

എട്ടു വര്‍ഷം മുമ്പ് ഇതേ ദിവസമാണ് അക്ബര്‍ കക്കട്ടില്‍
വിട പറഞ്ഞത്. വടകരയ്ക്കടുത്ത കക്കട്ടില്‍ ചീക്കോന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ പച്ചമണ്ണ് പ്രിയകൂട്ടുകാരനെ ഏറ്റുവാങ്ങി.
ഇന്നിപ്പോള്‍ കുംഭവെയിലേറ്റ് ചീക്കോന്ന് പള്ളിപ്പറമ്പിലെ നൊച്ചില്‍ച്ചെടികള്‍ തല താഴ്ത്തുന്നുണ്ടാകുമോ?
ഇപ്പോഴുമിതാ, ഇളംചിരിയില്‍ പുരട്ടിയ അക്ബറുടെ ഒട്ടേറെ നാട്ടുകിസ്സകള്‍ ഓര്‍മ്മകളില്‍ സദാ വിഷാദം നിറയ്ക്കുന്നു. മരണക്കുറിപ്പെഴുതി സാന്ത്വനം കൊള്ളാവുന്ന സൗഹൃദമല്ല പലര്‍ക്കും അകബറുമായുള്ളത് എനിക്കുമതെ.
സത്യന്‍ അന്തിക്കാട് എഴുതിയത് പോലെ വീട്ടുമുറ്റത്തേക്കിറങ്ങി വന്ന നിലാവിന്‍കീറായിരുന്നു അക്ബര്‍. ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത യു.എ. ഖാദര്‍ അക്ബര്‍ മരിച്ചതറിഞ്ഞ് എഴുതി: ലോകമെങ്ങുമുള്ള മലയാളി വായനക്കാരുമായി ഐന്ദ്രജാലിക സൗഹൃദം സ്ഥാപിച്ച ചങ്ങാതിയായിരുന്നു അക്ബര്‍. പരിചയപ്പെട്ടവരോടൊക്കെ നിഷ്‌ക്കളങ്കമായ സുഹൃദ്ബന്ധമുണ്ടാക്കുകയെന്ന, എഴുത്തുകാരില്‍ അധികം പേര്‍ക്കും അന്യമായ, അത്യുല്‍കൃഷ്ടസ്വഭാവമായിരുന്നു ഈ ചങ്ങാതിയുടേത്. അതുകൊണ്ടുതന്നെ അകബറുമായി അഗാധമായ അടുപ്പമുള്ളവരാണ് അദ്ദേഹത്തിന്റെ ഓരോ വായനക്കാരനും, നേരിട്ടും അല്ലാതെയും. ഇങ്ങനെ അവകാശപ്പെടാവുന്ന അകളങ്കമായ സുഹൃദ്ബന്ധത്തേക്കാള്‍ മറ്റെന്ത് സുകൃതമാണ് വേണ്ടത്? നിശ്ചയമായും 62 വര്‍ഷത്തെ ജീവിതം ധന്യവും സഫലവുമാക്കിയാണ് 2016 ഫെബ്രുവരി 17ന് അക്ബറുടെ അകാലത്തിലുള്ള തിരിച്ചുപോക്കുണ്ടായത്.
******
'ഒരു പിണക്കത്തിന്റെ കഥ, ഇണക്കത്തിന്റേയും' എന്ന പേരില്‍ ചന്ദ്രിക ബാലപംക്തിയിലാണ് അക്ബറിന്റെ ആദ്യകഥ അച്ചടിച്ചു വന്നത്. അതിന്റെ പിറ്റേയാഴ്ച തമസ്സ് എന്ന പേരില്‍ എന്റെയും ഒരു കഥ (? ) ചന്ദ്രിക ബാലപംക്തിയില്‍ അച്ചടിച്ചിരുന്നു. (ഈ തലക്കെട്ട് ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരന്‍ കാനേഷ് പൂനൂരിന്റെ വകയായിരുന്നു).. അക്ബര്‍ കക്കട്ടില്‍, കക്കട്ടില്‍ പോസ്റ്റ്, കോഴിക്കോട് ജില്ല എന്ന പേരില്‍ ഞാന്‍ അവനെ പരിചയപ്പെടാന്‍ വേണ്ടി രണ്ടു മൂന്ന് വരി കുറിച്ച് ഒരു പോസ്റ്റ് കാര്‍ഡിട്ടു. പിറ്റേ ആഴ്ച അതി മനോഹരമായ കൈപ്പടയില്‍ അക്ബര്‍ മറുപടിയെഴുതി.
അന്ന് അക്ബര്‍ ഫാറൂഖ് കോളജില്‍ ഒന്നാം വര്‍ഷ പ്രീ ഡിഗ്രിക്ക്. പിന്നെ ഞങ്ങള്‍ നിരന്തരം കത്തുകളയച്ചു. കൈയക്ഷരഭംഗിയില്‍ എന്റെ പരിചയത്തില്‍ അക്ബറിനെ വെല്ലാന്‍ ആഷാ മേനോന്‍ മാത്രമേയുള്ളൂവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചന്ദ്രികയില്‍ നിന്ന് മാതൃഭൂമി ബാലപംക്തിയിലേക്ക് കയറ്റം കിട്ടിയ അക്ബറിന്റെ നിരവധി രചനകള്‍ തുടര്‍ച്ചയായി പുറത്ത് വന്നു. കുട്ടേട്ടന്റെ (കുഞ്ഞുണ്ണിമാഷ്) ഇഷ്ടശിഷ്യരിലൊരാളായിരുന്നു അക്ബര്‍. അക്ബര്‍, കക്കട്ടില്‍ എന്ന പേര് തന്നെ കുഞ്ഞുണ്ണിമാഷുടെ സംഭാവനയാണ്. ജനയുഗം ബാലപംക്തിയിലെഴുതിത്തുടങ്ങിയ കുമാരി ചന്ദ്രികയും ( ഇന്നത്തെ പ്രശസ്തയായ എഴുത്തുകാരി ചന്ദ്രമതി), മറിയാമ്മ, സുമിത്രാ വര്‍മ, എന്‍.എസ്. മാധവന്‍, അഷിത, വി.ബി. ജ്യോതിരാജ്. കെ. വിനോദ്ചന്ദ്രന്‍, എന്‍.പി. എരിപുരം (എന്‍. പ്രഭാകരന്‍).... ഇവരുടെയൊക്കെ ഇളംസിദ്ധി പൂത്തുലഞ്ഞ് നിന്ന മാതൃഭൂമി ബാലപംക്തിയും വിഷുപ്പതിപ്പുമൊക്കെ അക്ബറിന്റേയും സ്ഥിരം തട്ടകമായി. മലയാളനാട്. കുങ്കുമം, ജനയുഗം, വീക്ഷണം, ചിത്രകാര്‍ത്തിക വാരികകളില്‍ അക്ബര്‍ നിരന്തരമായി എഴുതി. പിന്നീടെപ്പോഴോ, ഞങ്ങളുടെ തപാല്‍ സൗഹൃദവും മുറിഞ്ഞുപോയി.
ഇടയ്ക്ക് അക്ബറിന്റെ സാഹിത്യ ജീവിതത്തില്‍ വലിയൊരു ആഘാതം നേരിട്ടു. വര്‍ഷങ്ങള്‍ നീണ്ടു നിന്ന സര്‍ഗമൗനത്തിനു വഴിമരുന്നിട്ടു ആ സംഭവം. മലയാളനാട് വിഷുപ്പതിപ്പില്‍ വേഴാമ്പല്‍ എന്ന പേരില്‍ അക്ബര്‍ എഴുതിയ കഥ, കാക്കനാടന്റേയും വൈശാഖന്റേയും കഥകളില്‍ നിന്നെടുത്ത ചില രൂപകങ്ങളെക്കൊണ്ട് മോടി പിടിപ്പിച്ചതാണെന്ന് വായനക്കാരുടെ കത്തില്‍ ആരോപണമുയര്‍ന്നു. വേഴാമ്പല്‍ മികച്ച കഥയാണെന്ന് മുന്‍ലക്കത്തില്‍ വന്ന ചില കത്തുകളെയും ഈ കത്തെഴുത്തുകാരന്‍ അത് കഥാകൃത്ത് തന്നെ എഴുതിച്ചതാണെന്ന മറ്റൊരു ആരോപണവുമുയര്‍ത്തി. സാഹിത്യ ചോരണം
(പ്ലാഗിയാറിസം) പുനത്തിലിനു മുമ്പേ ചാര്‍ത്തപ്പെട്ടു, എഴുതിത്തുടങ്ങുന്ന ഈ ചെറുപ്പക്കാരനില്‍. എം. കൃഷ്ണന്‍ നായര്‍ സാറും മങ്കൊമ്പ് ഗോപാലകൃഷ്ണനുമൊക്കെ അക്ബറിനെ പിടിച്ചുകുടഞ്ഞു. അത് ആ യുവപ്ര തിഭയെ വര്‍ഷങ്ങളോളം നീണ്ട നിശ്ശബ്ദതയിലേക്ക് തള്ളിവിട്ടു. (പിന്നീട് എം. കൃഷ്ണന്‍ നായര്‍ സാറുടെ ഏറ്റവും ഇഷ്ടപ്പെട്ട ചങ്ങാതിയും എഴുത്തുകാരനുമായി മാറി അക്ബര്‍).. ചിതയില്‍ നിന്ന് ഫീനിക്‌സിനെപ്പോലെ അക്ബര്‍ കക്കട്ടില്‍ എന്ന കഥാകൃത്തിന്റെ രണ്ടാം വരവായിരുന്നു പിന്നീട് നമ്മള്‍ കണ്ടത്. കാരൂരിനു ശേഷം ഏറ്റവും നല്ല അധ്യാപകകഥകള്‍ സമ്മാനിച്ച എഴുത്തുകാരന്‍. അവാര്‍ഡ് നേടിയതുള്‍പ്പെടെ നല്ല കുറെ കൃതികള്‍ അക്ബര്‍ എന്ന എഴുത്തുകാരന്റെ ഇരിപ്പിടം മലയാണ്‍മയുടെ സര്‍ഗഭൂമികയില്‍ ഉറപ്പിച്ചു. സര്‍ഗസമീക്ഷ എന്ന തലവാചകത്തിലുള്ള അഭിമുഖങ്ങള്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സ് ഗ്രന്ഥമായി.
എം. കൃഷ്ണന്‍ നായര്‍ സാറും മങ്കൊമ്പ് ഗോപാലകൃഷ്ണനുമൊക്കെ അക്ബറിനെ പിടിച്ചുകുടഞ്ഞു. അത് ആ യുവപ്ര തിഭയെ വര്‍ഷങ്ങളോളം നീണ്ട നിശ്ശബ്ദതയിലേക്ക് തള്ളിവിട്ടു
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വര്‍ഷങ്ങള്‍ക്കു ശേഷം, പ്രസിദ്ധ കവിയും ഞങ്ങളുടെയൊക്കെ ഗുരുതുല്യനുമായ പി.ടി. നരേന്ദ്രമേനോന്റെ ( ബാബുവേട്ടന്‍ ) ഒറ്റപ്പാലത്തെ തറവാട്ടിലാണ് ഞാനും അക്ബറും തമ്മില്‍ നേരില്‍ കാണുന്നത്. അതെ, കാല്‍നൂറ്റാണ്ടിന്റെ എഴുത്ത്കുത്തുകള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍. അതിനു ശേഷം എത്രയോ കൂടിക്കാഴ്ചകള്‍. സംവാദങ്ങള്‍. രാപാര്‍ക്കലുകള്‍. മലയാളം എന്ന പേരില്‍ ഹാഫിസ് മുഹമ്മദും മറ്റുമായിച്ചേര്‍ന്ന് കോഴിക്കോട്ട് ഒരു പ്രസാധന സംരംഭം.
ദൂരദര്‍ശന്‍ ന്യൂസ് പ്രൊഡ്യൂസര്‍ സേതു മേനോന്‍, സമീക്ഷ എന്ന സാഹിത്യപരിപാടിയില്‍ അക്ബറെ അഭിമുഖം ചെയ്യാനുള്ള അസൈന്‍മെന്റ് എന്നെയാണേല്‍പിച്ചത്. സ്റ്റുഡിയോ ഫ്‌ളോറില്‍ തീര്‍ത്തും അകൃത്രിമമായി, അനൗപചാരികമായി അക്ബര്‍ സംസാരിക്കുന്നു. തപ്പിത്തടയുന്ന ചോദ്യങ്ങളുമായി ഇരുന്ന എന്റെ സഭാകമ്പം ഇല്ലാതാക്കിയത് അക്ബറായിരുന്നു. അമൃതാ ടി.വിയിലുണ്ടായിരുന്ന (നാടകമേ ഉലകം) ടി.കെ. സന്തോഷ്‌കുമാര്‍, കഥാകൃത്ത് ബി. മുരളി (മനോരമ) എന്നിവരോടൊപ്പം അന്ന് അനന്തപുരിയില്‍ പങ്കിട്ട നീണ്ട സൗഹൃദ രാത്രി. തിരുവനന്തപുരം പ്രസ് ക്ലബിന്റെ സാകേതം ബാറില്‍ നരച്ച താടിയില്‍ വിരലോടിച്ച് നര്‍മം പകുത്ത ടി.എന്‍.ഗോപകുമാറിനോടോത്ത്.... ( താനും ഇങ്ങ് പോന്നോ എന്ന് ടി.എന്‍.ജി, അക്ബറോട് ചോദിച്ചിരിക്കണം).. പിന്നെ ഞങ്ങള്‍ സക്കറിയയുടെ വീട്ടില്‍...(കറിയാച്ചന്റെയും ഏറെ ഇഷ്ടക്കാരനായിരുന്നു അക്ബര്‍)....
മലപ്പുറത്ത് എന്റെ ഒരു പുസ്തക പ്രകാശനത്തിനു മാത്രമായും അവന്‍ വന്നു. പിന്നേയും നിരന്തരം കൂടിക്കാഴ്ചകള്‍, തമാശകള്‍, ശാസനകള്‍, സൗഹൃദത്തിന്റെ കുളിരും ചൂടും മിന്നിപ്പൊലിഞ്ഞ ഇരവുപകലുകള്‍. നിര്‍ത്താതെ പുക വലിച്ചുകൊണ്ടിരുന്നു അക്ബര്‍. ആഞ്ഞുവലിച്ച് അകത്തേക്കെടുത്തിരുന്ന സിഗരറ്റ് പുകയായിരിക്കുമോ ശ്വാസകോശത്തിലേക്ക് ഞണ്ടിന്‍കാലുകളായി ആണ്ടിറങ്ങിയിരിക്കുക? ആര്‍ക്കറിയാം?
ജിദ്ദയില്‍ വന്നപ്പോള്‍ ഉംറ നിര്‍വഹിക്കാന്‍അക്ബറിനെ മക്കയിലേക്ക് കൊണ്ടു പോയത് ഞാനും ബന്ധു വി.വി. ബഷീറുമായിരുന്നു. അന്ന് രാത്രി ഇവിടെ ജിദ്ദയില്‍ ഞങ്ങളുടെ അതിഥിയായി പുലരുവോളം വര്‍ത്തമാനം പറയവെ, ജമീലയേയും കൊണ്ട് ഒരിക്കല്‍ക്കൂടി ഉംറ നിര്‍വഹിക്കാന്‍ വരണമെന്ന് അക്ബര്‍ മോഹം പറഞ്ഞു. ജമീലയുടെ വലിയൊരു ആശയായിരുന്നു അക്ബറിനോടൊപ്പം ഉംറ നിര്‍വഹിക്കണമെന്നത്. അത് പക്ഷേ നടന്നില്ല.
2015 ഒക്ടോബറിലായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. വേര്‍പാടിന്റെ തലേ കൊല്ലം. ഒറ്റപ്പാലം വരിക്കാശ്ശേരി മനയില്‍. സുഹൃത്ത് ജാഫറിന്റെ 'ജനനന്മ' എന്ന സംഘടനയുടെ അവാര്‍ഡ് ചടങ്ങ്. മഹാനടന്‍ മധുവിനായിരുന്നു പുരസ്‌കാരം. ജൂറി ചെയര്‍മാനായിരുന്നു അക്ബര്‍. സാധാരണ സ്‌റ്റേജുകളില്‍ തിളങ്ങാറുള്ള അക്ബര്‍ പെട്ടെന്ന് പ്രസംഗം നിര്‍ത്തിയതെന്തേ എന്ന് ഞാന്‍ വെറുതെ ആലോചിച്ചു. മകള്‍ സുഹാനയും ഒപ്പമുണ്ടായിരുന്നു. സദസ്സിലേക്ക് ഇറങ്ങി വന്ന് അവര്‍ ഇരുവരും യാത്ര പറഞ്ഞു. ഇവള്‍ എനിക്ക് എസ്‌കോര്‍ട്ട് പോന്നതാണെന്നും വഴിയിലൊന്നും തങ്ങാതെ നേരെ വീട്ടിലെത്തിക്കണമെന്ന് ജമീല ഏല്‍പിച്ചിട്ടുുണ്ടെന്നും സുഹാനയെ നോക്കിപ്പറഞ്ഞ അക്ബര്‍ അവസാനമായി എന്നെ ഓര്‍മ്മിപ്പിച്ചു: എടാ, ഞങ്ങളുടെ ഉംറയുടെ കാര്യം മറക്കണ്ട......
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates