നിപ്പാ വൈറസ് ബാധയ്ക്കു കാരണം വനനശീകരണം;  ഡോ.എ.രാജഗോപാല്‍ കമ്മത്ത് എഴുതുന്നു

നിപ്പാ വൈറസ് ബാധയ്ക്കു കാരണം വനനശീകരണം; ഡോ.എ.രാജഗോപാല്‍ കമ്മത്ത് എഴുതുന്നു
നിപ്പാ വൈറസ് ബാധയ്ക്കു കാരണം വനനശീകരണം;  ഡോ.എ.രാജഗോപാല്‍ കമ്മത്ത് എഴുതുന്നു
Updated on
2 min read

പുതിയതരം പനികളുടെ പടരലിനു പിന്നില്‍ ആവാസവ്യവസ്ഥയുടെ നാശമാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. പഴ വവ്വാലുകളിലും മറ്റു ജീവികളിലുമേറി പലതരം വൈറസുകളും മനുഷ്യരെ ബാധിച്ചു തുടങ്ങിയിട്ട് വളരെ നാളുകളായി. ഇപ്പോള്‍ പനിക്കു കാരണമായ നിപ്പാ വൈറസ് മറ്റു ജീവികളില്‍ നിന്ന് എത്തിച്ചേര്‍ന്ന് മനുഷ്യരില്‍ രോഗബാധയ്ക്കു കാരണമാകുന്നു. വവ്വാല്‍, മരപ്പട്ടി, പന്നി, ആള്‍ക്കുരങ്ങ്, പറക്കും കുറുക്കന്‍ തുടങ്ങിയവ ഇത്തരം വൈറസുകളെ മനുഷ്യരില്‍ രോഗബാധയ്ക്കു കാരണമാകുന്നു. 

അഞ്ചാം പനി, മമ്പ്‌സ്, ഇന്‍ഫ്‌ളുവെന്‍സ, ഹെപാറ്റിറ്റിസ് സി എന്നീ രോഗങ്ങള്‍ക്കു കാരണമാകുന്ന വൈറസുകള്‍ പഴവവ്വാലുകളെപ്പോലുള്ള ജീവികളില്‍ നിന്നാണ് മനുഷ്യരിലെത്തുന്നത്. ഇത്തരം വൈറസുകളുടെ റിസര്‍വോയറുകളായ ജീവികള്‍ക്ക് അസുഖമൊന്നും ഉണ്ടാകാത്തതിനു കാരണം വ്യത്യസ്തമായ രോഗപ്രതിരോധ ശേഷിയാണ്. വനവാസം അനേകായിരം വര്‍ഷം മുന്‍പ് കൈവെടിഞ്ഞ മനുഷ്യരിലും നാട്ടിലെ പരിതസ്ഥിതി പരിചയിച്ച മറ്റുജന്തുക്കളിലും പെട്ടെന്നു തന്നെ രോഗബാധയുണ്ടാകുന്നു. 

കേരളം വൈറല്‍ പനികളുടെ തലസ്ഥാനമായി മാറുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷിപ്പനി, പന്നിപ്പനി, കുരങ്ങു പനി, ജപ്പാന്‍ ജ്വരം, ഡെങ്കിപ്പനി, ഹെപാറ്റിറ്റിസ് സി, ചിക്കുന്‍ ഗുനിയ തുടങ്ങിയവ കേരളത്തില്‍ ഇടയ്ക്കിടെ കാണപ്പെടുന്നു.  ഇനിയും പുതിയ തരം വൈറസുകള്‍ രംഗപ്രവേശം ചെയ്യാനിടയുണ്ട്. പരിതസ്ഥിതികള്‍ക്കനുസരിച്ച് വളരെപെട്ടെന്നു പരിണമിച്ച് നിലനില്ക്കുന്നവയാണ് വൈറസുകള്‍. വനങ്ങളെ ആശ്രയിച്ചു കഴിയുന്ന ജീവികള്‍ അവയുടെ ആവാസവ്യവസ്ഥയ്ക്ക് ഭംഗമുണ്ടാകുമ്പോള്‍ നാട്ടിലേയ്ക്കു കടക്കുന്നു. പല കാരണങ്ങള്‍ പറഞ്ഞ് വനങ്ങളിലെ മരങ്ങളെല്ലാം വെട്ടിമാറ്റുന്നതു മൂലം ആഹാരം തിരക്കി അവ വീട്ടുവളപ്പുകളിലും എത്തുന്നു. 

വൈറസുകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നാമിനിയും പഠിച്ചിട്ടില്ല.മാത്രമല്ല വൈറസുകള്‍ പെട്ടെന്നു പരിണമിക്കുന്നവയുമാണ്. വനപ്രദേശങ്ങളെ അതേപടി നിലനിര്‍ത്തുകയോ അതിന്റെ വിസ്തീര്‍ണം ഗണ്യമായ രീതിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കുകയോ ചെയ്താല്‍ ഇത്തരം രോഗബാധകള്‍ കുറേയൊക്കെ ഒഴിവാക്കാം. ആഗോളതാപനമാണ് ഇത്തരം വൈറസുകള്‍ പെരുകാന്‍ കാരണമെന്നു പറയുന്നതു ശരിയല്ല. ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലും തെക്കുകിഴക്കേ ഏഷ്യയിലും നടത്തിയ പഠനങ്ങള്‍ ഇതു സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് കേരളത്തില്‍ നിപ്പാ വൈറസ് പൊട്ടിപ്പുറപ്പെടാന്‍ കാരണവും മറ്റൊന്നല്ല. 

വടക്കന്‍ കേരളത്തിലെ പരിസ്ഥിതിയില്‍ ഗണ്യമായ മാറ്റം വന്നിരിക്കുന്നു. വയനാട്ടിലെയും മറ്റു മലയോരപ്രദേശങ്ങളിലെയും മരങ്ങള്‍ തുടര്‍ച്ചയായി പലകാരണങ്ങള്‍ പറഞ്ഞ് വെട്ടി മാറ്റുന്നു. പകരം റോഡുകളും റിസോര്‍ട്ടുകളും ക്വാറികളും. സ്വാഭാവികമായ പരിസ്ഥിതിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും വന്‍മാറ്റങ്ങള്‍ക്കു വഴിയൊരുക്കും എന്ന് ഇനിയെങ്കിലും മനസിലാക്കിയാല്‍ നന്ന്.

ഭൂമുഖത്തെ പ്രമുഖര്‍ സൂക്ഷ്മജീവികളാണ്.350 കോടി വര്‍ഷം മുന്‍പു മുതല്‍ ഭൂമിയില്‍ കാണപ്പെട്ടു തുടങ്ങിയ ഇവ ബഹുകോശജീവികളുടെ ആവിര്‍ഭാവത്തിനും അവ പരിണമിച്ച് സങ്കീര്‍ണ ജീവികളുണ്ടാകാനും കാരണമായി. ബാക്ടിരിയ, ഫംഗസ്, ആര്‍ക്കിയ, പ്രോട്ടിസ്റ്റ എന്നിവയും വൈറസുകളും മൈക്രോബുകളാണ്. ഭൂമുഖത്തെ സാധ്യമായ എല്ലാ ആവസവ്യവസ്ഥകളിലും ബഹുകോശജീവികള്‍ ഉദ്ഭവിക്കുന്നതിനുനൂറുകണക്കിനുകോടി വര്‍ഷം മുന്‍പുതന്നെ മൈക്രോബുകള്‍ ആധിപത്യം സ്ഥാപിച്ചിരുന്നു.ബഹുകോശജീവികളുടെ ആവിര്‍ഭാവത്തോടെ സൂക്ഷ്മജീവികള്‍ക്കു വസിക്കാന്‍ പുതിയ ഇടം ലഭ്യമായി. ബഹുകോശജീവികളുടെ ശരീരമായിരുന്നു അത്. 

വൈറസുകള്‍ ജീവികള്‍ തന്നെയോ എന്ന തര്‍ക്കം തുടരുകയാണ്. ജൈവവസ്തുവിനും അജൈവ വസ്തുവിനും ഇടയിലാണ് ഇവയുടെ സ്ഥാനം. മറ്റു കോശങ്ങളെയാണ് ഇവ വംശവര്‍ധനയ്ക്ക് ആശ്രയിക്കുന്നത്. കോശങ്ങളുടെ പുറത്ത് ഇവ തികച്ചും നിഷ്‌ക്രിയമാണ്. അനുയോജ്യമായ സസ്യ, ജന്തു കോശത്തിലെത്തിപ്പെട്ടാല്‍ ഇവ ആക്രമണം അഴിച്ചുവിടുന്നു. ആക്രമിച്ച കോശത്തെ പൂര്‍ണമായും കയ്യടക്കി നശിപ്പിക്കും. മണ്ണിലും വായുവിലും ജലത്തിലും ഇവയുണ്ട്. ജന്തുക്കളില്‍ നിഷ്‌ക്രിയരൂപത്തില്‍ ദശകങ്ങളോളം ചില വൈറസുകള്‍ തമ്പടിക്കും. അനുയോജ്യമായ അവസ്ഥയെത്തുമ്പോള്‍ മാത്രം ഇവ പ്രവര്‍ത്തനസജ്ജമാകുന്നു. ഇവയില്‍ ജനിതകപദാര്‍ഥം വളരെ കുറച്ചുമാത്രമേയുള്ളു. പലരൂപങ്ങളില്‍ ഇവയെ കാണാം. സൂക്ഷ്മജീവികളെയും സസ്യങ്ങളെയും ഉയര്‍ന്ന ജീവിവര്‍ഗ്ഗങ്ങളെയും വൈറസുകള്‍ ആക്രമിക്കും. ഭൂമിയില്‍ ഇന്നു കാണപ്പെടുന്ന ഗുരുതരമായ രോഗങ്ങള്‍ക്കു പിന്നില്‍ പലതരം വൈറസുകളാണ്. ഇന്‍ഫ്‌ളുവെന്‍സ, എച്‌ഐവി, വസൂരി, സെര്‍വിക്കല്‍ കാന്‍സറിനു കാരണമാകുന്ന പാപ്പിലോമ എന്നിവ ഉദാഹരണം. ഭൂമിയിലെ കാലാവസ്ഥ മാറിവരുന്നതിനനുസരിച്ച് പല പുതിയ വൈറസുകളും പടരുന്നു. വംശവര്‍ദ്ധനയ്ക്കാണ് വൈറസുകള്‍ കോശങ്ങളെ ആശ്രയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com