പെങ്ങന്മാരെ, നിങ്ങളെ തന്ന ദൈവത്തിനും ഉപ്പാക്കും ഉമ്മാക്കും ഓര്‍മ്മകളുടെ ഈ പെരുന്നാള്‍

നിങ്ങളില്ലായിരുന്നെങ്കില്‍ ജീവിതത്തിന് ഒരു രസവുമുണ്ടാകുമായിരുന്നില്ല
ത്യാഗസ്മരണകള്‍ ഉണര്‍ത്തി ഇന്ന് ബലിപെരുന്നാള്‍/എപി
ത്യാഗസ്മരണകള്‍ ഉണര്‍ത്തി ഇന്ന് ബലിപെരുന്നാള്‍/എപി
Updated on
3 min read

ഓര്‍മ്മ എന്ന ഒറ്റ വാക്കാണ് നാം

ആണായിരിക്കുക എന്നതില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അച്ചുതണ്ടുണ്ട്. 'സര്‍വ്വം സഹയായ ഭൂമി' എന്നല്ലാതെ 'സര്‍വ്വംസഹയായ അച്ചുതണ്ട്' എന്ന് ആരും പറയാറില്ല. ഭൂമിക്കു നല്‍കുന്ന അതേ വിശേഷണം തന്നെ സ്ത്രീകള്‍ക്കും. 'സര്‍വ്വം സഹ' - ഈ വാഴ്ത്തുപാട്ടില്‍ വീണുപോകാത്തവരില്ല. ഇത്തരം പ്രശംസകള്‍ നല്‍കാന്‍ പുരുഷന് ഇഷ്ടവുമാണ്. വേറൊരു കണ്ണിലൂടെ നോക്കുമ്പോള്‍, പുരുഷന്‍ ഒരു സാധുമൃഗമാണ്. സര്‍വ്വം സഹനല്ല, ഈ മൃഗം. ഈയിടെ മാത്രം പരിചയപ്പെട്ട ഒരു കൂട്ടുകാരി, തന്റെ വിവാഹം നിശ്ചയിച്ച കാര്യം അറിയിച്ചത്, ''ഞാനൊരു പോത്തിനെ കെട്ടാന്‍ പോകുന്നു'' എന്നാണ്. പ്രീ ഡിഗ്രിക്ക് പഠിച്ച എന്‍.എന്‍. കക്കാടിന്റെ 'പോത്ത്' എന്ന കവിത അപ്പോള്‍ ഓര്‍മ്മവന്നു. യഥാര്‍ത്ഥത്തില്‍ അത് മനോഹരമായ വിശേഷണമാണ്. 'പോത്ത്' എന്നു തന്റെ കാമുകനേയോ ഭര്‍ത്താവിനേയോ ഒരു സ്ത്രീ വിശേഷിപ്പിക്കുമ്പോള്‍ അതില്‍ സന്നിഹിതമാകുന്ന ആശയം വളരെ ലളിതമാണ്, 'ഉഴുതുമറിക്കുന്ന മൃഗം.' ഏത് വയലാണ് ഉഴുതുമറിക്കുന്നത് എന്ന് വേദപുസ്തകം വായിച്ചവര്‍ക്കറിയാം.

ആങ്ങള, കാമുകന്‍, സുഹൃത്ത്, അച്ഛന്‍, ഭര്‍ത്താവ്-ആണായി പല വേഷപ്പകര്‍ച്ചകള്‍. അങ്ങനെ തന്നെ തിരിച്ചിട്ടാല്‍ നാണയത്തിനു മറുപുറം മറ്റൊന്നായി. എന്നാല്‍, പുരുഷന്‍ ഒരു സാധു മൃഗമായതിനാല്‍ കാവ്യാത്മകപ്രശംസകള്‍ നന്നേ കുറവ്.

ആങ്ങള എന്ന നിലയില്‍ ജീവിച്ച/ജീവിക്കുന്ന ഓര്‍മ്മയെ അടയാളപ്പെടുത്തുമ്പോള്‍, സംശയമില്ല, നിങ്ങളിലെ അദൃശ്യമായ അച്ചുതണ്ടില്‍ ഓര്‍മ്മകള്‍ വലയം വെക്കും.

ഓര്‍ത്തുനോക്കുമ്പോള്‍ പെങ്ങള്‍ അതിവൈകാരികമായ മറ്റൊരു ഭാവ പരിസരമാണ്. 

എന്റെ ബാല്യം, നാലു പെങ്ങന്മാരോട് ഏറെ കടപ്പെട്ടിരിക്കുന്നു. അത് ഒരു ഊഞ്ഞാലിന്റെ ഓര്‍മ്മയാണ്. പഴയ പുരയുടെ മരംകൊണ്ടു പാകിയ മച്ചിന് ആണി തറപ്പിച്ച്, ഉപ്പ സിംഗപ്പൂരില്‍നിന്നു കൊണ്ടുവന്ന ഒരു സ്പ്രിംങ്ങില്‍ ആ തുണിയൂഞ്ഞാല്‍, മിക്കവാറും വര്‍ഷങ്ങളില്‍ നിറഞ്ഞുതന്നെ നിന്നു. മച്ചിലേക്ക് കയറാനുള്ള ഏണിയുടെ (കോവണി എന്നോ ഗോവണി എന്നോ ഞങ്ങള്‍ പറയാറില്ല) അരികെയായിരുന്നു ആ ഊഞ്ഞാല്‍. ഉപ്പ സിംഗപ്പൂരില്‍നിന്ന് വന്നു തിരിച്ചുപോയി ഒന്‍പത് മാസവും പത്ത് ദിവസവും തികയുമ്പോള്‍, ദൈവം തരുന്ന കളിപ്പാട്ടംപോലെ, നാലു പെങ്ങന്മാര്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ പിറന്നു. പെങ്ങന്മാരുടെ തീട്ടത്തിന്റെ ഓര്‍മ്മ, തക്കാളി മുറിച്ചിട്ടാല്‍ കാണുന്ന പാടപോലെയാണ്. പാലുകുടിച്ച വെളുത്ത കുഞ്ഞുങ്ങള്‍ തക്കാളി തൂറുന്നത് എന്തെന്ന് ആ കാലത്ത് ഞാനേറെ അത്ഭുതപ്പെടാറുണ്ട്.

ഊഞ്ഞാലില്‍ പെങ്ങന്മാര്‍ ഉറങ്ങാത്ത നേരങ്ങളില്‍ ഞാന്‍ ഇരുന്നാടി, അപ്പോഴൊക്കെ ഉമ്മയുടെ തല്ലു കിട്ടി.

മൂത്ത പെങ്ങള്‍ മറിയംബിയെ ഒന്നാം ക്ലാസ്സില്‍ കൊണ്ടുപോകുന്നത് തൊട്ടുള്ള ഓര്‍മ്മയുണ്ട്. ചെറീക്കാക്ക ഗള്‍ഫില്‍നിന്നു കൊണ്ടുവന്ന വെള്ള ഫ്രോക്ക് ആണ് അവള്‍ ധരിച്ചത്. അരയില്‍ ചുവന്ന ഞൊറികള്‍ ഉള്ള ആ ഫ്രോക്ക് കാണാന്‍ മനോഹരമായിരുന്നു. ഗ്ലാസ്സിന്റെ കൈപ്പിടിയുള്ള ഒരു കുഞ്ഞുകുടയും പ്ലാസ്റ്റിക് വയര്‍കൊണ്ടു നെയ്ത പുസ്തകസഞ്ചിയും... അവളുടെ കൈപിടിച്ച് ഞാന്‍ സ്‌കൂളില്‍ പോയി. മഴയുണ്ടായിരുന്നെങ്കിലും അവള്‍ വിയര്‍ത്തിരുന്നു. എനിക്കും അവള്‍ക്കുമിടയില്‍ ഒരാണ്‍കുഞ്ഞ് കൂടി പിറന്നിരുന്നു. പ്രസവത്തില്‍ത്തന്നെ മരണപ്പെട്ടു. കബറടക്കും മുന്നേ 'നാസര്‍' എന്ന് അവനു പേര്‍ വിളിച്ചു. അവന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍, എന്നെ 'നിലയ്ക്കു നിര്‍ത്തു'ന്ന ഒരാള്‍ ഉണ്ടായേനെ എന്നു തോന്നിയിട്ടുണ്ട്.

