വേണം ഡ്രാമാ സ്‌കൂളിനൊരു ഡയറക്ടര്‍

ദീര്‍ഘവീക്ഷണവും ഭരണനൈപുണ്യവുമുള്ള ഒരു ഡയറക്ടക്ടുടെ അഭാവമാണ് സ്ഥാപനത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കുള്ള മുഖ്യ കാരണം
വേണം ഡ്രാമാ സ്‌കൂളിനൊരു ഡയറക്ടര്‍
Updated on
2 min read

ര്‍ഗാത്മകമായ നാടക പദ്ധതികളിലൂടെ ലോകം മുഴുവന്‍ പടര്‍ന്ന ഒരു മഹാവൃക്ഷമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ തൃശൂരിലെ അരണാട്ടുകരയിലെ ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമ എന്ന സ്ഥാപനം. അതിന്റെ കടയ്ക്കലാണ് ഈയിടെ വൈകൃതത്തിന്റെ ഒരു മഴു പതിച്ചത്. കേരളത്തിന്റെ മൊത്തത്തിലുള്ള ഒരു സാംസ്‌കാരിക സ്വപ്നത്തെ മുച്ചൂടും മുടിക്കാനുള്ള ഈ അധമവൃത്തിക്കെതിരെ പുതുതലമുറ വിദ്യാര്‍ഥികള്‍ ഒന്നിച്ചു നിന്നതോടെ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞത് വിയോജിപ്പുകളുടേയും എണ്ണമറ്റ നാടകഭാവനകളുടേയും ചരിത്രത്തേയാണ്.


ജി ശങ്കരപ്പിള്ള  

സ്ഥാപക ഡയറക്ടര്‍ ജി ശങ്കരപ്പിള്ളയും, ഒപ്പം കൃഷ്ണന്‍ നമ്പൂതിരി, പ്രൊഫസര്‍ രാമാനുജം, ഡോ.വയലാ വാസുദേവന്‍ പിള്ള, വേണുക്കുട്ടന്‍ നായര്‍ തുടങ്ങിയ അധ്യാപകരും, അധ്യാപകരേക്കാള്‍ മികച്ചവരെന്നു പറയാവുന്ന വിദ്യാര്‍ഥികളും നിര്‍മിച്ചെടുത്ത ഈ ഈ നാടകവിദ്യാലയത്തിന് ലോക നാടക വേദിയെ അപ്പാടെ മാറ്റിയെഴുതാനുള്ള കരുത്തുണ്ട്. ആ കരുത്തിനെക്കുറിച്ചുള്ള തിരിച്ചറിവാണ് ഗ്രോട്ടോവ്‌സ്‌കിയേയും പീറ്റര്‍ ബ്രൂക്കിനെയുമെല്ലാം കേരളത്തിലെത്തിച്ചത്. കേരളത്തിന്റെ കലാരൂപങ്ങളുടെ  സവിശേഷത അന്വേഷിച്ച് എത്തിയ ഗ്രോട്ടോവ്‌സ്‌കിക്കും പീറ്റര്‍ ബ്രൂക്കിനുമെല്ലാം അരങ്ങിന്റെ സൈദ്ധാന്തിക വിമര്‍ശങ്ങള്‍ ഉള്‍ത്തെളിമയോടെ വിവരിച്ചത് കൃഷ്ണന്‍ നമ്പൂതിരിയും ശങ്കരപ്പിള്ളയുമായിരുന്നു. ഇന്ത്യന്‍ നാടക വേദിയിലെ പകരം വെക്കാനില്ലാത്ത പ്രതിഭാധനരൊക്കെ അക്കാലത്ത് ഡ്രാമാ സ്‌കൂളിലെത്തി. ബി വി കാരന്ത് വന്ന്  പഞ്ചരാത്രം സംവിധാനം ചെയ്തു, ലൈറ്റ് ഡിസൈനിങ്ങ് പഠിപ്പിക്കാന്‍ രാമമൂര്‍ത്തി എത്തി. കപിലാ വാത്സ്യായനും അളകനന്ദ സമര്‍തും രത്തന്‍ തിയ്യവും വന്നു. മായാതന്‍ബര്‍ഗ്ഗിന് സ്വന്തം വീടുപോലെയായിരുന്നു ഇവിടം; അവര്‍ കൊക്കേഷ്യന്‍ ചോക്‌സര്‍കിളും മേജര്‍ പ്രൊഡക്ഷനായി ആന്റിഗണിയും മലയാളത്തിന് നല്‍കി. 

ഗ്രോട്ടോവ്‌സ്‌കി

ഇതെല്ലാം സംഭവിച്ചത് ജി ശങ്കരപ്പിള്ളയെന്ന സ്ഥാപക ഡയറക്ടറുടെ സര്‍ഗാത്മകമായ ഇടപെടലിന്റെ ഫലമായാണ് . കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലറായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ ഭരണപരമായ പിന്തുണയും അയ്യപ്പ പണിക്കരേയും നരേന്ദ്രപ്രസാദിനെയും പോുള്ളവരുടെ ധൈഷണിക പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു.

പീറ്റര്‍ ബ്രൂക്ക്‌
 

എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ സ്ഥാപനത്തിന് ഒരു ഡയറക്ടര്‍ ഇല്ല എന്നത് ഒരു വലിയ ന്യൂനതയാണ്. ഒന്നോ രണ്ടോ കൊല്ലത്തേയ്ക്ക് ഊഴം വെച്ച് വീതിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ സ്ഥാനം കൊണ്ട് നികത്താവുന്നതല്ല ഒരു ഡയറക്ടറുടെ അഭാവമെന്ന് എല്ലാ നാടക പ്രവര്‍ത്തകര്‍ക്കുമറിയാം. ദീര്‍ഘവീക്ഷണവും ഭരണനൈപുണ്യവുമുള്ള ഒരു ഡയറക്ടക്ടുടെ അഭാവമാണ് സ്ഥാപനത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കുള്ള മുഖ്യ കാരണം.  ആധുനിക കാലത്ത് നാടക പഠിതാക്കള്‍ക്ക് ഉന്നതമായ സാംസ്‌കാരിക ദിശാബോധവും അക്കാദമിക് ഔന്നിത്യവും നല്‍കാന്‍ ഒരു സ്ഥാപന മേധാവി ആവശ്യമാണ്. വഴി തെറ്റിപോകുന്ന അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ഭയലേശമന്യേ പരാതിപ്പെടാനും നടപടിയെടുക്കുക്കാനും  സ്ഥാപനത്തില്‍ തന്നെ ഒരു മേലധികാരി ഉണ്ടായിരിക്കണം. ഡീ സ്‌കൂളിങ്ങല്ല, സ്‌കൂളിങ്ങാണ് ആ സ്ഥാപനത്തിനാവശ്യം. 

മായാ തന്‍ബര്‍ഗ്‌
 

ലോകമെമ്പാടുമുള്ള നാടക / പെര്‍ഫോമിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടുകളുമായി സഹകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാര്‍ഥികളേയും നാടകത്തേയും സൃഷ്ടിക്കാന്‍ ഡയറക്ടര്‍ക്ക് കഴിയും. സംവിധാനം ചെയ്യാന്‍ ഒരാളില്ലെങ്കില്‍ ഒരു നാടകവും വൃത്തിയായി സംഭവിക്കില്ല.  അവനവന്‍ തുരുത്തുകളായി അധ്യാപകര്‍ മാറിപ്പോകും.  കാലങ്ങളായി വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്ന ഒരു ഡയറക്ടര്‍ സ്ഥാനം ഇക്കണ്ട കാലമായിട്ടും സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നടപ്പിലാകാതിരുന്നതിന്റെ കാരണം ദുരൂഹമാണ്. നാഥനില്ലാ / നാഥയില്ലാക്കളരിയായി ഈ സ്ഥാപനത്തെ തുടരാന്‍ അനുവദിക്കാതെ എത്രയും വേഗം ഉന്നത വിദ്യാഭ്യാസതലത്തില്‍ ചര്‍ച്ചകളുണ്ടാകുകയും അടിയന്തരമായി ഇടപെട്ട് ഭാവനാ ശേഷിയും ഭരണ നിര്‍വഹണ ശേഷിയുമുള്ള ഒരു ഡയറക്ടറെ നിയമിച്ച് ഡ്രാമാ സ്‌കൂളിനെ ആധുനികതയ്ക്കുതകും വിധം നവീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

(സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ വിദ്യാര്‍ഥിയും നിലവില്‍ കേരള ഭാഷാ ഇസ്റ്റിറ്റിയൂട്ടില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റുമാണ് ലേഖകന്‍)
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com