

1948 ജനുവരി 30. ബിര്‍ളാ ഭവന്‍, ഡല്‍ഹി. ഗാന്ധിജിയെ വരവേല്‍ക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്ന ആയിരക്കണക്കിന് ആളുകളുടെ മുന്‍പിലേക്ക് ഗാന്ധിജി നടന്നുവരുന്നു. പെട്ടെന്നാണ് ഒരാള്‍ മുന്‍പോട്ട് അടുത്ത് ഗാന്ധിജിയെ പലതവണ വെടി വെയ്ക്കുന്നത്. ഹേ റാം എന്ന അവസാന വാക്കോടെ ലോകം കണ്ട ഏറ്റവും മഹാനായ വ്യക്തികളില്‍ ഒരാളായ ആദ്ദേഹം മരണത്തിനു കീഴടങ്ങുന്നു.
ജനം ആകെ പരിഭ്രാന്തരായി. എന്താണ് സംഭവിച്ചത് എന്ന് അറിയാത്ത നിമിഷം. ആരാണ് ബാപ്പുവിനെ വെടിവെച്ചത്? പരിഭ്രാന്തരായ ജനത്തെ നോക്കി ഒരാള്‍ വിളിച്ചു പറഞ്ഞു. 'നോക്കൂ ഒരു മുസ്ലിം നമ്മുടെ ബാപ്പുവിനെ വെടിവെച്ചു കൊന്നിരിക്കുന്നു.'
ഇത് കേട്ട് ജനത്തിനു ഭ്രാന്ത് കയറുന്നതിനുമുമ്പ് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ ഇങ്ങനെ ഉറക്കെ വിളിച്ചു പറഞ്ഞു.
'നിങ്ങള്‍ എന്ത് അസംബന്ധമാണ് പറയുന്നത്? നമ്മുടെ ബാപ്പുവിനെ വെടിവെച്ചത് ഒരു ഹിന്ദുവാണെന്ന് എല്ലാവര്‍ക്കും അറിയില്ലേ'' ഒരുപക്ഷേ അന്ന് മൗണ്ട്ബാറ്റണ്‍ പ്രഭു അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഇന്ത്യ നിന്ന് കത്തിയേനെ.
ഈ പ്രാവശ്യം സംഘപരിവാര്‍ ഭരണ സംസ്ഥാനമായ കര്‍ണാടകത്തില്‍ നിന്ന് നമ്മുടെ കേരളത്തിലെത്തുമ്പോള്‍ എനിക്ക് കൂടുതല്‍ അരക്ഷിതബോധം തോന്നി. കാരണം കേരളത്തിലെ സാമുദായിക സൗഹൃദത്തിന് വ്യക്തമായി തന്നെ ഉലച്ചില്‍ തട്ടിയിരുന്നു. ഏതാനും ആഴ്ചകള്‍ കൊണ്ടാണ് ഇത് സംഭവിച്ചത്.
പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയെ ഒരു വിദ്യാര്‍ഥി അരുംകൊലചെയ്ത വാര്‍ത്ത കേട്ട് ഞെട്ടിയപ്പോള്‍ ആദ്യം ആഗ്രഹിച്ച ഒരു കാര്യം ഇതായിരുന്നു. ഇത് ചെയ്ത ആള്‍ ഒരു മുസ്ലീം നാമധാരി ആവരുതേ. കൊല്ലപ്പെട്ടതും കൊന്നതും രണ്ടു സമുദായത്തില്‍ നിന്നുള്ളവര്‍ ആവരുതെ എന്നും ആഗ്രഹിച്ചു. മനസ്സില്‍ നല്ല ഭയമാണ്.
നമ്മുടെ കേരളത്തിന്റെ നല്ല മണ്ണില്‍ ഈ വിള്ളല്‍ വീഴ്ത്തിയത് ഇപ്പോള്‍ ആരാണ് എന്നു എല്ലാവര്‍ക്കും വ്യക്തമാണ്. ഏതാനും വര്‍ഷങ്ങളായിട്ട് സംഘപരിവാര്‍ കിണഞ്ഞ് ശ്രമിച്ചിട്ട് നടക്കാത്തത് കത്തോലിക്കാസഭ അതിവേഗം ബഹുദൂരം മുന്നോട്ട് പോയി സാധിച്ചിരിക്കുന്നു.
വംശീയ കലാപങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുകയും, അതിന് തിരി കൊളുത്തുകയും ചെയ്യുന്ന ആളുകളെ ഭരിക്കുന്നത് ഗോത്ര വര്‍ഗ്ഗ മനോഭാവങ്ങളാണ്. ഈ മനോഭാവമാകട്ടെ തന്റെ ഗോത്രത്തിന് പുറത്തുള്ളവരെയെല്ലാം ശത്രുക്കളായി കാണുവാന്‍ പ്രേരിപ്പിക്കുന്നു,.
ന്യൂറോ സൈക്കാട്രിസ്റ്റ് ഡോ. ഏറ ദത്തയുടെ അഭിപ്രായത്തില്‍ ഈ ഗോത്രീയ മനോഭാവം മനുഷ്യനെ ഗുഹാ മനുഷ്യന്റെ അവസ്ഥയിലേയ്ക്ക് എത്തിക്കുന്നു. തന്റെ ചുരുങ്ങിയ അതിര്‍ത്തി പ്രദേശത്തേക്ക് കടന്നുവരുന്നവരെ നിഷ്‌കരുണം വധിക്കുവാനാണ് ഈ സമയത്തുള്ള ചോദന.
ഇതില്‍ ഇരയാകുന്നവര്‍, ഭൂരിപക്ഷ ഗോത്രത്തിന് പുറത്തുള്ളവരാണ്. ഈ പരദേശീസ്പര്‍ധ (Xenophobia) തങ്ങളുടെ ഗോത്രത്തിന് ചുറ്റുമുള്ളവരെ ദുഷ്ടരും ക്രൂരരും കാരുണ്യം അര്‍ഹിക്കാത്തവരുമായി ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് എല്ലാം ചില പൊതു സ്വഭാവങ്ങളുണ്ട്. തങ്ങള്‍ ചെയ്യുന്നത് ഒരു നന്മയാണ് എന്ന ചിന്ത, ഏതോ അദൃശ്യ ശക്തിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍ എന്ന ചിന്ത, ഇര ഒരിക്കലും ദയ അര്‍ഹിക്കുന്നില്ല എന്ന ബോധം.
വംശീയ കലാപങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങില്‍ എല്ലാം തന്നെ ഈ ഗോത്രീയ സംസ്‌ക്കാരം നിലനില്‍ക്കുന്ന രാജ്യങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇപ്രകാരമുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രണ്ടു രാജ്യങ്ങള്‍ ഇന്ത്യയും പാകിസ്ഥാനുമാണ്. മത രാഷ്ട്രം നല്‍കുന്ന ശക്തമായ പിന്തുണ ഇന്ത്യയും പാകിസ്ഥാനുമടക്കമുള്ള രാജ്യങ്ങളെ വീണ്ടും ഗോത്രവര്‍ഗ്ഗ സംസ്‌കാരത്തിന്റെ മൂല്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഈ ഗോത്ര വൈകാരികത ഒരു വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വളരെ വേഗം പടര്‍ന്നുപിടിക്കും. നാസി ജര്‍മ്മനിയുടെ മുഖ്യ പ്രചാരകനായ ജോസഫ് ഗീബല്‍സ് പറയുന്നതുപോലെ ഒരു നുണ കൂടുതല്‍ ആളുകള്‍ വിശ്വസിക്കണമെന്ന് ഉണ്ടെങ്കില്‍ വളരെ വലിയൊരു നുണ പറയുകയും അത് ആവര്‍ത്തിച്ചു പറയുകയും ചെയ്യുക
അനേകായിരം ജാതി ഭാഷ വര്‍ഗ്ഗ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയിലാണ് ഇത്തരത്തിലുള്ള വിദ്വേഷ കലാപങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു അഭിപ്രായപ്പെടുന്നതുപോലെ വെറും അയ്യായിരം രൂപ ഉണ്ടെങ്കില്‍ ആര്‍ക്കും ഇന്ത്യയില്‍ ഒരു വര്‍ഗീയ കലാപമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ സംഗതി അതിലും പുരോഗമിച്ചു. ഒരു വാട്‌സ്ആപ്പ് സന്ദേശം മതി ഒരു ഗ്രാമം മുഴുവന്‍ എരിഞ്ഞടങ്ങാന്‍.
മന്ത്രവാദികളെ ചുട്ടുകൊല്ലുക.
മന്ത്രവാദിനിയെന്നു മുദ്രകുത്തപ്പെട്ട ആളുകളെ കണ്ടെത്തുന്നതിനോ മന്ത്രവാദത്തിന്റെ തെളിവുകള്‍ തേടുന്നതിനോ ആണ് മന്ത്രവാദ വേട്ട (Witch Hunt) അഥവാ വിച്ച് പര്‍ജ് അരങ്ങേറിയിട്ടുള്ളത്. യൂറോപ്പിലും കൊളോണിയല്‍ അമേരിക്കയിലുമുള്ള മന്ത്രവാദ വേട്ടയുടെ ക്ലാസിക്കല്‍ കാലഘട്ടം 1450 മുതല്‍ 1750 വരെ ആയിരുന്നു.
വിച്ച് ഹണ്ടിന്റെ പേരില്‍ ഏകദേശം 40,000 മുതല്‍ 50,000 വരെ വധശിക്ഷയ്ക്ക് കാരണമായി. ഇന്ത്യ ആഫ്രിക്ക, മറ്റ് ഏഷ്യന്‍ പ്രദേശങ്ങള്‍, ഉപസഹാറന്‍ ആഫ്രിക്ക, പാപ്പുവ ന്യൂ ഗിനിയ തുടങ്ങിയ സ്ഥലങ്ങളില്‍ സമകാലിക മന്ത്രവാദ വേട്ടകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സമൂഹത്തില്‍ സ്പര്‍ദ്ദ ഉണ്ടാക്കിയെടുക്കുവാന്‍ വിച്ച്ക്രാഫ്റ്റ് അല്ലെങ്കില്‍ ദുര്‍മന്ത്രവാദം നടത്തുന്നു എന്ന ആരോപണം ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ വളരെ സമര്‍ത്ഥമായി പ്രയോഗിച്ചിട്ടുണ്ട്. ലോകത്തെവിടെയൊക്കെ വംശഹത്യകള്‍ നടന്നിട്ടുണ്ടോ അവടെ എല്ലാം ഉണ്ടായിരുന്ന ഒരു ചേരുവ വെറുപ്പിന്റെ പലതരത്തിലുള്ള ഈ ആരോപണങ്ങള്‍ തന്നെയായിരുന്നു. അത് ഇന്ത്യയില്‍ പല പേരുകള്‍ ആര്‍ജിക്കുന്നു. അതിലൊന്ന് ഗോവധമാണ്, മറ്റൊന്ന് തീവ്രവാദമാണ്, മറ്റൊന്ന് ലൗജിഹാദ് ആണ്, ഇപ്പോള്‍ ഇത് നാര്‍കോട്ടിക് ജിഹാദും ആയി. ഇപ്പോഴിതാ ജെസ്‌ന എന്ന പെണ്കുട്ടിയുടെ തിരോധാനം കൂടി മുസ്ലിം സമുദായത്തിന്റെ പേരിലായി. അവര്‍ തെറ്റ് ചെയ്തില്ല എന്ന് അവര്‍ തെളിയിക്കേണ്ട ഗതികേട്.
ഇവിടെ നാര്‍കോട്ടിക് ജിഹാദ് നടക്കുന്നുണ്ട് എന്ന ഒരു ആരോപണം പാലാ ബിഷപ്പ് ഉന്നയിച്ചിട്ട്, അത് ഇല്ലാന്ന് മുസ്ലിങ്ങള്‍ തെളിയിക്കട്ടെ എന്ന് പറയുക.(Shifting the burden of poof ) അതായത് ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ മുഴുവന്‍ രാജ്യസ്‌നേഹം ഇല്ലാത്തവരാണെന്നും, തങ്ങള്‍ രാജ്യസ്‌നേഹം ഉള്ളവരാണ് എന്ന് അവര്‍ വേണമെങ്കില്‍ തെളിയിക്കട്ടെ എന്നും സംഘപരിവാര്‍ പറയുന്ന അതേ യുക്തി.
എല്ലാത്തിനുമുപരി ദീപിക പത്രത്തില്‍ വന്ന ഒരു മുഴുവന്‍ പേജ് ലേഖനമുണ്ട്. കല്ലറങ്ങാട്ട് തിരുമേനി തന്റെ വാദത്തില്‍ ഉറച്ചു നിന്നുകൊണ്ട് വിദ്വേഷപ്രസംഗം ആവര്‍ത്തിക്കുന്നു. അതിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ചില മഹാന്‍മാര്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ. 'നിലപാടുകളില്‍ മാറ്റം ഇല്ലാത്ത ആളാണ് തിരുമേനി. അദ്ദേഹം പറഞ്ഞ കാര്യത്തില്‍ ആദ്ദേഹം ഉറച്ചു നില്‍ക്കുന്നു.
ഗാന്ധിജി തന്നെ ഇപ്രകാരം പറഞ്ഞിട്ടുണ്ട്.' ഞാന്‍ ഒരേ വിഷയത്തെപ്പറ്റി പല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവസാനം പറഞ്ഞത് മാത്രമാണ് നിങ്ങള്‍ എടുക്കേണ്ടത്. കാരണം അതാണ് എന്റെ പുതിയ അഭിപ്രായം.
നേരാണ് തിരുമേനി. അങ്ങും ഒരു സാധാരണ മനുഷ്യനാണെന്ന് ഇവിടുത്തെ ലക്ഷോപലക്ഷം കുഞ്ഞാടുകള്‍ക്ക് അറിയില്ലായിരിക്കും. പക്ഷേ അങ്ങേക്ക് അറിയാമല്ലോ. അങ്ങ് അറിഞ്ഞുകൊണ്ട് വരുത്തിയ ഒരു തെറ്റ് തിരുത്താനുള്ള ആര്‍ജവം ഇനിയെങ്കിലും കാണിക്കണം.
ബിഷ്പ്പ് മന്ദിരത്തിന്റെ വിശാലമായ കോമ്പൗണ്ടിനുള്ളില്‍, സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തരുന്ന സംരക്ഷണയില്‍ അങ്ങും പരിവാരങ്ങളും സുരക്ഷിതരായിരിക്കും. പക്ഷേ ഇവിടുത്തെ സാധാരണക്കാര്‍ സുരക്ഷിതരല്ല. അവരുടെ മനസ്സിലേക്ക് അങ്ങ് ഇട്ടു കൊടുത്തത് വര്‍ഗ്ഗീയതയുടെ വിഷബീജങ്ങള്‍ ആണ്. ഇതാണോ ക്രിസ്തു നിങ്ങളെ പഠിപ്പിച്ചത്?
സ്‌നേഹിക്കുവാനും ക്ഷമിക്കുവാനും തന്നെ കൊല്ലാന്‍ വന്നവരോട് പോലും ക്ഷമിക്കുവാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും അല്ലേ ക്രിസ്തു തയ്യാറായത്? ഇങ്ങനെയൊക്കെ തന്നെയല്ലേ നിങ്ങള്‍ ബൈബിള്‍ വായിക്കുന്നതും പഠിപ്പിക്കുന്നതും?
മയക്കുമരുന്നു വ്യാപാരം പോലെ ഗൗരവതരമായൊരു കുറ്റം വ്യക്തമായി പ്ലാന്‍ ചെയ്തു ഒരു സമുദായം ഒരു സമുദായത്തിനെതിരെ ഏതെങ്കിലും പ്രദേശത്ത് നടത്തുന്നുണ്ട് എന്ന് ഒരു വ്യക്തി പറയുമ്പോള്‍, അതും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവ് പറയുമ്പോള്‍ സര്‍ക്കാര്‍ പറയേണ്ട ഒരു കാര്യം ഉണ്ടായിരുന്നു; 24 മണിക്കൂറിനുള്ളില്‍ എല്ലാ തെളിവുകളും പൊലീസ് മേധാവിയുടെ മുന്‍പില്‍ ഹാജരാക്കുക. തീര്‍ച്ചയായും നടപടിയുണ്ടാകും. നിങ്ങള്‍ പറഞ്ഞത് സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുവാന്‍ വേണ്ടി മാത്രം കരുതിക്കൂട്ടി ചെയ്തതാണെന്ന് തെളിഞ്ഞാല്‍ അതിനെതിരെയും നടപടി ഉണ്ടാവും.
ഒരു നാടു മുഴുവന്‍ കത്തിക്കാന്‍ ഒരു ചെറിയ തീപ്പെട്ടിക്കോല്‍ മതി. പക്ഷേ ആ തീ അണയ്ക്കുവാന്‍ അനേകായിരങ്ങളുടെ ജീവന്‍തന്നെ വില കൊടുക്കേണ്ടിവരും.
ഡോ. റോബിന്‍ മാത്യു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates