

കാല്‍നൂറ്റാണ്ട് മുമ്പാണ്. എറണാകുളം ജില്ലയിലെ ഒരു സമ്മേളനവേദിയില്‍ വെച്ച് വിഎസ്സുമായി സംസാരിക്കുകയായിരുന്നു. അന്ന് പ്രതിപക്ഷനേതാവാണ്. കാസര്‍കോട്ടെ ചില പഞ്ചായത്തുകളില്‍ മാരകരോഗം ബാധിച്ച മനുഷ്യരെയും മൃഗങ്ങളെയും കുറിച്ച് ശ്രീപദ്രെയുടെ ലേഖനങ്ങളും അതിനു കാരണമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദീര്‍ഘനാളത്തെ ഉപയോഗവും ശ്രദ്ധയില്‍പ്പെടുത്തി. അന്ന് 'കേരളമോണിറ്ററി'ല്‍ വന്ന എന്റെ ലേഖനത്തെക്കുറിച്ചു പറയുകയും ചെയ്തു. തല്ക്കാലം അതിന്റെ ഉപയോഗം നിര്‍ത്തിയിട്ടുണ്ടല്ലോ എന്ന് പറയുകയും ഇത് സംബന്ധിച്ച വസ്തുതകള്‍ കൂടുതല്‍ ശേഖരിക്കേണ്ടതുണ്ടെന്നു അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു.
പിന്നീട് എത്രയോ പഠനങ്ങള്‍ വന്നു. എത്രയോ ശാസ്ത്രീയ ഗവേഷണ കണ്ടെത്തലുകളും ഇതിനിടയില്‍ വന്നു. ഇരകള്‍ ഒന്നൊന്നായി മരിക്കുകയും പുതിയ രോഗബാധിതര്‍ വന്നുകൊണ്ടിരിക്കുകയും ചെയ്തു. അക്കാലമെല്ലാം വിഎസ്സ് ഇരകളോടൊപ്പമായിരുന്നു. അവര്‍ക്കുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തുകൊണ്ടിരുന്നു. അക്കാലത്താണ് ഞങ്ങളുടെ ഗവേഷകര്‍ ശശികുമാറും പ്രതുഷ്ചന്ദ്രനും പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തത്. ഇതിന്റെ ഭാഗമായി നിര്‍മ്മിച്ച ഒരു ഡോക്യൂമെന്ററിയില്‍ അച്യുതാനന്ദന്‍ ഒരു അഭിമുഖം നല്‍കുകയും ഡോക്യുമെന്ററി മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസം വേദിയില്‍ സന്നിഹിതനായി രണ്ടു വാക്ക് സംസാരിക്കുകയും ചെയ്തു.
വി.എസ്. നൈതികരാഷ്ട്രീയം നെഞ്ചോടു ചേര്‍ത്തയാളാണ്. പൊതുസേവനം സത്യനിഷ്ഠയില്‍ അധിഷ്ഠിതമായിരിക്കണം എന്ന് എല്ലാക്കാലത്തും പറഞ്ഞുകൊണ്ടിരുന്ന ഒരു രാഷ്ട്രീയനേതാവായിരുന്നു വി.എസ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ധാര്‍മ്മികതയും രാഷ്ട്രീയവും രണ്ടല്ല. അവ രണ്ടും ഗാഢമായി ഇഴചേര്‍ന്ന വിഷയങ്ങളാണ്: ഒന്ന് മറ്റൊന്നില്ലാതെ അര്‍ത്ഥപൂര്‍ണ്ണമായി നിലനില്‍ക്കില്ല. മൗലികാശയങ്ങള്‍ പ്രവര്‍ത്തനത്തെ നിര്‍ണ്ണയിക്കണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. പ്രത്യയശാസ്ത്രം അര്‍ത്ഥപൂര്‍ണമാകുന്നത് അത് അനുഭവജ്ഞാനവുമായി ചേര്‍ത്തുവെയ്ക്കുമ്പോഴാണ്. കേവലം പുസ്തകങ്ങളിലോ മുദ്രാവാക്യങ്ങളിലോ മാത്രമായി കമ്മ്യൂണിസ്റ്റുകള്‍ ഒതുങ്ങിനില്‍ക്കരുത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
മാര്‍ക്‌സിസത്തോടുള്ള വിഎസ്സിന്റെ സമീപനം കേവലം യാന്ത്രികമായിരുന്നില്ല. അങ്ങനെ കരുതിയവരും അദ്ദേഹത്തെ സ്റ്റാലിനിസ്റ്റ് എന്ന് വിളിച്ചവരും ഉണ്ടായിരുന്നു. കര്‍ക്കശമോ മുരട്ടുവാദമോ അദ്ദേഹത്തിന്റെ നിലപാടുകളില്‍ കണ്ടില്ല. നീതി, സമത്വം, സത്യസന്ധത എന്നിവയോടുള്ള യഥാര്‍ത്ഥ പ്രതിബദ്ധതയെ അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രതിഫലിച്ചു. അതുകൊണ്ടാണ് വിഎസ്സിന്റെ ആശങ്കകള്‍ വര്‍ഗ പ്രശ്‌നങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങിയത്. അതില്‍ പരിസ്ഥിതിയും ലിംഗാവകാശങ്ങളും പ്രാന്തസ്ഥരായവരോടുള്ള രാഷ്ട്രീയാനുകമ്പയും എല്ലാമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബോദ്ധ്യങ്ങളെ പ്രത്യയശാസ്ത്രം മാത്രമല്ല, ജൈവാനുഭവങ്ങളും സ്വാധീനിച്ചു.
അച്യുതാനന്ദന്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത് പ്രകൃതിവിഭവങ്ങള്‍ വരേണ്യവര്‍ഗത്തിന് മാത്രമല്ല, എല്ലാവര്‍ക്കും അവകാശപ്പെട്ടതെന്നാണ്. കേരളത്തിലെ സുസ്ഥിരവികസനത്തെക്കുറിച്ച് ആദ്യം ആശങ്ക ഉന്നയിച്ചവരില്‍ ഒരാളാണ് അദ്ദേഹം. മാളുകള്‍, റിസോര്‍ട്ടുകള്‍, ഹൈവേകള്‍ എന്നിവയുടെ ക്രമരഹിതമായ നിര്‍മ്മാണം സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകര്‍ത്തേക്കുമെന്നു അദ്ദേഹം നിരന്തരം മുന്നറിയിപ്പ് നല്‍കി.
വിഎസ്സിനെ സംബന്ധിച്ചിടത്തോളം 'പുരോഗതി' 'വികസനം' എന്നൊക്കെ പറയുന്നത് ഒരിക്കലും പ്രകൃതിയുടെയോ മനുഷ്യന്റെ അന്തസ്സിന്റെയോ വിനാശകരമായ, ഹാനികരമായ പ്രവര്‍ത്തനങ്ങളല്ല. ദ്രുതഗതിയിലുള്ള ആധുനികവല്‍ക്കരണത്തോടൊപ്പമുള്ള പാരിസ്ഥിതിക തകര്‍ച്ചയില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് പ്രയോജനം ലഭിച്ചത് എന്ന് അദ്ദേഹം ഇടയ്ക്കിടെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ഈ ചോദ്യങ്ങള്‍ അദ്ദേഹത്തെ പലപ്പോഴും അധികാരത്തിലിരിക്കുന്നവര്‍ക്ക് അനഭിമതനാക്കി.
കേരള രാഷ്ട്രീയചരിത്രത്തില്‍ അച്യുതാനന്ദന്‍ ചെയ്തതുപോലെ പരിസ്ഥിതിയെക്കുറിച്ച് കപടതകള്‍ ഇല്ലാതെ സംസാരിച്ച നേതാക്കള്‍ കുറവാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയസജീവതയെ നയിച്ചത് കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ മാത്രമായിരുന്നില്ല, മറിച്ച് ദീര്‍ഘവീക്ഷണമായിരുന്നു അതിന്റെ ആധാരം.
മുത്തങ്ങയില്‍ ആദിവാസികള്‍ക്കൊപ്പം നടന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികക്കൊപ്പം ഇരുന്നു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളോടൊപ്പം അണിനിരന്നു. ജലസ്രോതസ്സുകളുടെ കോര്‍പ്പറേറ്റ് ദുരുപയോഗത്തിനെതിരായ പോരാട്ടത്തില്‍ പ്ലാച്ചിമടയിലെ ജനങ്ങള്‍ക്കൊപ്പമായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായ ഭൂമി ഏറ്റെടുക്കലുകളെ, കയ്യേറ്റങ്ങളെ അദ്ദേഹം എതിര്‍ത്തു. അത് സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ളില്‍ നിന്നുപോലും പ്രതിഷേധങ്ങള്‍ ഉണ്ടാക്കി. സാമൂഹിക സമത്വവും പരിസ്ഥിതി സംരക്ഷണവും ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ നീതിബോധം ഇതിനെയെല്ലാം മറികടന്നു.
നിയമങ്ങള്‍ ശാസ്ത്രവിധികളും പരിസ്ഥിതി ഉത്തരവാദിത്തവും ഉയര്‍ത്തിപ്പിടിക്കണമെന്ന് വിഎസ് വാദിച്ചു. ഈ വിഷയത്തില്‍ രാഷ്ട്രീയ എതിരാളികളേയും സഖ്യകക്ഷികളേയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ അദ്ദേഹത്തിനു മടിയിലായിരുന്നു. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള വിദഗ്ധ വിലയിരുത്തലുകള്‍ അവഗണിച്ചപ്പോള്‍ അദ്ദേഹം സ്വന്തം ഭരണ സംവിധാനങ്ങളെത്തന്നെ വിമര്‍ശിച്ചു, കൂടാതെ കേരളം കണ്ട വികസന ഉച്ചകോടി മാമാങ്കങ്ങള്‍ അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നൈതികബോധ്യങ്ങളില്ലാത്ത രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ അര്‍ത്ഥശൂന്യമായിരുന്നു.
അച്യുതാനന്ദന്‍ ഒറ്റയാനായി നിന്നുകൊണ്ട് പോരാടാന്‍ മടികാണിച്ചില്ല. സ്വന്തം സഹപ്രവര്‍ത്തകര്‍ തന്നെ അടച്ചവാതിലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അദ്ദേഹം സുതാര്യത തിരഞ്ഞെടുത്തു. പുരോഗതിയുടെ പേരില്‍ ഭരണകൂടങ്ങളും സ്വകാര്യവ്യക്തികളും നടത്തിയ എല്ലാ കുറുക്കുവഴികളും പിന്നാമ്പുറ ഇടപാടുകളും പൊള്ളയായ വാഗ്ദാനങ്ങളും അദ്ദേഹം ധൈര്യപൂര്‍വം പൊളിച്ചടുക്കി.
വിഎസ്സിന്റെ ലളിതവും എന്നാല്‍ ശക്തവുമായ സന്ദേശം ജനങ്ങള്‍ കേട്ടു: മൗലിക പ്രാധാന്യമുള്ളത് സംരക്ഷിക്കുക. ഉപരിപ്ലവമായ വശീകരണങ്ങളില്‍ വീഴരുത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഉയര്‍ത്തുക. ഭൂമിയെ പരിപാലിക്കുക. സത്യത്തെ ബഹുമാനിക്കുക.
മതനിരപേക്ഷരാഷ്ട്രീയത്തിന്റെ ശക്തമായ മുഖമായിരുന്നു വിഎസ്സിന്റേതു. വര്‍ഗ്ഗീയതയെ തുറന്നെതിര്‍ക്കുകയും അതില്‍ മതം വഹിക്കുന്ന പ്രതിലോമമായ പങ്കിനെ നിര്‍ദ്ദയം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഭൂരിപക്ഷ വര്‍ഗ്ഗീയതേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയെയും വേറിട്ട് കാണാന്‍ വിഎസ്സ്ശ്രമിച്ചിട്ടില്ല.
