

ജീവിക്കുമ്പോഴും ജീവിക്കാത്തവര്‍ ഉള്ളതുപോലെ, മരിച്ചാലും മരിക്കാത്തവര്‍ ഉണ്ട്. നെഞ്ചില്‍ വെടിയുണ്ട തറച്ച് പിടഞ്ഞുവീണു മരിച്ച ഗാന്ധി 1948-ല്‍ മരിച്ചില്ല. രാഷ്ട്രപിതാവായി, മഹാത്മാവായി, സര്‍വ്വാദരണീയനായി, കറന്‍സി നോട്ടുകളിലെ അധികാരമുദ്രയായി, ജനമധ്യത്തില്‍ നിറസാന്നിധ്യമായി അദ്ദേഹം ജീവിതം തുടര്‍ന്നു. അതില്‍ യാതൊരു അസാധാരണത്വവും ലോകം കണ്ടില്ല. അസഹിഷ്ണുതയുടെ വിഷമേറ്റുവീണ ഏബ്രഹാം ലിങ്കണപ്പോലെ, മാര്‍ട്ടിന്‍ ലൂതര്‍ കിംഗിനെപ്പോലെ കാലസന്ധികള്‍ക്കതീതമായ ഇതിഹാസമായി ഗാന്ധി നിലകൊണ്ടു.
ഇരുപതാം നൂറ്റാണ്ടില്‍ തല ഉയര്‍ത്തിനിന്ന ഇന്ത്യ അനേകം ഏഷ്യ-ആഫ്രിക്കാ രാജ്യങ്ങള്‍ക്ക് മാതൃകയാവാന്‍ ഒരു കാരണം ഗാന്ധിയുടെ കാന്തശക്തിയുള്ള വ്യക്തിത്വമായിരുന്നു. ഇന്ത്യന്‍ ഭരണഘടനയും അതു വിഭാവനം ചെയ്ത നിയമജ്ഞരുടെ പാണ്ഡിത്യവും ലോകശ്രദ്ധ ആകര്‍ഷിച്ചു. തലമുറകളുടെ മേല്‍നോട്ടത്തില്‍ ജനാധിപത്യ സംവിധാനങ്ങള്‍ വേരുറപ്പിച്ചു. ജനകീയ ഭരണം, നീതിന്യായ വ്യവസ്ഥ തുടങ്ങിയ അടിസ്ഥാന ഘടകങ്ങളില്‍നിന്ന് രാജ്യത്തെ അടര്‍ത്തിമാറ്റാന്‍ കഴിവുള്ള ശക്തികള്‍ക്കതീതമാണ് ഇന്ത്യ എന്ന് ലോകം വിശ്വസിച്ചു.
ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അവസ്ഥ മാറി. സങ്കോചമോ മടിയോ ക്ഷമാപണ സ്വഭാവമോ ഒന്നുമില്ലാതെയാണ് മാറ്റം സംഭവിച്ചത്. മറിച്ച്, സാഹസികതയോടെ, ഗര്‍വ്വോടെ, അവകാശവാദത്തോടെയുള്ള ഒരു മുന്നേറ്റമാണ് നാം കണ്ടത്. ബി.ജെ.പിയുടെ സ്വന്തം ഹരിയാനയില്‍ ഒരു സുപ്രഭാതത്തില്‍ കലണ്ടറുകളില്‍നിന്നും ഡയറികളില്‍നിന്നും ഗാന്ധിയുടെ പതിവു ചിത്രം മാറി പകരം നരേന്ദ്രമോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടു. സംസ്ഥാന മന്ത്രി അനില്‍ വിജ് പ്രഖ്യാപിച്ചു: ഗാന്ധിയെക്കാള്‍ വലിയ 'ബ്രാന്‍ഡ്' ആണ് മോദിയെന്ന്. കറന്‍സി നോട്ടുകളില്‍നിന്നും ഗാന്ധിയുടെ ചിത്രം നിഷ്‌കാസനം ചെയ്യപ്പെടുമെന്നും ടിയാന്‍ കൂട്ടിച്ചേര്‍ത്തു. കടിച്ചാല്‍ പൊട്ടാത്ത ഹിന്ദുത്വക്കാരനാണ് ബഹുമാനപ്പെട്ട മന്ത്രി. ഒരിക്കല്‍ പറഞ്ഞു: ''ദേശീയതയുടെ ക്ഷേത്രമാണ് ആര്‍.എസ്.എസ്. ക്ഷേത്രങ്ങളില്‍ ദുഷ്ടശക്തികള്‍ പ്രവേശിക്കുകയില്ല.''
വര്‍ഗ്ഗീയതയുടെ വിളംബരം മന്ത്രിയില്‍നിന്നു കേട്ടപ്പോഴാണ് ഞാന്‍ ഓര്‍ത്തത് ഇതൊരു പഴയ കഥയാണല്ലോ എന്ന്, സ്വാതന്ത്ര്യലബ്ധിയുടെ ചൂടില്‍ ഗാന്ധിയെ കൊന്നത് ഒരു ഹിന്ദുത്വക്കാരനായിരുന്നല്ലൊ എന്ന്. ഗോഡ്‌സെ ഗാന്ധിയെ വിശേഷിപ്പിച്ചത് ട്രെയ്റ്റര്‍ എന്നാണ്-രാജ്യദ്രോഹി. ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്നാണ് കാവിവസ്ത്രധാരിയായ സാക്ഷി മഹാരാജ് വിശേഷിപ്പിച്ചത്. രാത്രിയെ പകലും പകലിനെ രാത്രിയുമാക്കുന്ന ചെപ്പടി വിദ്യ. ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി ആഹ്വാനം ചെയ്തു എന്നതാണ് ഗാന്ധി ചെയ്ത രാജ്യദ്രോഹം. തദ്ദേശീയമായ നാലു മതങ്ങള്‍ ഉള്‍പ്പെടെ നാനാജാതി മതസ്ഥരും 1600 ഭാഷകളും ഉള്ള ഇന്ത്യയില്‍ 'ഈശ്വര അള്ളാ തേരെ നാം' എന്നു പാടുന്നത് അപകടകരമാണെന്നു മനസ്സിലാക്കാതിരുന്നതായിരുന്നു ഗാന്ധിയുടെ രാജ്യദ്രോഹം.
വിരോധാഭാസമെന്നു തോന്നാം, ഗാന്ധി കറകളഞ്ഞ ഹിന്ദു ആയിരുന്നു. അതു മറച്ചുവെയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചതുമില്ല. പക്ഷേ, അദ്ദേഹത്തിന്റെ ഹിന്ദുയിസം എല്ലാ തത്ത്വസംഹിതകളേയും മതവിശ്വാസങ്ങളേയും സ്വാംശീകരിച്ച് മനസ്സിനെ ആത്മശുദ്ധിയിലേയ്ക്കു നയിക്കുന്ന സനാതന ധര്‍മ്മമായിരുന്നു. സേവാഗ്രാം ആശ്രമത്തില്‍ അദ്ദേഹം താമസിച്ചിരുന്ന കുടിലില്‍ ഒരു ചിത്രം മാത്രമാണ് ചുമരിലുണ്ടായിരുന്നത്-യേശുവിന്റെ, ''അവനാണ് നമ്മുടെ സമാധാനം'' എന്ന കുറിപ്പോടെ. ജീവചരിത്രകാരന്‍ ലൂയി ഫിഷര്‍ ഗാന്ധിയോടു ചിത്രത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഞാന്‍ ക്രിസ്ത്യാനിയാണ്, ഹിന്ദുവാണ്, മുസ്ലിമാണ്, യഹൂദനാണ്.'' ഗോഡ്‌സെ ഒരിക്കലും ക്ഷമിക്കാത്ത വാക്കുകള്‍.
അപൂര്‍വ്വമായ ക്രിമിനല്‍ മനസ്ഥിതിയാണ് ഗാന്ധിവധത്തിലേയ്ക്കു നയിച്ചതെന്ന് അക്കാലത്തെ സാധാരണക്കാര്‍ വിശ്വസിച്ചിരുന്നു. അതേ മനസ്ഥിതിക്കാരെന്നു സംശയിച്ചവരെ സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്തു. ആ മനസ്ഥിതി ഇന്ന് അപൂര്‍വ്വമല്ലാതായിരിക്കുന്നു. എന്നു മാത്രമല്ല, ഗോഡ്‌സെ പ്രതിനിധാനം ചെയ്ത മത തീവ്രതയും അസഹിഷ്ണുതയും ഭരണകൂടത്തിന്റെ ഔദ്യോഗിക നയങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു. മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പല തവണ ആവര്‍ത്തിച്ചപ്പോള്‍ അധികാരികള്‍ പ്രദര്‍ശിപ്പിച്ച നിസ്സംഗത നോക്കുക. ഗോഡ്‌സെ ഒരു ഭീകരവാദി ആയിരുന്നു എന്നു പറഞ്ഞപ്പോള്‍ കമല്‍ ഹാസന്‍ നേരിട്ട ചെരിപ്പു-മുട്ട-കല്ല് ആക്രമണം നോക്കുക.
ഇന്ത്യ ഒരു പരിവര്‍ത്തനഘട്ടത്തില്‍പ്പെട്ടിരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്. ചരിത്രത്തില്‍ ഒരു രാജ്യത്തും ഒരു കാലത്തും ഒരു നേതാവും അനുഭവിച്ചിട്ടില്ലാത്ത ഹീറോ വര്‍ഷിപ്പാണ് നമ്മുടെ പ്രധാനമന്ത്രിക്കു ചുറ്റും ഇരുപത്തിനാലു മണിക്കൂറും കാണപ്പെടുന്നത്. സംഘടിതമായി, പൂര്‍ണ്ണ ജാഗ്രതയോടെ, ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കുന്ന പബ്ലിസിറ്റി പരിപാടികളാണിതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. ഹ്യൂസ്റ്റണില്‍ നടന്ന മോദി-ട്രംപ് ഷോ എത്ര പേരുടെ, എത്ര നാളത്തെ പരിശ്രമഫലമായിരുന്നിരിക്കണം. എത്ര ദശകോടികള്‍ മുടക്കിയിരിക്കണം. ഇങ്ങനെ ഒരു തലമുറക്കാലം കൂടെ നാടകം കളിച്ചാല്‍ രാഷ്ട്രം എന്ന സങ്കല്പത്തിന്റെ സ്വഭാവം മാറും, പ്രധാനമന്ത്രി എന്ന പദവിയുടെ അര്‍ത്ഥം മാറും, ഭരണം എന്ന പ്രക്രിയയുടെ നിര്‍വ്വചനം മാറും, നമ്മുടെ രാജ്യം നമ്മുടേല്ലാതാകും. പുതിയ രാജ്യത്ത് ഗാന്ധി അന്യനാകുമെന്നു മാത്രമല്ല, അനഭിമതനും ആകും.
വാരണാസിയിലെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയായ ആയുഷ് ചതുര്‍വേദി കഴിഞ്ഞ മാസം വൈറലായ ഒരു ചെറുപ്രസംഗത്തിലൂടെ പ്രശസ്തനായി. പ്രസംഗിക്കാനുള്ള അസാധാരണ കഴിവു മാത്രമല്ല, വിഷയവും യുവാവിനെ വ്യത്യസ്തനാക്കി. പറഞ്ഞത് ഇതാണ്: ''ഗാന്ധിജി മരിക്കുന്നില്ല, കാരണം, അതൊരു ആശയത്തിന്റെ പേരാണ്.'' കാര്യം ശരിയാണ്. പക്ഷേ, കറന്‍സി നോട്ടുകളില്‍നിന്ന് ഗാന്ധിയെ മാറ്റി മോദിയെ പ്രതിഷ്ഠിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മന്ത്രിമാരും നേതാക്കളും ഭരിക്കുന്ന ഇന്ത്യയില്‍ ഒരേ ഒരാശയത്തിനു മാത്രമേ ഭാവിയുള്ളൂ. അത് ഗാന്ധി എന്ന ആശയത്തിനല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates