

2003 ഫെബ്രുവരി 19ന് മുത്തങ്ങയില്‍ വെടിവെപ്പ് നടന്നു. ഞാന്‍ വിവരമൊന്നും അറിയാതെ തിരുവനന്തപുരത്തായിരുന്നു. ഡയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് ധര്‍ണയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ധര്‍ണയൊക്കെ കഴിഞ്ഞ് എന്തോ ഒരു കാര്യമന്വേഷിക്കാന്‍ സെക്രട്ടേറിയറ്റ് അനക്‌സിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസില്‍ പോയപ്പോഴാണ് പ്രശസ്ത പത്രപ്രവര്‍ത്തകനും സുഹൃത്തുമായ സോമനാഥിനെ കാണുന്നത്. സോമനാണ് മുത്തങ്ങയില്‍ നടന്ന സംഭവങ്ങള്‍ എന്നോട് പറയുന്നത്. കുറേയധികം ആദിവാസികള്‍ മരിച്ചു എന്നാണ് വിവരം എന്നും പറഞ്ഞു. സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതിനാല്‍ ടി.വി. ചാനല്‍ വാര്‍ത്തകളേ ഉണ്ടായിരുന്നുള്ളു. രാത്രി ട്രെയിനിന് കയറി കോഴിക്കോട്ടേക്ക് പോന്നു.
അന്ന് നിയമസഭ നടക്കുന്ന സമയമായിരുന്നിട്ടും ആരും ഒന്നും പറഞ്ഞതായി കേട്ടില്ല. ജാനുവിന്റേയും ഗീതാനന്ദന്റേയും നേതൃത്വത്തില്‍ നടന്ന ഒരു തീവ്രവാദ പ്രവര്‍ത്തനം. അതിനോടനുബന്ധിച്ച് നടന്ന വെടിവെപ്പ്. ഇങ്ങനെ മാത്രമേ പ്രതിപക്ഷം പോലും അതിനെ കണ്ടിരുന്നുള്ളു.
രണ്ട് ദിവസം കഴിഞ്ഞാണ് ഡയറ്റില്‍ നിന്നും എന്നെ അറസ്റ്റ് ചെയ്യുന്നത്. പൊതുവേ വയനാട്ടിലെ രാഷ്ട്രീയ കക്ഷികളും കുടിയേറ്റക്കാരും പ്രകൃതി സംരക്ഷണ സമിതിയും ഒക്കെ ആദിവാസികളുടെ ഭൂസമരത്തിനെതിരായിരുന്നു. അതിനവര്‍ പറഞ്ഞത് വ്യത്യസ്ത കാരണങ്ങളായിരുന്നു. തീവ്രവാദം മുതല്‍ പരിസ്ഥിതി വരെ. ഫെബ്രുവരി 18 ന് ഈയാളുകള്‍ നടത്തിയ മുത്തങ്ങ സമരഭൂമിയിലേക്കുള്ള മാര്‍ച്ചിലെ പ്രധാന മുദ്രാവാക്യം ആദിവാസികളെ മുത്തങ്ങയില്‍ നിന്നടിച്ച് പുറത്താക്കണമെന്നായിരുന്നു. ഭരണപക്ഷമായ കോണ്‍ഗ്രസും പ്രതിപക്ഷമായ CPM ഉം ചില നക്‌സല്‍ ഗ്രൂപ്പുകളും (അവരില്‍ ഭൂരിപക്ഷവും പിന്നീട് CPM ല്‍ നേരിട്ട് ചേരുകയോ പിന്തുണക്കുകയോ ഒക്കെ ചെയ്തു ) പ്രകൃതി സംരക്ഷണ സമിതിയും ഒക്കെ ഇക്കാര്യത്തില്‍ താന്‍ മുന്നേ താന്‍ മുന്നേ എന്ന നിലപാടിലായിരുന്നു. അന്ന് CPM നെ നയിച്ചിരുന്ന പിണറായി വിജയനും പ്രതിപക്ഷ ഉപനേതാവായ കോടിയേരി ബാലകൃഷ്ണനുമൊക്കെ ഇതേ നിലപാടുകാരായിരുന്നു.
ഈ സമയത്താണ് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യൂതാനന്ദന്‍ ആദിവാസികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നത്, മുത്തങ്ങയില്‍ നടന്ന ആദിവാസി വേട്ടയ്ക്കും പൊലീസ് അതിക്രമത്തിനുമെതിരെ നിലപാടെടുക്കുന്നത്. കോണ്‍ഗ്രസ് ഭരിച്ചിട്ടും പിണറായി നയിക്കുന്ന CPM നും പാര്‍ലിമെന്ററി പാര്‍ട്ടിക്കും അങ്ങനെയൊരു നിലപാടെടുക്കാന്‍ അപ്പോഴും കഴിയുന്നില്ല. അന്നത്തെ പാര്‍ട്ടിയും വി.എസും തമ്മിലുള്ള മുഖ്യ വൈരുധ്യം അതായിരുന്നു. പിണറായി പിന്നീട് പരിഹസിച്ച ബക്കറ്റിലെ വെള്ളമല്ല കടല്‍ തന്നെയായിരുന്നു വി.എസ് എന്നു പറയേണ്ടിവരും. പുന്നപ്ര വയലാറിന്റെ അനുഭവങ്ങളുള്ള ആളാണ് വി.എസ്. 'നിനക്ക് ദിവാനാകണം അല്ലേടാ ഡേഷ് മോനേ എന്നു ചോദിച്ചാണ് മാഷേ അന്നെന്നെ ഉപദ്രവിച്ചത് ' എന്ന് വി.എസ് എന്നോട് പറഞ്ഞത് കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലിലെ പത്താം ബ്ലോക്കിലെ സെല്ലിന്റെ മുന്നില്‍ വെച്ചാണ്. അന്നദ്ദേഹം പുന്നപ്രവയലാര്‍ അടിച്ചമര്‍ത്തലിന്റെ ഭാഗമായിട്ടുണ്ടായ അനുഭവമാണു സൂചിപ്പിച്ചത്. പാര്‍ട്ടിക്കാര്‍ പരമാവധി പാര വെച്ചിട്ടും വി.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി. പൊലീസുകാരുടെ അധിക്ഷേപം അറം പറ്റി. ദീര്‍ഘകാലം തിരഞ്ഞെടുപ്പ് അധികാര രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്നിട്ടും ജനകീയ ജനാധിപത്യ ഇടത് രാഷ്ട്രീയത്തിന്റെ സംസ്‌കാരമുള്ളതിനാലാണ് വി.എസിന് കക്ഷി രാഷ്ട്രീയ പരിഗണനക്കതീതമായി മുത്തങ്ങയിലെ ആദിവാസികളുടെ സഹനത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത്. പ്രതിപക്ഷ നേതാവായിരുന്നിട്ടും പൊലീസിന്റെയും സിവില്‍ ഉദ്യോഗസ്ഥരുടേയും റിപ്പോര്‍ട്ടുകളെ ആശ്രയിക്കാതെ മുത്തങ്ങ സമരഭൂമിയിലും സുല്‍ത്താന്‍ ബത്തേരി ആശുപത്രിയിലും കണ്ണൂര്‍ കോഴിക്കോട് ജയിലുകളിലും നേരിട്ട് ചെന്ന് പീഡിതരായ മനുഷ്യരെ കാണാനും കേള്‍ക്കാനും അദ്ദേഹത്തിനായി. (മുഖ്യമന്ത്രിയായ വി.എസിന് മുത്തങ്ങയടക്കമുള്ള പ്രശ്‌നങ്ങളില്‍ അതിനായില്ല)
ഇത്രയും ആമുഖമായി പറഞ്ഞത് മുത്തങ്ങയുടെ പശ്ചാത്തലത്തില്‍ എന്റെ വി.എസ് അനുഭവങ്ങളോര്‍ക്കാനാണ്. ജീവിതത്തില്‍ ശതാബ്ദങ്ങള്‍ തികച്ച ആമഹാനുഭാവനോടൊന്നിച്ചുള്ള സ്മരണകള്‍ കാണെക്കാണെ കമനീയമെന്നേ പറയാനാവൂ.
സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ പൊലീസുകാരുടെ സംഭാഷണം ശ്രദ്ധിച്ചപ്പോള്‍ ആരൊക്കെയോ എനിക്കായി ഇടപെടുന്നുണ്ടെന്നു മനസിലായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മര്‍ദ്ദനത്തിനും അധിക്ഷേപത്തിനുമൊക്കെയുള്ള കാഠിന്യം കുറഞ്ഞതായും അനുഭവപ്പെട്ടു. പിന്നീട് അന്നത്തെ വി.എസിന്റെ സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍ പറഞ്ഞാണ് ഞാന്‍ വിശദാംശങ്ങളറിഞ്ഞത്. എന്റെ സുഹൃത്തുക്കളായ ചില CPM അനുഭാവികള്‍ പറഞ്ഞിട്ട് വി.എസ്. പൊലീസ് അധികൃതരുമായി സംസാരിച്ചിരുന്നു. എന്റെ കാര്യത്തില്‍ ഇടപെടരുതെന്നും ഞാന്‍ പാര്‍ട്ടിക്കാരനല്ലെന്നും ബത്തേരിയില്‍ നിന്നും ചിലര്‍ വിളിച്ചു പറഞ്ഞു പോലും. പക്ഷേ വി.എസ് അത് കാര്യമാക്കിയില്ല. കണ്ണൂര്‍ ജയിലില്‍ വെച്ച് കണ്ടപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടോ എന്ന് വി.എസ് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. എന്നിട്ടും അദ്ദേഹം എന്നോട് 'മാഷേ നിങ്ങള്‍ ധൈര്യമായിരിക്ക് നിങ്ങളുടെ പ്രശ്‌നം ഞാനെല്ലായിടത്തും ഉന്നയിക്കാം' എന്നാണ് പറഞ്ഞത്. അതിനു ശേഷം എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ കന്റോണ്‍മെന്റ് ഹൗസില്‍ പോയി വി.എസിനെ കാണാറായിരുന്നു പതിവ്. കാര്യം നടന്നാലും നടന്നില്ലെങ്കിലും വി.എസിനെ കാണുന്നത് അന്ന് വലിയൊരു ആശ്വാസമായിരുന്നു. നിറഞ്ഞ സന്തോഷത്തോടെ നാം പറയുന്ന കാര്യങ്ങള്‍ സാകൂതം കേട്ട് നോട്ട്പാഡില്‍ കുറിച്ചിരുന്നു അദ്ദേഹം. മറ്റൊരു രാഷ്ട്രീയ നേതാവിനേയും ഞാന്‍ കാണാറില്ലായിരുന്നു. അന്ന് വി.എസിന്റെ പെഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എല്ലാവര്‍ക്കും എന്നെ നല്ല പരിചയമായിരുന്നു. എനിക്കെപ്പോള്‍ വേണമെങ്കിലും അവിടെ പോകാമായിരുന്നു.
ഒരു ദിവസം രാവിലെ ഞാന്‍ വി.എസിനെ കാണാന്‍ പോയി. എന്നെ സര്‍വീസില്‍ തിരിച്ചെടുത്തെങ്കിലും കോട്ടയം ഡയറ്റിലാണ് പോസ്റ്റു ചെയതത്. 'മുത്തങ്ങയിലൊക്കെ ഉണ്ടായിരുന്ന ആളെ വയനാട്ടില്‍ പോസ്റ്റു ചെയ്യാനാവില്ല ' എന്നായിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി പറഞ്ഞത്. ഇക്കാര്യം പറയാനാണ് ഞാന്‍ രാവിലെ തന്നെ വി.എസിനെ കാണാന്‍ പോയത്. (വി.എസ്. ഇടപെട്ടിട്ടും എനിക്ക് കോട്ടയത്ത് ജോയിന്‍ ചെയ്യേണ്ടി വന്നു ) അവിടെ സന്ദര്‍ശകരാരും ഉണ്ടായിരുന്നില്ല. അന്ന് വി.എസിന്റെ സ്റ്റാഫായിരുന്ന സുരേഷ് എന്നോട് പറഞ്ഞു അകത്ത് വി.എസ്. ജോണ്‍ ബ്രിട്ടാസുമായി സംസാരിക്കുകയാണെന്ന്. ഞാന്‍ പത്രമൊക്കെ നോക്കി ബ്രിട്ടാസിറങ്ങുന്നതും കാത്തിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മ്ലാനവദനനായി ബ്രിട്ടാസിറങ്ങിപ്പോയി. ഞാന്‍ കയറാന്‍ നോക്കുമ്പോഴേക്കും വി.എസ് പുറത്തിറങ്ങി കാറില്‍ കയറി. വസുമതിച്ചേച്ചിയും ഉണ്ട്. ഞാനവിടെ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് തന്നെ കാറില്‍ കയറിയിരുന്ന ചേച്ചി ഇറങ്ങി എന്റെ അടുത്തേക്ക് വന്നു. 'മാഷോട് ഇവിടെ തന്നെ ഇരിക്കാന്‍ പറഞ്ഞു. വി.എസ് ഇപ്പോള്‍ വരും' എന്നു പറഞ്ഞു. ഞാനാകെ അത്ഭുതപരതന്ത്രനായിപ്പോയി. അതായിരുന്നു വി.എസ്. ഇതുപോലൊരു രാഷ്ട്രീയ നേതാവിനെ അതിനു മുമ്പും ശേഷവും ഞാന്‍ കണ്ടിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates