

ഇറ്റലിക്കാരിയായ സോണിയ ഗാന്ധിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതില്‍നിന്ന് തടഞ്ഞത് ആരാണ്? കുലപതികള്‍ കുറ്റിയറ്റുപോയ കോണ്‍ഗ്രസില്‍ പകരം വയ്ക്കാനില്ലായിരുന്നു, അന്നു പേരുകള്‍. സോണിയയ്ക്കു പകരം, അല്ലെങ്കില്‍ ഒപ്പം എന്നു കരുതാന്‍ ആരുമില്ലാത്ത ശൂന്യതയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ മരവിപ്പിച്ചുനിര്‍ത്തിയാണ് അവര്‍ പ്രധാനമന്ത്രിപദം വേണ്ടെന്നുവച്ചത്. എന്തായിരുന്നു അതിനു പിന്നില്‍? ഇന്നര്‍ വോയിസ്. കരഞ്ഞുകലങ്ങിനിന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തോട് സോണിയ പറഞ്ഞത് അങ്ങനെയാണ്. 'ഞാന്‍ എന്റെ ഉള്‍വിളിയെ അനുസരിക്കുന്നു.' അത് അങ്ങനെ തന്നെയാണ് നടന്നത്. കോണ്‍ഗ്രസുകാര്‍ക്ക് ഇനിയും മനസിലാവാത്ത ഉള്‍വിളിയുടെ വഴിയില്‍ പ്രധാനമന്ത്രിപദം വേണ്ടെന്നുവച്ച് സോണിയ കോണ്‍ഗ്രസിനെ നയിച്ചു. ഒട്ടേറെ വന്നു, അതിനു വ്യാഖ്യാനങ്ങള്‍. വിദേശത്തു ജനിച്ച സോണിയ പ്രധാനമന്ത്രിയാവുന്നതിനോട് രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം വിയോജിപ്പു പ്രകടിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു പിന്മാറ്റമെന്ന ഗോസിപ്പ് അതിലൊന്നു മാത്രം. മധ്യവര്‍ഗ സ്വപ്‌നങ്ങളെ പ്രചോദിപ്പിച്ചു കൈയടി നേടിയ കലാമിനെ രണ്ടാമൂഴത്തിനു കോണ്‍ഗ്രസ് പരിഗണിക്കാതിരുന്നപ്പോള്‍, പ്രതിഭാ പാട്ടീലിന്റെ കാലത്തിനു ശേഷം അവിടവിടെ ഉയര്‍ന്ന കലാമിന്റെ പേരു കോണ്‍ഗ്രസ് കണ്ടില്ലെന്നു നടിച്ചപ്പോള്‍ ചിലരുടെയെങ്കിലും ഓര്‍മയില്‍ വന്നുകാണണം ആ പഴയ ഗോസിപ്പ്.
വീണ്ടുമൊരു രാഷ്ട്രപതി തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ കളമൊഴിഞ്ഞുപോയിരിക്കുന്നു, ഡോ. അബ്ദുല്‍ കലാം. ഇല്ലായിരുന്നെങ്കില്‍ സമവായത്തിന്റെ അരാഷ്ട്രീയ വരാന്തകളില്‍ ഉറപ്പായും ഉയര്‍ന്നുകേള്‍ക്കുമായിരുന്നു, ആ പേര്. കലാമിന്റെ വിടവാങ്ങലിലൂടെ കാലം ഒഴിച്ചിട്ട ആ ഇടത്തിലേക്കാണ് ഇപ്പോള്‍ ഇ ശ്രീധരന്റെ പേരു ചേര്‍ക്കപ്പെടുന്നത്. ഇ ശ്രീധരന്‍ എന്‍ഡിഎയുടെയും അതുവഴി, രാഷ്ട്രീയേതര സമവായത്തിനു ശ്രമിക്കുന്ന ഒട്ടേറെ പേരുടെയും രാഷ്്ട്രപതി സ്ഥാനാര്‍ഥിയാവുമെന്നാണ് വാര്‍ത്തകള്‍. സ്ഥിരീകരണമില്ലാത്ത, ഉത്തരവാദിത്വത്തിന്റെ വേരുകളില്ലാത്ത ആ വാര്‍ത്തയ്ക്കു പോലും കൈയടികള്‍ ഉയന്നുകഴിഞ്ഞു. മഹത്തായതെല്ലാം രാഷ്ട്രീയത്തിനു പുറത്താണുള്ളതെന്ന വലതുപക്ഷ ഗാനം തന്നെയാണ് പശ്ചാത്തലമായുള്ളത് എന്നതിനാല്‍ അത് അങ്ങനെ തന്നെ വന്നു ഭവിച്ചാല്‍ പോലും അതിശയിക്കേണ്ടതില്ല. കലാമിന്റെ ഏറെ പ്രഘോഷിക്കപ്പെട്ട ബുദ്ധകഥകളിലേക്ക് എളുപ്പം ചേര്‍ത്തുവയ്ക്കാവുന്ന പേരാണ് ഇ ശ്രീധരന്റേത്, അതിനൊരു മധ്യവര്‍ഗ ഗുരുഭാവമുണ്ട്.
2002ല്‍ മുലായം സിങ് യാദവ് ആയിരുന്നു രാഷ്ട്രപതി സ്ഥാനത്തേക്ക് കലാമിന്റെ പേര് ഉയര്‍ത്തിക്കൊണ്ടുവന്നത്. കെആര്‍ നാരായണനോട് നീരസത്തിലായിരുന്ന, സ്വന്തമായി സ്ഥാനാര്‍ഥിയെ ജയിപ്പിച്ചെടുക്കാനുള്ള അംഗബലം ഇല്ലാതിരുന്ന ബിജെപി അതിലെ സാധ്യത തിരിച്ചറിഞ്ഞു. അരാഷ്ട്രീയത്തിലെ സമവായ രുചി നുണഞ്ഞ കോണ്‍ഗ്രസും, ഇടതുപക്ഷം ഒഴികെയുള്ള മറ്റു പാര്‍ട്ടികളും പിന്തുണയുമായെത്തിയപ്പോള്‍ കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി. ഇക്കുറി പക്ഷേ അംഗബലം അത്രയും കുറവില്ല ബിജെപി സഖ്യത്തിന്. ചെറുപാര്‍ട്ടികളുടെ പിന്തുണ നേടിയാല്‍ സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിച്ചെടുക്കാം. ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിനു ശ്രമം തുടങ്ങിയപ്പോഴാണ്, അരാഷ്ട്രീയ സമവായത്തിന്റെ അതേ പഴയ ഫോര്‍മുലകള്‍ മുന്നോട്ടുവയ്ക്കപ്പെടുന്നത്.
അഭിഭാഷകവൃത്തി വേണ്ടെന്നുവച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിപ്പുറപ്പെട്ടയാളാണ് ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്. പിന്നീടിങ്ങോട്ട് രണ്ടോ മൂന്നോ തവണയൊഴികെ മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ തന്നെയാണ് രാഷ്ട്രപതി പദത്തിലെത്തിയത്. രണ്ടാമത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്‍ രാഷ്ട്രീയ പശ്ചാത്തലമുള്ളയാളായിരുന്നില്ല. എന്നാല്‍ ശൈശവ ദശയിലുള്ള ഒരു റിപ്പബ്ലിക്കിന് രാജ്യാന്തര ആദരം നേടിയെടുക്കാന്‍ ഉപകരിച്ചു, അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്. പ്ലേറ്റോയുടെ ഫിലോസോഫര്‍ കിങിനോട് ഉപമിച്ചുകൊണ്ടാണ് ഡോ. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പിനെ ബര്‍ട്രന്റ് റസല്‍ പരാമര്‍ശിച്ചത്. മൂന്നാം രാഷ്ട്രപതി സാകിര്‍ ഹുസൈന്‍ വിദ്യാഭ്യാസ വിചക്ഷണന്‍ ആയിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള ആദ്യ രാഷ്ട്രപതി എന്ന ചരിത്രനിയോഗമുണ്ടായിരുന്നു, അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിന്. പിന്നീട് നീണ്ട ഇടവേളയ്ക്കു ശേഷം ഡോ. എപിജെ അബ്ദുല്‍ കലാമാണ് രാഷ്ട്രീയത്തിനു പുറത്തുനിന്ന് രാഷ്ട്രപതി പദത്തിലെത്തിയത്.
രാഷ്ട്രീയക്കാരും രാഷ്ട്രീയത്തിനു പുറത്തുള്ളവരുമായി ഇതുവരെ രാജ്യം കണ്ട 13 രാഷ്ട്രപതിമാരുടെയും പ്രവര്‍ത്തനം വിലയിരുത്തിയാല്‍ കുറവുകൂടുതലുകളുടെ ഏതെങ്കിലും കള്ളിയിലേക്കു നീക്കിനിര്‍ത്താനാവില്ല ഒരു പക്ഷത്തെ. ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷനായിരുന്ന രാജേന്ദ്ര പ്രസാദ് തന്നെ രാഷ്ട്രപതിയുടെ അധികാരങ്ങളിലുള്ള അവ്യക്തതയെച്ചൊല്ലി പ്രധാനമന്ത്രി നെഹ്‌റുവിനോട് പരസ്യ ഭിന്നതയിലെത്തിയിട്ടുണ്ട്. ഹിന്ദു കോഡ് ബില്ലില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളും ചര്‍ച്ചയായി. ഭരണപരിചയം ഇല്ലാത്തയാളായിട്ടും ഡോ. രാധാകൃഷ്ണന്‍ ചൈനായുദ്ധകാലത്ത് രാജ്യത്തിന്റെ വീര്യം ചോര്‍ന്നുപോവാത്ത വിധത്തിലുള്ള നിലപാടെടുത്തു. സാകിര്‍ ഹുസൈന്‍ രാജ്യാന്തരതലത്തില്‍ നേടിയെടുത്ത ആദരവും ശ്രദ്ധേയം. ട്രെയ്ഡ് യൂണിയന്‍ പരിചയമായിരുന്നു വിവി ഗിരിയുടെ മുതല്‍ക്കൂട്ട്. അടിയന്തരാവസ്ഥയില്‍ ഇന്ദിര ഗാന്ധി പറയുന്നിടത്തെല്ലാം ഒപ്പിടുന്ന റബര്‍ സ്റ്റാംപ് എന്ന ചീത്തപ്പേര് വാങ്ങിക്കൂട്ടി ഫക്രുദിന്‍ അലി അഹമ്മദ്. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് തലേന്നു നടത്തിയ കൂടിക്കാഴ്ചയിലും ഇത്തരമൊരു നീക്കത്തിന്റെ സൂചന പോലും നല്‍കിയില്ല പ്രധാനമന്ത്രി, ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണത്തലവന്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി നിന്ന് ഇന്ദിരയുടെ സ്ഥാനാര്‍ഥിയോട് തോറ്റ് കോണ്‍ഗ്രസ് വിട്ട സഞ്ജീവ റെഡ്ഡി ഇന്ദിരയുടെ പതനകാലത്ത് ജനത ഭരണത്തിലാണ് രാഷ്ട്രപതിയായത്. പിന്തുണ നഷ്ടപ്പെട്ട മൊറാര്‍ജി രാജിവച്ചപ്പോള്‍ ജഗ്ജീവന്‍ റാമിനെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കണമെന്ന ജനതയുടെ ആവശ്യം നിരാകരിച്ച് പദവിയുടെ അന്തസു കൂട്ടി റെഡ്ഡി. ഇന്ദിര പറഞ്ഞാല്‍ ചൂലെടുത്ത് തെരുവു തൂക്കാനിറങ്ങുമെന്ന് പരസ്യമായി പറഞ്ഞ സെയില്‍ സിങ് പ്രസിഡന്റ് പദവിയെ അത്രതന്നെ പിന്നോട്ടുകൊണ്ടുപോയി. സിഖ് വിരുദ്ധ കലാപകാലത്ത് രാജീവിന്റെ അവഗണന സഹിച്ച് സെയില്‍ സിങ് റെയ്‌സിന ഹില്ലില്‍ കഴിഞ്ഞുകൂടിയതും ചരിത്രം.
