'കടുവയെ കിടുവ പിടിച്ചപ്പോള്‍' : കെ കരുണാകരനെക്കുറിച്ച് എംപി നാരായണപിള്ള

കരുണാകരന്‍ അതുപോലെയല്ല. എവിടെയിരുന്നാലും അദ്ദേഹം എന്തെങ്കിലും അലമ്പുണ്ടാക്കും. നമ്മുടെ ഭാവനയെ ഉണര്‍ത്തുന്ന ഒരു ലൈനിട്ടുതരും
കെ കരുണാകരന്‍ രാജിവ് ഗാന്ധിക്കൊപ്പം (എക്‌സ്പ്രസ് ഫയല്‍ ഫോട്ടോ)
കെ കരുണാകരന്‍ രാജിവ് ഗാന്ധിക്കൊപ്പം (എക്‌സ്പ്രസ് ഫയല്‍ ഫോട്ടോ)
Updated on
4 min read

കരുണാകരന്‍ അതുപോലെയല്ല. എവിടെയിരുന്നാലും അദ്ദേഹം എന്തെങ്കിലും അലമ്പുണ്ടാക്കും. നമ്മുടെ ഭാവനയെ ഉണര്‍ത്തുന്ന ഒരു ലൈനിട്ടുതരും. പുള്ളി ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നത് പ്രസക്തമല്ല. അപ്രതീക്ഷിതമായിട്ടെന്തെങ്കിലും ചെയ്യും. എന്തെങ്കിലുമൊരനക്കം ശവപ്പെട്ടിയില്‍പോലും പ്രദര്‍ശിപ്പിക്കുന്ന യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകന്റെ സിദ്ധിയാണത്- കെ കരുണാകരനെക്കുറിച്ച് എംപി നാരായണപിള്ളയുടെ എഴുത്ത്
 

ഗോപി നായര്‍ എന്ന പേരില്‍ പന്തളത്തുകാരനായ ഒരു കഥാപാത്രം എന്റെ വീടിനടുത്തു താമസമുണ്ട്.
ഭഇന്റീയര്‍ ഡെക്കൊറേഷന്‍ എന്ന പണി ഉപജീവനത്തിനും നാടകം നടത്തല്‍ ഒഴിവുവേളയ്ക്കും ചെലവാക്കുന്ന ഈ മനുഷ്യന് മുന്‍കൂട്ടി പറയാതെ വന്നുകാണാനുള്ള സ്വാതന്ത്ര്യം ഞാന്‍ കൊടുത്തിട്ടുണ്ട്. അതിനുള്ള യോഗ്യത യശശ്ശരീരനായ എം.എന്‍. ഗോവിന്ദന്‍ നായരുടെ തറവാടിനടുത്താണ് ഗോപിയുടെയും വീട് എന്നതുമാത്രമാണ്. 

ഒരു ദിവസം ഗോപിയെന്നെ ഫോണ്‍ ചെയ്തു. ``ആന്റോ സാറിനൊന്ന് കാണണം കൊണ്ടുവന്നോട്ടെ.'
നല്ല മൂഡിലായിരുന്നതുകൊണ്ട് ഞാന്‍ പറഞ്ഞു: ``ഇപ്പോള്‍ തന്നെയാണെങ്കില്‍ കുഴപ്പമില്ല.' 
അരമണിക്കൂറിനകം ആന്റോ സാറിനെയുംകൊണ്ട് ഗോപി വന്നു. 
ആന്റോ സാറ് യുവാവായിരുന്നു. പോരെങ്കില്‍ സുമുഖന്‍. വാചാലവും മാന്യവുമായ പെരുമാറ്റം. സര്‍വ്വോപരി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെപ്പറ്റി ഒരായിരം കഥകള്‍ പുള്ളിയുടെ കൈവശമുണ്ട്. ഈ കഥകള്‍ വിശ്വസനീയമാക്കാന്‍ ഇടയ്ക്ക് തെളിവുകള്‍ കൊണ്ടുവരും. എവിടെയോ ഗ്രൂപ്പു വഴക്കില്‍ ആന്റണി പക്ഷക്കാര്‍ തല്ലിയതിന്റെ തെളിവായി നെറ്റിയിലൊരു മുറിവും കാണിച്ചുതന്നു. 
നിങ്ങള്‍ക്കിനിയും ആന്റോ സാറിനെപ്പറ്റി മനസ്സിലായില്ലെങ്കില്‍ പറഞ്ഞുതരാം. പണ്ട് കരുണാകരന്റെ കൂടെ വിമാനത്തില്‍ കയറി `പാവം പയ്യന്‍' എന്ന് കേരളത്തിലാകമാനം പ്രസിദ്ധനായി മാറിയ കഥാപാത്രം. 

ആന്റോ സാര്‍ ദീര്‍ഘമായി സംസാരിച്ചു. സരസമായി സംസാരിച്ചു. എന്നിട്ട് പോകാന്‍ എന്ന മട്ടില്‍ എഴുന്നേറ്റിട്ട് തികച്ചും `ക്യാഷ്വല്‍' ആയിട്ട് ഈ വിധം പറയുന്നു. 
``സാറിന്റെ കത്തിന് ലീഡര്‍ എഴുതിയ മറുപടി എവിടെയോ പോയി. ഒന്നുരണ്ടുതവണ കത്തിന്റെ കാര്യം ലീഡര്‍ അപ്പുനായരോടു തിരക്കി. ഇവിടുന്നയച്ച കത്തിന്റെ ഒറിജനല്‍ ഉണ്ടെങ്കില്‍ ഞാന്‍ മറുപടി എഴുതി വാങ്ങിച്ചുകൊണ്ടുവരാം.'
ഇതുകേട്ടപാടെ എന്റെ മനസ്സ് `ക്രേയ് സൂപ്പര്‍ കംപ്യൂട്ടറി'ന്റെ വേഗത്തില്‍ പ്രവര്‍ത്തിച്ചു. എനിക്കു തോന്നി ``കരുണാകരന്‍ ഇങ്ങനെയൊരു കത്തെഴുതിയിട്ടുണ്ടെങ്കില്‍ ആ കത്ത് ഇപ്പോള്‍ ഇവന്റെ പോക്കറ്റില്‍ കാണും.'
ഇങ്ങനെ മറുപടി പറയുന്നതിന് പകരം ഞാന്‍ മധുരമായി മൊഴിഞ്ഞു: ``ഞാനയയ്ക്കുന്ന ഒരു കത്തിന്റെയും കോപ്പി എടുക്കാറില്ല; സൂക്ഷിക്കാറില്ല. പ്രധാനപ്പെട്ട കാര്യമൊന്നും എനിക്കില്ല. ആരുമായും.'
ആന്റോ അല്പം മടിച്ചുനിന്നിട്ടു പറഞ്ഞു: ``ലീഡര്‍ എപ്പോഴെങ്കിലും കത്തു കിട്ടിയോയെന്ന് ചോദിക്കുകയാണെങ്കില്‍ കിട്ടിയെന്ന് പറഞ്ഞേക്കണേ.'
``ഒരു കത്തും കിട്ടിയില്ലെങ്കില്‍ പോലും കിട്ടിയെന്നുതന്നെ ഞാന്‍ പറഞ്ഞോളാം.' ഞാന്‍ സമ്മതിച്ചു. 
``എന്തായിരുന്നു ഇവിടുന്നെഴുതിയത്?' ആന്റോയ്ക്ക്  ജിജ്ഞാസ തടുക്കാന്‍ വയ്യ. ഇതറിയാനാണ് ആന്റോ വന്നതെന്ന് ഇതിനകം എനിക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു. 
``ഛേ ഒന്നുമില്ല, വെറും തമാശ.' ഞാന്‍ ഒഴിഞ്ഞുമാറി. 
ആന്റോയുടെ ലക്ഷ്യം എന്താണെന്ന് എനിക്ക് അപ്പോള്‍ പകല്‍പോലെ വ്യക്തമായി. പെരുമ്പാവൂര്‍ ചന്തയില്‍ വളര്‍ന്നതിന്റെ ബുദ്ധിയെനിക്കില്ലേ?

എംപി നാരായണപിള്ള
 

അന്ന് കരുണാകരന്‍ കേന്ദ്രത്തില്‍ വ്യവസായമന്ത്രിയാണ്. അദ്ദേഹത്തിന്റെ ആഫീസിലെ ഒരു സ്ഥിരം കുറ്റിയായിരുന്നു ആന്റോ എന്നു ഞാന്‍ കേട്ടിട്ടുണ്ട്. എനിക്കൊരു കത്ത് ലീഡര്‍ എഴുതിയിരുന്നെങ്കില്‍ ആന്റോ അത് പൊക്കിയിട്ടുണ്ട്. കരുണാകരന്റെ മറുപടി വായിച്ചപ്പോള്‍ കാര്യം പിടികിട്ടുന്നില്ല; പ്രത്യേകിച്ചും ഞാന്‍ അങ്ങോട്ട് എന്താണെഴുതിയതെന്ന്. അതു കണ്ടുപിടിക്കാന്‍ ഒരു നമ്പരിറക്കിയതായിരുന്നു ഈ നാടകം. ഒന്നു വിരട്ടിയാല്‍ കത്തു പുറത്തുവരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എങ്കിലും അതിലുമെത്രയോ രസമാണ് ഇത്തരമൊരു `മിസ്റ്ററി' മനസ്സില്‍ കൊണ്ടുകൊടുക്കുന്നത്. പോരെങ്കില്‍ പ്രധാനപ്പെട്ട ഒരു കാര്യവും കത്തായി കരുണാകരന്‍ എഴുതില്ല; ഫോണ്‍ ചെയ്യില്ല. മുഖാമുഖം പറയുകയേള്ളു. കരുണാകരനെ അടുത്തറിയുന്നവര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്. 
അതായത് ടി കത്തു വായിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. 
ഇനി അങ്ങോട്ടുവിട്ട കത്ത് എന്താണെന്നുകൂടി പറഞ്ഞാലേ വായനക്കാര്‍ക്ക് കഥയുടെ സാരസ്യം മുഴുവന്‍ പിടികിട്ടു. 
കോണ്‍ഗ്രസ് ഹൈക്കമാന്റിടപെട്ട് കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരനെ മാറ്റിയപ്പോള്‍ ഞാന്‍ ഒരു ഒറ്റവരി സന്ദേശം വിട്ടു. ``ലീഡര്‍ വിശ്രമിക്കരുത്.'
അതിനു മാസങ്ങള്‍ക്കുശേഷം കരുണാകരന്‍ എഴുതിയ മറുപടിയായിരുന്നു. (എന്തായാലും ഇനി ആന്റോയ്ക്ക് കൈയിലിരിക്കുന്ന കരുണാകരന്റെ കത്ത് ഒന്നുകൂടി വായിക്കാം).
എന്തിന് ഞാനിങ്ങനെയെഴുതി?
തികഞ്ഞ സ്വാര്‍ത്ഥത. 
എന്റെ തൊഴില്‍ അല്പം സാഹിത്യവും അല്പം മോഷണവുമൊക്കെയാണല്ലോ. ഇതിലൊട്ടുമുക്കാലും എഴുത്ത് രാഷ്ട്രീയക്കാരെപ്പറ്റിയും രാഷ്ട്രീയവുമാണ്. 
നന്നായിട്ട് രാഷ്ട്രീയമെഴുതാന്‍ പൊതുരംഗത്ത് നല്ല രാഷ്ട്രീയക്കാര്‍ വേണം. കുശാഗ്രബുദ്ധികളും സര്‍ഗ്ഗപ്രതിഭകളുമൊക്കെ രാഷ്ട്രീയത്തില്‍ നിരന്നാല്‍ എഴുതാന്‍ രസമുണ്ട്. നമ്മുടെ എഴുത്തു നന്നാകും. നമ്മള്‍ എഴുതുന്നത് വായിക്കാന്‍ കൂടുതല്‍ ആളുണ്ടാകും. വെറുതെയല്ല നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെപ്പറ്റി ഒരു ലക്ഷത്തിലധികം വ്യത്യസ്ത പുസ്തകങ്ങള്‍ പുറത്തുവന്നത്. ആളുവില കല്ലുവില. 
മറിച്ച് രാഷ്ട്രീയക്കാര്‍ എല്ലാം പച്ചപുളിങ്ങകളാണെങ്കില്‍ വിഷയദാരിദ്ര്യം കൊണ്ട് എനിക്ക് എഴുത്ത് നിറുത്തേണ്ടിവരും. പ്രധാനമന്ത്രി ഇന്ദര്‍കുമാര്‍ ഗുജ്‌റാളിനെപ്പോലുള്ളവരെപ്പറ്റി എഴുതേണ്ടിവന്നാല്‍ വായിക്കാനാളെ കിട്ടില്ല. എന്റെ കഞ്ഞികുടി മുട്ടും. 
കരുണാകരന്‍ അതുപോലെയല്ല. എവിടെയിരുന്നാലും അദ്ദേഹം എന്തെങ്കിലും അലമ്പുണ്ടാക്കും. നമ്മുടെ ഭാവനയെ ഉണര്‍ത്തുന്ന ഒരു ലൈനിട്ടുതരും. പുള്ളി ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നത് പ്രസക്തമല്ല. അപ്രതീക്ഷിതമായിട്ടെന്തെങ്കിലും ചെയ്യും. എന്തെങ്കിലുമൊരനക്കം ശവപ്പെട്ടിയില്‍പോലും പ്രദര്‍ശിപ്പിക്കുന്ന യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകന്റെ സിദ്ധിയാണത്. അതുകൊണ്ടുതന്നെ കരുണാകരന്‍ വിശ്രമിക്കുന്നതെനിക്കിഷ്ടമല്ല. അദ്ദേഹം സദാ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം. ഒരിക്കലും വിശ്രമിക്കരുത്. മറ്റൊരു സേവനവും എനിക്ക് കരുണാകരന്റെയടുത്തെന്നല്ല; ഒരു നേതാവിന്റെയടുത്തുനിന്നും ആവശ്യമില്ല. ശുപാര്‍ശയ്ക്ക് ഞാന്‍ പോകില്ല. രാഷ്ട്രീയ നേതാക്കന്മാര്‍ ശുപാര്‍ശയ്ക്കായി പലപ്പോഴും എന്റടുത്തു വരാറുണ്ടെന്നതാണ് സത്യം. 

ഉദാഹരണത്തിന് ഒരുപകഥയെടുക്കാം. 
പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടാദ്യം ചെയ്ത പണികളിലൊന്ന് എനിക്കൊരു ശുപാര്‍ശ കത്തെഴുതലായിരുന്നു. 
``ഈ കത്തുമായി വരുന്ന സുകുമാരന്‍ ഒരു അനുഗ്രഹീത കലാകാരനാണ്. വീട്ടില്‍ അമ്മുടെയും അച്ഛന്റെയും സുകുമാരന്‍ വരച്ച ചിത്രങ്ങള്‍ കണ്ടിട്ടുണ്ടല്ലോ. ഈ തുറയില്‍ ബോംബെയില്‍ ഒരു ജോലി സുകുമാരന് തരപ്പെടുത്തിക്കൊടുക്കണം.' 
തികച്ചും ഭഅണ്‍-എംപ്ലോയ്ഡ്' ആയ എനിക്കാണ് സംസ്ഥാനത്തെ മുഖ്യമന്ത്രി ശുപാര്‍ശക്കത്തെഴുതുന്നതെന്നതിലെ ഫലിതം നോക്കൂ. കാരണമുണ്ട്.
സുകുമാരന്‍ ആര്‍.എസ്.എസ്സുകാരനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പത്തൊമ്പതുമാസവും ജയിലില്‍ കിടന്നയാള്‍. മറ്റു പുല്ലുവഴിക്കാരെപ്പോലെ തിരുവനന്തപുരത്തെ പി.കെ.വിയുടെ മന്ത്രിമന്ദിരത്തില്‍ സുകുമാരനും താമസമാക്കി. വ്യവസായമന്ത്രിയായിരിക്കുമ്പോള്‍ വീട്ടില്‍ ഒരു ആര്‍.എസ്.എസ്സുകാരന്‍ താമസിക്കുന്നത് പാര്‍ട്ടി ക്ഷമിച്ചു. പക്ഷേ, മുഖ്യമന്ത്രിയായപ്പോഴും അതു തുടര്‍ന്നാലോ? ഈ വെട്ടില്‍നിന്നൂരാന്‍ പി.കെ.വി കണ്ടുപിടിച്ച വഴി ഒരു ശുപാര്‍ശക്കത്തും കൊടുത്ത് സുകുമാരനെ ബോംബേയ്ക്ക് വിടുകയായിരുന്നു. 
വന്ന് പെട്ടിയിറക്കിവച്ചപാടെ സുകുമാരന്‍ ഒരു ക്യാന്‍വാസിന്റെ ചുരുള്‍ നിവര്‍ത്തി. ഉണ്ണിമേരിയുടെ മാദകമായ ഒരു പൂര്‍ണ്ണകായചിത്രം. സര്‍റിയലിസ്റ്റിക് തുടകള്‍. ബോംബെയില്‍ ഒരു തൊഴില്‍ കിട്ടാന്‍ ഇതുപോരാ. ഒന്നു വാങ്ങിക്കൊടുക്കാനുള്ള ലൈനെനിക്കറിയില്ല. 
ആ സമയത്ത് എന്റെ വീട്ടില്‍ എന്റെ ഭാര്യയുടെ അച്ഛന്‍ വന്നിട്ടുണ്ട്. പുള്ളിയെ വിളിച്ചിരുത്തി വരച്ചോളാന്‍ സുകുമാരനോട് ഞാന്‍ പറഞ്ഞു. ക്യാന്‍വാസ് വന്നു. ചായങ്ങള്‍ നിരന്നു. പത്തു ദിവസം കൊണ്ട് ഒന്നാംതരമായൊരു പോര്‍ട്രെയിറ്റായി. തച്ച് ആയി ഇരുന്നൂറ്റമ്പത് രൂപയും കൊടുത്തു. പോരെങ്കില്‍ ഭാവിയില്‍ സാമൂതിരിപ്പാടാകാനുള്ളയാളുടെ ചിത്രമാണ് വരച്ചതെന്ന ആര്‍ഷഭാരത സംതൃപ്തിയുമാകാമല്ലോ ആര്‍.എസ്.എസ്സുകാരന്‍ സുകുമാരന്. 
ഇതേ തുടര്‍ന്ന് ഇപ്പോള്‍ മനോരമയില്‍ ജോലി ചെയ്യുന്ന ഇ. ബാലചന്ദ്രന്‍ ഒരു പഴയ ഫോട്ടോ എണ്ണഛായാചിത്രമാക്കി മാറ്റാന്‍ സുകുമാരന്റെയടുത്തു കൊണ്ടുവരുന്നു. തുടര്‍ന്ന് ബാലചന്ദ്രന്‍ വഴി സുകുമാരന്‍ മാട്ടുംഗായിലെ പട്ടന്മാരുടെ കൈയില്‍പ്പെട്ടു. അവിടുന്നങ്ങോട്ട് തീരാത്ത ചിത്രംവരയായി. മാട്ടുംഗായില്‍ വച്ച് ശങ്കരാചാര്യയുടെ കണ്ണില്‍പ്പെട്ടു. പിന്നങ്ങോട്ട് തിരിഞ്ഞുനോക്കാനിടമില്ലാത്തവണ്ണം വരയായി, ചിത്രങ്ങളായി. 
ഒരു മുഖ്യമന്ത്രി പാര്‍ട്ടിക്കാര്‍ കൊണ്ടുവന്ന സമ്മര്‍ദ്ദത്തില്‍നിന്ന് രക്ഷപ്പെടാന്‍ ചെയ്ത മൈനര്‍ ശുപാര്‍ശ കേരളത്തിലെ ഏറ്റവും നല്ല ക്ലാസിക്കല്‍ പോര്‍ട്രെയിറ്റ് ചിത്രകാരന്മാരിലൊരാളെ പൊക്കിയെടുക്കാനിടയായി.
വീട്ടില്‍ വന്ന് താമസിക്കുന്നവന്റെ രാഷ്ട്രീയം പി.കെ.വി ഒരിക്കലും തിരക്കാറില്ല. കാരണം മുഖ്യശത്രുക്കളായ സി.പി.എമ്മുകാരുടെ വീട്ടില്‍ താമസിച്ചും അവരെക്കൂടെ താമസിപ്പിച്ചുമുള്ള പരിശീലനമാണ് പുള്ളിക്ക്.
കരുണാകരനിലേക്ക് തിരിച്ചുവരട്ടെ. 
കരുണാകരനും ശുപാര്‍ശ പറഞ്ഞിട്ടില്ലേ?
വളഞ്ഞ വഴിക്കാണെങ്കിലും ഒന്നു നടത്തിയിട്ടുണ്ട്. പി.കെ.വിയെ പോലെ സംസാരിക്കുന്നതിനിടയില്‍ ഒരു പരാമര്‍ശം. അര്‍ത്ഥം ഞാന്‍ മനസ്സിലാക്കുമെന്ന് പുള്ളിക്കറിയാം. 
``ബോംബെയില്‍ വേണുവിനെ കാണാറുണ്ടോ?' പത്രപ്രവര്‍ത്തകന്‍.
``കാണാറുണ്ടെന്ന് മാത്രമല്ല; നന്നായറിയാം.' ഞാന്‍ പറഞ്ഞു. 
``ഞാന്‍ ഒന്നന്വേഷിച്ചതായി പറയണം.' 
എനിക്ക് രോഗം പിടികിട്ടി. ഇതിനപ്പുറം കരുണാകരന്‍ കാര്യം പറയില്ല. പറയുന്ന കാര്യത്തെ പറയുന്ന സമയവും സന്ദര്‍ഭവും നോക്കി സ്വയം മനസ്സിലാക്കാനുള്ള ബുദ്ധി കേള്‍ക്കുന്നയാള്‍ക്ക് വേണം. 
ബോബെയില്‍ തിരിച്ചെത്തിയപാടെ ഞാന്‍ വേണുവിനെ ഫോണ്‍ ചെയ്തുപറഞ്ഞു
``താനാ ലീഡറുമായിട്ടുള്ള ഇടപാടു തീര്‍ക്കണം.'
വേണു പറഞ്ഞു. അല്പം സമയം കൂടി വേണം. ഏതോ ഇനത്തില്‍ സ്വല്പം ചില്ലറ ഒത്തുവരാനുണ്ട്. അതുടനെ വരും. വന്നിട്ടുതീര്‍ക്കാം. തിരിച്ച് ഈ വര്‍ത്തമാനം കരുണാകരനെ ഞാന്‍ അറിയിച്ചതുമില്ല. വേണു പറഞ്ഞാണ് ടി ഇടപാടിന്റെ ചരിത്രം ഞാനറിയുന്നത്. 
കടുവായെ കിടുവ പിടിച്ചെന്ന് കേട്ടിട്ടേയുള്ളു. ഒരു കാറു വാങ്ങുന്ന കാര്യത്തിലോ മറ്റോ വേണു കരുണാകരനെ ജാമ്യം നിറുത്തുകയോ മറ്റോ ചെയ്തു. ആ ബാദ്ധ്യത കരുണാകരന്റെ തലയിലായി. 
ഇത്തരമൊരു വെട്ടില്‍ ഒരുപക്ഷേ ജീവിതത്തില്‍ ആദ്യവും അവസാനവുമായി കരുണാകരന്‍ വീഴുന്നത് ഇതാദ്യമായിരിക്കും. അതില്‍നിന്ന് എങ്ങനെ ഊരിപ്പോന്നു എന്നെനിക്കറിയില്ല. 
അറുത്ത കൈയ്ക്ക് ഉപ്പിടാത്തയാളാണ് കരുണാകരന്‍ എന്ന് എല്ലാവര്‍ക്കും അറിയാം. സ്വന്തം പണവും പാര്‍ട്ടിയുടെ ഫണ്ടും വേറെ വേറെ വയ്ക്കാനുള്ള പുള്ളിയുടെ ഈ കഴിവ് അച്യുതമേനോനവകാശപ്പെടാന്‍ പറ്റും. അതിലേറെ, പൊതുപ്രവര്‍ത്തനത്തിനുവേണ്ടി സ്വന്തം പത്തുപൈസ കരുണാകരന്‍ ചെലവാക്കില്ല. അച്യുതമേനോന്‍ പോലും ചിലപ്പോള്‍ പാര്‍ട്ടി കാര്യത്തിന് സ്വന്തം പണം ചെലവാക്കും. കരുണാകരന്‍ ചെലവാക്കില്ല. 
കരുണാകരനെപ്പറ്റി ഒരായിരം ദുഷ്പ്രചരണങ്ങളും കള്ളക്കഥകളും യുഗയുഗാന്തരങ്ങളായി നമ്മള്‍ കേള്‍ക്കുന്നു. ശരിക്കന്വേഷിക്കുന്നവര്‍ക്ക് മനസ്സിലാകും സ്വയം പണം സമ്പാദിക്കാനുള്ള ഒരഴിമതിയില്‍ കരുണാകരനെ വീഴ്ത്താന്‍ പറ്റില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ മുഴുവന്‍ വരുമാനവും ചെലവും മിച്ചമുണ്ടാക്കിയ ചില്ലറ ഓരോ കാലത്തും വീടായോ മറ്റു വല്ലതുമായോ മാറ്റിയതിന്റെ കാലവും വാങ്ങിയ കാലത്തെ വിലയും വച്ചു പഠിച്ചാല്‍ പത്തുപൈസയ്ക്കുപോലും തെറ്റാത്ത കണക്കുണ്ടാകും. അതും സത്യസന്ധമായ കണക്ക്. 
മിച്ചം വരാന്‍ കാരണം കരുണാകരന്‍ കാശ് ചെലവാക്കില്ല എന്നതുതന്നെയാണ്. എത്ര വലിയ കാര്യമാണെങ്കിലും രാഷ്ട്രീയത്തിലെ തന്റെ നിലനില്പ് തന്നെ പ്രശ്‌നത്തിലായ ഒരവസരം വന്നു. 
ഇന്ദിരാഗാന്ധിയുടെ അടുത്തുപോയി അഞ്ചുപേര്‍ക്ക് ലോയല്‍റ്റി പ്രഖ്യാപിക്കണം. കെ.എം. ചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റാക്കി നിയമിച്ച സമയം ഓര്‍മ്മയുണ്ടോ? ചാണ്ടിസാര്‍ അടങ്ങുന്ന അഞ്ചുപേരില്‍ ഒരാളായി കരുണാകരന് ദില്ലിയില്‍ പോയേ പറ്റൂ. രാഷ്ട്രീയത്തിലെ സ്വന്തം ഭാവിയുടെ പ്രശ്‌നമാണ്. ജീവിതത്തിലെ വഴിത്തിരിവാണ്. 
കരുണാകരന്‍ അന്നുപോലും സ്വന്തം കാശുകൊടുത്തു ടിക്കറ്റ് വാങ്ങിയില്ല. പാര്‍ട്ടി കാര്യം വേറെ. സ്വന്തം ജീവിതം വേറെ. വേറാരോ ടിക്കറ്റെടുത്തു കൊടുത്താണ് പോയത്. 
കാശിടപാടിലെ ഈ ഡിസിപ്ലിന്റെ ഫലമായുണ്ടാക്കിയ ചില്ലറ സമ്പാദ്യങ്ങളാണ് പുള്ളിയുടേത്. ഇതിന്റെ ധൈര്യമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിലെ വീരന്മാരുടെ മുന്‍പില്‍ നേരെ നിന്നു സംസാരിക്കാനും വേണമെങ്കില്‍ അവരെ വിരട്ടാനുമുള്ള സാമര്‍ത്ഥ്യം കരുണാകരന് കൊടുക്കുന്നത്. 
എന്നാല്‍, സദാ അദ്ദേഹത്തിനു ചുറ്റും കറങ്ങുന്ന ശിങ്കിടികള്‍ ഇതു മനസ്സിലാക്കുന്നില്ല. അവര്‍ അവരുടെ കണ്ണിലൂടെ മാത്രം കരുണാകരനെ കാണുന്നു. അവരുടെ ആ കാഴ്ചപ്പാട് മനസ്സിലാക്കിയാലും അതു മാറ്റിക്കാന്‍ കരുണാകരന്‍ ശ്രമിക്കില്ല. കാരണം കൂടെയുള്ളവരുടെ ദൗര്‍ബല്യം തന്റെ ശക്തിയായിട്ടാണദ്ദേഹം കാണുന്നത്. 
ഇതെന്തൊരു മനസ്സാണെന്ന് നമുക്കു തോന്നിപ്പോകും?
``ആന്റോസാര്‍' നാടകം കളിക്കുമ്പോള്‍ എന്റെ മനസ്സില്‍ കരുണാകരന്‍ എനിക്കയച്ചു എന്നു പറയുന്ന കത്തല്ല - ഞാനും കരുണാകരനുമല്ല; ഈ കഥ കേട്ടു ചിരിക്കാനുള്ള കരുണാകരന്റെ കഴിവായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com