

രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന കാലത്താണ് റുഷ്ദിയുടെ നോവല്‍ 1988-ല്‍ പുറത്തിറങ്ങുന്നത്. ആ വര്‍ഷം തന്നെ ഇന്ത്യയില്‍ 'സാത്താനിക വചനങ്ങള്‍' നിരോധിക്കപ്പെട്ടു. ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്ത ചിന്താ സ്വാതന്ത്ര്യമോ ആവിഷ്‌ക്കാര സ്വാതന്ത്ര്യമോ ഒന്നും രാജീവ് സര്‍ക്കാര്‍ കണക്കിലെടുത്തതേയില്ല- ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു
'വ്രണിത വികാര'ത്തിന്റെ പേരു പറഞ്ഞ് വെട്ടുകത്തിയുമായി ഏറ്റവും ഒടുവില്‍ അസഹിഷ്ണുക്കള്‍ ചാടിപ്പുറപ്പെട്ടിരിക്കുന്നത് 'പത്മാവതി' എന്ന ഹിന്ദി ചലച്ചിത്രത്തിനും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നേരെയാണ്. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും പത്മാവതിയുടെ റോളില്‍ പ്രത്യക്ഷപ്പെടുന്ന ദീപിക പദുകോണിനും നേരെ വധഭീഷണി ഉയര്‍ന്നിട്ടുണ്ട്. രജപുത് കര്‍ണിസേന എന്ന സംഘം ദീപികയുടെ മൂക്കു ചെത്തുമെന്നു അട്ടഹസിക്കുമ്പോള്‍ മറ്റൊരു സംഘം ആക്രോശിക്കുന്നത് ആ നടിയെ പച്ചയ്ക്ക് കത്തിക്കണം എന്നാണ്. യു.പിയിലെ ക്ഷത്രിയ സമാജ് നേതാവായ ഠാക്കൂര്‍ അഭിഷേക് സോം, ബന്‍സാലിയുടേയും ദീപികയുടേയും തല കൊയ്യുന്നവര്‍ക്ക് അഞ്ചുകോടി രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുന്നു. അതേ കൃത്യത്തിന് ഹരിയാനയിലെ ബി.ജേ.പി നേതാവ് സൂരജ്പാല്‍ അമു പ്രഖ്യാപിച്ചിരിക്കുന്നത് പത്ത് കോടിയത്രേ.
തങ്ങള്‍ പറയുംവിധം എഡിറ്റ് ചെയ്യാതെ 'പത്മാവതി'ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്നു ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ സ്വയം സേവക സംഘവുമായി ബന്ധമുള്ള 'പഠേകാന്‍' എന്ന മാസിക ബന്‍സാലിയുടെ ചിത്രത്തിനു നേരെ നിശിതവിമര്‍ശനവുമായി രംഗത്ത് വരികയുണ്ടായി. ആര്‍.സ്.എസ്സിന്റേയും ബി.ജെ.പിയുടേയും അമരക്കാരാണ് ഏതാണ്ട് എല്ലായിടങ്ങളിലും പ്രതിഷേധത്തിനു ചുക്കാന്‍ പിടിക്കുന്നത്. അതേസമയം കേന്ദ്രമന്ത്രി ബീരേന്ദര്‍ സിംഗ് വികാരത്തിന്റെയല്ല, വിവേകത്തിന്റെ ഭാഷയിലാണ് സംസാരിച്ചത്. വിമര്‍ശകര്‍ ആദ്യം ചെയ്യേണ്ടത് വിവാദ സിനിമ കാണുകയാണെന്നും അതിനുശേഷം മതി അതിനെക്കുറിച്ച് സംസാരം എന്നുമാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.
മറ്റു പല സമാന സംഭവങ്ങളിലുമെന്നപോലെ 'പത്മാവതി'യുടെ കാര്യത്തിലും ചിത്രം കാണാതെ അതിനെതിരെ വാളോങ്ങുകയാണ് വിമര്‍ശകര്‍ ചെയ്തത്. ബന്‍സാലിയുടെ സിനിമയ്‌ക്കെതിരെ വിവാദവും വിദ്വേഷവും കത്തപ്പടര്‍ന്നുകൊണ്ടിരിക്കേ മലയാള ചലച്ചിത്രമായ 'എസ്. ദുര്‍ഗ്ഗ'യ്‌ക്കെതിരെയും ചിലര്‍ ഗോദയിലിറങ്ങി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്. ദുര്‍ഗ്ഗ ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചുകൂടാ എന്നു വിധിച്ചത് കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രാലയമായിരുന്നു. ഹിന്ദുമതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണ് സിനിമ എന്നാരോപിച്ചാണ് മന്ത്രാലയമടക്കമുള്ള വിമര്‍ശകര്‍ സനല്‍കുമാറിന്റെ ചിത്രത്തിനെതിരെ രംഗത്ത് വന്നത്.
കമല്‍ ഹാസന്റെ 'വിശ്വരൂപ'ത്തിനു നേരെ പോര്‍വിളികള്‍ നടന്നിട്ട് അധിക കാലമായിട്ടില്ല. ആ പടത്തിനെതിരെ ഭൂരിപക്ഷ സമുദായത്തിലേയും ന്യൂനപക്ഷ സമുദായത്തിലേയും അസഹിഷ്ണുക്കള്‍ ഒരുപോലെ കലാപക്കൊടി ഉയര്‍ത്തുകയുണ്ടായി. 'തമസ്', 'വാട്ടര്‍', 'ഫയര്‍', 'ഡാവിഞ്ചി കോഡ്', 'മൈ നെയിം ഈസ് ഖാന്‍', 'ഫനാ', 'പര്‍സാനിയ', 'ആരക്ഷണ്‍' തുടങ്ങി മറ്റു പല ചലച്ചിത്രാവിഷ്‌ക്കാരങ്ങള്‍ക്കുമെതിരെ ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിഷേധികള്‍ അരയും തലയും മുറുക്കി ഇറങ്ങിത്തിരിച്ചത് ചരിത്രത്താളുകളില്‍ രേഖപ്പെട്ടു കിടക്കുന്നു.
ചലച്ചിത്രങ്ങള്‍ക്കെതിരെ മാത്രമല്ല, നാടകങ്ങള്‍ക്കും ഇതര കലാസൃഷ്ടികള്‍ക്കും സാഹിത്യ കൃതികള്‍ക്കുമെതിരേയും പല കാലയളവുകളില്‍ മതോന്മാദികള്‍ എന്നപോലെ രാഷ്ട്രീയോന്മാദികളും ഉറഞ്ഞുതുള്ളിയിട്ടുണ്ട്. തങ്ങളുടെ കാഴ്ചപ്പാടുകളേയും ബോധ്യങ്ങളേയും ഏതെങ്കിലും വിധത്തില്‍ ചോദ്യം ചെയ്യുന്ന പുസ്തകങ്ങളോ കലാവിഷ്‌ക്കാരങ്ങളോ വെച്ചു പൊറുപ്പിക്കുകയില്ലെന്ന അന്ധവും ജനാധിപത്യമൂല്യ വിരുദ്ധവുമായ നിലപാടത്രേ വ്യത്യസ്ത ബ്രാന്‍ഡുകളില്‍പ്പെട്ട യാഥാസ്ഥിതികര്‍ എല്ലാ കാലത്തും സ്വീകരിച്ചു പോന്നിട്ടുള്ളത്.
അധികാരം കൈയാളിപ്പോന്ന പാര്‍ട്ടികളാവട്ടെ, മിക്കപ്പോഴും ഭരണഘടന ഉറപ്പു നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കാള്‍ പ്രതിലോമ വിചാരങ്ങളാല്‍ നയിക്കപ്പെടുന്ന ഉന്മാദികളുടെ 'വ്രണിത വികാര'ത്തിനു പ്രാമുഖ്യം നല്‍കിപ്പോന്നു. ഒട്ടും ആശാസ്യമല്ലാത്ത ആ രീതി വള്ളിപുള്ളി തെറ്റാതെ ഇപ്പോഴും തുടരുകയും ചെയ്യുന്നു. ജനങ്ങളെ 'പ്രകോപിതരും ആക്രമണോത്സുകരു'മാക്കുന്ന ആവിഷ്‌ക്കാരങ്ങള്‍ക്ക് കടിഞ്ഞാണിടുന്നത് ഭരണകൂടത്തിന്റെ അനുപേക്ഷ്യ കടമയാണെന്ന ന്യായമാണ് അധികാരികള്‍ ആവര്‍ത്തിച്ചുപോരുന്നത്. ആ ന്യായം 'അന്യായ'മാണെന്നും പ്രകോപിത ജനക്കൂട്ടത്തെയോ ആക്രണോത്സുക സംഘങ്ങളേയോ ചൂണ്ടിക്കാണിച്ച് ആവിഷ്‌ക്കാര (അഭിപ്രായ) സ്വാതന്ത്ര്യത്തിനു ജനാധിപത്യ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിക്കൂടെന്നും സുപ്രീം കോടതി ഒന്നിലേറെ തവണ നിരീക്ഷിച്ചിട്ടും ഫലമേതുമുണ്ടായിട്ടില്ല.
ആവിഷ്‌ക്കാര സ്വാതന്ത്ര്യ വിഷയത്തില്‍ പരമോന്നത നീതിപീഠം നടത്തിയ നിരീക്ഷണങ്ങള്‍ തെല്ലും ഗൗനിക്കാത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 'പത്മാവതി' പ്രശ്‌നത്തില്‍ വേട്ടക്കാരേയും ഇരകളേയും ഒരേ മട്ടില്‍ വീക്ഷിക്കുകയെന്ന വൈചിത്ര്യം കാഴ്ചവെച്ചതും ശ്രദ്ധിക്കപ്പെടണം. ഗോരഖ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആദിത്യനാഥ് പറഞ്ഞത് 'പത്മാവതി'യുടെ അണിയറ ശില്പികള്‍ക്കെതിരെ വധഭീഷണിമുഴക്കിയവരെപ്പോലെത്തന്നെ കുറ്റക്കാരനാണ് ചിത്രം സംവിധാനം ചെയ്ത ബന്‍സാലിയും എന്നത്രേ. രണ്ടു കക്ഷികളും നിയമം കൈയിലെടുക്കുകയാണ് ചെയ്തതെന്നും നടപടി സ്വീകരിക്കുകയാണെങ്കില്‍ ഇരുകക്ഷികള്‍ക്കുമെതിരെ തുല്യ അളവില്‍ നടപടിയെടുക്കുമെന്നും യു.പി. മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നു. വേട്ടക്കാരേയും ഇരകളേയും സമീകരിക്കുന്ന ഈ ദുര്‍ന്യായം ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെ ചോദ്യം ചെയ്യലാണെന്നു പറഞ്ഞേ മതിയാവൂ.
വിവാദ ബോളിവുഡ് ചിത്രത്തിനു നേരെ വാരിക്കുന്തമെടുത്തവര്‍ മുഴക്കിയ വധഭീഷണിയും ബന്‍സാലിന്റേയും ദീപികയുടേയും തലയറുക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച പ്രതിഫലവും മൂന്നു ദശാബ്ദങ്ങളോളം മുന്‍പ് അന്താരാഷ്ട്രതലത്തില്‍ കോളിളക്കം സൃഷ്ടിച്ച മറ്റൊരു വധഭീഷണിയെ ഓര്‍മ്മിപ്പിക്കുന്നതാണ്. 1989 ഫെബ്രുവരിയില്‍, 'സാത്താനിക വചനങ്ങള്‍' എന്ന നോവലിന്റെ പേരില്‍ ഇറാനിലെ ആത്മീയ നേതാവ് ആയത്തുള്ള ഖൊമെയ്നി സല്‍മാന്‍ റുഷ്ദി എന്ന നോവലിസ്റ്റിനെതിരെ വധഫത്വ പുറപ്പെടുവിച്ചു. തന്റെ നോവലിലൂടെ 'ഇസ്ലാമിനെ അപമാനിച്ച' റുഷ്ദിയെ കണ്ടേടത്ത് വെച്ചു കൊല്ലാനാണ് ഖൊമെയ്നി ലോകത്താകമാനമുള്ള ഇസ്ലാം മതവിശ്വാസികളെ ആഹ്വാനം ചെയ്തത്. ഫത്വയെത്തുടര്‍ന്നു റുഷ്ദിക്ക് ദീര്‍ഘകാലം ഒളിവില്‍ കഴിയേണ്ടിവന്നു.
രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന കാലത്താണ് റുഷ്ദിയുടെ നോവല്‍ 1988-ല്‍ പുറത്തിറങ്ങുന്നത്. ആ വര്‍ഷം തന്നെ (ഖൊമെയ്നിയുടെ വധഫത്വ വരുന്നതിനു മാസങ്ങള്‍ക്കു മുന്‍പ് തന്നെ) ഇന്ത്യയില്‍ 'സാത്താനിക വചനങ്ങള്‍' നിരോധിക്കപ്പെട്ടു. മുസ്ലിം മതമൗലികവാദികളുടെ എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു നിരോധനം. ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്ത ചിന്താ സ്വാതന്ത്ര്യമോ ആവിഷ്‌ക്കാര സ്വാതന്ത്ര്യമോ ഒന്നും രാജീവ് സര്‍ക്കാര്‍ കണക്കിലെടുത്തതേയില്ല. എല്ലാവര്‍ക്കും രുചിക്കുന്ന ആശയങ്ങള്‍ മാത്രം പ്രകാശിപ്പിക്കാന്‍ അനുവാദമുള്ള ഭരണവ്യവസ്ഥയുടെ പേരല്ല ജനാധിപത്യമെന്നും പരസ്പരം ഏറ്റുമുട്ടുന്നതും പലരേയും പ്രകോപിപ്പിക്കുന്നതുമായ ആശയങ്ങള്‍ക്കും വിചാരങ്ങള്‍ക്കും കൂടി ഇടം ലഭിക്കുന്ന വ്യവസ്ഥയാണ് ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ടതെന്നും പലരും ചൂണ്ടിക്കാണിച്ചെങ്കിലും സര്‍ക്കാര്‍ അതൊന്നും കേട്ട ഭാവം പോലും കാണിച്ചില്ല.
ഇന്ത്യയുള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രങ്ങളിലേയും മുസ്ലിങ്ങള്‍ക്കാകമാനം ബാധകമെന്ന നിലയില്‍ ആയത്തുള്ള ഖൊമെയ്നി റുഷ്ദിക്കെതിരെ വധഫത്വയിറക്കിയപ്പോഴും ഭാരത ഭരണകൂടം മൗനം പാലിച്ചു. ഖൊമെയ്നിയുടെ മതവിധി ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് ബാധകമല്ലെന്നു പ്രഖ്യാപിക്കാനും സാഹിത്യകൃതികളുടെ പേരില്‍ എഴുത്തുകാരെ വധിക്കാനുള്ള ആഹ്വാനം കിരാതത്വമാണെന്നു വ്യക്തമാക്കാനും അന്നത്തെ ഭരണകര്‍ത്താക്കള്‍ മുന്നോട്ടു വന്നില്ല.
അതീവ ഗുരുതരമായ ആ വീഴ്ചയുടെ ദുരന്തഫലമാണ് വര്‍ത്തമാനകാല ഇന്ത്യ അനുഭവിക്കുന്നത്. റുഷ്ദി സംഭവത്തിന്റെ നാളുകള്‍ തൊട്ടെങ്കിലും വധഭീഷണി സംസ്‌കാരത്തെ തുറന്നെതിര്‍ക്കാന്‍ ഭരണാധികാരികള്‍ തയ്യാറായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ ആ സംസ്‌കാരത്തിന്റെ വ്യാപനം വലിയ പരിധിവരെ തടയാനാകുമായിരുന്നു. പത്മാവതിയുടെ സംവിധായകനേയും നായികനടി ദീപികയേയും വകവരുത്തുന്നവര്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്യുന്ന ഹൈന്ദവ വലതുപക്ഷ നേതാക്കള്‍ ഖൊമെയ്നിയുടേയും താദൃശ മനസ്‌കരുടേയും അനുകര്‍ത്താക്കളാണ്. വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള മതമൗലികവാദികള്‍ ഒരേ മനോഘടനയുള്ളവരാണെന്നു സാക്ഷ്യപ്പെടുത്തുന്നതാണ് റുഷ്ദിക്കെതിരെ മുസ്ലിം മൗലികവാദികളും ബന്‍സാലിക്കെതിരെ ഹിന്ദു മൗലികവാദികളും കൈക്കൊണ്ട സമീപനങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates