ഒരു കമ്യൂണിസ്റ്റിന്റെ രാമരാജ്യം

ഒരു കമ്യൂണിസ്റ്റിന്റെ രാമരാജ്യം
Updated on

ഹിന്ദു ഏകതയാണ് സംഘ് പരിവാര്‍ മുദ്രാവാക്യം. ഐക്യം എന്നതല്ല എന്ന് ശ്രദ്ധിക്കുക. കേരളത്തില്‍ ഒരു ഹിന്ദു ഐക്യവേദി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളനവോത്ഥാനം ഹൈന്ദവരുടെ ഐക്യത്തിലൂടെ എന്നതാണ് അവരുടെ മുദ്രാവാക്യം. സത്യാനന്ദസരസ്വതിയുടേയും കുമ്മനം രാജശേഖരന്റേയും നേതൃത്വത്തില്‍ രൂപംകൊണ്ട നിരവധി ഹിന്ദു സംഘടനകളുടെ ഒരു വിശാലവേദിയാണ് അത്. ഐക്യമെന്ന വാക്കാണ് അവര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ഹിന്ദു ഏകത എന്ന ആശയത്തെയല്ല പിന്താങ്ങുന്നത് എന്ന് വിചാരിക്കരുത്. വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുംവിധം ഉപയോഗിക്കുക എന്നത് ഫാഷിസ്റ്റുകളുടെ രീതിയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ ഫാഷിസ്റ്റ് പാര്‍ട്ടിയായ ജര്‍മന്‍ നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പേരില്‍ സോഷ്യലിസവും തൊഴിലാളിയുമൊക്കെ ഉണ്ടായിരുന്നു. നവോത്ഥാനം Reformation എന്ന് അവര്‍ പറയുമ്പോഴൊക്കെ പുനരുത്ഥാനം Revivalism ആണ് ഉദ്ദേശിക്കുന്നത് എന്നത് മറ്റൊരു ഉദാഹരണം.

ഏകത എന്ന പദത്തിനെന്താണ് കുഴപ്പം? ഏകത എന്നത് ഏകീകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒന്നാണ് എന്നതാണ് കുഴപ്പം. ഐക്യം വൈവിദ്ധ്യത്തെ അംഗീകരിക്കുമ്പോള്‍ ഏകത വ്യത്യസ്തതകളെ ഇല്ലാതാക്കുന്നു. നല്ലതല്ലേ എന്ന് ചോദിച്ചേക്കാം. എപ്പോഴും അല്ല എന്നാണ് ഉത്തരം. ഇന്ത്യയില്‍ നിലനിന്നുപോരുന്നതും എന്നാല്‍ ആധുനികതയുടെ മൂല്യങ്ങളുടെ വരവോടെ ചോദ്യംചെയ്യപ്പെട്ടതുമായ ഒരു ശ്രേണീബദ്ധവ്യവസ്ഥയുണ്ട് ഇന്ത്യന്‍ സമൂഹത്തില്‍. ബ്രാഹ്മണനാണ് അതിന്റെ നേതൃത്വം. അത് മാറിയ കാലത്തിന് അനുസരിച്ച് പുതിയതാക്കിത്തീര്‍ക്കുക എന്നതാണ് ഏകത കൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നുവട്ടം തുടര്‍ച്ചയായി അവര്‍ രാജ്യഭരണം പിടിച്ചെടുത്തു എന്നതുകൊണ്ടുമാത്രം ഹിന്ദു ഏകത സാദ്ധ്യമായി എന്ന നിഗമനത്തിലെത്താനാകില്ല. ഹിന്ദു ഏകതയ്ക്ക് തടസ്സമേതാണ് എന്നു ചോദിച്ചാല്‍ അതിനുത്തരം ഹിന്ദുയിസമെന്നു വിളിക്കുന്ന മതത്തിന്റെ അയഞ്ഞഘടനയും നിഷ്‌കര്‍ഷതകളില്ലായ്മയുമാണ്. ഈ അയഞ്ഞ ഘടനയേയും കാര്‍ക്കശ്യമില്ലായ്മയേയും മനസ്സിലാക്കുന്നതില്‍ അതിഹൈന്ദവികതയെ എതിര്‍ക്കുന്നവരും ഒരുപോലെ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് കൗതുകകരം. മാംസം കഴിക്കുന്ന കശ്മീരി ബ്രാഹ്മണനും മാംസം കഴിക്കാത്ത ദലിത് വിഭാഗങ്ങളും ഹിന്ദുക്കളിലുണ്ട്. മത്സ്യം ഭക്ഷിക്കുന്ന ബ്രാഹ്മണനും മത്സ്യം ഭക്ഷിക്കാത്ത ബ്രാഹ്മണനും അതിനുള്ളില്‍ തന്നെയുണ്ട്. രാമനെന്ന പോലെ രാവണനും ഹിന്ദുമതവിശ്വാസികള്‍ക്കിടയില്‍ സ്ഥാനമുണ്ട്. കൊല്ലം ജില്ലയിലെ മലനടയിലാണ് സുയോധനന് ക്ഷേത്രമുള്ളത്. ഹിന്ദുമത സങ്കല്പങ്ങളില്‍ നായകനും പ്രതിയോഗിയുമെല്ലാം ഏതോ അലംഘനീയ വിധിയുടെ ചരടുകളാല്‍ ബന്ധിക്കപ്പെട്ട് ഒരു പാവനാടകത്തിലെന്ന പോലെ ചലിക്കുന്നു. കര്‍മപാശം എന്നതാണ് ഈ ചരടിനു വിളിപ്പേര്.

അബ്രഹാമിക മതങ്ങളില്‍ സമത്വം എന്ന സങ്കല്പമുണ്ട്. ദൈവത്തിന്റെ സൃഷ്ടികള്‍ക്കിടയില്‍ ഉച്ചനീചത്വങ്ങളുണ്ടാകരുതെന്നാണ്. മനുഷ്യനെ ദൈവം തന്റെ രൂപത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് ബൈബിള്‍. ആയതിനാല്‍ ഓരോ മനുഷ്യനിലും ദൈവത്തിനെ കാണാനുള്ള ഒരു പഴുതുണ്ട്. ആ പഴുതിലൂടെ ഒരുപരിധിവരെ സമത്വം എന്ന രാഷ്ട്രീയ സങ്കല്പത്തെ വീക്ഷിക്കാനാകും. എന്നാല്‍ ഹിന്ദുമതത്തില്‍ സമത ഇല്ല. മറിച്ച് സെമിറ്റിക് മതങ്ങളിലൊക്കെയുള്ള സമത എന്ന ആശയത്തില്‍ നിന്നും ഒരുപടി കൂടി കടന്ന് ഭേദാഭേദചിന്തകളില്ലാത്ത അദൈ്വതദര്‍ശനമുണ്ട്. 'ഒന്നിനേയും കൊല്ലരുതെന്ന്' പറയുന്നത് വാച്യാര്‍ത്ഥത്തിലെടുത്ത് പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നതുപോലെ ഒട്ടും എളുപ്പമല്ലാത്ത ഒന്നാണ് ഈ ദര്‍ശനമനുസരിച്ച് ജീവിക്കുന്നത്. പ്രയാസകരമായ ഈ സംഗതിയെ മറയാക്കിയാണ് സമൂഹത്തില്‍ ഉച്ചനീചത്വം വളര്‍ത്തിയെടുത്തത്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് മിഥോളജിസ്റ്റും എഴുത്തുകാരനുമായ ദേവ്ദത്ത് പട്ടനായിക് വിശദീകരിക്കുന്നുണ്ട്.

അബ്രഹാമിക മതങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഹിന്ദുമതം. പട്ടനായിക് ചൂണ്ടിക്കാണിക്കുന്നത് വൈവിധ്യത്തിലാണ് ഹിന്ദുമതം തെഴുത്തത് എന്നാണ്. വിവിധങ്ങളായ സമൂഹങ്ങളുടെ ഒരു സഞ്ചയമാണത്. ഓരോ സമൂഹത്തിനും അതിന്റേതായ ദൈവങ്ങളുണ്ട്. സ്വന്തം നിയോഗങ്ങള്‍, സവിശേഷവിശ്വാസങ്ങള്‍, ആചാരങ്ങള്‍ എന്നിവയൊക്കെ ഉണ്ട്. ഓരോന്നും അതുല്യമാണ്. വിഭവങ്ങള്‍ക്കായുള്ള മത്സരവും ഈ സമൂഹത്തിലുണ്ട്. അതുകൊണ്ടുള്ള പിരിമുറുക്കവുമുണ്ട്. തന്‍മൂലം അസ്ഥിരസ്വഭാവമുള്ള ശ്രേണീബദ്ധത (Hierarchy) നിലനില്‍ക്കുന്ന ഒരു വലിയ ജനസഞ്ചയമാകുന്നു ഹിന്ദുമതം. അതുകൊണ്ടുതന്നെ ഈ ജനസഞ്ചയത്തിലെ ചില സമൂഹങ്ങളും അവരുടെ ചില ദൈവങ്ങളും മറ്റുള്ളവയേക്കാള്‍ പ്രാധാന്യം നേടുന്നുണ്ട്. എന്നാല്‍ അത് എന്നെന്നേക്കുമായി അങ്ങനെയല്ല എന്നും പട്ടനായിക് പറയുന്നു. ഏതെങ്കിലും ഒരു സമൂഹമോ അവരുടെ ദൈവമോ എപ്പോഴും അതിന്റെ കേന്ദ്രത്തിലുണ്ടാകും. ഒരു തൊഴിലിടത്തില്‍ മേല്‍നോട്ടത്തിനു അധികാരമുള്ളയാള്‍ മാറിമാറിവരുംപോലെ അവര്‍ മാറിമാറി വരും. തൊഴിലിടത്തിലെ കഴിവുള്ള ഏതു തൊഴിലാളിക്കും മേല്‍നോട്ടത്തിനു അധികാരിയാകാമല്ലോ. ഒരു നിലയ്ക്കുള്ള ചലനാത്മകത ആ വ്യവസ്ഥക്കുണ്ട്. എന്നാല്‍ ഈ ചലനാത്മകത നഷ്ടമാകുമ്പോള്‍ ഒരാള്‍ എല്ലാകാലത്തും അധികാരിയായിരിക്കുന്നതാണ് ഫലം. അന്നേരം നടക്കുന്നത് അസമത്വത്തിന്റെ സ്ഥാപനവല്‍ക്കരണമാണ്. വൈവിധ്യമാര്‍ന്ന സമൂഹങ്ങളുടെ ഒരു സഞ്ചയമായ ഹിന്ദുമതത്തില്‍ ആയിരക്കണക്കിന് ജാതികള്‍ എല്ലാകാലത്തും ഈ മേലധികാരത്തിനായി മത്സരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഓരോ ജാതികളും താന്താങ്ങളെ സൈദ്ധാന്തികമായി ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്ക് നിര്‍ബന്ധിതമായി സംയോജിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചരിത്രത്തിന്റെ ചില ഘട്ടങ്ങളില്‍ ഈ മത്സരം നിലയ്ക്കുന്നു. അതോടെ ചലനാത്മകത നഷ്ടമാകുന്നു. അസമത്വം സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു. അപ്പോഴാണ് ചണ്ഡാലനായി പിറക്കുന്നതും ഭൂസുരനായി പിറക്കുന്നതും കര്‍മഫലം കൊണ്ടെന്ന ന്യായീകരണം ഉണ്ടാകുന്നത്. ഒ.വി.വിജയന്റെ 'ഗുരുസാഗര'ത്തില്‍ കുഞ്ഞുണ്ണി തന്റെ അച്ഛനോട് എന്തുകൊണ്ടാണ് വലംകയ്യനായ കര്‍ഷകന്റെ പ്രഹരം മുഴുവന്‍ എന്നും വലതുവശത്ത് നില്‍ക്കുന്ന പോത്തിന് എന്നു ചോദിക്കുന്നുണ്ട്. 'അത് അതിന്റെ കര്‍മഫലമാണ്' എന്നാണ് മറുപടി. അനന്തകാലങ്ങളുടേയും നൈരന്തര്യങ്ങളുടേയും നാല്‍ക്കവലയില്‍ മനുഷ്യരെ പ്രതിഷ്ഠിച്ച് വിധിഹിതമേവനും തടുത്തുകൂടാ എന്ന് ഉറക്കെ കരയാനാണ് എന്നും ഔപചാരികമതം ഭാരതീയരെ പഠിപ്പിച്ചിട്ടുള്ളത്.

എന്നാല്‍ ഈ ചലനാത്മകതയും ജാതിസമൂഹങ്ങളുടെ അതുല്യതയും മുന്‍നിര്‍ത്തി നിരവധി പോരാട്ടങ്ങള്‍ ഹിന്ദുമതത്തിനുള്ളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഭക്തിപ്രസ്ഥാനം മുതല്‍ നവീനാദ്വൈതികള്‍ നയിച്ച സാമൂഹികപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ വരെ അതിന്റെ ഭാഗമാണ്. പ്രവാചകനില്ലാത്ത ഹിന്ദുമതം വൈവിദ്ധ്യത്തിനു ഹിന്ദുമതം നല്‍കിയ ഊന്നല്‍ സാദ്ധ്യമാക്കിയതാണ് ഈ പ്രസ്ഥാനങ്ങളെ ഏറേയും. എല്ലാ പൗരന്മാരെയും തുല്യരായി കാണുകയും അവര്‍ക്ക് തുല്യ അവകാശങ്ങളും വിഭവങ്ങളില്‍ തുല്യ ഉടമസ്ഥതയും നല്‍കുന്ന 'പത്തുകല്‍പ്പനകളുടെ' ഒരു കൂട്ടമായിട്ടാണ് ഒരു നല്ല ഭരണഘടനയെ ശരിയ്ക്കും വിശേഷിപ്പിക്കേണ്ടത്. ലോകത്തെവിടേയും അബ്രഹാമിക മതങ്ങളുടെ കൂടി സംഭാവനയായ സമത്വസങ്കല്പങ്ങളാല്‍ പ്രചോദിതമായിട്ടു സൃഷ്ടിക്കപ്പെട്ട തുല്യ അവകാശങ്ങളെക്കുറിച്ചുള്ള ഭരണഘടനാസിദ്ധാന്തങ്ങളുടെ ഒരു പരിമിതി അതിനു വൈവിധ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല എന്നതാണ്. പട്ടനായിക് ചോദിക്കുന്നതുപോലെ സമത്വം ഉദ്‌ഘോഷിക്കുന്ന ഒരു ഭരണഘടനയ്ക്ക് എങ്ങനെയാണ് സ്ത്രീപുരുഷ സമത്വം എന്ന തത്ത്വമോ ഭിന്നലൈംഗികതയേയോ അംഗീകരിക്കാത്ത മതങ്ങളോട് സമത്വപൂര്‍ണമായ പെരുമാറ്റം സുസാദ്ധ്യമാകുക? മനുഷ്യാന്തസ്സിനെ കൂട്ടാക്കാത്ത ജാത്യാചാരങ്ങളെ വിശ്വാസത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന മതത്തെ അംഗീകരിക്കാനാകുക?

ഇന്ത്യയെന്ന ആശയം തന്നെ സമത്വസങ്കല്‍പത്തെ ആസ്പദമാക്കി പരിണമിച്ചുവന്ന ഒന്നാണ്. ഇന്ത്യപോലുള്ള ഒരു ജനാധിപത്യസമൂഹത്തില്‍ മത,വംശീയ,ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന സവിശേഷപരിഗണന കൂടിയാകുമ്പോള്‍ ഈ പ്രതിസന്ധി രൂക്ഷമാകുന്നു. സവിശേഷ പരിഗണന സമഭാവനയോടുള്ള സമീപനത്തിനു എതിരാണെന്ന ലളിതപാഠത്തില്‍ ഇന്ത്യക്കാര്‍ കുടുങ്ങിപ്പോകുന്നു. ന്യൂനപക്ഷ പ്രീണനം എന്ന മുദ്രാവാക്യം അങ്ങനെ വളരെ എളുപ്പത്തില്‍ ഭൂരിപക്ഷ മതസ്ഥര്‍ക്കിടയില്‍ വിലപ്പോകുന്നു. ഈ പ്രചാരണം അഴിച്ചുവിടുന്ന ഹിന്ദുത്വരാഷ്ട്രീയക്കാരെ നേരിടുന്നതില്‍ കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടുന്ന മതനിരപേക്ഷ ചേരി പരാജയപ്പെടുന്നത് വൈവിദ്ധ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാത്തതുകൊണ്ടു കൂടിയാണ്. ഹിന്ദുമതത്തിന്റെ വൈവിദ്ധ്യത, ചലനാത്മക നിലച്ചുപോകുമ്പോഴൊക്കെ അതിനുള്ളില്‍ വളരുന്ന ചെറുത്തുനില്‍പ്പുകള്‍ എന്നിവ മനസ്സിലാക്കുന്നതില്‍ സാര്‍വദേശീയമായ ഒരു മതനിരപേക്ഷ സങ്കല്പം കൊണ്ടുനടക്കുന്ന ഉദാരവാദികളെപ്പോലെ കമ്യൂണിസ്റ്റുകാരും പരാജയപ്പെട്ടിരിക്കുന്നു. ഒരു മര്‍ദ്ദനവ്യവസ്ഥയുടെ എല്ലാക്കാലത്തേക്കുമുള്ള സിദ്ധാന്തപരമായ ന്യായീകരണവും അതിന്റെ പ്രയോഗവുമല്ല ഹിന്ദുമതം എന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഹിന്ദുമതവും നിരന്തരപരിണാമസാദ്ധ്യത ഉള്ള ഒന്നാണ്.

സത്യയുഗത്തിലേക്കുള്ള വാമമാര്‍ഗ്ഗം

ഇന്ത്യയുടെ ആത്മാവെന്ത് എന്നറിഞ്ഞയാളായിരുന്നു ഗാന്ധിജി, അദ്ദേഹം സംസാരിച്ചത് ശരാശരി ഇന്ത്യക്കാരന്റെ 'ഇഡിയം' ഉപയോഗിച്ചായിരുന്നു. ഗാന്ധിജി ആവര്‍ത്തിച്ചുപയോഗിച്ചിരുന്ന രാമരാജ്യം എന്ന പ്രയോഗത്തിന്റെ സൂക്ഷ്മാര്‍ത്ഥമൊന്നും ഇന്ത്യയുടെ പൊതുബോധത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല ഇന്നോളം. ഒരു ആദര്‍ശാത്മകസമൂഹം എന്ന നിലയിലാണ് ഇന്ത്യക്കാര്‍ അതു മനസ്സിലാക്കിയിട്ടുള്ളത്. കാലഹരണപ്പെട്ടൊരു നീതിസംഹിത പ്രയോഗത്തിലിരിക്കുന്ന സമൂഹമാണ് രാമരാജ്യത്തിലേത് എന്ന് കമ്യൂണിസ്റ്റുകാര്‍ പറയും. എന്നാല്‍ 'ഭൂമിയില്‍ ഒരു രാമരാജ്യം സൃഷ്ടിക്കുക എന്നതാണ് കമ്യൂണിസത്തിന്റെ ലക്ഷ്യം' എന്ന് പണ്ട് ഒരു കമ്യൂണിസ്റ്റുകാരന്‍ പറഞ്ഞിട്ടുണ്ട്. സത്യ ഭക്ത. നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇന്ത്യയില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നുവീണ കാണ്‍പൂര്‍ യോഗത്തിന് മുന്‍കൈയെടുത്ത കമ്യൂണിസ്റ്റായിരുന്നു രാജസ്ഥാനിലെ ഭരത്പൂരില്‍ ജനിച്ച ചഖന്‍ ലാല്‍ എന്ന സത്യ ഭക്ത. മറ്റൊന്നു കൂടി അദ്ദേഹം പറഞ്ഞു. വൈകാതെ പ്രളയം വരും, സത്യയുഗം പിറക്കും. മുതലാളിത്തത്തിന്റേയും കൊളോണിയല്‍ വാഴ്ചയുടേയും അന്ത്യം കുറിക്കപ്പെടുമെന്നും കമ്യൂണിസം വരുമെന്നൊക്കെയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മാവേലിനാട് എന്ന് മലയാളി പറയുന്നതുപോലെ. ഇന്ത്യയില്‍, വിശേഷിച്ചും ഉത്തരേന്ത്യയില്‍ മദ്ധ്യകാലഘട്ടത്തില്‍ പ്രബലമായ ഭക്തിപ്രസ്ഥാനവും കബീര്‍ദാസും തുളസീദാസുമെല്ലാം വാല്‍മീകി രാമായണത്തില്‍ നിന്നും വ്യത്യസ്തനായ ഒരു രാമനെയാണ് ജനമനസ്സുകളില്‍ പ്രതിഷ്ഠിച്ചത്. അല്ലാഹു എന്നതിനു പകരം രാമന്‍ എന്നോ രാമന്‍ എന്നതിനു പകരം അല്ലാഹ് എന്നോ പറയാമായിരുന്നു. അയോദ്ധ്യ എന്നാല്‍ യുദ്ധമില്ലാത്ത ഭൂമി എന്നുതന്നെയായിരുന്നു. വ്യവസ്ഥയുടെ മര്യാദകള്‍ പാലിച്ച പുരുഷോത്തമനെന്നതിലുപരി ഭക്തിപ്രസ്ഥാനത്തിന്റെ രാമന്‍ സാധാരണമനുഷ്യര്‍ക്ക് സങ്കടമോചകനായിരുന്നു. ഇന്ത്യന്‍ ജനമനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ഒരു വിമോചകനാണ് ഭക്തിപ്രസ്ഥാനത്തിന്റെ രാമനും കൃഷ്ണനുമെല്ലാം.

കമ്യൂണിസം നിരീശ്വരവാദപരമാണ്. അതുകൊണ്ട് രാമരാജ്യമെന്ന പ്രയോഗവും കമ്യൂണിസവും മോരും മുതിരയും പോലെ ചേരാത്തവയാണ്. എങ്കിലും ഹിന്ദുതീവ്രവാദികള്‍ ബ്രാഹ്മണ മതത്തെ നിശിതവിമര്‍ശനത്തിനിരയാക്കിയ എം.എന്‍. റോയിയേക്കാള്‍, ബി.ആര്‍.അംബേദ്കറേക്കാള്‍ ഭയന്നത് രാമമന്ത്രം സദാ ചുണ്ടില്‍ കൊണ്ടുനടന്ന സനാതനഹിന്ദുവായ ഗാന്ധിജിയെയാണ്. സ്വാതന്ത്ര്യത്തിന്റെ പ്രഭാതമുഹൂര്‍ത്തത്തില്‍ സ്വയം ബലിയായ അദ്ദേഹം മരിച്ചുവീഴുന്നത് രാമനാമം ഉച്ചരിച്ചുകൊണ്ടാണെന്ന വസ്തുത അവര്‍ക്ക് മറക്കാനാകില്ല. ഇന്ത്യന്‍ ജനതയ്ക്കും.

ഹിന്ദുതീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ മതേതരത്വത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതുണ്ടോ എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. കമ്യൂണിസം തന്നെയും എല്ലായ്‌പോഴും നിരീശ്വരവാദനിയമങ്ങളാല്‍ നിബന്ധിതമാണെന്ന് ഉറപ്പിച്ചുപറയാന്‍ പറ്റുമോ? ലാറ്റിന്‍ അമേരിക്കയില്‍ വിമോചനദൈവശാസ്ത്രം സ്വേച്ഛാധിപതികളെ കടപുഴക്കിയെറിയുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടില്ലേ? കാമിലോ തോറെയെ പോലുള്ള മതപുരോഹിതര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം പോരാടി രക്തസാക്ഷിത്വം വഹിച്ചിട്ടില്ലേ? ഇറാനില്‍ ആദ്യം ഷാ പഹ്ലവിയ്‌ക്കെതിരേയും പിന്നീട് പുരോഹിത വാഴ്ചയ്‌ക്കെതിരേയും പോരാടിയ മുജാഹിദീന്‍ ഇ കല്‍ഖിനെ പോലുള്ള ഇസ്‌ലാമിസ്റ്റ് മാര്‍ക്‌സിസ്റ്റ് വിമോചനസംഘടനകളുണ്ടായിട്ടില്ലേ? ഒരു ഹിന്ദു വിമോചനദൈവശാസ്ത്രം എന്തുകൊണ്ട് ആലോചനയില്‍ വരുന്നില്ല. സത്യ ഭക്ത എന്ന മരണം വരെ വിശ്വാസിയല്ലാതെ തുടര്‍ന്ന കമ്യൂണിസ്റ്റുകാരന്റെ ജീവിതവും രാഷ്ട്രീയവും ഇക്കാര്യത്തില്‍ പരിഗണനയ്ക്കു വരേണ്ട സംഗതിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com