

തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. കല്യാണം കെട്ടിയ എനിക്ക് താമസിക്കാനൊരു വാടകവീടുവേണം. അത് ലയോളാ കോളേജിലേയ്ക്ക് നടന്നുപോകാവുന്ന ദൂരത്തായിരിക്കുകയും വേണം. എന്റെ ഭാര്യ അന്ന് ലയോളയില്‍ മാനേജ്‌മെന്റ് പഠിക്കുകയാണ്. പകുതി ദിവസങ്ങള്‍ പോലും വീട്ടില്‍ക്കിടന്നുറങ്ങാന്‍ പറ്റാത്തത്ര യാത്രാപങ്കിലമാണ് എന്റെ ജോലി. അതാണ് ചിന്ത ആ വഴി പോകാന്‍ കാരണം.
ഷേര്‍ഫ്യൂദീന്‍ തെരുവില്‍ ഒരു വീടുകണ്ടുപിടിച്ചു. ഷേര്‍ഫ്യൂദീന്‍ സ്ട്രീറ്റ്, അബ്ദുള്ളാ സ്ട്രീറ്റ്, ഖാന്‍ സ്ട്രീറ്റ് എന്നിങ്ങനെ ചില തെരുവുകള്‍ ചൂളൈമേട് ഹൈറോഡില്‍ വന്നുചേരുന്നവയാണ്. ആ ഹൈറോഡില്‍ നിന്ന് മൂന്നുമിനിറ്റ് നടന്നാല്‍ നുംഗംബാക്കം റെയില്‍വേ സ്റ്റേഷനായി. അത് ക്രോസ്സ് ചെയ്താല്‍ ലയോളാ കോളേജിന്റെ ക്യാമ്പസിലെത്താം. മാനേജ്‌മെന്റ് സ്‌കൂളില്‍ എത്താന്‍ ക്യാമ്പസ്സിനുള്ളില്‍ കുറെ നടക്കണം. എന്നാലും നടക്കാവുന്ന ദൂരത്തിലാണ് കോളേജ്.
ആദ്യം പറഞ്ഞ സ്ട്രീറ്റുകളിലെല്ലാം, മാന്‍ഷന്‍ എന്ന് തമിഴര്‍ വിളിക്കുന്ന ലോഡ്ജുകളുണ്ട്. അവിവാഹിതരായ പുരുഷന്മാര്‍ക്കും ലയോളയിലെ വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ളവയാണ് അവ. അബ്ദുള്ളാ തെരുവില്‍ അതുപോലൊന്നിലാണ് കട്ടപ്പനക്കാരന്‍ ജിബി അഗസ്റ്റിന്‍ താമസിക്കുന്നത്. എന്റെ ഭാര്യയുടെ സുഹൃത്തും ക്ലാസ്സ്മേറ്റുമായിരുന്ന ജിബി ഞങ്ങളുടെ വിവാഹം വഴിയാണ് എന്റെ സുഹൃത്തായത്. കക്ഷി ഇപ്പോള്‍ ഏഷ്യാനെറ്റിലുണ്ട്.
അയാള്‍ താമസിക്കുന്ന മാന്‍ഷന്റെ താഴെ ഒരു കൊച്ചു ചായക്കടയും മറ്റു ചില ചെറിയ സ്ഥാപനങ്ങളുമൊക്കെയുണ്ട്.
ആ ചായക്കടയുടെ തൊട്ടടുത്തായി ഗോവണിപ്പടിയുടെ സമീപത്ത് ഒരു പുലരിയില്‍ ഒരു ചാക്കുകെട്ട് പ്രത്യക്ഷപ്പെട്ടു. ആ ചാക്കുചുരുളുകള്‍ക്കിടയില്‍ ഒരു പഴകിനാറിയ വൃദ്ധനും.
