'കണ്‍കെട്ടുകളിലൂടെയുള്ള യാത്ര സാഹിത്യത്തെ എവിടെയും എത്തിക്കില്ല'
തെലുങ്കുമാത്രം സംസാരിക്കുന്നവര്‍ക്കിടയില്‍ ഒരു തുരുത്തുപോലെ എല്ലാ ബഹളങ്ങളില്‍നിന്നും അകന്ന് ഒവി വിജയനും ഭാര്യയും സന്തതസഹായിയായ രാമചന്ദ്രനും സെക്കന്തരബാദിലെ വെസ്റ്റ് മറേദപ്പള്ളിയില്‍ താമസിച്ചിരുന്ന കാലത്ത് അവിടെയെത്തി, സി നാരായണമേനോന്‍ നടത്തിയ അഭിമുഖമാണിത്. തലമുറകള്‍ പ്രസിദ്ധീകരിക്കുന്നതിനു തൊട്ടു മുമ്പ് വിനയത്തോടെ യാത്ര തുടരാം എന്ന തലക്കെട്ടില്‍, 1997 മെയ് മാസത്തില്‍ സമകാലിക മലയാളം വാരികയില്‍ അച്ചടിച്ചു വന്ന അഭിമുഖം.
ഒരെഴുത്തുകാരന്റെ കാലികപ്രസക്തി അയാള്‍ ഏതു ചേരിയില്‍ നില്‍ക്കുന്നു എന്നതായിരിക്കണം. അയാള്‍ നിലകൊള്ളുന്നത് പുരോഗതിയുടെ ചേരിയിലായിരിക്കണം, മതാന്ധതയില്ലാത്ത മാനവികതയുടെ അണികളില്‍ ആയിരിക്കണം. ഒരു നല്ല നാളേയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പില്‍ ആയിരിക്കണം . ഈ നിലപാട് താങ്കള്‍ക്ക് സ്വീകാര്യമായിരിക്കും അല്ലേ?
ചോദ്യത്തിന്റെ സങ്കീര്‍ണ്ണാവസ്ഥ ഉത്തരത്തിന്റെ ബഹുമുഖത്വത്തില്‍ ചെന്നുചേരുന്നു. എന്താണ് പുരോഗതി? എന്താണ് നല്ല നാളെ?
അവയെല്ലാം സ്വതന്ത്രമായ, രൂഢിയായ സത്യങ്ങളായി ചരിത്രാനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നു. ഉദാഹരണമായി ശാസ്ത്രത്തിന്റെ കാര്യമെടുക്കുക. ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിനെ നിരാകരിക്കുന്ന വിമതന്മാര്‍ പോലും ശാസ്ത്രത്തിന്റെ ഉപകരണങ്ങളെ തള്ളിപ്പറയാന്‍ ഭയന്നുപോകുന്നു എന്നതല്ലേ സത്യം?
