സമസ്ത കേരള സാഹിത്യ പരിഷത്ത്; ഈ ഇരുട്ടും നീങ്ങും, വെളിച്ചം വരും

sahitya parishath
ടി പത്മനാഭനെയും എംകെ സാനുവിനെയും അംഗത്വത്തില്‍നിന്നു നീക്കം ചെയ്തു
Updated on
4 min read

സമസ്ത കേരള സാഹിത്യ പരിഷത്തിനെ കുറിച്ചുള്ള ഒരു അവലോകനം സാഹിത്യകാരന്മാര്‍ക്കും സാഹിതീ ഭക്തര്‍ക്കുമായി സമര്‍പ്പിക്കുന്നു. ഇതില്‍ വിദ്വേഷത്തിന്റെയോ എതിര്‍പ്പിന്റെയോ ധ്വനിയുണ്ടെങ്കില്‍ ക്ഷമിക്കുക; അത് പാരമ്പര്യസിദ്ധമാകുന്നു. മലയാള സാഹിത്യകാരന്മാര്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ ഉരുക്കിയെടുത്ത ഒരു ജൈവ സൃഷ്ടിയാണ് പരിഷത്ത്. ഐക്യ കേരളത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ആരംഭിച്ച പരിഷത്ത് സാഹിത്യ സാംസ്‌കാരിക വിഷയങ്ങളോടൊപ്പം രാജ്യഭരണകാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്തിരുന്ന സംഘടനയാണ്. ഭാഷാപരിഷ്‌കരണ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരിഷത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ളത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വാര്‍ഷിക സമ്മേളനങ്ങള്‍ അതത് കാലഘട്ടത്തിലെ സാഹിത്യ സാമൂഹ്യ വിവാദങ്ങള്‍ക്ക് ജീവന്‍ നല്‍കി. ഇന്നും പരിഷത്ത് ഓര്‍മിക്കപ്പെടുന്നത് ഈ വാര്‍ഷിക സമ്മേളനങ്ങളിലൂടെയാണ്.

ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയവര്‍ ചോരനീരാക്കി വളര്‍ത്തിയെടുത്ത സംഘടന കടം കൊണ്ടു പൊറുതിമുട്ടിയപ്പോഴും തളരാതെ മുന്നോട്ടു കുതിച്ചു. അന്ന് സ്വന്തമായ കെട്ടിടം പോലും ഉണ്ടായിരുന്നില്ല. അക്കാലത്തെ നേതാക്കള്‍ കടമെടുത്തു കേസുകളും ആയി കോടതി കയറി ഇറങ്ങിയിട്ടുണ്ട്. ആ കാലഘട്ടത്തിന്റെ സായാഹ്ന വേളകളില്‍ ബാധ്യതകളില്‍ നിന്നും രക്ഷപ്പെടുവാനായി ശങ്കരക്കുറുപ്പ് പരിഷത്തിന്റെ ബാധ്യത തീര്‍ക്കാന്‍ പോക്കറ്റില്‍ നിന്നും പണം നല്‍കിയിരുന്നു. അതിനുശേഷമുള്ള ഒരു കാലഘട്ടത്തില്‍ സാഹിത്യകാരന്മാര്‍ ഒത്തുചേര്‍ന്ന് പ്രസംഗത്തിന് പണം വാങ്ങണമെന്ന് ഒരു തീരുമാനം എടുത്തു. ആ പണം പരിഷത്തിന്റെ കടം തീര്‍ക്കാന്‍ ഉപയോഗിച്ചു. എസ് കൃഷ്ണകുമാര്‍ എറണാകുളം ജില്ലാ കലക്ടര്‍ആയിരിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു ഒരു 'ജനസംഖ്യാ നിയന്ത്രണ' പരിപാടി ആവിഷ്‌കരിച്ചിരുന്നു. സാഹിത്യകാരന്മാര്‍ അതിന്റെ പ്രചരണ പരിപാടികളില്‍ സജീവമായി പങ്കെടുത്തു. അക്കാലത്ത് എന്റെ അമ്മ കോട്ടയത്തെ താമസസ്ഥലത്തിനടുത്തുള്ള കോളനികളില്‍ കയറിയിറങ്ങി സ്ത്രീകളെ സംഘടിപ്പിച്ചു എറണാകുളത്തു കൊണ്ടുപോയത് ഓര്‍ക്കുന്നു.

പരിഷത്തിന്റെ ആരംഭത്തിനു മുമ്പും ശേഷവും തുടങ്ങിയ സംഘടനകള്‍ പലതും തളര്‍ന്നുവീണപ്പോള്‍, സാഹിത്യ പരിഷത്ത് സാഹിത്യകാരന്മാരുടെ സജീവ കൂട്ടായ്മയും സാംസ്‌കാരിക സംഘടനയും ആയി തളിര്‍ത്തു വളര്‍ന്നു പന്തലിച്ചു. സ്വന്തമായ ഒരു കെട്ടിടം എന്ന ആശയം ഉരുത്തിരിയുന്നത് അതിനുശേഷമാണ്. പരിഷത് മാസികയുടെ പ്രസിദ്ധീകരണവും അക്കാലത്ത് പുനരാരംഭിക്കുന്നു. അന്ന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് പ്രസിഡണ്ടും കെ ടി തര്യന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. സാഹിത്യകാരന്മാരുടെ കണ്ണി വിളക്കിക്കെട്ടി ഉറപ്പിച്ചിരുന്ന പി എ സെയ്ദ് മുഹമ്മദ് ആയിരുന്നു അന്ന് വൈസ് പ്രസിഡണ്ട്.

1975 നവംബറില്‍ പ്രസിദ്ധീകരിച്ച മാസികയുടെ പത്രാധിപക്കുറിപ്പില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്:

'പരിഷത്തിന്റെ കനക കാലം എന്നന്നേക്കുമായി മാഞ്ഞുപോയോ എന്ന് പരിഷത് ബന്ധുക്കള്‍ എല്ലാം, നിരാശ പൂര്‍ണ്ണരായി ആശങ്കിച്ചിരുന്ന കൊല്ലങ്ങള്‍ ഇങ്ങിനി വരാത്ത വണ്ണം കഴിഞ്ഞു പോയി. അതിന്റെ അവയവങ്ങളെ ആകെ തളര്‍ത്തി കിടത്തി കളഞ്ഞ ഋണഗ്രഹണത്തില്‍ നിന്ന് ഭാഗ്യവശാലും കര്‍മ്മവശാലും പൂര്‍വികരുടെ പുണ്യപരമായ ഭാഗ്യം കൊണ്ടും ഇപ്പോഴത്തെ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥവും നിരന്തരവുമായ കര്‍മ്മം മൂലവും നിര്‍മുക്തമായി തീര്‍ന്നു. മലയാളികളുടെ മനംകവരുമാര്‍ പ്രകടിപ്പിച്ചിരുന്ന വാര്‍ഷികോത്സവങ്ങള്‍ പൂര്‍വ്വാധികം ആഘോഷ പ്രയോജനങ്ങള്‍ കലര്‍ന്നുകൊണ്ട് വീണ്ടും ആണ്ടു പിഴക്കാതെ നടന്നുവരുന്നു. സാഹിത്യപരിഷത്തിന്റെ മാംസപേശികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു, ഈ അവസരത്തില്‍ അതിന്റെ ജിഹ്വ സ്തംഭിച്ചു കൂട തന്നെ''

അങ്ങനെ 75ല്‍ പുനരുജ്ജീവിപ്പിച്ച പരിഷത്ത് ഇപ്പോള്‍ വെന്റിലേറ്ററില്‍ ആയിരിക്കുന്നു എന്ന സത്യം ദുഃഖത്തോടെ പറയേണ്ടിയിരിക്കുന്നു. സാഹിത്യോത്സവങ്ങള്‍ ഇല്ലാതായി. പേരിനു ചില വഴിപാട് പരിപാടികള്‍ നടന്നു വരുന്നുണ്ടെങ്കിലും സാഹിത്യമണ്ഡലത്തില്‍ പരിഷത്ത് അബോധാവസ്ഥയിലാണ്. സാഹിത്യകാരന്മാര്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ കെട്ടിടത്തില്‍ ഒരു കുടുസു മുറിയും ഹാളും മാത്രമേ ഇന്ന് പരിഷത്തിനുളളു. ബാക്കിയെല്ലാം വാടകയ്ക്ക് കൊടുത്തു. കേരളത്തിലെ സാഹിത്യ സംസ്‌കാരിക സംഘടനകളില്‍ ഏറ്റവും സമ്പന്നരായ സംഘടനയാണ് ഇന്ന് സാഹിത്യ പരിഷത്ത്. ഇപ്പോള്‍ ഒരു പ്രാദേശിക സാംസ്‌കാരിക സംഘടനയുടെ അംഗബലം പോലും പരിഷത്തിനില്ല. കൂടി വന്നാല്‍ രണ്ടു ഓട്ടോറിക്ഷയില്‍ കൊള്ളാവുന്ന സാഹിത്യകാരന്മാരെ പരിഷത്തില്‍ ഇപ്പോള്‍ ഉള്ളൂ ബഹുഭൂരിപക്ഷം പേരും സാഹിത്യകാരന്മാര്‍ അല്ല എന്ന് ദുഃഖത്തോടെ പറയേണ്ടിയിരിക്കുന്നു. വാടക പിരിക്കല്‍ മാത്രമാണ് പ്രധാന പരിപാടി.

ഇപ്പോള്‍ പരിഷത്ത് ഭരണഘടനയ്ക്ക് കടലാസ് വില പോലും ഇല്ല. ഭരണഘടനയെ മറികടന്നാണ് അംഗത്വം നല്‍കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍. അംഗമാകാനുള്ള അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ട് ഒരു അംഗത്തിന്റെ ശുപാര്‍ശയോടെ കൂടി പരിഷത്ത് സെക്രട്ടറിക്കു അയച്ചുകൊടുക്കണമെന്നാണ് ഭരണഘടന പറയുന്നത്. അപേക്ഷ, കാരണം പറയാതെ തന്നെ നിര്‍വാഹക സമിതിക്കു തള്ളിക്കളയാം. ഭരണഘടനയില്‍ ഇപ്രകാരം പറയുമ്പോള്‍ സാഹിത്യ പരിഷത്തിന്റെ ജനറല്‍ ബോഡിയാണ് പരമാധികാര സഭ. പൊതുയോഗത്തില്‍ അല്ലാതെ നിയമങ്ങളോ ചട്ടങ്ങളോ ഒന്നും തന്നെ മാറ്റുവാനോ ഭേദഗതി ചെയ്യുവാനോ പിന്‍വലിക്കുവാനോ കൂട്ടിച്ചേര്‍ക്കുവാനോ പാടുള്ളതല്ല എന്ന് ഭരണഘടനയില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ മാസം വരെ നിര്‍വാഹക സമിതിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് നടപ്പില്‍ വരുന്നത്. അതായത് ഒരംഗം അപേക്ഷ നല്‍കുകയും കമ്മിറ്റി സ്വീകരിച്ച ശേഷം നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച് ഒരു എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ശുപാര്‍ശ ചെയ്യുകയും വേണം. കമ്മിറ്റി അംഗീകരിച്ചതിനു ശേഷം വേണം അംഗത്വത്തിനുള്ള പണം അടയ്ക്കുവാന്‍. ഒരു നിര്‍വാഹക സമിതി അംഗത്തിന് രണ്ടപേക്ഷകരെ അംഗത്വത്തിന് ശുപാര്‍ശ ചെയ്യാം. അതായത് ഭരണഘടനയില്‍ ഏതംഗത്തിനും അപേക്ഷകരെ ശുപാര്‍ശ ചെയ്യാം എന്നത് എക്‌സിക്യൂട്ടീവ് അംഗത്തിനു രണ്ടുപേരെ നിര്‍ദ്ദേശിക്കാം എന്ന് മാറ്റി. ഏത് എക്‌സിക്യൂട്ടീവാണു ഇപ്രകാരം തീരുമാനമെടുത്തതെന്നു അംഗങ്ങള്‍ക്കാര്‍ക്കും അറിവില്ല. പഴയ മിനിറ്റ്‌സ് കളിലൊന്നിലും ഇപ്രകാരം ഒരു തീരുമാനമെടുത്തതായി കാണുന്നില്ല. ജനറല്‍ ബോഡിയിലാകട്ടെ ഇപ്രകാരമൊരു ഭേദഗതി അംഗീകരിപ്പെട്ടിട്ടുമില്ല. അംഗത്വം നല്‍കുന്നതു സംബന്ധിച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളും പ്രസിഡണ്ടും സെക്രട്ടറിയും അവരുടെ ഇഷ്ടാനുസരണം നിര്‍ദ്ദേശം നല്‍കുന്നു. കടലാസില്‍ അപേക്ഷ എഴുതി അയക്കാന്‍ പ്രസിഡന്റ് പറയുമ്പോള്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാന്‍ സെക്രട്ടറിയും. ചിലര്‍ക്ക് ഈ നടപടികള്‍ ഒന്നും വിഷയമല്ല. അവര്‍ക്ക് രണ്ടുപേരെ തീരുമാനിക്കാം എന്ന കാര്യം മാത്രം മാറ്റമില്ലാതെ തുടരണം.

എന്താണ് ഇതിന്റെ ഉദ്ദേശം? 26 അംഗങ്ങള്‍ക്ക് രണ്ടുപേരെ നിര്‍ദ്ദേശിക്കാം എങ്കില്‍ ഒരു കമ്മിറ്റിക്ക് അവരുടെ സ്വന്തക്കാരായ 52 പേരെ അംഗങ്ങള്‍ ആക്കാം എന്നര്‍ത്ഥം. പരിഷത്തിന്റെ നിയന്ത്രണം എക്കാലവും ചിലരെ കേന്ദ്രീകരിച്ചിരിക്കും എന്നത് വസ്തുത. എന്നിട്ടും പരിഷത്തിലെ അംഗസംഖ്യ 200 നടുത്തെ ഉള്ളു. ഒരു ലോക്കല്‍ ക്ലബ്ബിലെ അംഗങ്ങളെക്കാള്‍ കുറവ്. എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ പലര്‍ക്കും പരിഷത്തിന്റെ നടത്തിപ്പില്‍ ഭിന്നാഭിപ്രായം ഉണ്ട്. ഒരു പാനലായി മത്സരിച്ചു വന്നവര്‍ എന്ന നിലയില്‍ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്നേ ഉള്ളു.

ഇപ്പോള്‍ അപേക്ഷ നല്‍കിയവരില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അംഗത്വം നല്‍കാത്ത സാഹിത്യകാരന്മാര്‍ ഉണ്ട്. പരിഷത്തിന്റെ ചരിത്രത്തിലാദ്യമായി സാഹിത്യകാരന്മാര്‍ക്ക് പരിഷത്ത് പ്രവേശം നിര്‍ദ്ദാക്ഷിണ്യം തടഞ്ഞു വയ്ക്കുന്നു. ഓണ്‍ലൈനില്‍ അപേക്ഷിച്ചവരെ പരിഗണിച്ചതേയില്ല. കമ്പ്യൂട്ടറിന്റെ സാധ്യത മനസ്സിലാക്കി പുസ്തക പ്രസിദ്ധീകരണത്തിന് ആദ്യമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച ആളാണ് ഇപ്പോഴത്തെ പ്രസിഡണ്ട് ഇ രാധാകൃഷ്ണന്‍. അദ്ദേഹത്തിന് ഓണ്‍ലൈന്‍ അംഗത്വ അപേക്ഷ സ്വീകാര്യമല്ല. നേരിട്ട് അപേക്ഷിച്ചവരുടെ അപേക്ഷ കമ്മിറ്റിയംഗം ഒപ്പിട്ടിട്ടില്ല എന്ന പേരില്‍ തള്ളി. അപ്രകാരം കുറേ സാഹിത്യകാരന്മാരെ ഒഴിവാക്കി. അതില്‍ അവാര്‍ഡ് ലഭിച്ചവര്‍ പോലും ഉണ്ട്. പറഞ്ഞു വന്നത് സമസ്ത കേരള സാഹിത്യപരിഷത്തില്‍ ഇപ്പോള്‍ സമസ്ത കേരളമോ സാഹിത്യമോ ഇല്ല. കടബാധ്യതകള്‍ തീര്‍ന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ പോലും പ്രവര്‍ത്തിച്ചിരുന്ന പ്രസ് വിറ്റു. മാസിക നിര്‍ത്തി. കാരണം നഷ്ടം. അതേസമയം വാടക വരുമാനം കുതിച്ചുയര്‍ന്നു. ഇപ്പോള്‍ ഏതാണ്ട് ഒന്നരക്കോടി രൂപ ബാങ്കില്‍ നിക്ഷേപം. വെറും വാടക പിരിക്കല്‍ സംഘടനയായി പരിഷത് അധഃപതിച്ചു. ചിലര്‍ പിന്‍സീറ്റിലും മുന്‍സീറ്റിലുമായി പരിഷത്തിനെ ഇഷ്ടാനുസരണം കൊണ്ടു പോകുന്നു. പരിഷത്തിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ക്കും ഈ നിര്‍ജ്ജീവതയില്‍ അതൃപ്തി ഉണ്ട്. പൂര്‍വ സൂരികള്‍ പറഞ്ഞതു പോലെ ഈ കൂരിരുട്ടും മാറും വെളിച്ചം വരും.

ഭരണഘടന പ്രകാരം ലബ്ധ പ്രതിഷ്ഠരായ സാഹിത്യകാരന്മാരെ വിശിഷ്ട സാമാജികന്മാരായി അംഗങ്ങള്‍ ആക്കാം. പ്രത്യേക കാരണങ്ങളാല്‍ അല്ലാതെ ഇവരുടെ എണ്ണം 9 കവിയാന്‍ പാടുള്ളതല്ല. അവര്‍ക്കു സാധാരണ അംഗങ്ങളുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും. അവര്‍ വരിസംഖ്യയോ പ്രവേശന ഫീസോ കൊടുക്കേണ്ടതില്ല. മുതിര്‍ന്ന സാഹിത്യകാരന്മാരായ ടി പത്മനാഭന്‍, എം കെ സാനു തുടങ്ങിയവര്‍ ഇപ്രകാരം അംഗങ്ങളായിരുന്നതാണ്. അടുത്തകാലത്ത് അവരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടു. കാരണം പറയൂന്നത് അവര്‍ക്ക് വോട്ട് അവകാശമില്ലെന്നാണ്. അംഗങ്ങള്‍ക്കുള്ള എല്ലാ അധികാരവും വിശിഷ്ടാംഗങ്ങള്‍ക്ക് ഉണ്ടായിരിക്കും എന്ന് ഒരു ഭരണഘടന പറയുമ്പോള്‍ ഭരണഘടന ഭേദഗതി ഇല്ലാതെ അംഗങ്ങള്‍ അറിയാതെ ഈ സീനിയര്‍ സാഹിത്യകാരന്‍മാരെ ലിസ്റ്റില്‍ നിന്നും നീക്കി. ഒരിക്കലും സാധൂകരിക്കാന്‍ കഴിയാത്ത പ്രവൃത്തി. ടി. പത്മനാഭനെപ്പോലുള്ളവരെ ആദരിക്കുക വഴി പരിഷത്തിന്റെ സ്വീകാര്യത വര്‍ദ്ധിക്കുകയാണ് ചെയ്യുക. പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകം എന്നു തോന്നുന്ന ആറു പ്രശസ്തരായ സാഹിത്യകാരന്മാരെ കമ്മിറ്റിക്കു നാമനിര്‍ദ്ദേശം ചെയ്യാം. ഇത് സംഭവിക്കുന്നുണ്ട്. അതില്‍ പ്രശസ്തര്‍ എത്ര എന്ന് ചോദിക്കുന്നത് രഹസ്യം. എത്രപേര്‍ കമ്മിറ്റികളില്‍ എങ്കിലും പങ്കെടുക്കുന്നു എന്ന് ചോദിക്കുന്നതില്‍ അപാകത ഇല്ലല്ലോ.

പൊതു യോഗങ്ങളില്‍ 26 കമ്മിറ്റി അംഗങ്ങള്‍ ഒരു ഭാഗത്തും സാധാരണ അംഗങ്ങള്‍ മറുഭാഗത്തുമായി ഒരു ചര്‍ച്ചയും നടക്കില്ല. കാരണം കമ്മിറ്റി അംഗങ്ങളെ മാറ്റി നിര്‍ത്തിയാല്‍ പൊതുയോഗത്തില്‍ കോറം ഉണ്ടാകില്ല. കോറം തികഞ്ഞാലും ഭൂരിപക്ഷം കമ്മിറ്റി അംഗങ്ങളായതുകൊണ്ട് പൊതുയോഗത്തിനു ഒരു നിര്‍ദേശവും സമര്‍പ്പിക്കാന്‍ കഴിയില്ല. സാഹിത്യകാരന്മാരുടെ പങ്കാളിത്തം ഇല്ലാതായി എന്നുള്ളത് മാത്രമല്ല, സാഹിത്യകാരന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഐക്യവും സൗഹൃദവും കുടുംബാന്തരീക്ഷവും ഒക്കെ പോയ് മറഞ്ഞു. സാഹിത്യകാരന്മാരെയും സാഹിത്യാസ്വാദകരെയും കൂട്ടിപ്പിടിച്ച് കൊണ്ടുവരുവാന്‍ ചരിത്ര ശക്തികള്‍ പ്രവര്‍ത്തിക്കും. ഈ കൂരിരുട്ടും മാറും, വെളിച്ചം വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com