വെങ്കിട്ടരാന്‍, ശങ്കര്‍ ദയാല്‍ ശര്‍മ, കെആര്‍ നാരായണന്‍, പ്രതിഭ ദേവിസിങ് പാട്ടില്‍ എന്നിവരെല്ലാം കോണ്‍ഗ്രസില്‍ സജീവമായി നിന്ന ശേഷം രാഷ്ട്രപതിപദത്തില്‍ എത്തിയവരാണ്. ഇതിനിടെയാണ് ബിജെപി ല് എയ്‌റൊസ്‌പേസ് എന്‍ജിനിയര്‍ എപിജെ അബ്ദുല്‍ കലാമിനെ രാഷ്ട്രപതിയാക്കിയത്. ഡോ. രാജേന്ദ്ര പ്രസാദിനു ശേഷം ഇതുവരെ ആരും രണ്ടാംവട്ടം എത്തിയിട്ടില്ല രാഷ്ട്രപതി ഭവനില്‍. ജനകീയ പ്രസിഡന്റ് എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കലാമിനായിരുന്നു കുറച്ചെങ്കിലു അതിനു സാധ്യത തെളിഞ്ഞത്. പ്രതിഭാ പാട്ടീലിനു പിന്‍ഗാമിയായി രാഷ്ട്രീയത്തിനു പുറത്തുള്ളയാള്‍ എന്ന വാദങ്ങള്‍ ഉയര്‍ന്നപ്പോഴായിരുന്നു അത്.
രാഷ്ട്രീയത്തിനു പുറത്തുള്ളയാള്‍ എന്ന വാദം ഇക്കുറിയും ശക്തം തന്നെയാണ്, പ്രത്യേകിച്ചും സമവായ സ്ഥാനാര്‍ഥി എന്ന നിര്‍ദേശമുയരുമ്പോള്‍. ഇ ശ്രീധരന്‍ അല്ലെങ്കില്‍ രാഷ്ട്രീയത്തിനു പുറത്തുള്ള മറ്റൊരാള്‍ രാഷ്ട്രപതിയാവുന്നതില്‍ അപാകമായി ഒന്നുമില്ല. സാഹചര്യങ്ങള്‍ അതാണോ ആവശ്യപ്പെടുന്നത് എന്നതാണ് പ്രശ്‌നം. അനുദിനമെന്നോണം അരാഷ്ട്രീയവാദം വേരാഴ്ത്തുകയാണ്, പൊതുരംഗത്ത്. മുംബൈ ആക്രമണങ്ങള്‍ക്കു പിന്നാലെ രാഷ്ട്രീയ നേതൃത്വത്തിന് എതിരെ ചുടലവാക്കുകള്‍ ഉയര്‍ത്തി തെരുവിലിറങ്ങിയവരെ ഓര്‍ക്കുക. അരാഷ്ട്രീയ വാദത്തിന്റെ കുഴല്‍വിളിയുമായി അണ്ണ ഹസാരെമാര്‍ക്കു പിന്തുണ പറഞ്ഞ് രംഗത്തുവന്നവരെ ഓര്‍ക്കുക. ശ്വസിക്കുന്ന വായുവില്‍ പോലും രാഷ്ട്രീയം കാണേണ്ട കാലത്ത്, ജനവിരുദ്ധ ശക്തികളുടെ സംഘടിത നീക്കങ്ങള്‍ അത്രമാത്രം സൂക്ഷ്മമാവുന്ന കാലത്ത് കോടതികളും മാധ്യമങ്ങളും നുരപ്പിച്ചുവിടുന്ന അരാഷ്ട്രീയ പിത്തലാട്ടങ്ങള്‍ ഓര്‍ക്കുക. ഇതിന്റെയെല്ലാം മറപിടിച്ചാണ് ഗൂഢരാഷ്ട്രീയം കൈയാളുന്നവര്‍ നമ്മുടെ രാഷ്ട്രീയത്തെ അപ്പാടെ കൈപ്പിടിയില്‍ ഒതുക്കിയത്. അതുകൊണ്ട് അരാഷ്ട്രീയതയെ എതിര്‍ക്കുന്ന രാഷ്ട്രീയം പ്രധാനം തന്നെയാണ്. ജീവിതത്തിന്റെ ഓരോ തുറയിലും രാഷ്ട്രീയത്തെ തിരിച്ചുപിടിക്കേണ്ട കാലത്ത് രാഷ്ട്രീയത്തിനു പുറത്തുനിന്നുള്ള ഒരാള്‍ക്കു വേണ്ടിയാണോ നാം സമവായപ്പെടേണ്ടത് എന്നതാണ് ചോദ്യം?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates