പ്രൊ. എം.കെ പ്രസാദ് എന്ന പ്രസാദ് മാഷിനെ ഞാന്‍ ആദ്യമായി കാണുന്നത് ഏതാണ്ട് നാല്‍പ്പതു കൊല്ലം മുമ്പാണ്. അദ്ദേഹം കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ പ്രോ വൈസ് ചാന്‍സലര്‍ ആകുന്നതിനും മുമ്പ്. കോഴിക്കോട്ടെ സ്റ്റേറ്റ് ബാങ്ക് കോളനിയിലാണ് മാഷും, ഭാര്യ പ്രൊ. ഷെര്‍ളി പ്രസാദും അന്നു താമസിച്ചിരുന്നത്.
ഞാനന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ റീജിയണല്‍ എഞ്ചിനീയറായിരുന്നു. ഉദ്യോഗസ്ഥ- രാഷ്ട്രീയ ഇടപെടലുകള്‍ മൂലം ചാലിയാറിലെ മലിനീകരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല എന്നതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജോലി ഉപേക്ഷിച്ച് വാട്ടര്‍ അതോറിറ്റിയിലേക്ക് തിരിച്ച് പോകാന്‍ ഞാന്‍ തീരുമാനിച്ച സമയം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ഒരു ദിവസം അതിരാവിലെ പ്രൊ. പ്രസാദിന്റെ വീട്ടിലെത്തിയത്.
'താങ്കള്‍ ഈ ജോലി ഉപേക്ഷിച്ചു മടങ്ങിപ്പോകുന്നത് ഭീരുത്വമാണ്.' മാഷ് മുഖത്തടിച്ചപോലെ പറഞ്ഞു.'ഗ്വാളിയോര്‍ റയോണ്‍സിന്റെ ശക്തിയെയും മര്‍ക്കടമുഷ്ടിയെയും സമര്‍ത്ഥമായ പ്ലാനിംഗ് കൊണ്ട് നേരിടണം.'അദ്ദേഹം ഉപദേശിച്ചു.
അക്കാലത്ത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു പ്രൊഫസര്‍ പ്രസാദ്. ദേവഗിരി ക്രിസ്ത്യന്‍ കോളജിലെ പ്രൊ. ശ്രീധരന്‍ സെക്രട്ടറിയും. ഇവര്‍ രണ്ടുപേരും മാവൂരിലെ മലിനീകരണം സംബന്ധിച്ച് ക്രിയാത്മകമായ സമീപനമാണ് നടത്തിയത്. പ്രൊ. കെ.ടി വിജയ മധവനോടൊപ്പം ചേര്‍ന്ന് ചിട്ടയായ പ്രവര്‍ത്തനം. എന്നെ നിരുപാധികം അവര്‍ പിന്തുണച്ചു. മാവൂര്‍ - വാഴക്കാട് പ്രദേശങ്ങളില്‍ ബൃഹത്തായ ഒരു ആരോഗ്യ സാമൂഹ്യ സര്‍വേ നടത്തി അതിന്റെ ഫലങ്ങള്‍ കേന്ദ്രത്തിലും സ്റ്റേറ്റ് ഗവണ്‍മെന്റിലുമുള്ള ഉന്നത അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. അധികാരികളെ വിളിച്ചുണര്‍ത്താന്‍ ഇതിനുകഴിഞ്ഞു
മാഷിന്റെ ഉപദേശം സ്വീകരിച്ച ഞാന്‍ പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍നിന്നും തിരിച്ചു പോയില്ല. ഗ്വാളിയോര്‍ റയോണ്‍സില്‍ നിന്നുള്ള മലിനീകരണത്തിനെതിരെ ശക്തമായ ചില നടപടികള്‍ സ്വീകരിക്കാന്‍ എനിക്കു കഴിഞ്ഞു. എങ്കിലും മനുഷ്യനന്മക്ക് ഉതകുന്ന വിധത്തില്‍ മലിനീകരണം കുറക്കാനുള്ള യത്‌നങ്ങള്‍ ഫലപ്രാപ്തിയിലെത്തിയിരുന്നില്ല.
ആയിടെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വാര്‍ഷിക സമ്മേളനം മലപ്പുറത്ത് നടന്നു. അവിടെവച്ച് പ്രൊ. പ്രസാദ്, സുന്ദര്‍ലാല്‍ ബഹുഗുണയെ എനിക്കു പരിചയപ്പെടുത്തി.'ഇദ്ദേഹത്തെ എങ്ങനെയെങ്കിലും കൂട്ടിക്കൊണ്ടുകൊണ്ടുപോയി മാവൂര്‍ പ്രദേശം കാണിച്ചുകൊടുക്കുക.'
പ്രൊ.പ്രസാദ് പറഞ്ഞു.
ഞാന്‍ പിറ്റെ ദിവസം അതിരാവിലെ ഞാന്‍ സുന്ദര്‍ലാല്‍ ബഹുഗുണയെ മാവൂരില്‍ കൊണ്ടുപോയി അവിടത്തെ ജനങ്ങളുടെ ദുരവസ്ഥകള്‍ കാണിച്ചുകൊടുത്തു. പ്രശ്‌നപരിഹാരത്തിനായി ആവുന്നതെല്ലാം ചെയ്യാമെന്ന് സുന്ദര്‍ലാല്‍ ബഹുഗുണ എനിക്കും പ്രൊ. പ്രസാദിനും വാക്കുനല്‍കി.
പിറ്റെ ആഴ്ചയില്‍ തന്നെ ബഹുഗുണ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിട്ടു കണ്ട് മാവൂരിലെ മലിനീകരണത്തിന്റെ കെടുതികള്‍ വിശദമായി അവതരിപ്പിച്ചു. ഇന്ദിരാഗാന്ധി ഉടന്‍ തന്നെ മാവൂര്‍ മലിനീകരണത്തെപ്പറ്റി കേന്ദ്ര മന്ത്രാലയത്തില്‍നിന്നും സ്റ്റേറ്റ് സര്‍ക്കാരില്‍ നിന്നും പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ തേടി.അതിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറി നടത്തിക്കൊണ്ടിരിക്കുന്ന നിയമ ലംഘനത്തിനെത്തിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിലും ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടു.
അധികം വൈകാതെ ഇന്ത്യയിലെ ഏറ്റവും വലിയ കുത്തക വ്യവസായിയായ ഗ്വാളിയോര്‍ റയോണ്‍സിന്റെ ഗുരുതരമായ മലിനീകരണത്തിനെതിരെ കോഴിക്കോട്ടെ കുന്നമംഗലം കോടതിയിലും ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കോടതിയിലുമായി രണ്ട് കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു.1972ലെ ഇന്ത്യന്‍ വാട്ടര്‍ ആക്ടിന്റെ മാറ്റുരയ്ക്കുന്നതായിരുന്നു ഈ രണ്ട് കേസുകളും.
കാലം കടന്നു പോയി... ബേപ്പൂര്‍ പാലത്തിനടിയില്‍ കൂടി വെള്ളം ഒരുപാടൊഴുകി. ഒട്ടനവധി സമരങ്ങള്‍ക്ക് ഈ പ്രദേശം വേദിയായി. എല്ലാം കഴിഞ്ഞ് ഇപ്പോള്‍ ചാലിയാര്‍ ശാന്തമായി ഒഴുകുന്നു.
നമുക്ക് സമര്‍ത്ഥരായ ധാരാളം ശാസ്ത്രകാരന്‍മാരുണ്ട്. അതിലും പലമടങ്ങ് സാഹിത്യകാരന്‍മാരുമുണ്ട്. ഇവരില്‍ നിന്ന് വ്യത്യസ്തരാണ് ശാസ്ത്രസാഹിത്യകാരന്മാര്‍. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹനന്മയ്ക്കു പ്രയോജനപ്പെടുത്താന്‍ 1974 ല്‍ രൂപീകരിച്ചതാണ് ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രസാഹിത്യകാരന്മാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശങ്ങള്‍ വേണ്ട സമയത്തായിരിക്കണം, വേണ്ടവരില്‍ കൂടി ആയിരിക്കണം, അവശ്യം വേണ്ടവ മാത്രമായിരിക്കണം, വേണ്ട അളവിലുമായിരിക്കണം. ഈ തിരിച്ചറിവോടെ പ്രവര്‍ത്തിച്ച ഒരു അസാധാരണ ശാസ്ത്ര സാഹിത്യകാരനായിരുന്നു നമുക്ക് ഇന്നലെ രാത്രി നഷ്ടപ്പെട്ട പ്രൊ. എം.കെ പ്രസാദ്.
രണ്ടാഴ്ച മുമ്പ് ഞാനദ്ദേഹത്തെ കാണാന്‍ പോയിരുന്നു. 'ഈ കാലവും കടന്നു പോകും' എന്ന എന്റെ പുസ്തകം അദ്ദേഹത്തിനു സമര്‍പ്പിച്ചു. അന്ന് നാലു മണിക്കൂറിലേറെ അടുത്തിരിക്കാനും കാലികപ്രാധാന്യമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടത്താനും കഴിഞ്ഞു. ഉച്ചയൂണിന് പരമ്പരാഗത ചെറായിക്കാരന്റെ രീതിയനുസരിച്ച് ഇല നിറയെ മത്സ്യവിഭവങ്ങളും മനസ്സുനിറയെ സ്‌നേഹവും അദ്ദേഹം എനിക്കായി വിളമ്പി.
പ്രിയപ്പെട്ട പ്രസാദ് മാഷേ... കാലമെന്ന തിരശ്ശീലയ്ക്കപ്പുറം താങ്കള്‍ മറഞ്ഞുവെങ്കിലും ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളായി അങ്ങ് ഈ ജീവിത വേദിയില്‍ നിറഞ്ഞു നില്ക്കും. ദശാബ്ദങ്ങളോളം.
പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ മുന്‍ റീജിയണല്‍ എന്‍ജിനീയര്‍ ആണ് ലേഖകന്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates