'ലഹരിക്ക് ഒരു മതമേയുള്ളൂ, ലഹരി !'
പ്രഭാഷണങ്ങള്‍ മനുഷ്യരെ മാറ്റിത്തീര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ട് / ഇല്ല എന്ന രണ്ട് ഉത്തരങ്ങളുടെയും പടവുകളില്‍ കയറി നില്‍ക്കാന്‍ ആളുകളുണ്ടാവും. 'അതാ, പ്രസംഗം കേട്ട് നന്നായിപ്പോയ ഒരു മനുഷ്യന്‍' എന്ന് ആരും ആരെയും ചൂണ്ടിപ്പറയാനിടയില്ല. എന്നാല്‍, ' രോഗശാന്തി ശുശ്രൂഷ 'യിലെ വചന പ്രഘോഷണം കേട്ട് പിരിയിളകിപ്പോയ ചിലരെ ഈ ലേഖകന് നേരിട്ടറിയാം. വളരെ സന്തോഷത്തോടെ ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയ ചിലര്‍ ഏതോ തരം കുറ്റബോധമനസ്ഥിതിക്ക് വിധേയരായി, തുടര്‍ന്നുള്ള ജീവിതം വിഭ്രാന്തിയോടെ കഴിച്ചു കൂട്ടിയത് അറിയാം. അത്തരമൊരു സ്ത്രീയെ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞത്, ' നരകത്തില്‍ ഞാന്‍ വീണു, നരകത്തില്‍ ഞാന്‍ വീണു ' എന്നീ രണ്ടു വാക്കുകള്‍ മാത്രമായിരുന്നു. ആ സാധു സ്ത്രീ ഒരുതരം 'പൊള്ളലോടെ'യാണ് പിന്നീട് ജീവിച്ചത്. മെച്ചപ്പെട്ട ആധുനിക മനശ്ശാസ്ത്ര ചികിത്സ കൊണ്ട് ആ വിഭ്രാമകമായ അവസ്ഥ ചികിത്സിച്ചു ഭേദമാക്കാമായിരുന്നെങ്കിലും ഏതാണ്ടൊരു അനാഥജീവിതം നയിച്ച അവരെ അതിലേക്ക് കൊണ്ടുപോകാന്‍ ആരുമില്ലായിരുന്നു. പിന്നെ നാട്ടില്‍ അലഞ്ഞു തിരിഞ്ഞ്, കാണുന്നവരോടെല്ലാം ചിരിച്ച് നടന്ന ആ സ്ത്രീ, മരണത്തിനു തൊട്ടു മുമ്പ് പറഞ്ഞ വാക്ക് ഇതായിരുന്നത്രെ, 'പ്രസംഗിക്കാന്‍ വരുന്നവനെ ഓടിക്ക്, ഓടിക്ക്!'
ചില പ്രഭാഷകരെ 'ഓടിക്ക്, ഓടിക്ക് ' എന്ന് പറയാവുന്ന വിധം അതിവൈകാരികവും യുക്തിരഹിതവുമായ പലതും പലതും വിളിച്ചു പറയും. മിക്കവാറും യുക്തി കൊണ്ടു മാത്രം നിയന്ത്രിക്കപ്പെടുന്ന ഒന്നല്ല ജീവിതം. യുക്തിരാഹിത്യം മാറ്റി വെച്ചാല്‍ തന്നെ, അവരുണ്ടാക്കുന്ന ചില വെറുപ്പുകളും വിഭജനങ്ങളുമുണ്ട്. ഒരു ജനാധിപത്യ/ ബഹുസ്വര സമൂഹത്തില്‍ അത്തരം വിപരീത ആശയങ്ങളുടെ ഏറ്റുമുട്ടല്‍ സ്വാഭാവികമാണ് താനും. എന്നാല്‍, 'മനുഷ്യര്‍ തമ്മിലുള്ള സ്പര്‍ദ്ധകളായി, കായികമായ ഏറ്റുമുട്ടലുകളായി 'മാറുമ്പോള്‍ വാക്ക് ചോരയുടെ മണമുള്ള ഒന്നായി മാറുന്നു. ഈയിടെ പല പ്രഭാഷണങ്ങളിലും അപര നിന്ദ ഏറെ കടന്നുവരുന്നുണ്ട്.
പാലാ ബിഷപ്പ് പറഞ്ഞ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ മാരകമായ വൈരുദ്ധ്യം, അതില്‍ 'കുടിച്ച വെള്ളത്തില്‍ പോലും മുസ്ലിംകളെ വിശ്വസിച്ചു കൂടാ' എന്നൊരു ധ്വനി അടങ്ങിയിരിക്കുന്നു എന്നതാണ്. ഇത് ഒരു ബഹുസ്വര സമൂഹത്തില്‍ വിള്ളലുണ്ടാക്കും എന്ന് നാവ് കൊണ്ട് ജീവിക്കുന്നവര്‍ക്കെല്ലാം അറിയാം. എന്നാല്‍, വ്യക്തിപരമായി ഞാന്‍ ഒരു ക്രിസ്തീയ ഭവനത്തില്‍ വെച്ചാണ് ആദ്യമായി സ്ത്രീകളും അപ്പനും മക്കളുമൊക്കെയായി അതി വിശിഷ്ടമായ വൈന്‍ കഴിക്കുന്നത്. ക്രിസ്തീയ തിയോളജി ആഴത്തില്‍ ബോധ്യമുള്ള ഒരു ഗൃഹനാഥന്റെ സ്‌നേഹം വളരെ വലുതായിരുന്നു. വൈനാണെങ്കില്‍ അധികമായാല്‍ തലക്ക് പിടിക്കുമെന്ന് അന്നാണ് മനസ്സിലാവുന്നത്.
അന്ന് അവിടെ വളരെ രസകരമായ വിധത്തില്‍ ജീവിതം സംഭാഷണങ്ങളില്‍ കടന്നുവന്നു.
'ഒള്ളതു പറയാലോ 
ഗൃഹനാഥന്‍ പറഞ്ഞു:
'ലഹരിക്ക് ഒരു മതമേയുള്ളൂ, ലഹരി !'
മദ്യപിക്കാതെ മരിച്ചു പോകുന്ന മനുഷ്യരെയോര്‍ത്ത് വിലപിച്ചിട്ടുണ്ട്, എ അയ്യപ്പന്‍. മദ്യവര്‍ജ്ജന പ്രവര്‍ത്തകനും ഗാന്ധിയനുമായ കവി ജി കുമാരപിള്ളയെ അയ്യപ്പന് ഏറെ ഇഷ്ടമായിരുന്നു.' കുടിക്കില്ല' എന്നതായിരുന്നു, കുമാരപിള്ളയില്‍ അയ്യപ്പന്‍ കണ്ട പരാജയം. കുടിക്കാത്തവര്‍ ചിലപ്പോള്‍ (ചിലപ്പോള്‍ മാത്രം) നല്ലവരാണെങ്കില്‍ കൂടി, അവര്‍ നര്‍മ്മപ്രിയരായിക്കില്ല എന്നാണ് എ.അയ്യപ്പന്റെ കാഴ്ചപ്പാട്.
ഞങ്ങളുടെ വീടിന്റെ അതിര്‍ത്തി പങ്കിടുന്നത് ,ഒരു ക്രിസ്തീയ ദേവാലയമാണ്. നന്നായി മദ്യപിക്കുന്ന എത്രയോ ക്രിസ്തീയരെ ബാല്യത്തില്‍ തന്നെ കാണുന്നു. അതില്‍ ബാല്യത്തില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒരു കുടിയന്‍ വാറ്റ് ചാരായം കുടിക്കാന്‍ പോകുമ്പോള്‍ ചര്‍ച്ചിനു മുന്നിലെ മതിലിടവഴിയില്‍ നിന്ന് ദേവാലയത്തിലേക്ക് നോക്കി കുരിശ് വരക്കും. തിരിച്ചു വരുമ്പോള്‍, കുരിശു വരച്ച അതേ സ്ഥലത്തെത്തുമ്പോള്‍, ക്രൂശിത ഈശോയെ നോക്കി, മന്ദഹാസത്തോടെ കുറേ നില്‍ക്കും.
മാടായിയില്‍ മദ്യപിക്കുന്ന എത്രയോ മുസ്ലിംകളുമുണ്ട്. മദ്യം മതേതരമായ ഒരു ലഹരിയാണ്. അങ്ങനെ ഒരു മുസ്ലിം / െ്രെകസ്തവ ചങ്ങാതിമാര്‍ ഒന്നിച്ച് മുതലക്കുളത്തിനരികില്‍ ഇരുന്ന് കുടിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് ദൈവത്തെക്കുറിച്ച് ചില സന്ദേഹങ്ങളുണ്ടായി. ശരിക്കും ദൈവമുണ്ടോ? ഒരാള്‍ ചോദിച്ചു. ക്രിസ്തീയ സുഹൃത്ത് മുസ്ലിം സുഹൃത്തിനോട് പറഞ്ഞു: 'ഈ ദ്രാവകം കുടിക്കുമ്പോള്‍ നമുക്ക് ലഹരി തരുന്നവനാരാ?'
'ആരാ?'
മുസ്ലിം ചെറുപ്പക്കാരന്‍ തന്റെ ക്രിസ്തീയ സ്‌നേഹിതനെ നോക്കി.
'ദൈവം' 
ക്രിസ്തീയ സ്‌നേഹിതന്‍ പറഞ്ഞു.
' പടച്ചോന്‍!'
മുസ്ലിം സ്‌നേഹിതന്‍ അത് ശരി വെച്ചു.
കുടിയേറ്റ മേഖലയില്‍ വളരെ പ്രായമുള്ള ആദരണീയരായ രണ്ടു പേരോടൊപ്പം ഒരിക്കല്‍ ഞങ്ങള്‍ ചില ചങ്ങാതിമാര്‍ ഒരു മദ്യ സദസ്സിലിരുന്നു. തീരെ മദ്യപിക്കാത്തവരും ആ കൂട്ടത്തിലുണ്ടായിരുന്നു. ഒരാള്‍ കുടിയേറ്റ മേഖലയില്‍ ആദ്യ കാലങ്ങളില്‍ മരത്തടികള്‍ വ്യാപാരം ചെയ്ത, വലിയ കൂപ്പുകളില്‍ നിന്ന് മരം കൊണ്ടു വന്ന ഒരു മുസ്ലിം വയോധികനാണ്. അടുത്തയാള്‍, അദ്ദേഹത്തിന്റെ ആത്മ സ്‌നേഹിതനായ കുടിയേറ്റ ക്രിസ്ത്യാനി. രണ്ടു പേരും മദ്യപിച്ചു, പഴയ കഥകള്‍ പറഞ്ഞു. സംസാരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ മതമുണ്ടായിരുന്നില്ല.
പ്രണയിക്കാന്‍, പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഒരു നാര്‍ക്കോട്ടിക്കും വേണ്ട. കാരണം, പ്രണയം തന്നെ ലഹരിയാണ്, ജീവനെടുക്കുന്ന നാര്‍ക്കോട്ടിക്. പ്രണയിക്കുന്ന രണ്ടു പേര്‍ ലോകത്ത് അവശേഷിക്കുന്ന കാലത്തോളം ദൈവം ലോകം അവസാനിപ്പിക്കില്ല എന്നൊരു കവിതയുണ്ട്. എങ്കില്‍ പോലും, ചില (ചില ) മതപുരോഹിത്മാര്‍ ഉല്‍പാദിപ്പിക്കുന്ന വെറുപ്പ് മദ്യമുണ്ടാക്കുന്നില്ല, ഒരു ലഹരിയുമുണ്ടാക്കുന്നില്ല.
(മദ്യം ആരോഗ്യത്തിന് ഹാനികരമാണ്).
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