ശരിയാണ്. മലമ്പനി പരത്തുന്ന കൊതുകിനേയും മാകരമായ ഉറക്കവ്യാധി ഉണ്ടാക്കുന്ന സേസെ ഈച്ചയേയും കീഴടക്കിയത് ശാസ്ത്രത്തിന്റെ ഉല്‍പ്പന്നങ്ങളായ കീടനാശിനിയും ആധുനിക ഔഷധങ്ങളുമാണ്. പക്ഷേ, വേറൊരു കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ ഈച്ചയുടേയും കൊതുകിന്റേയും മണ്ഡലങ്ങളിലേയ്ക്ക് കടന്നുചെല്ലാന്‍ നമുക്കെന്തവകാശം ഈ ചോദ്യം ഒരു റൊമാന്റിക്കിന്റേതാണെന്ന് സമ്മതിച്ചുതരാം. എന്നാല്‍, റൊമാന്റിക്കിന്റെ ഉത്തരവാദിത്വമില്ലായ്മയില്‍ അത് അവസാനിക്കുന്നില്ല. കീടനാശിനിയും രാസൗഷധങ്ങളും പുതിയ വിപത്തുകളില്‍ കലാശിക്കുന്നു. ഭൂഗോളത്തിന്റെ ജലസംഭരണി അനുദിനം വരണ്ടുകൊണ്ടിരിക്കുകയാണ്, ജലസേചനത്തിലും ജലവ്യയത്തിലും നാം കാണിക്കുന്ന ധിക്കാരവും ധാരാളിത്തവും മൂലം. മനുഷ്യവര്‍ഗ്ഗത്തിന്റെ ജീവതസൗഖ്യത്തിനുവേണ്ടി പ്രകൃതിയുടെ സിന്ദൂരങ്ങളെ, ലോഹങ്ങളേയും രാസപദാര്‍ത്ഥങ്ങളേയും തുരന്നെടുത്ത് ദുരുപയോഗിച്ച് ഭൂമിയെ നാം വന്ധ്യമാക്കുന്നു. വെള്ളത്തിന്റെ അവസാന ദാഹവുമായി നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേയ്ക്ക് കാലുകുത്താന്‍ തുടങ്ങുകയാണ്. വെള്ളമില്ല, പ്രാണവായുവില്ല, മരുന്നുകളെ അതിജീവിച്ച് തിരിച്ചുവരുന്ന പുതിയ രാസവിഷയങ്ങള്‍ക്ക് പ്രതിവിധിയില്ല, ബഹിരാകാശത്തില്‍നിന്ന് ജീവജാലങ്ങളിലേയ്ക്ക് നിപതിക്കുന്ന അള്‍ട്രാവയലറ്റ് പ്രസരങ്ങളെ തടയാന്‍ യാതൊരു മറയും ഇല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രതീക്ഷകളില്ലാത്തതാണ്. പക്ഷേ, അത് അങ്ങനെ പറഞ്ഞാല്‍ പറയുന്നവന്‍ ജനശത്രുവായി കൊട്ടിപ്പാടി പുറത്താക്കപ്പെടും. ഈ രോഷവും അതിന്റെ മട്ടില്‍ അതിന്റേതായ സങ്കീര്‍ണ്ണത പുലര്‍ത്തുന്നു. ശാസ്ത്രമനുഷ്യന്‍ വരാനിരിക്കുന്ന പ്രകൃതിവിക്ഷോഭങ്ങളെ നല്ലവണ്ണം മനസ്സിലാക്കുന്നുണ്ട്, എന്നാല്‍ ശാസ്ത്രത്തിന്റെ വഴി എവിടെയോ പിഴച്ചുപോയി എന്ന് പറയുന്നതില്‍നിന്ന് അവന്റെ അഹന്ത അവനെ തടയുന്നു. അങ്ങനെ തുടങ്ങിയതാണ് ഈ നൂറ്റാണ്ടിലെ ഏറ്റഴും വലിയ 'വിച്ച് ഹണ്‍ട്ട്' (witch hunt). ശാസ്ത്രത്തിന്റെ ഉദ്യമങ്ങളൊക്കെയും തന്നെ അബദ്ധത്തില്‍ കലാശിക്കുകയും ജീവന് വിനകള്‍ വരുത്തിവെയ്ക്കുകയും ചെയ്യുന്നവെന്നതില്‍നിന്ന് മുഖം തിരിച്ച് ശാസ്ത്രജ്ഞര്‍ ബലിയാടുകളെ തേടുന്നു. ഇവിടെ പഴയ മന്ത്രവാദത്തിന്റെ സ്ഥാനത്ത് പുതിയ അന്ധവിശ്വാസമായി ശാസ്ത്രം അവരോധിക്കപ്പെടുന്നു. അടിമറിഞ്ഞ ഒരു ഗലീലിയോ ആവര്‍ത്തിക്കപ്പെടുന്നു.
നാം ചര്‍ച്ചയുടെ നേര്‍രേഖ വിട്ട് കാടുകയറുന്നുവോ ആവോ
നമ്മുടെ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാന്‍ ഒരുപാട് കാടുകയറേണ്ടിവരും. എന്നതാണ് പരമാര്‍ത്ഥം. ഭൗതികതയില്‍ ലളിതമായി, സരളമായി, കളിയാടുന്ന ശാസ്ത്രത്തെപ്പോലുള്ള മിടുക്കുകള്‍ക്ക് സുരക്ഷയുണ്ട്. എന്നാല്‍, ശുദ്ധശാസ്ത്രം തുടങ്ങിയേടത്തുതന്നെ എത്തിച്ചേരുന്നു. ഇത് പറയുമ്പോള്‍ ഐന്‍സ്‌റ്റൈന്റെ തിയറി ഓഫ് റിലേറ്റിവിറ്റി ചോദ്യംചെയ്യപ്പെടുന്നു എന്ന വാര്‍ത്തയാണ് എന്റെ മുന്‍പില്‍. വാര്‍ത്തയനുസരിച്ച് ആകര്‍ഷണ തരംഗങ്ങളുടെ രൂപത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ ധാരണകള്‍ പാടേ മാറ്റേണ്ടിവരും. വെളിച്ചത്തിന്റെ കേവല വേഗത നാം ഇന്ന് അറിഞ്ഞേടത്തൊന്നും നില്‍ക്കുന്നില്ല. ഈ ഒരു പ്രപഞ്ചം മാത്രമല്ല നിലവിലുള്ളത്; ഗ്യാലക്സികളുടെ കാര്യമല്ല പറയുന്നത്, പ്രപഞ്ചങ്ങള്‍ തന്നെ അനവധി എന്ന സാധ്യതയെ അവതരിപ്പിക്കുകയാണ്.
ഈ അപാരതകളെ മനസ്സിലാക്കാന്‍ നമ്മുടെ മസ്തിഷ്‌കങ്ങള്‍ക്ക് കെല്‍പ്പുണ്ടോ? മാംസനിബദ്ധമായ മസ്തിഷ്‌കങ്ങള്‍ക്ക് ഒതുങ്ങുന്ന അന്വേഷണമല്ല ഇത്. അപ്പോഴാണ് നാം അതീന്ദ്രിതയെക്കുറിച്ച് ഓര്‍ത്തുപോവുന്നത്. മറ്റു പ്രപഞ്ചങ്ങളും കഴിഞ്ഞാല്‍ പിന്നെ എന്ത്? ധ്യാനത്തിലൂടെ വഴിയുണ്ടോ എന്ന് നാം ചോദിച്ചുപോകുന്നു. ഞാന്‍ പലവുരു ആവര്‍ത്തിച്ച ഒരു ചിത്രകഥ ഇപ്രകാരം - അടുത്ത് പറ്റിപ്പിടിച്ചു നില്‍ക്കുന്ന ഒരു ചിലന്തി മുറിയുടെ ചുവട്ടിലേയ്ക്ക് നോക്കി അസ്തിത്വത്തിന്റെ ആന്തരസത്യം ആരായുന്നതാണ് എന്റെ ചിത്രത്തിന്റെ ഇതിവൃത്തം. ആ ആരായല്‍ മനുഷ്യന്റെ കണ്ണുകളിലൂടെ കണ്ടറിഞ്ഞാല്‍ എത്ര തുച്ഛമായി തോന്നും. മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള അന്വേഷണസാധ്യത ഏറെക്കുറെ എന്റെ ചിലന്തിക്കഥ പോലെയാണ്. നമ്മെ പുതിയ പ്രപഞ്ചങ്ങള്‍ ചൂഴുന്നു, പുതിയതായ അനുപാതങ്ങള്‍ നമ്മുടെ യുക്തിയെ വിഴുങ്ങാന്‍ കാത്തുനില്‍ക്കുന്നു.
ഇത്രയും പറഞ്ഞുവന്നത് എവിടേയ്ക്കാവും നമ്മെ നയിക്കുക?
അതെ, ഈ സന്ദേഹത്തോടെ, സന്ദേഹത്തിന്റെ വിനയത്തോടെ നാം നടക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ അത് ഒരു മിസിറ്റിക് അന്വേഷണമായേ അടങ്ങൂ. യോഗികള്‍, നമുക്കിടയില്‍ അവതരിക്കുന്ന അസാധാരണ മനുഷ്യന്മാര്‍, ഇവരുടെയത്രയും വാങ്മയങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതിന്ദ്രിയദൃശ്യങ്ങളുടെ സമൃദ്ധി. സാഹിത്യകാരന് ഇതില്‍ ഒരു പങ്കുപറ്റാമെന്ന് എനിക്ക് തോന്നുന്നു. സാഹിത്യകാരന്‍ ഏത് ചേരിയില്‍ എന്ന ചോദ്യത്തിന് പ്രസക്തിയില്ലാതായിത്തീരുന്നു. കാരണം, ചേരി എന്നാല്‍ എന്തെന്ന ചോദ്യത്തില്‍നിന്ന് നമുക്ക് വീണ്ടും തുടങ്ങേണ്ടിവരുന്നു. ഏതാനും കണ്‍കെട്ടുകളിലൂടെയുള്ള യാത്ര സാഹിത്യത്തെ എവിടെയും എത്തിക്കില്ല. ആ പരിമിതിയാണ് മലയാള സാഹിത്യത്തെ ദുര്‍ബ്ബലമാക്കുന്നത്.
ദൗര്‍ബ്ബല്യമാണോ? കൊച്ചുകേരളം മാനവസമതയെ സ്വപ്നംകണ്ടു, ഇത്തിരി നാളത്തേയ്‌ക്കെങ്കിലും ഒരു കമ്യൂണിസ്റ്റ് ഭരണത്തെ അരങ്ങേറ്റി.
എന്നാല്‍, ആ പ്രത്യക്ഷങ്ങളുടെയൊക്കെ നില എന്താണ് ഇന്ന്? ലോക കമ്യൂണിസത്തിന്റെ 'മോഡലുകള്‍' സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും ഒരു തിരസ്‌ക്കാരത്തിന്റെ കഥയായി. നമ്മെ ആവേശംകൊള്ളിച്ച ലോങ് മാര്‍ച്ചിന്റേയും ജനകീയവിമോചന സൈന്യത്തിന്റേയും കഥ ചൈനീസ് കമ്യൂണിസത്തിന്റെ അച്ചടക്കത്തെ പുതിയ ആഗോളമുതലാളിത്തത്തില്‍ ലയിപ്പിക്കുന്നു. ഈ ചേരുവ പിറവികൊടുക്കുന്ന സ്ഥിതിവിശേഷത്തെ നിര്‍വ്വചിക്കാന്‍ തുടങ്ങുമ്പോള്‍ നെഞ്ചുപൊട്ടുന്നു. അതിന്റെ പേര്‍ നാം ഇന്നും മറന്നിട്ടില്ല ഫാസിസം. സാഹിത്യകാരന്‍ ആരുടെ ചേരിയില്‍ എന്നിപ്പോള്‍ പറയാമോ?
സമ്മതിക്കുന്നു. പക്ഷേ, പോംവഴി കാണേണ്ടതില്ലേ?
പോംവഴി ആദ്യം കണ്ടുവെച്ച് പിന്നെ അതിനനുസരിച്ച് സാഹിത്യം സൃഷ്ടിക്കുക എന്നത് അബദ്ധമാണ്. സാഹിത്യസൃഷ്ടിയിലൂടെ, അതിന്റെ ജൈവരൂപങ്ങളിലൂടെ പോംവഴികള്‍ ഉരുത്തിരിയണം എന്നതാണ് ശരിയായ വഴി.
ഒരു പ്രത്യയശാസ്ത്രത്തിന്റെയും വഴികാട്ടിയില്ലാതെ സാഹിത്യം മുന്നോട്ടുപോകണമെന്ന് പറഞ്ഞാല്‍ അത് പൈങ്കിളിയില്‍ കലാശിക്കില്ലേ?
സോവിയറ്റ് യൂണിയന്‍ എന്ന മഹാരാജ്യത്തിന്റെ ഇതിഹാസം എന്തിലാണ് ഇന്ന് കലാശിച്ചിരിയ്ക്കുന്നത്? ആ കലാശത്തെ കഥ പറഞ്ഞും ലേഖനം കുറിച്ചും പാട്ടുപാടിയും ചിത്രം വരച്ചും തിരുത്താന്‍ കഴിയുമോ?
അപ്പോള്‍?
കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്ന ചെറുപ്പകാലത്തുപോലും ഈ പ്രശ്‌നം എന്നെ അലട്ടിയിരുന്നു. ഏത് ആദ്യം തുടങ്ങണം, എന്ത് അവസാനം കുറിക്കണം? ഒടുവില്‍ ഇത്തരം ഒരു തീരുമാനത്തില്‍, മങ്ങിയ തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. നോക്കുക, കാണുക, കണ്ടുപിടിക്കുക, കണ്ടുപിടുത്തത്തിന്റെ നിരന്തരാത്ഭുതത്തില്‍ മുഴുകുക, ആ അത്ഭുതത്തെ പകര്‍ത്തുക. ഈ പ്രക്രിയയിലൂടെയത്രയും ഉള്ളില്‍ ധര്‍മ്മത്തിന്റെ ഒരു നാരിഴ വെച്ചുപുലര്‍ത്തുക
ഖസാക്കിന്റെ ഇതിഹാസത്തിലെ പ്രക്രിയ ഇതായിരുന്നുവോ?
അതെ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ പ്രക്രിയയുടെ ബ്ലൂപ്രിന്റ് പിന്നീടെഴുതിയ നോവലുകളിലും കഥകളിലും താങ്കള്‍ തുടരുകയാണോ ചെയ്തിട്ടുള്ളത്?
അതെ, അക്ഷരാര്‍ത്ഥത്തിലോ യാന്ത്രികമായോ ഈ പറഞ്ഞതിനെ എടുക്കരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.
സമ്മതിക്കുന്നു. പക്ഷേ, അതിവൃത്തങ്ങളിലൂടെയുള്ള ദേശാടനം അതിന്റെ പ്രത്യയശാസ്ത്രമില്ലായ്മയില്‍ താങ്കളെ ഒരുതരത്തില്‍ നിസ്സഹായനാക്കിയില്ലേ? താങ്കളുടെ നായകന്മാര്‍ക്കാര്‍ക്കും ധീരതയോടെ അസ്തിത്വപ്രശ്‌നങ്ങളെ നേരിടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകുമോ?
ഈ പറഞ്ഞത് ഞാന്‍ സ്വീകരിക്കുന്നു. പക്ഷേ, ഇവിടെ നിര്‍വ്വചനങ്ങളുടെ പ്രശ്‌നം ഉദിക്കും. അന്ത്യം എന്ന് പറയുമ്പോള്‍ നിങ്ങളും ഞാനും അറിയുക, അനുഭവിക്കുക വ്യത്യസ്തങ്ങളായ ഉള്ളടക്കങ്ങളും അര്‍ത്ഥങ്ങളുമായിരിക്കും. ഒരു നായകന്‍ ധീരോദാത്തനാകാന്‍ ശ്രമിക്കുക. അങ്ങനെ ആയിത്തീരുക, എന്നിട്ട് പ്രശ്‌നങ്ങള്‍ ഒക്കെയും പരിഹരിക്കുക ഇത് അങ്ങേയറ്റം മുഷിപ്പനായ ഒരു കഥനരീതി ആയിരിക്കും. ഇക്കൂട്ടത്തില്‍ പറയട്ടെ, കഥ കഥയായിത്തന്നെ സ്വീകാര്യത നേടണം. അല്ലെങ്കില്‍ പിന്നെന്തിന് കാഥികന്‍ കഥ പറയണം? വിജ്ഞാപനങ്ങള്‍ ഇറക്കിയാല്‍ മതിയല്ലോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