കിഴവനെ ആരോ അവിടെ ഉപേക്ഷിച്ചതാണ്. സംസാരമൊക്കെ നിന്ന അവസ്ഥയിലാണ് കാരണവര്‍. വൃണങ്ങളില്ലാത്ത ഭാഗത്തും ചിരങ്ങുകളാണ്. വലിയവൃണങ്ങളില്‍ പുഴുക്കളുണ്ട്. ഒരു പതിനഞ്ചടി ദൂരെവരെ ദുര്‍ഗന്ധമാണ്.
അന്ന് ചായക്കട തുറന്നുവെച്ചെങ്കിലും കച്ചവടമൊന്നും നടന്നില്ല. പിറ്റേന്ന് തുറന്നുമില്ല. മുകളിലത്തെ താമസക്കാര്‍ വിദഗ്ദ്ധമായി വൃദ്ധനെ താണ്ടി മുകളിലേയ്ക്കും താഴേയ്ക്കും പോകാന്‍ പഠിച്ചു. കോര്‍പറേഷന്‍കാരെ ആരോ അങ്ങോട്ടുപോയി വിവരമറിയിച്ചെങ്കിലും ഇങ്ങോട്ട് ഒന്നും സംഭവിച്ചില്ല.
അബ്ദുള്ളാ തെരുവ് ചൂളൈമേട് ഹൈറോഡില്‍ ചേരുന്ന കവലയുടെ ഭരണം അങ്ങനെ ആ വൃദ്ധശരീരത്തിന്റെ ദുര്‍ഗന്ധത്തിന്റെ അധീനതയിലായി. കൂടുതല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാതെയായി...
''നുങ്കമ്പാക്കത്തിനും കോടമ്പാക്കത്തിനുമിടയ്ക്ക് പാലത്തിനടുത്ത് മൂന്നാമത്തെ റെയില്‍വേ ട്രാക്കില്‍ കൊണ്ടുവെയ്ക്കാം. കൊണ്ടുവെയ്ക്കാന്‍ ആളെക്കിട്ടിയിട്ടുണ്ട്. രാത്രി രണ്ടുമണിക്ക് ശേഷം വേണം പരിപാടി. ഒന്നോ രണ്ടോ ദിവസം കൂടി കാക്കൂ.'' ജിബിയുടെ കാതില്‍ ചിതറിവീണ ഈ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗങ്ങള്‍ ആ ചെറുപ്പക്കാരന്റെ ഉറക്കം കെടുത്തി.
ഒന്നാലോചിച്ചാല്‍ ഒന്നും ചെയ്യാനില്ല. വൃദ്ധനും ഏറ്റവും നല്ലത് ആ വിധം ഒരു മരണമാണ്. മരണമല്ലാതെ മറ്റൊരു മുക്തിയ്ക്ക് ഒരു സ്‌കോപ്പുമില്ലാത്തത്ര ദുര്‍ഗന്ധപൂരിതമാണ് ആ ജീവിതാന്ത്യം. ജീവിച്ചിരിക്കുന്ന ഒരോ നിമിഷവും നരകമാണ്. അവനവനു മാത്രമല്ല, ഇതരനും അയലിനും അത്ര ധരിത്രിയ്ക്കും തഥൈവ. എത്ര നേരത്തേയാകാമോ അത്ര നല്ലത്.
എന്നാലും ചെക്കന് ഉറക്കം വന്നില്ല. ഒരു മനുഷ്യനെ റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്ന കാര്യം ചര്‍ച്ചചെയ്യുന്നതുകേട്ടിട്ട് സമാധാനമായി ഉറങ്ങാന്‍ പറ്റുന്നയിനം രക്തമല്ല അയാളുടേത്. രാവിലെ അവന്‍ എന്റെയടുത്തു വന്നു. എന്റെ ഒരു ചേച്ചി മദിരാശിയില്‍ ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ്. ചേച്ചിയാണ് വടക്കന്‍ മദിരാശിയിലുള്ള ഒരു അഗതിസദനത്തിന്റെ വിലാസം ജിബിയ്ക്ക് കൊടുത്തത്. ജിബി അവരെ കാണാന്‍ പോയി. ഞാന്‍ എന്റെ ജോലിയും കൊണ്ട് കാണ്‍പൂരേയ്ക്കും.
ആളിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാണ്. പക്ഷേ അവിടെ എത്തിച്ചുകൊടുക്കണം, അവര്‍ക്ക് വണ്ടിയൊന്നുമില്ല. ജിബിയുടെ വെല്ലുവിളികള്‍ തീരുന്നില്ല. എങ്ങനെ എത്തിക്കും? ഒരു വണ്ടിക്കാരും അങ്ങനെയൊരു ലോഡ് സ്വീകരിക്കില്ല. എത്ര രൂപാ കൊടുത്താലും നടക്കില്ല.
അവസാനം ഒരു വഴി തെളിഞ്ഞുവന്നു. റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി തട്ടാമെന്ന് സമ്മതിച്ച കക്ഷികളെത്തന്നെ ചായക്കടക്കാരന്‍ വഴി സമീപിച്ചു.
ക്രൈം അല്ലാത്ത ഇജ്ജാതി കാര്യങ്ങളോട് അവര്‍ വലിയ പ്രതിപത്തി കാണിച്ചില്ല. പക്ഷേ കൂട്ടത്തില്‍പെട്ട ഒരു ഓട്ടോറിക്ഷക്കാരനെ അവര്‍ അവന് പരിചയപ്പെടുത്തിക്കൊടുത്തു.
ഓട്ടോക്കാരന്‍ നാനൂറുരൂപ കൂലിചോദിച്ചു. കൂടിയാല്‍ നാല്‍പ്പത് രൂപായുടെ ഓട്ടമേയുള്ളൂ. വാഷിങ് പൗഡറും ബ്ലീച്ചിങ് പൗഡറും വാങ്ങാന്‍ മുപ്പത്തുരൂപാ വേറെയും പറഞ്ഞ് കാര്യമുറപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ജിബിയും ഒരു സുഹൃത്തും ഓട്ടോറിക്ഷക്കാരനും ചേര്‍ന്ന് കാരണവരെ വൃദ്ധമന്ദിരത്തില്‍ എത്തിച്ചു. അതിന്റെ നടത്തിപ്പുകാര്‍ കന്യാസ്ത്രീകളാണ്. അവര്‍ അയാളെ ഏറ്റുവാങ്ങി. സ്വന്തത്തില്‍പ്പെട്ട ആരെയോ എടുത്തുകൊണ്ടുപോകുന്നതുപോലെ അയാളെ രണ്ടുപേര്‍ എടുത്തുകൊണ്ടുപോയി. അവിടെത്തന്നെയുണ്ടായിരുന്ന ഒരു ടാപ്പില്‍നിന്ന് വന്ന സമൃദ്ധമായ വെള്ളമുപയോഗിച്ച് ഓട്ടോറിക്ഷാ അവര്‍തന്നെ കഴുകിക്കൊടുത്തു.
''അമ്പതുരൂപാ മതി'', തിരിച്ചുവന്ന ഓട്ടോക്കാരന്‍ പറഞ്ഞു. കണ്ണ് ചെറുതായൊന്നു തുടച്ച്, അയാള്‍ ഓടിച്ചുപോയി.
ഞായറാഴ്ച്ച ജിബി ചുമ്മാ വൃദ്ധനെ കാണാന്‍ പോയി. ആശാന്‍ നല്ല പകിട്ടില്‍ വിശ്രമിക്കുകയാണ്. മുടിവെട്ടി, ഷേവ് ചെയ്ത് കുട്ടപ്പനായിട്ടുണ്ട്. വെള്ള മുറിക്കൈയ്യന്‍ ഷര്‍ട്ടും വെള്ളമുണ്ടുമാണ് വേഷം. മുറിവുകളൊക്കെ മെനയായി ബാന്റേജ് ചെയ്തിരിക്കുന്നു. ഗ്‌ളൂക്കോസ് കയറുന്നുണ്ട്. ചെറിയ പനിയുണ്ടെങ്കിലും നല്ല സമാധാനത്തില്‍ കിടന്നുറങ്ങുന്നു, അയാള്‍. അവിടത്തെ അനേകം അനാഥരില്‍ ഒരുവനായി, എന്നാല്‍ അവിടത്തെ സഹോദരികളുടെ പരിചരണത്തില്‍, അവരുടെ ഒരാങ്ങളയായി, അല്ലെങ്കില്‍ അച്ഛനായി...