ഞാന്‍ ഓര്‍ക്കുന്നു 1992 ജൂലൈ മാസത്തില്‍ തിരുവനന്തപുരം പൂന്തുറയില്‍ നടന്ന വര്‍ഗ്ഗീയ കലാപം. അന്ന് എന്റെ സഹോദരിയുടെ അമ്പലത്തറയിലുള്ള വീട് വര്‍ഗ്ഗീയശക്തികള്‍ തകര്‍ക്കുകയും വീട്ടുസാമാനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്ത സംഭവം. ഉമ്മയും സഹോദരിയും മാത്രമാണ് അന്ന് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാഗ്യം കൊണ്ട് രണ്ടുപേരും രക്ഷപ്പെട്ടു. വാളുകൊണ്ട് വീട്ടുസാധനങ്ങള്‍ എല്ലാം തകര്‍ത്തു. വിലപിടിപ്പുള്ളതെല്ലാം കവര്‍ന്നു. അന്ന് വിഎസ്സും സഖാക്കളും വീട് സന്ദര്‍ശിക്കുകയും അത് പിറ്റേന്ന് വലിയ വാര്‍ത്താപ്രാധാന്യം നല്‍കി പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മുന്‍ കേരളനിയമസഭാ സ്പീക്കര്‍ കെ.എം. സീതിസാഹിബിന്റെ കൊച്ചുമകളുടെ വീടാണ് തകര്‍ത്തതെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് സങ്കടവും ആശങ്കയും ഉണ്ടായി. ബാബറി മസ്ജിദ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൂന്തുറ ഭാഗത്തു അബ്ദുല്‍ നാസര്‍ മദനി തുടങ്ങിവെച്ച വിദേഷ പ്രസംഗവും റൂട്ട് മാര്‍ച്ചുമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
ഐഎസ്എസ് എന്ന മദനി ഉണ്ടാക്കിയ സംഘടന പിന്നീട് പിഡിപി എന്ന പേരില്‍ പുനഃപ്രവേശം ചെയ്തു. മദനിയുടെ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്ത ഒരാളായിരുന്നു വിഎസ്സ് (പിന്നീട് മദനിയെ ഇടതുപക്ഷം തന്നെ തോളിലേറ്റിയപ്പോള്‍ വിഎസ്സ് അതിനെ അനുകൂലിച്ചിരുന്നില്ല എന്നാണു ചരിത്രം പറയുന്നത്).
എല്ലാ രാഷ്ട്രീയപോരാട്ടങ്ങളിലും വിഎസ്സ് വിജയിച്ചില്ല എന്നത് സത്യം. പക്ഷേ അദ്ദേഹം തന്റെ ആദര്‍ശങ്ങളില്‍ സത്യസന്ധനായി നിന്നു.
അദ്ദേഹത്തിന്റെ രാഷ്ട്രീയ ധൈഷണികതയും ഇച്ഛാശക്തിയും അളക്കേണ്ടത് അദ്ദേഹം അലങ്കരിച്ച പദവികള്‍ കൊണ്ടല്ല, മറിച്ച് മനുഷ്യനന്മയില്‍ അധിഷ്ഠിതമായ ധീരമായ പോരാട്ടത്തിന്റെ, വിയോജിപ്പിന്റെ, പ്രതിരോധത്തിന്റെ ഇടങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം.
സര്‍ക്കാരുകള്‍ മാറിവരുമ്പോഴും, സഖ്യങ്ങള്‍ പുതിയ അക്ഷാംശങ്ങള്‍ തേടുമ്പോഴും അദ്ദേഹം ഒരു ആശയത്തില്‍ ഉറച്ചുനിന്നു: രാഷ്ട്രീയം ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ചരിത്രത്തിന്റെ വിധിന്യായത്തിനും ഉത്തരം നല്‍കണം.
വിഎസ്.അച്യുതാനന്ദന്റെ ജീവിതം ഓര്‍മ്മിപ്പിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ യഥാര്‍ത്ഥരാഷ്ട്രീയനിലപാട് ആര്‍പ്പുവിളികളിലും സ്വയംപുകഴ്ത്തലിലുമല്ല ചെന്നെത്തേണ്ടത് എന്നാണ്. അത് നൈതികതയിലും രാഷ്ട്രീയഇച്ഛാശക്തിയിലും അടിയുറച്ച, അനീതിയെ നേര്‍ക്കുനേര്‍ എതിര്‍ക്കാനുള്ള പോരാട്ടങ്ങളുടെ ചരിത്രമാണ്. വിഎസ്സിന്റെ അന്ത്യയാത്രയില്‍ ജനങ്ങള്‍ നല്‍കിയ വിടവാങ്ങല്‍ മുദ്രാവാക്യങ്ങള്‍ മറ്റെന്താണ് സൂചിപ്പിക്കുന്നത്?
(ലേഖകന്‍ എം.ജി. സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ഡയറക്ടറും രാജ്യാന്തരപഠന വിദഗ്ധനുമാണ്)
VS Achuthanandan was an ardent fighter for people`s cause, writes KM seethi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates