'കണ്ണൂരിൽ നിന്നാണ് ഇനി കാറ്റു വീശുക'- താഹ മാടായി എഴുതുന്നു

പിണറായി, വി.ഡി.സതീശൻ, സുധാകാരൻ - ഇവരാണ് ഇനി ദൈനംദിനമായി 'രാഷ്ട്രീയ വർത്തമാനങ്ങൾ 'മലയാളികളോട് പറയുക
കെ സുധാകരന്‍/ഫയല്‍
കെ സുധാകരന്‍/ഫയല്‍
Updated on
2 min read

കെ.സുധാകരൻ കെ.പി.സി.സി പ്രസിഡണ്ടായി കോൺഗ്രസ് നേതൃനിരയിലേക്ക് വരികയാണ്. പിണറായി, വി.ഡി.സതീശൻ, സുധാകാരൻ - ഇവരാണ് ഇനി ദൈനംദിനമായി 'രാഷ്ട്രീയ വർത്തമാനങ്ങൾ 'മലയാളികളോട് പറയുക. കേരളത്തിലെ മുതിർന്ന ഒരു മാധ്യമ പ്രവർത്തകൻ, വ്യക്തിപരമായ സംഭാഷണത്തിനിടയിൽ ഈ ലേഖകനോട് ഒരു ചോദ്യമുന്നയിക്കുകയുണ്ടായി: കെ.സുധാകരൻ കോൺഗ്രസ് 'പ്രസിഡണ്ടായി ഒരു നല്ല ചോയ്സാണോ?'

'കേരളത്തിൽ മറ്റൊരു ചോയ്സ് തൽക്കാലമില്ല.'

'കാരണം?"

'സുധാകരന് സി.പി.എം പൊളിറ്റിക്സ് അറിയാം. കോൺഗ്രസ് പൊളിറ്റിക്സ് അറിയുന്നതിനേക്കാൾ ഇപ്പോൾ കോൺഗ്രസിന് ആവശ്യം സി.പി.എം. പൊളിറ്റിക്സ് അറിയുന്ന ഒരാളെയാണ്! കോൺഗ്രസ്സ് ഗ്രൂപ്പ് പൊളിറ്റിക്സ് തകർന്നു തരിപ്പണമായിരിക്കയാണ് '.

സുധാകരൻ എന്നും കലഹിച്ചതും പ്രതിരോധിച്ചതും സി.പി.എമ്മിനെയാണ്. പഴയ മർക്കടമുഷ്ടി സി.പി.എം അല്ല, ഇന്ന് .ജനാധിപത്യത്തെ കുറേക്കൂടി വിശാലമായ കണ്ണിലൂടെ നോക്കുന്ന പാർട്ടിയാണ്. പുതിയ തലമുറയുടെ ഒരു നീണ്ട നിര  ആ പാർട്ടിയുടെ പിന്നിൽ എല്ലാ കാര്യങ്ങൾക്കും സജ്ജമായിട്ടുണ്ട്. ഈ പാർട്ടിയോടാണ് ഇനി സുധാകരൻ സംസാരിക്കേണ്ടത്. മറ്റൊന്ന്, മധ്യ തിരുവിതാംകൂർ, തെക്കൻ കോൺഗ്രസുകാരോടും.ഇത് രണ്ടും എളുപ്പം സാധിക്കുന്ന കാര്യമല്ല.പക്ഷെ, സുധാകരന് അത് സാധിക്കും. അണികളുടെ മുന്നിൽ നിൽക്കും. അത്തരമൊരു ' നായകനെ 'യാണ് കോൺഗ്രസ് തിരയുന്നത്.' അണികളുടെ മനസ്സറിയുക' എന്നത് ഒട്ടും ചെറിയ കാര്യമല്ല.

കോൺഗ്രസ് അണികൾ ,തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ' ഗ്രൂപ്പ് ചിലങ്ക 'അണിഞ്ഞ് വേദിയിൽ പ്രത്യക്ഷപ്പെടുന്ന നർത്തകരെപ്പോലെയാണ്. യുവജനോൽസവ കാലത്ത് ചില പ്രതിഭകൾ ചെയ്യാറുള്ളത് പോലെ, പ്രത്യേകമായി പരിശീലിക്കപ്പെടുന്ന 'തെരഞ്ഞെടുപ്പ് പാക്കേജ് ' ആണത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ 'ചിലങ്ക ' അഴിച്ചു വെക്കും, ആശാൻമാർ അടുത്ത സീസൺ വരുന്നതു വരെ കാത്തിരിക്കും. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന കോൺഗ്രസുകാരെ മാറ്റി, എപ്പോഴും ' തെരുവിൽ നിൽക്കുന്ന 'കോൺഗ്രസ് യുവത 'യെ സൃഷ്ടിക്കുക, അവർക്ക് മുന്നിൽ ആത്മവിശ്വാസം നൽകുന്ന നേതാവായി നിൽക്കുക എന്നതാണ് സുധാകരന് മുന്നിലെ പ്രധാന കടമ്പ .ഇത് എത്ര പെട്ടെന്ന് സാധിക്കുമോ, അതനുസരിച്ചാണ് കേരളത്തിൽ കോൺഗ്രസിൻ്റെ രാഷ്ട്രീയ ഭാവി.എന്നാൽ, സുധാകരൻ, ഏറ്റവും ശ്രദ്ധിക്കേണ്ടത്, ഏറ്റവും പ്രശസ്തമായ ആ 'നാവാ'ണ്. പിണറായി വിജയൻ്റെ അച്ഛൻ്റെ തൊഴിൽ പറഞ്ഞ രാഷ്ടീയ വിവാദം ഓർക്കുക. ഇത്തരം സംസാരങ്ങൾ ഇഷ്ടപ്പെടുന്ന തലമുറയല്ല പുതിയ വോട്ടർമാർ. ഏറ്റവും പുതുതായ കാര്യങ്ങൾ പറയുന്ന, ഉറച്ച മതനിരപേക്ഷ ബോധമുള്ള, അധികം ആചാരവാദിയല്ലാത്ത, തീവ്രഹിന്ദുത്വത്തെ പൂർണമായി എതിർക്കുന്ന നേതാക്കന്മാരെയാണ് മലയാളികൾ ഇഷ്ടപ്പെടുന്നത്.' മൃദു ഹിന്ദുത്വ 'ത്തെ പോലും കേരളത്തിലെ സമാധാന പ്രേമിയും സഹിഷ്ണതയിൽ വിശ്വസിക്കുകയും ചെയ്യുന്ന മതേതര ഹിന്ദു ഇഷ്ടപ്പെടുന്നില്ല. 

അടുക്കളയിലാണ് പൊളിറ്റിക്സ്. കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യ ജീവിതത്തിലെ സമാധാനം ഇവ പുലർന്നു കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു. 'മതേതര ഹിന്ദു' മനസ്സുകൾ ഇപ്പോൾ സി.പി.എമ്മിനൊപ്പമാണ്. പൗരത്വ പ്രശ്നങ്ങൾ ഉൾപ്പെടെ പല കാരണങ്ങളാൽ 'അരക്ഷിതരായ 'മുസ്ലിം ന്യൂനപക്ഷവും ഇടതു പക്ഷത്തോടൊപ്പമാണ്. എല്ലാവരും അവരുടെ 'രക്ഷാകർതൃത്വം" സി.പി.എമ്മിൽ കാണുന്നു, അതു കൊണ്ടു തന്നെ ഇടതുപക്ഷത്തോടൊപ്പം ചേർന്നു നിൽക്കുന്നു. 'മതനിരപേക്ഷമായ നിർഭയ' രാഷ്ട്രീയമാണ് കെ.സുധാകരനിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. തീവ്രഹിന്ദുത്വത്തിന് അനുകൂലമായ 'സയലൻ്റ് വിഷ്' പോലും മലയാളി ഹിന്ദു മനസ്സ് ആഗ്രഹിക്കുന്നില്ല, മൃദു ഹിന്ദുത്വവും മുസ്ലിം പ്രീണനവും അവർ ആഗ്രഹിക്കുന്നില്ല, ഉറച്ചതും അചഞ്ചലവുമായ 'സെക്യുലർ പൊളിറ്റിക്സ് ', അതാണ് ജനങ്ങൾ കോൺഗ്രസ്സിൽ നിന്നും സുധാകരനിൽ നിന്നും പ്രതീക്ഷിക്കുന്നത്.സുധാകരൻ്റെ കടുത്ത അനുയായി റിജിൽ മാക്കുറ്റിയിയിൽ ആ നിലപാടുണ്ട്, വി.ഡി സതീശനിലും അതുണ്ട്.

കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന് കെ.സുധാകരന്  ദൈവം കാവൽ നിൽക്കട്ടെ എന്ന് മാത്രമേ ആഗ്രഹിക്കാൻ കഴിയൂ. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന വിചിത്രബോധമുള്ള ആ 'ചിലങ്കാധാരികളെ ' ദൂരെ നിർത്താൻ കെ.സുധാകരന് സാധിക്കുമെങ്കിൽ, കോൺഗ്രസിന് ഒരു തിരിച്ചുവരവിന് കേരളത്തിലെങ്കിലും സാധ്യതയുണ്ട്. അതിലപ്പുറം, കെ.സുധാകരൻ്റെ വരവ്, സ്നാപക യോഹന്നാൻ്റെ വരവാണ്.സംസ്ഥാന നേതൃനിരയിലേക്ക് വടക്കു നിന്നുള്ള ഒരു താരോദയം വൈകാതെ പ്രതീക്ഷിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com