'വാസ്തവം മറ്റൊന്നാണ്'- സച്ചിദാനന്ദനൊപ്പം ഇല്ല; താഹ മാടായി

'വാസ്തവം മറ്റൊന്നാണ്'- സച്ചിദാനന്ദനൊപ്പം ഇല്ല; താഹ മാടായി
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on
2 min read

ച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയതിൽ ദു:ഖിക്കുന്നവരിൽ കവിയുടെ വായനക്കാരിലൊരാളായ ഞാനില്ല. നരേന്ദ്ര മോദിയെയും അമിത്ഷായേയും വിമർശിക്കപ്പെട്ടതിൻ്റെ പേരിലാണ് ഫേസ് ബുക്ക് ആ വിലക്ക് ഏർപ്പെടുത്തിയത് എന്നത് ,നമ്മെ ലജ്ജിപ്പിക്കേണ്ടതാണെങ്കിലും, 'സർഗാത്മക ഫ്രീഡത്തെ ഉജ്ജ്വലമായ രീതിയിൽ പ്രകാശിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് ' ഫേസ്ബുക്ക് എന്ന പ്രതീതി പലരും വെച്ചു പുലർത്തുന്നതിൻ്റെ ഫലമാണ് ഈ നിരാശകൾ. നരേന്ദ്ര മോദിയെ സുക്കർബർഗ് കെട്ടിപ്പിടിച്ചു നിൽക്കുന്ന ആ ചിത്രം പ്രത്യക്ഷപ്പെട്ട ദിവസം തന്നെ സച്ചിദാനന്ദനെ പോലെ ഉജ്ജ്വലനായ ഒരു കവി ഫേസ്ബുക്കിന് സ്വന്തം ജീവിതത്തിൽ നിന്ന് കുറച്ചു ദിവസത്തേക്കെങ്കിലും മാറ്റി നിർത്തേണ്ടതായിരുന്നു. 

വാസ്തവം മറ്റൊന്നാണ്. നരേന്ദ്ര മോദിയെ വിമർശിച്ച് സച്ചിദാനന്ദന് ഒരു ലേഖനം കൊടുക്കുന്നതിൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിലും വലിയൊരു സ്പെയ്സ് കിട്ടാനിടയില്ല. ഇന്ത്യയിൽ ഇന്ന് സത്യത്തെ തൊടുന്ന എത്ര മാധ്യമങ്ങളുണ്ട്? മാധ്യമങ്ങളുടെ പ്രകാശനങ്ങളിൽ നിന്ന്എത്രയോ മടങ്ങ് അകലെയാണ് ഇന്ത്യയുടെ ഇരുണ്ടതും ഭയപ്പെടുത്തുന്നതുമായ യാഥാർഥ്യം. ഈ ഇന്ത്യൻ യാഥാർഥ്യത്തെ എത്രയോ അസമർഥമായിട്ടാണ് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ പ്രകാശിപ്പിക്കുന്നത്.യുക്തി (Reason) ജനാധിപത്യത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയാണ് എന്ന് ഇപ്പോഴും നമുക്ക് ബോധ്യമായത്, ബംഗാൾ,കേരളം, തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നാണ്. എന്നാൽ യുക്തിയുടെ ജനാധിപത്യ അവതരണങ്ങൾ ഇന്ത്യൻ മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമായിട്ട് ഏറെയായി.ഇന്ത്യൻ ജനാധിപത്യത്തോട് യുക്തിസഹമായി സംസാരിച്ച നെഹ്റുവിയൻ കോൺഗ്രസ്സിൻ്റെ പിന്തുടർച്ചകളിൽ ആധുനികവും ജനാധിപത്യപരവുമായ ഉണർവ്വുകൾ നില നിൽക്കുന്നുമില്ല. എ.കെ.ആൻറണിയാണ് കോൺഗ്രസിൻ്റെ തലതൊട്ടപ്പനായി ഇപ്പോഴും നില കൊള്ളുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ശബ്ദവും വെളിച്ചവുമാണ് ബി.ജെ.പി. അതേ രാഷ്ട്രീയത്തിൻ്റെ മൗനമായ സമ്മിതിയാണ് കോൺഗ്രസ് നേടിയെടുക്കാൻ ആഗ്രഹിക്കുന്നത്.ഇന്ത്യൻ മാധ്യമങ്ങൾ ജനാധിപത്യത്തിൻ്റെ മതനിരപേക്ഷമായ ഉള്ളടക്കത്തെ ഇപ്പോൾ ആശാവഹമായ രീതിയിൽ പിന്തുണക്കുന്നില്ല.

കേരളത്തിലെ ദൃശ്യമാധ്യങ്ങളിൽ നിരീക്ഷകരായി വരുന്നവരുടെ രാഷ്ട്രീയവും ബോധവും വാക്കുകളിലെ നിർലജ്ജമായ ജനാധിപത്യവിരുദ്ധതയും അവർ എത്തരം ആശയങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്ന് എത്രയോ കാലമായി പലരും സൂചിപ്പിക്കുന്നു. അത്തരം വിമർശനാത്മകമായ സൂചനകൾ (indicates) നമ്മുടെ മാധ്യമങ്ങൾ മുഖവിലക്കെടുക്കുന്നുണ്ടോ? ഒരു കാലത്ത് ന്യൂസ് അവർ ഡിബേറ്റുകളിൽ നിറഞ്ഞു നിന്നിരുന്ന കെ.വേണു ഇപ്പോൾ, ഇത്തരം അന്തിച്ചർച്ചകളിൽ പങ്കെടുക്കുന്നതായി കാണുന്നില്ല. വിമർശനാത്മകമായ വിട്ടുനിൽപായിരിക്കാം, അത്. കാരണം, യുക്തിയുടെ രാഷ്ട്രീയ അവതരണമല്ല, അതിവൈകാരികമായ വ്യാജ പ്രതീതികളുടെ ശബ്ദങ്ങൾക്ക് കൂടി വലിയ ഇടം കിട്ടുന്നു.ഇവർ, അതിവൈകാരികതയുടെയും വെറുപ്പിൻ്റെയും 'ആദർശ വാദികൾ' ന്യൂസ് അവറുകളിലും സോഷ്യൽ മീഡിയകളിലും ഒരുപോലെ നിറഞ്ഞു നിൽക്കയാണ്.പുതിയ കാലം വെറുപ്പിൻ്റെ രാഷ്ട്രീയത്തിൻ്റെ പുതിയ ആദർശ വാദികളെ തിരഞ്ഞെടുത്തിരിക്കയാണ്. വെറുപ്പിൻ്റെ ഈ പുതിയ ആദർശ ലോകത്ത് സച്ചിദാനന്ദനെപ്പോലെ ഒരു കവിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഫെയ്സ് ബുക്കിലൂടെ ലോകത്തെ ,ഇന്ത്യയെ മാറ്റി മറിക്കാം എന്ന ആ 'നിഷ്കളങ്കമായ " ബോധ്യത്തിന് ,ഭൂതകാലത്തു നിന്ന് ഒരു ലാൽ സലാം.

ആത്മരതിയുടെ ഒരു മേഖലയാണ് ഫേസ് ബുക്ക്. ഫേസ്ബുക്ക് എനിക്ക് വിലക്കേർപ്പെടുത്തിയേ എന്ന് ചിരിക്കുന്ന ഫോട്ടോയോടൊപ്പമുള്ള വാർത്തയ്ക്ക് വലിയ വിലയില്ല. അതു കൊണ്ട് സച്ചിദാനന്ദനോടൊപ്പമില്ല. കവിതയുടെ ഉജ്വലമായ മുഹൂർത്തത്തോടൊപ്പം നടന്ന ആ കവി ഇപ്പോഴില്ല. മലയാള മാധ്യമങ്ങളിലെ 'കാവീയ 'തയെ കാവ്യാത്മകമായി പോലും ഈ കവി വിമർശിച്ചിട്ടില്ല. നമ്മുടെ മാധ്യമങ്ങളുടെ പൂമുഖത്ത് ഈ കവിക്ക് ഒരു കസേരയുണ്ട്. ഒരിക്കൽ പോലും മലയാള മുഖ്യധാരാ മാധ്യമങ്ങളുമായി കലഹിക്കാത്ത ഒരു കവിയാണ്, ഫേസ് ബുക്കിൽ നിന്നുള്ള അവഹേളത്തിന് വിലാപവുമായി വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com