പിറ്റേന്ന്, തിങ്കളാഴ്ച്ച രാത്രി അയാള്‍ മരിച്ചു. ചൊവ്വാഴ്ച അവര്‍ അക്കാര്യം ജിബിയെ അവന്റെ മാന്‍ഷനിലേയ്ക്ക് വിളിച്ച് അറിയിച്ചു. ഞാന്‍ കാണ്‍പൂരില്‍നിന്ന് വന്നപ്പോള്‍ ബുധനാഴ്ചയായിരുന്നു.
ഞാന്‍ കാണ്‍പുര്‍ പോയി തിരിച്ചെത്തിയ ആ ഒരാഴ്ചയ്ക്കുള്ളില്‍, കണ്‍വെര്‍ഷന്റെ കാര്യത്തില്‍ അതിവിദഗ്ദ്ധകളായ ആ കന്യാസ്ത്രീകള്‍ നടത്തിയ കണ്‍വെര്‍ഷന്‍ ഒന്നല്ല, രണ്ടാണ്.
റെയില്‍വേ ട്രാക്കില്‍ മാംസത്തുണ്ടുകളായി ചിതറിത്തീരുമായിരുന്ന അധമമായ ഒരു അനാഥമരണത്തെ, എന്റെയോ നിങ്ങളുടെയോ അച്ഛന് നമ്മളാഗ്രഹിക്കുന്ന മരണംപോലെ അന്തസ്സുള്ള ഒരു മരണമാക്കി അവര്‍ കണ്‍വെര്‍ട്ട് ചെയ്തുകളഞ്ഞു. ഒരുപക്ഷേ, തന്റെ മരണത്തിനു മുമ്പുള്ള ആ മൂന്ന് ദിനരാത്രങ്ങളിലെ ഹ്രസ്വമെങ്കിലും അന്തസ്സായ, മനുഷ്യസമാനമായ, ഒരു ജീവിതം ജീവിക്കാന്‍ വേണ്ടി മാത്രം അത്രകാലം ജീവിച്ചിരുന്നതുപോലെ, അയാള്‍ തലയുയര്‍ത്തി കടന്നുപോയി. എത്ര മഹത്തരമായ ഒരു കണ്‍വെര്‍ഷന്‍.
നാനൂറുരൂപയും സോപ്പുപൊടിയും വേണമെന്നുപറഞ്ഞുവന്ന ഓട്ടോക്കാരന്റെ കണ്‍വെര്‍ഷന്‍ നമ്മള്‍ കാണാതെ പോകരുത്. റെയില്‍വേ ട്രാക്കിലേയ്ക്ക് വൃദ്ധനെ കൊണ്ടുപോകുന്നതും ഈ കരുണാലയത്തിലേയ്ക്ക് അതേ വൃദ്ധനെ കൊണ്ടുപോകുന്നതും ആ ഡ്രൈവര്‍ക്ക് ഒരേപോലെയുള്ള പരിപാടിയാണ്. പിന്നെയെന്താണ് അയാള്‍ താന്‍ പറഞ്ഞുറപ്പിച്ച ലോട്ടറി വേണ്ടെന്നുവെച്ചത്? അമ്പതുരൂപാ മതി എന്നുപറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് അയാളുടെ കണ്ണുകള്‍ നിറഞ്ഞത്?
കന്യാസ്ത്രീകളെ, നിങ്ങള്‍ ഈ കണ്‍വെര്‍ഷന്റെ പണിയില്‍ ബഹുകേമികളാണ്. പറയാതെവയ്യ! Keep it up!
(സാമൂഹ്യ മാധ്യമത്തില്‍ എഴുതിയത് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)
Jose Kunju writes about charity works of Nuns and their helping nature
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates