില്‍ വാങ്ങാം. കെഎഫ്‌സി,/പിസ്സ ഹറ്റ് ഉള്‍പ്പെടെ ആഗോള ചെയിന്‍ വരെ അടൂരില്‍ ഉണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ട്
ഞാന്‍ താമസിക്കുന്ന അടൂരിന് അടുത്ത തുവയൂര്‍ ഗ്രാമത്തില്‍ മിക്കവാറും എല്ലാം കിട്ടും. പണ്ട് അഞ്ചു ഓല മേഞ്ഞ മാടക്കടയും ഒരു കാപ്പി കടയും ഒരു പലചരക്ക് കടയും ഉണ്ടായിരുന്നിടത്തു ഇന്ന് മൂന്നും നാലൂം നില കെട്ടിടങ്ങള്‍. നിരവധി റെസ്‌റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ജ്യുവലറി ഷോപ്പ്. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് ബോധിഗ്രാമില്‍ വരുന്നവര്‍ക്ക് ഇതൊരു ഗ്രാമമാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. അവരുടെ ധാരണയില്‍ ഇത് ഒരു താലൂക് ആസ്ഥാന പട്ടണം പോലെയാണ്.
അതുപോലെ കേരളത്തില്‍ അഴിമതിയുടെ ഡിഗ്രി കുറവാണ്. റോഡ് ഉണ്ടാകുമ്പോള്‍ കമ്മീഷന്‍ വാങ്ങുന്ന ഏര്‍പ്പാട് ഇവിടെ ഉണ്ട്. പക്ഷെ റോഡും പാലവും മുഴുവന്‍ വിഴുങ്ങില്ല. അതു മാത്രം അല്ല മീഡിയ ജാഗ്രത കൂടുതല്‍ ഉള്ളത് കൊണ്ടു ഉദ്യോഗസ്ഥക്ക് കൈക്കൂലി വാങ്ങാന്‍ ബുദ്ധിമുട്ടുണ്ട്.
കേരളത്തില്‍ ഒരുപാടു നല്ല കാര്യങ്ങള്‍ ഉണ്ട് അതു കാണാതെ പോകരുത്. അതു കഴിഞ്ഞ നൂറു വര്‍ഷത്തില്‍ ഉണ്ടായ മാറ്റങ്ങള്‍. അല്ലാതെ ഏതെങ്കിലും അധികാര പാര്‍ട്ടികളുടെ കൃപ കൊണ്ടു മാത്രം അല്ല. കേരളത്തിന്റെ ആവാസ വ്യവസ്ഥ, കേരളത്തിലെ വിവിധ മതങ്ങളുടെ ചരിത്രം, വിദ്യാഭ്യാസ അവസരങ്ങള്‍, കേരളത്തിനു പുറത്തു ജോലി നേടി കാശ് അയച്ചു കൊടുക്കുന്നത് അങ്ങനെ ഒരുപാടു ഘടകങ്ങളാണ് കേരളത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്
ഇനിയും കേരള സമൂഹത്തെയും പരിസ്ഥിതിയേയും രാഷ്ട്രീയത്തെയും സാമ്പത്തിക അവസ്ഥയേയും സര്‍ക്കാരിനെയും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്ക് എല്ലാവര്‍ക്കുമുണ്ട്.
കേരളത്തെകുറിച്ച് പോസിറ്റീവായി കണ്ട് പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമ്മള്‍ എല്ലാവരുകൂടി ശ്രമിച്ചാല്‍ നടക്കും.
(സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