

ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഈ സാഹചര്യത്തില്‍ വിഷയത്തെക്കുറിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു പ്രതികരിക്കുന്നു.
 
ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം വേണമെന്ന സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടിയാണ്. പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്ന സംവരണത്തിന്റെ പേര് സാമ്പത്തിക സംവരണം എന്നല്ല, നമ്പൂതിരി സംവരണം എന്നാണ്. ദേവസ്വം ബോര്‍ഡില്‍ ഇപ്പോള്‍ തന്നെ തൊണ്ണൂറ് ശതമാനം ജീവനക്കാരും മുന്നാക്ക വിഭാഗമാണ്. വെറും പത്തു ശതമാനം മാത്രമാണ് പിന്നാക്ക വിഭാഗമുള്ളത്. അങ്ങനെയൊരു അവസ്ഥയില്‍ ഇനിയും സാമ്പത്തിക സംവരണം എന്നുപറഞ്ഞ് ഈ പത്തുശതമാനത്തിനെ പടിക്ക് പുറത്താക്കാനുള്ള നടപടിയാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഇപ്പോഴാണ് ശരിക്കും ജാതി സംവരണം നടപ്പാക്കിയിരിക്കുന്നത്. ഇവിടെ മുഴുവന്‍ ആനുകൂല്യങ്ങളും അവകാശങ്ങളും മുന്നാക്ക വിഭാഗങ്ങള്‍ക്ക് തന്നെയാണല്ലോ ലഭിക്കുന്നത്. പിന്നെന്തിനാണ് വീണ്ടും അവര്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കുന്നത്? മുന്നാക്ക സമൂദായങ്ങള്‍ക്ക് വേണ്ടി ദേവസ്വം ബോര്‍ഡ് പൂര്‍ണമായും വിട്ടുകൊടുക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതായിരുന്നു ഇതിലും നല്ലത്.
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ എന്നൊക്കെ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. സവര്‍ണ വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദിവാസികളും ദലിതരും ജീവിച്ചാലും മരിച്ചാലും കുടിയിറക്കപ്പെട്ടാലും തങ്ങള്‍ക്കൊന്നുമില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മുമ്പ് ജന്‍മിമാര്‍ നിയമമില്ലാതെ ആദിവാസികളേയും ദലിതരേയും അടിച്ചൊതുക്കി ഇപ്പോള്‍ സര്‍ക്കാര്‍ നിയമംവഴി അടിച്ചൊതുക്കുന്നു. ആദിവാസികളേയും ദലിതരേയും സര്‍ക്കാര്‍സ്ഥാപനങ്ങില്‍ നിന്നിറക്കി വിടുന്ന കേരള മോഡലാണിത്. ഈ മോഡലില്‍ കേരളം നമ്പര്‍ വണ്‍ തന്നെയാണ്.
നിലവിലെ സംവരണ സിസ്റ്റത്തില്‍ പോലും ആദിവാസി സമൂഹത്തിന് കൃത്യമായ അവകാശങ്ങള്‍ ലഭിക്കുന്നില്ല. എല്ലായിടത്തും ആദിവാസി സംവരണം അട്ടിമറിക്കപ്പെടുകയാണ്. അതിനെയൊക്കെ പറ്റിയുള്ള ചര്‍ച്ചകളും തിരുത്തുകളും ഒക്കെയാണ് ഉയര്‍ന്നുവരേണ്ടത്. അതേസമയം സര്‍ക്കാര്‍ ശ്രമിക്കുന്നത് വീണ്ടും സവര്‍ണ വിഭാഗത്തിനെ പ്രീണിപ്പിച്ച് വോട്ട് പിടിക്കാനാണ്.
എന്‍ഡിഎയുടെ പ്രഖ്യാപിത നയം സാമ്പത്തിക സംവരണം നടപ്പാക്കണം എന്നുതന്നെയാണ്. പക്ഷേ അതിന് മുമ്പ് ആദിവാസി,ദലിത് വിഭാഗത്തിന് അംബേദ്കര്‍ വിഭാവനം ചെയ്തതുപോലെ കൃത്യമായ സാമൂഹ്യ നീതി നടപ്പാക്കപ്പെടണം, അതിന് ശേഷം സാമ്പത്തിക സംവരണം നടപ്പാക്കണം. ഇതിലേക്കുള്ള കൂടുതല്‍ വഴികള്‍ തേടുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ സമൂഹത്തെ കൂടുതല്‍ സവര്‍ണവത്കരിക്കാന്‍ ശ്രമിക്കുകയാണ്.
തയ്യാറാക്കിയത്: വിഷ്ണു എസ് വിജയന്‍
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates