കുടിയേറുന്നവരെല്ലാം ഭീകരവാദികളല്ല; ഉപരാഷ്ട്രപതി ട്രംപിനെ പ്രതിദ്ധ്വനിപ്പിക്കരുത്

കുടിയേറുന്നവരെല്ലാം ഭീകരവാദികളല്ല; ഉപരാഷ്ട്രപതി ട്രംപിനെ പ്രതിദ്ധ്വനിപ്പിക്കരുത്
Updated on
3 min read

അറുപതുകളുടെ ഒടുവിലും എഴുപതുകളിലുമൊക്കെയായിട്ടാണ് കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിയുള്ള അന്വേഷണം ശക്തിപ്പെടുന്നത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിയുള്ള യാത്രകള്‍ തുടങ്ങുന്നതിനു ഏറെ മുന്‍പുതന്നെ മലയാളിയുടെ പ്രവാസം ആരംഭിച്ചുകഴിഞ്ഞിരുന്നു. ബര്‍മയും സിലോണും സിംഗപ്പൂരും മലേഷ്യയുമൊക്കെയായിരുന്നു അക്കാലത്ത് മലയാളികള്‍ കുടിയേറിയിരുന്ന രാജ്യങ്ങള്‍. എസ്.കെ. പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥയില്‍ ശ്രീധരന്‍ എന്ന കഥാപാത്രം 'കോളാമ്പീന്ന് വന്ന അമ്മാമ' എന്നു പറയുന്ന മറ്റൊരു കഥാപാത്രത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കൊളംബോവിനെ 'കോളാമ്പി' എന്നു പറയുന്നതിലെ ഫലിതം വായനക്കാരനെക്കൊണ്ട് ആസ്വദിപ്പിക്കുന്നുമുണ്ട്. ഇതേക്കുറിച്ച് പറയുമ്പോള്‍ ഇങ്ങനെയൊന്ന് ഓര്‍മ വരുന്നു.

ചെന്നുകയറിയ ഇടങ്ങളിലൊക്കെ തങ്ങളുടേതായ സാമൂഹ്യകൂട്ടായ്മകള്‍ സൃഷ്ടിക്കുന്നതിലും അന്നാട്ടിലെ സാംസ്‌കാരികസാമൂഹ്യമണ്ഡലങ്ങളില്‍ മുദ്ര പതിപ്പിക്കുന്നതിലും മലയാളികള്‍ വിജയിച്ചുപോരുന്നുണ്ട്. ഈ കൂട്ടായ്മകളാണ് മലയാളികള്‍ക്ക് നാടുമായി നാഭീനാളബന്ധം നിലനിര്‍ത്താന്‍ പ്രയോജനപ്പെടുന്ന വേദികളായി മാറാറുള്ളത്. അങ്ങനെ അവര്‍ നാട്ടിലെ സാമൂഹികവും സാംസ്‌കാരികവുമായ ചലനങ്ങളോട് യഥാസമയം പ്രതികരിച്ചുപോന്നു. നാരായണഗുരുവിനെ കൊളംബോയിലേക്ക് ക്ഷണിച്ചുകൊണ്ടുപോയത് ഓര്‍ക്കുക.

1950 കള്‍ക്ക് മുന്‍പ് കേരളത്തിലെ നാലിലൊന്നു കുടുംബങ്ങള്‍ക്ക് പ്രവാസം വഴി ബര്‍മയുമായി ബന്ധമുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരം അന്നാട്ടില്‍ പടര്‍ന്നുപിടിച്ച വ്യാധികള്‍ക്കിരയായി മലയാളികളും മരിച്ചുവീണിട്ടുണ്ട്. ജീവിക്കാനുള്ള ത്വര കൊണ്ട് പില്‍ക്കാലത്ത് കേരളീയര്‍ വീസയോ പാസ്‌പോര്‍ട്ടോ ഇല്ലാതെ തന്നെ ലോഞ്ച് കയറിയും മറ്റും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയവരുണ്ട്. നമുക്കുണ്ടെന്ന് അവകാശപ്പെടാവുന്ന സാമ്പത്തിക സമൃദ്ധിക്ക് അങ്ങനെ സാഹസികമായി എങ്ങനെയെങ്കിലും അക്കരെപ്പറ്റിയവര്‍ നല്‍കിയ സംഭാവനയും അടിത്തറയായി. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യം നേടിയതിനുശേഷവും വ്യാവസായികപുരോഗതി ഉണ്ടാക്കിയ ബോംബെ പോലുള്ള ഇന്ത്യന്‍ നഗരങ്ങളിലും മറ്റും മലയാളികള്‍ കുടിയേറിപാര്‍ക്കുകയും ഇളനീര്‍ക്കച്ചവടം പോലുള്ള ചെറിയ തൊഴിലുകള്‍ ചെയ്യുന്നതുതൊട്ട് വന്‍വ്യവസായശാലകളുടേയും വാണിജ്യസ്ഥാപനങ്ങളുടേയും നേതൃത്വത്തിലിരിക്കുകവരെ ചെയ്തിട്ടുണ്ട്. പത്താം ക്ലാസിനുശേഷം ടൈപ്പ്‌റൈറ്റിംഗും ഷോര്‍ട്ട്ഹാന്‍ഡും പഠിച്ച് തൊഴിലന്വേഷിച്ച് വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോയവര്‍ പഴയകാലത്ത് നിരവധിയാണ്. കേരളം വിട്ട മലയാളികള്‍ ഈ ഇന്ത്യന്‍ നഗരങ്ങളിലും തങ്ങളുടേതായ മുദ്ര പതിപ്പിച്ചു. അധോലോകം മുതല്‍ പ്രാദേശിക ഭരണകൂടങ്ങളില്‍ വരെ അവരുടെ സാന്നിദ്ധ്യമുണ്ടായി.

സ്വന്തമായി നാടുള്ളവര്‍ക്കാണ് നാടുവിട്ടുപോകാനാകുക. എന്നാല്‍ നാട് നമ്മുടെ സ്വന്തമല്ലാതിരുന്ന കാലത്തും പ്രവാസമുണ്ടായിട്ടുണ്ട്. 1891ല്‍ ഇംഗ്ലണ്ടില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കി ഏറെവൈകാതെ ഒരുവര്‍ഷത്തെ ജോലിക്കുള്ള കരാറിലാണ് ദക്ഷിണാഫ്രിക്കയിലേക്ക് ഗാന്ധിജി പോകുന്നത്. അവിടത്തെ അനുഭവങ്ങളാല്‍ പരുവപ്പെട്ടാണ് തിരികെ ഇന്ത്യയിലേക്ക് മടങ്ങുന്നത്. 1915 ജനുവരിയില്‍.

സ്വന്തമായി നാടുള്ളവര്‍ക്കാണ് നാടുവിട്ടുപോകാനാകുക. എന്നാല്‍ നാട് നമ്മുടെ സ്വന്തമല്ലാതിരുന്ന കാലത്തും പ്രവാസമുണ്ടായിട്ടുണ്ട്.

ശരിക്കും പറഞ്ഞാല്‍ ബര്‍മയും ഏഡന്‍ ഉള്‍പ്പെടുന്ന ചില യെമനീസ് പ്രദേശങ്ങളും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പ്രദേശങ്ങളായതുകൊണ്ട് വേണമെങ്കില്‍ ആ പ്രദേശങ്ങളിലേക്കുള്ള മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ജോലി അന്വേഷിച്ചുള്ള കുടിയേറ്റവും പ്രവാസവും താരതമ്യേന എളുപ്പമായിരിക്കണം. 1935 ലെ ഗവണ്മെന്റ് ഒഫ് ഇന്ത്യ ആക്ട് പ്രകാരം ഈ രണ്ടു പ്രദേശങ്ങളും ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തപ്പെട്ടു. ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന മറ്റു ദേശങ്ങളിലേക്കും ഇന്ത്യക്കാര്‍ കൂട്ടത്തോടെ കുടിയേറുകയും തന്നാട്ടുകാരായി മാറുകയും ചെയ്തതതായി ചരിത്രമുണ്ട്. ഒരുപക്ഷേ, മലയാളികളേക്കാള്‍ പ്രവാസതല്‍പരത പ്രകടിപ്പിച്ചുപോരുന്നവരാണ് ഗുജറാത്തികളും പഞ്ചാബികളും. വിദേശത്തുനിന്നും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഗദ്ദര്‍ മൂവ്‌മെന്റില്‍ പഞ്ചാബികളായ പ്രവാസികളുടെ പങ്ക് സുവിദിതമാണ്. ഗുജറാത്തിലാകട്ടേ, ആഫ്രിക്കന്‍ രാജ്യങ്ങളിലും യെമനിലുമൊക്കെ മുന്‍കാലങ്ങളില്‍ത്തന്നെ വേരുറപ്പിച്ചിട്ടുണ്ട്. ഗുജറാത്തികള്‍ പൊതുവേ ഒരു വാണിജ്യസമൂഹമാണ്. പ്രാചീനകാലം തൊട്ട് അവര്‍ കടല്‍ കടന്ന് വാണിജ്യത്തിനായി അന്യനാട്ടുകളിലെത്തിയിട്ടുണ്ട്. യെമനു തെക്കുഭാഗത്തായും ഈജിപ്തിന് കിഴക്കായും സ്ഥിതി ചെയ്യുന്ന സൊക്കൊട്ടോറ ദ്വീപില്‍ നിന്നും കണ്ടെടുത്ത ഇന്ത്യന്‍ ശിലാലിഖിതങ്ങള്‍ക്ക് 'ഉത്തരവാദികള്‍' മിക്കവാറും ഈ ഗുജറാത്തി വണിക്കുകള്‍ തന്നെയാകാനാണ് ഇട. സ്വാഹിലി സംസാരിക്കുന്ന തീരപ്രദേശത്തടക്കം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗുജറാത്തികള്‍ക്ക് സാമ്പത്തിക, വാണിജ്യമണ്ഡലങ്ങളില്‍ ചെലുത്താനായ വമ്പന്‍ സ്വാധീനം ചിലപ്പോഴൊക്കെ അവര്‍ക്ക് എതിരായും ഭവിച്ചിട്ടുണ്ട്. 1972ല്‍ ഈദി അമീന്‍ അറുപതിനായിരത്തിലേറെ ഇന്ത്യക്കാരെയാണ് പുറത്താക്കിയത്. അവയില്‍ ബഹുഭൂരിപക്ഷവും ഗുജറാത്തികളായിരുന്നു. ഇന്നും കടലുകടന്ന് അന്യദേശങ്ങളില്‍ തൊഴിലുതേടിയും മറ്റും പോകുന്നവരില്‍ ഗുജറാത്തികള്‍ തന്നെ മുന്‍പില്‍. ഈയിടെ യുഎസ് നാടുകടത്തിയ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ വലിയൊരു പങ്ക് ഗുജറാത്തികളാണ് എന്നതു ശ്രദ്ധിക്കുക.

കരാറടിസ്ഥാനത്തില്‍ വലിയ തോതില്‍ തൊഴിലാളികളെ ഇന്ത്യയില്‍ നിന്നും തങ്ങളുടെ അധീനതയിലുള്ള മറ്റു കോളനി രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന സമ്പ്രദായം ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടായിരുന്നു. കരീബിയന്‍ ദ്വീപുകള്‍, മൗറീഷ്യസ്, ഫിജി തുടങ്ങിയ രാഷ്!ട്രങ്ങളിലൊക്കെ വലിയ തോതില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം ഉണ്ടായതിനു കാരണം ഇതാണ്. ഫിജിയിലെ കരിമ്പിന്‍ തോട്ടങ്ങളില്‍ ക്ലേശമനുഭവിക്കേണ്ടിവന്ന ഇന്ത്യക്കാര്‍ക്കുവേണ്ടി ഗാന്ധിജി ശബ്ദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍ക്ക് അലോസരമുണ്ടാക്കി. ഒടുവില്‍ 1920കളില്‍ അവര്‍ ആ പരിപാടി അവസാനിപ്പിച്ചു.

മോശപ്പെട്ട ഒരു ഭാവിയാണ് തങ്ങളെ ചിലപ്പോള്‍ അവിടെ കാത്തിരിക്കുക എന്നോര്‍ത്തിട്ടല്ല ഒരാളും തൊഴില്‍ തേടിയും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം കാംക്ഷിച്ചും അന്യരാജ്യത്തേക്കു പോകുന്നത്. കരാര്‍ തൊഴിലാളികളായിട്ടോ എങ്ങനെയെങ്കിലും 'കര പറ്റുക' എന്നതാണ് ലക്ഷ്യം. പാസ്‌പോര്‍ട്ടും വീസയും ആവശ്യമായ മറ്റു രേഖകളൊന്നും അവരുടെ പക്കലുണ്ടായെന്ന് വരില്ല. ഇങ്ങനെ ജോലിയും മെച്ചപ്പെട്ട ജീവിതവും തേടി അന്യദേശങ്ങളിലെത്തുന്നവര്‍ ചിലപ്പോള്‍ ആ ദേശങ്ങളില്‍ തന്നെ താമസമുറപ്പിക്കുകയും അന്നാട് തന്‍ നാട് ആക്കി മാറ്റുകയും ചെയ്യും. ചിലപ്പോള്‍ അവിടത്തെ ജനസംഖ്യാപരമായ സവിശേഷതകളെ സ്വാധീനിക്കുകയും ചെയ്യും. ഇക്കാര്യത്തിലും ഇന്ത്യക്കാരെ ഒഴിച്ചുനിര്‍ത്താനാകില്ല. അവര്‍ ഇന്ന് പല രാജ്യങ്ങളിലും കണക്കിലെടുക്കേണ്ട ഒരു വിഭാഗമായി മാറിയിട്ടുണ്ട്.

അതിദേശീയതയുടേതായ ഇക്കാലത്ത് ട്രംപിനെപ്പോലുള്ള രാഷ്ട്രനേതാക്കള്‍ കൈക്കൊള്ളുന്ന കുടിയേറ്റ വിരുദ്ധ സമീപനത്തെ അതിനിശിതമായി വിമര്‍ശിക്കുന്നയാളാണ് പോപ്പ്. പഴയ നിയമത്തിലെ പുറപ്പാട് പുസ്തകത്തില്‍ നിന്നാണ് ഈ അദ്ധ്യായത്തിന്റെ പേര് അദ്ദേഹം കടംകൊണ്ടിരിക്കുന്നത്

ലോകത്തെവിടേയും ജനസംഖ്യാപരമായ മാറ്റം സൃഷ്ടിക്കുന്ന തരത്തിലുള്ള കുടിയേറ്റം നടന്നിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. കുടിയേറ്റം രണ്ടുതരത്തിലും രണ്ടുവിധത്തിലുമുണ്ട്. അന്യദേശത്തേക്ക് തൊഴിലും മറ്റും തേടി പോയി അവിടെ താല്‍ക്കാലികമായി കുടിയേറി പാര്‍ക്കുന്നതും സ്ഥിരമായി കുടിയേറുന്നവരും ഉണ്ട്. അതുപോലെ നിയമപരമായി സ്ഥിരമായി കുടിയേറുന്നവരും അനധികൃതമായി അന്യദേശത്ത് തലമുറകളോളം കഴിയുന്നവരും ഉണ്ട്. ഏതുതരത്തിലായാലും ജീവിക്കുക എന്ന സംഗതിയാണ് അടിസ്ഥാനപരമായി പ്രേരണയാകുന്നത്.

ഇക്കഴിഞ്ഞ ദിവസം ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞത് ഇന്ത്യയ്ക്കു പുറത്തുനിന്നെത്തുന്നവര്‍ നമ്മുടെ തൊഴിലിന്‍മേല്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലൊക്കെ ആവശ്യങ്ങളുയര്‍ത്തുകയും നമ്മുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു ഘടകമായി തീരുകയും' ചെയ്യുന്നുവെന്നാണ്. ട്രംപ് അടക്കമുള്ള ലോകമെമ്പാടുമുള്ള രാഷ്ട്രനേതാക്കളെല്ലാം സംസാരിക്കുന്ന അതേ സ്വരത്തില്‍ തന്നെയാണ് ഉപരാഷ്ട്രപതിയും സംസാരിച്ചത് എന്നതു ശ്രദ്ധേയം. തീര്‍ച്ചയായും കുടിയേറ്റം സൃഷ്ടിക്കുന്ന സാമൂഹികപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്‌തേ തീരൂ. അത് രാഷ്ട്രത്തിന്റെ സാമൂഹികഘടനയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളും പരിഗണിച്ചേ തീരൂ. എന്നാല്‍ അനധികൃതമായി കുടിയേറുന്നവരെല്ലാം ഭീകരവാദികളോ രാഷ്ട്രത്തിന്റെ സാമൂഹികഘടനയെ അട്ടിമറിക്കാന്‍ ബോധപൂര്‍വം ഒരുമ്പെടുന്നവരോ അല്ല എന്നും മാനുഷികമായ പരിഗണന ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും അവരുടെ പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ഭരണാധികാരികള്‍ക്ക് മനസ്സിലുണ്ടാകണം.

പോപ്പ് ഫ്രാന്‍സിസിന്റെ 'ഹോപ്പ്' എന്നു പേരുള്ള ആത്മകഥയിലെ 'May my tongue stick to my palate' എന്ന ആദ്യ അദ്ധ്യായം തന്നെ കുടിയേറുന്നവരെ കുറിച്ചാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറ്റലിയില്‍ നിന്നും അഭയമിരന്നെത്തിയവരാണ് തന്റെ പൂര്‍വികരെന്ന സ്മരണ ഉയര്‍ത്തിപ്പിടിച്ചാണ്. അതിദേശീയതയുടേതായ ഇക്കാലത്ത് ട്രംപിനെപ്പോലുള്ള രാഷ്ട്രനേതാക്കള്‍ കൈക്കൊള്ളുന്ന കുടിയേറ്റ വിരുദ്ധ സമീപനത്തെ അതിനിശിതമായി വിമര്‍ശിക്കുന്നയാളാണ് പോപ്പ്. പഴയ നിയമത്തിലെ പുറപ്പാട് പുസ്തകത്തില്‍ നിന്നാണ് ഈ അദ്ധ്യായത്തിന്റെ പേര് അദ്ദേഹം കടംകൊണ്ടിരിക്കുന്നത്. വേരുകള്‍ മറക്കുന്നതിലും ഭേദം നാവുപൊങ്ങാതിരിക്കലാണ് എന്നാണ് വ്യംഗ്യം. ദേശദേശാന്തരങ്ങളില്‍ നിലനില്‍പ് തേടിയും ജീവിതമന്വേഷിച്ചും എത്തിയവരാണ് സംസ്‌കാരങ്ങളും രാഷ്ട്രങ്ങളും പടുത്തുയര്‍ത്തിയിട്ടുള്ളത്. പുസ്തകത്തിന്റെ തുടക്കത്തില്‍ അദ്ദേഹം ലാറ്റിനമേരിക്കന്‍ കവി ഒക്ടേവിയോ പാസ്സ് ഓര്‍മയെ നിര്‍വചിക്കുന്നത് ('Memory is a present that never ceasest to exist') എടുത്തുപറയുന്നുണ്ട്. ദേശദേശാന്തരങ്ങളിലേക്ക് നിരന്തരം കുടിയേറുകയും അവിടങ്ങളില്‍ സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യപ്രകൃതം എന്ന് ഓര്‍മ്മിക്കണം എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com