ഉമ്മ ഗര്‍ഭം ധരിച്ച് ഏഴാം മാസം പിറന്നാല്‍, യാസീന്‍ പള്ളിയില്‍ ചെന്ന് 'അറബി'യില്‍ 'വസി'യെഴുതിയതുമായി വരും. വെളുത്ത സിറാമിക് പ്ലെയിറ്റില്‍, ഔഷധക്കായയുടെ മഷിയാല്‍ മുനകൂര്‍പ്പിച്ച മരക്കഷണം കൊണ്ടാണ് ഗഫൂര്‍ ഉസ്താദ് 'വസി'യെഴുതുക. അത് ടവ്വലില്‍ പൊതിഞ്ഞ് ഞാന്‍ കൊണ്ടുവരും. ഉമ്മ അത് ബിസ്മി ചൊല്ലി നക്കിത്തുടക്കും. പിറക്കുന്ന കുഞ്ഞിന് ആവതും ആഫിയത്തും കിട്ടാനാണ് അത്.

മറിയം, സുഹു, സാജി, സുജി ''കണ്ടേറ് കളിക്കാന്‍ മാത്രം നിനക്ക് പെങ്ങന്മാരുണ്ടല്ലോ'' എന്നു ബാല്യത്തില്‍ ചില ചങ്ങാതിമാര്‍ എന്നെ കളിയാക്കി വിട്ടിട്ടുണ്ട്. എന്നാല്‍, ഞങ്ങളുടെ അയല്‍ക്കാരായ സ്ത്രീകള്‍ക്കും എട്ടു മക്കളുണ്ടായിരുന്നു. 'എട്ടു കണ്ടം' എന്നു പഴയ കണ്ടം കൊത്തുകാരന്‍ തമാശയായി പറയാറുണ്ട്. ജൂഡിത്താമ്മക്ക് എട്ട് മക്കള്‍, റാബിത്താക്ക് എട്ടു മക്കള്‍, അസ്മ എന്ന എന്റെ ഉമ്മാക്ക് എട്ടു മക്കള്‍. ഞങ്ങള്‍ക്ക് ബാല്യം അസ്തമിക്കാന്‍ ആഗ്രഹിക്കാത്ത വൈകുന്നേരങ്ങളുടെ ഓര്‍മ്മയാണ്.

പെങ്ങന്മാരില്‍ എനിക്ക് ഏറ്റവും വിഷാദമുണ്ടാക്കുന്ന ഓര്‍മ്മ, 'പേന്‍ തലച്ചി'കളായ അവരുടെ മുടി ചെറീകാക്ക കൊണ്ടുവന്ന 'ടൈലര്‍' കത്തികൊണ്ട് ഉമ്മ മുറിച്ചിടുന്നതാണ്. ആറ് മാസം മൊട്ടയും ആറ് മാസം മുടിയും! മൊട്ടയും മുടിയും ചൊറിയുമുള്ള അവരുടെ തലക്ക് സോപ്പിട്ടാലും മാറാത്ത ഒരു മണമുണ്ടായിരുന്നു. ചുവന്ന പിടിയുള്ള കത്രിക കാണുമ്പോള്‍ ഇന്നും മുറിഞ്ഞുവീണ മുടിച്ചുരുളുകള്‍ ഓര്‍മ്മവരും. ഇപ്പോഴത്തെ പെണ്‍കുട്ടികളില്‍നിന്നു പേനൊക്കെ എങ്ങോട്ടാണ് പോയത്? തലയില്‍നിന്നു ചളി കുറഞ്ഞപ്പോള്‍ പേനുകള്‍ വിട്ടുപോയതായിരിക്കുമോ? വെളിച്ചം വന്ന വീടുകളില്‍നിന്നു മൂട്ടകള്‍ ഒഴിഞ്ഞതുപോലെ?

ഊഞ്ഞാലില്‍ കിടക്കുമ്പോഴും ആങ്ങളമാരുടെ ചുമലില്‍ കിടക്കുമ്പോഴും പെങ്ങന്മാര്‍ കരയാറേയില്ല. കൈ കഴക്കുമ്പോള്‍ അവരുടെ ഇളം ചന്തിക്ക് ഞാന്‍ നുള്ളു കൊടുക്കും, അപ്പോള്‍ കരയും. പിന്നെ ഇദ്രീസ് എടുക്കും. ഇദ്രീസ് അത്ര ക്ഷമാശീലനല്ല, എടുത്തയുടന്‍ തുടയ്ക്ക് നുള്ളി കരയിപ്പിച്ച് എന്നെ തിരിച്ചേല്‍പ്പിക്കും. എത്ര നുള്ള് കിട്ടിയിട്ടുണ്ട്, കുഞ്ഞു പെങ്ങന്മാര്‍ക്ക്! ഇടയ്ക്ക് അവര്‍ക്ക് ഇര പോകാനുള്ള മരുന്നു കൊടുക്കും ഉമ്മ. അവര്‍ തൂറാനിരുന്നാല്‍ ഇര പോകുന്നുണ്ടോ എന്നു ഞാന്‍ ഉറ്റുനോക്കും. ഉമ്മ ചട്ടുകം എടുത്ത് എന്നെ ഓടിക്കും.

നോമ്പ്, പെരുന്നാള്‍, പള്ളിപ്പെരുന്നാള്‍ ചന്ത പെങ്ങന്മാരിലൂടെ ഞാന്‍ വളര്‍ന്നു. എന്റെ രാത്രിഭയങ്ങള്‍ ഇല്ലാതാക്കിയത് പെങ്ങന്മാരാണ്. ഉമ്മ, എട്ടു മക്കളെ മാനേജ് ചെയ്തത് വലിയൊരു വിസ്മയമാണ്. അല്ലെങ്കിലും വിസ്മയത്തിനെയാണല്ലോ നാം 'ഉമ്മ' എന്നു വിളിക്കുന്നത്.

നാട്ടിലുണ്ടാവുമ്പോള്‍, ഒരു പെരുന്നാളിനും ഞാന്‍ പെങ്ങന്മാരുടെ അരികില്‍ പോകാതിരുന്നിട്ടില്ല. ചെറുതും വലുതുമായ ഏതു കാര്യത്തിനും അവര്‍ ആദ്യം വിളിക്കുന്ന ഈ ആങ്ങള, ലോക്ഡൗണില്‍ ഓര്‍മ്മകള്‍കൊണ്ട് അവരെ തൊടുന്നു... പെങ്ങന്മാരെ, നിങ്ങളില്ലായിരുന്നെങ്കില്‍ ജീവിതത്തിന് ഒരു രസവുമുണ്ടാകുമായിരുന്നില്ല. നിങ്ങളെ തന്ന ദൈവത്തിനും ഉപ്പാക്കും ഉമ്മാക്കും ഓര്‍മ്മകളുടെ ഈ പെരുന്നാള്‍.

രണ്ട്:

ആത്മഹത്യ ചെയ്ത ആ മനുഷ്യന് ആദരാഞ്ജലി 

ജീവിക്കണം എന്നത് ഏത് ജീവിയുടേയും ആഗ്രഹമാണ്. എന്നാല്‍, 'ഒന്നു മരിച്ചുകിട്ടിയെങ്കി' എന്നു വല്ലാത്തൊരു ടേണിങ്ങ് പോയിന്റിലെത്തുമ്പോള്‍ ചിലരാഗ്രഹിക്കും. ''ഇങ്ങനെ ജീവിക്കുന്നതിലും ഭേദം കൊറോണ പിടിപെട്ട് മരിക്കലാണ്'' എന്ന് ഒരു കച്ചവടക്കാരന്‍ പറയുമ്പോള്‍ ജീവിതത്തിന്റെ വല്ലാത്തൊരു വിങ്ങിപ്പൊട്ടല്‍ അതിലുണ്ട്. ''അറിഞ്ഞു കളിച്ചാല്‍ മതി'' എന്ന അധികാരത്തിന്റെ ഗര്‍വ്വിഷ്ഠമായ ഭാഷ ഉപയോഗിക്കുന്നവര്‍ വളരെ സേഫ് സോണിലാണ്. ഭരണകൂടത്തെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നു, അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ ജനങ്ങള്‍ക്കെതിരെ 'തല തിരിച്ചു' നിര്‍ത്തുന്നതില്‍ മിടുക്കരായ ഉദ്യോഗസ്ഥരുണ്ട്. പ്രായോഗികമായ ഭാവനാശേഷി അവരുടെ തലയുടെ മുറ്റത്തുകൂടി നടന്നുപോയിട്ടുണ്ടാവില്ല.

മലയാളി പൗരന്‍ എന്ന നിലയില്‍, 'അനിവാര്യമായ കാരണ'ങ്ങളില്‍ യാത്ര ചെയ്യേണ്ടിവരുന്ന ആള്‍ എന്ന നിലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, 'ഇരുന്ന് ഭക്ഷണം' കഴിക്കാന്‍ കഴിയുന്നില്ല എന്നതാണ്. പാര്‍സല്‍ വാങ്ങിയ ഭക്ഷണം, എവിടെ നിന്നെങ്കിലും തിന്നണം. വെയ്സ്റ്റ് കളയാന്‍ ബിന്‍ തപ്പി നടക്കണം, വായ് കഴുകാനും തുപ്പാനും യാചനാപൂര്‍വ്വം നടക്കണം; ഇതിനുപകരം കൃത്യമായ മാനദണ്ഡങ്ങളോടെ ഹോട്ടലുകള്‍ തുറക്കാം. ആ വിധം ആലോചനകള്‍ നടക്കില്ല. ''പുറത്തിറങ്ങുന്നതു കൊണ്ടല്ലേ ഭക്ഷണം കഴിക്കേണ്ടിവരുന്നത്, പുറത്തിറങ്ങാതിരുന്നാല്‍ പോരെ?'' എന്നായിരിക്കും, താത്ത്വികമായ ചോദ്യം.

അടുത്തത്, എന്തിനാ പുറത്തിറങ്ങുന്നത്, കിറ്റ് തരുന്നില്ലേ എന്ന മറ്റൊരു ചോദ്യം. കിറ്റ് എത്ര മാരകമായ ഔദാര്യമാണ് എന്ന് ഇപ്പോള്‍ പലരും തിരിച്ചറിയുന്നുണ്ട്. 'അണ്ണാക്കില്‍ ലഡു കയറ്റി വായടപ്പി'ക്കാനുള്ള അടവായിക്കൂടി അതു മാറുന്നുണ്ട്. ഒരു ജനാധിപത്യ സമൂഹത്തില്‍ തീര്‍ച്ചയായും ഉണരേണ്ട ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ എവിടെയും രേഖപ്പെടുത്തുന്നില്ല. 'വിദഗ്ദ്ധരാല്‍ തീരുമാനിക്കപ്പെടുന്ന' അവിദഗ്ദ്ധ പരിസരത്താണ് നാം ജീവിക്കുന്നത്. ജീവിക്കാന്‍ വേണ്ടി മരിച്ചതുപോലെ ജീവിക്കേണ്ടിവരുന്ന നിര്‍ഭാഗ്യ സമൂഹം വേറെയില്ല. ഇതെഴുതുമ്പോള്‍, തിരുവനന്തപുരം ഒരു സൗണ്ട് ആന്റ് ലൈറ്റ് കടയുടമ ആത്മഹത്യ ചെയ്തിട്ടുണ്ട്. അയാള്‍ വെച്ചു കൊടുത്ത മൈക്കില്‍ ശബ്ദിച്ചവരും പാടിയവരും പ്രസംഗിച്ചവരും ഈ നിമിഷം ഓര്‍മ്മകൊണ്ട് തല കുനിക്കാതിരിക്കില്ല. കൊവിഡ്, മരിക്കാനാഗ്രഹിക്കുന്നവരെ ഭയന്നെങ്കിലും പിന്മാറാതിരിക്കില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com