

കാലം മാറുമ്പോള്‍ എല്ലാറ്റിന്റേയും കോലവും മാറണമല്ലോ. പുസ്തകങ്ങളുടെ കാര്യത്തിലുമുണ്ട് മാറ്റം. എഴുത്തില്‍ മാത്രമല്ല, വായനോപകരണങ്ങളിലും വില്പനരീതികളിലും എല്ലാം ഇതുണ്ട്.
കോട്ടയത്ത് പുസ്തകത്തിന് പൊത്തകം എന്നാണ് പറയാറ്. ഫലിതപ്രിയനായ പ്രൊഫ. സി.ആര്‍. ഓമനക്കുട്ടനോട് ഞാനൊരിക്കല്‍ ഈ തല്‍ഭവത്തിലെ വൈചിത്ര്യത്തെപ്പറ്റി പറയുകയുണ്ടായി. അര്‍ത്ഥവത്താണ് അതെന്നായിരുന്നു മറുപടി. അകം പൊത്തായല്ലേ മിക്ക പുസ്തകങ്ങളുടേയും സ്ഥിതി എന്നാണ് അദ്ദേഹം സ്വതസ്സിദ്ധമായ ചിരിയോടെ ചോദിച്ചത്.
ആഴ്ചച്ചന്തകള്‍ പണ്ടേ നാട്ടില്‍ പതിവായിരുന്നുവല്ലോ. പുസ്തകവില്പനക്കാര്‍ പുസ്തകോത്സവം എന്നൊരു വിപണനമുറ കണ്ടെത്തിയതിനെ പുസ്തകച്ചന്ത എന്നു മാറ്റിവിളിച്ചത് ഡി.സി. കിഴക്കെമുറി ആയിരുന്നു എന്നാണ് ഓര്‍മ്മ. തോത് വലുതായപ്പോള്‍ പുസ്തകപ്പൂരം എന്ന പേരു വന്നത് ഏതായാലും അദ്ദേഹത്തിന്റെ കാലശേഷമാണ്.
പുസ്തകപ്പൂരത്തിന്റെ കൂടെയോ അതിനു സമാന്തരമായോ സാഹിത്യപ്പൂരം വന്നതും അടുത്ത കാലത്താണ്. ഈ സംഗതി പക്ഷേ, അതിവേഗം വൈറലായി! നാടുനീളെ അരങ്ങേറുകയായി! അതില്‍ സാഹിത്യത്തിന് എന്തുമാത്രം സ്ഥാനമുണ്ട് എന്നു ചോദിക്കരുത്. തൃശൂര്‍പൂരത്തില്‍ വടക്കുന്നാഥനും ആറാട്ടുപുഴ പൂരത്തില്‍ അവിടത്തെ പ്രതിഷ്ഠയ്ക്കും സ്ഥാനം എത്രയുണ്ട് എന്ന് ആരും ചോദിക്കാറില്ലല്ലോ.
കാര്യം സാഹിത്യമല്ല, കച്ചവടമാണ്, കാശാണ് എന്നതാണ് നേര്. ചത്താലും ചത്തില്ലെങ്കിലും ശവമടക്കം നടക്കും എന്ന് വെങ്കിട്ടരാമന്‍ സ്വാമി എന്ന ഫിലിം എഡിറ്റര്‍ സിനിമകളുടെ റിലീസിനെക്കുറിച്ച് പറയാറുള്ളതാണ് ഇവിടെയും കാര്യം. പണി തീര്‍ന്നില്ലെങ്കില്‍ അരങ്ങേറ്റത്തിനുള്ള നിശ്ചിത ദിവസത്തിന്റെ തലേന്നാള്‍ എവ്വിധവും തീര്‍ത്തിരിക്കും! സിനിമയായാലും പൂരമായാലും തേവര്‍ മറിച്ചു വിചാരിച്ചാല്‍പ്പോലും തിടമ്പ് ആനപ്പുറം കയറും!
ലോകത്ത് ഈ ഇടപാട് തുടങ്ങിയതാരെന്ന് നിശ്ചയമില്ല. ഇവിടെ ജയ്പൂര്‍ എന്ന മരുനഗരത്തിലാണ് തുടക്കം. സംഗതി ഒന്നാന്തരം സ്റ്റാര്‍ട്ടപ്പാണ്. നാടുനീളെ ഇതിന്റെ പുതിയ പതിപ്പുകള്‍ മുളക്കാന്‍ തുടങ്ങിയതോടെ കാര്യത്തിനൊരു തന്ത്രസമുച്ചയവും നിശ്ചിതമായി. വന്‍തോതില്‍ പരസ്യം ആദ്യമേ തുടങ്ങുക. അതിനുള്ള പണം മുന്‍കൂര്‍ വേണ്ട, പിന്നീടു മതി, മടി കൂടാതെ പരസ്യക്കമ്പനികള്‍ അഡ്ജസ്റ്റ് ചെയ്യും. കാരണം, പിന്നെ പൂരത്തിന്റെ സംഘാടകര്‍ വലിയ കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പു നേടുമ്പോള്‍ അതു വരുന്നതും പരസ്യങ്ങളായാണ്. അതിന്റെ കൂടി കമ്മിഷന്‍ അവര്‍ക്കുതന്നെ കിട്ടും. ഇതിന്റെയൊന്നും കണക്കുകള്‍ ഇഴപിരിച്ചു നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ഏത് നിലവാരത്തിലും അഡ്ജസ്റ്റ്മെന്റ് നടക്കും.
പിന്നെയാണ് നാടകം തുടങ്ങുക. കിട്ടാവുന്നത്ര ആനകളെ അണിനിരത്തും. ഇവിടെ പക്ഷേ, മേളവും കുടമാറ്റവും ഒന്നുമല്ല കാഴ്ചകള്‍, ഗജരാജന്മാര്‍ കൊമ്പുകോര്‍ക്കുന്ന വേദികളാണ്. അതിന്റെ വിശേഷങ്ങള്‍ ചാനലുകാരും റേഡിയോകളും തല്‍സമയം സംപ്രേഷണം ചെയ്യും, അച്ചടിക്കാര്‍ പൊടിപ്പും തൊങ്ങലും വെച്ച് പിറ്റേന്നാളും സചിത്രം വിതരണം ചെയ്യും. പൂരം കാണാന്‍ നേരിട്ടു പോകാനൊക്കാത്തവരെ തേടി പൂരം സ്വീകരണമുറിയില്‍ എത്തും.
ഗ്വാഗ്വാ വിളികളും പൂരപ്പാട്ടുകളും പൊലിയും. കയ്യാങ്കളിക്കും സാദ്ധ്യതകളുണ്ടാവും. എല്ലാം ചൂടുള്ള വാര്‍ത്തകള്‍. പങ്കെടുക്കുന്ന വലിയ ആളുകള്‍ക്ക് കൂടുതല്‍ വാര്‍ത്താപ്രാധാന്യം, അവരെ തെറി വിളിക്കാന്‍ ചട്ടംകെട്ടിയ ചെറുപ്പക്കാര്‍ക്ക് ഈ കളിയിലൂടെ അരങ്ങേറ്റം. ആകെപ്പാടെ ബഹുരസം. അതിനിടെ പുസ്തകം വില്പന, കഥയുടെ പഥത്തില്‍ വ്യഥ എത്രത്തോളം ആശാസ്യം എന്നുതുടങ്ങിയ ചില അപൂര്‍വ്വകാര്യങ്ങളെപ്പറ്റി ചര്‍ച്ചകള്‍, ഊണ്, ചായ, തിക്ക്, തിരക്ക്...
ഈ തമാശ പെറ്റുപെരുകുന്നത് അതിവേഗത്തിലാണ് എന്നതത്രെ ഇവയും സാധാരണപൂരം എന്ന സംഗതിയും തമ്മിലുള്ള പ്രധാന അന്തരം. നാട്ടിലെ പഴയ പൂരങ്ങള്‍ ഇന്നും പഴയ എണ്ണം മാത്രമേ ഉള്ളൂ എങ്കില്‍ ഈ പൂരങ്ങള്‍ കൂണുപോലെ എല്ലായിടത്തും കിളിര്‍ക്കുന്നു. സല്‍സംഗം, സംവാദം, സഹജീവനം, സൗഹൃദം എന്നൊക്കെയാണ് നിറപ്പകിട്ടാര്‍ന്ന ബ്രോഷറുകളില്‍ എഴുതിക്കാണുക. മുഷ്‌ക്, ശകാരം, തണ്ട്, തരികിട എന്നിവയാണ് വാസ്തവത്തില്‍ സംഭവിക്കുക.
ഒന്നുരണ്ടെണ്ണത്തിന്റെ അരികിലൂടെ കടന്നുപോയതോടെ കാര്യം പിടികിട്ടിയതിനാല്‍ ഞാന്‍ ഇത്തരം ഒരു പൂരത്തിനും പോകാറില്ല. പോയാല്‍ ദിനനഷ്ടവും മാനഹാനിയും ഫലം. പാലക്കാട്ടും കോഴിക്കോട്ടുമെന്നല്ല, പഞ്ചായത്തുകളില്‍പ്പോലും സാഹിത്യപ്പൂരങ്ങള്‍ അരങ്ങേറുന്നു. ഓരോ പൂരം കഴിയുമ്പോഴും ആ പരിസരത്തും അവിടെ ചെന്നവരുടെ മനസ്സിലും മാലിന്യം കുമിയുന്നു. ആര്‍ക്കെല്ലാമോ ചെറുതോ വലുതോ ആയ ലാഭങ്ങള്‍ ഉണ്ടാവുകയും ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും ഗൗരവപൂര്‍ണമായ വായനയ്ക്കും അത്രയും നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. ആറാട്ടുപുഴ പൂരത്തിനു ചെല്ലാത്ത ആന ആനയല്ല എന്നു പറയാറുള്ളപോലെ ഈ പൂരങ്ങള്‍ക്കു ചെല്ലാത്ത എഴുത്തുകാര്‍ ഫീല്‍ഡിലില്ല എന്നൊരു തോന്നലുണ്ടാക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്.
ആരാന്റെ അമ്മയ്ക്കല്ല, അവനവന്റെ അമ്മയ്ക്കുപോലും ഭ്രാന്തുപിടിപ്പിച്ച് പൂരക്കാഴ്ച കൊഴുപ്പിക്കാന്‍ ഈ വേദികളില്‍ ശ്രമം നടക്കുന്നതു പക്ഷേ, കഷ്ടമാണ്. അറിയപ്പെടുന്ന വിമര്‍ശകന്‍ കൂടിയായ ഒരു സുഹൃത്ത് ഈയിടെ നടന്ന ഒരു സാഹിത്യപ്പൂരത്തിന്റെ ഒരു വേദിയുടെ പ്രകടനത്തിലൂടെ തനിക്കുണ്ടായ അനുഭവം വിശദീകരിച്ചത് ഇങ്ങനെ:
അവിടെ നടന്ന ചര്‍ച്ച ഒരു വാര്‍ത്താ ചാനല്‍ പിറ്റേന്നാള്‍ പാതിരാത്രിയില്‍ പുനഃസംപ്രേഷണം ചെയ്തത് യാദൃച്ഛചികമായി അദ്ദേഹം കാണാനിടയായി. പ്രേക്ഷകതാല്പര്യം മുന്‍നിര്‍ത്തിയുള്ള ആവര്‍ത്തന വിളമ്പല്‍. അറിയപ്പെടുന്നവരും അത്രതന്നെ അറിയപ്പെടാത്തവരും അടങ്ങുന്നതാണ് വേദി. ഏതോ കോളേജിലെ പെണ്‍കുട്ടികളടക്കമുള്ള സദസ്സിനു മുന്നിലാണ് അഭ്യാസം.
മലയാളഭാഷയും തെറിപ്പദങ്ങളും എന്നതാണ് വിഷയം. ചര്‍ച്ച കൊഴുക്കുന്തോറും കാഴ്ചക്കാരായ പെണ്‍കിടാങ്ങളുടെ മുഖത്തെ നാണവും ചര്‍ച്ചിക്കുന്നവരുടെ മുഖത്തെ പുളകവും മാറ്റുകൂടി രസാത്മകവും ധ്വനിസമൃദ്ധവുമായി രൂപാന്തരപ്പെട്ടു വരുന്നു. ഈ ഭാവഭേദങ്ങള്‍ ക്യാമറകള്‍ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നുമുണ്ട്.
പാനലിലെ ഒരംഗം താന്‍ നേരിടാറുള്ള ഒരു കഷ്ടപ്പാട് അവതരിപ്പിക്കുന്നു. മലയാളത്തിലെ വാക്കുകളെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തെറിപ്പദങ്ങളായി മാറിയതിനാല്‍ ചില നിര്‍ണ്ണായക നിമിഷങ്ങളില്‍ ഉപയോഗിക്കാന്‍ സഭ്യങ്ങളായ മലയാളപദങ്ങള്‍ ഒന്നുമേ ഇല്ല എന്നതാണ് വിഷമമുണ്ടാക്കുന്നത്.
കാര്യം വിശദമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതിങ്ങനെ: ഈയിടെ നമ്മോട് അനിഷ്ടം പ്രകടിപ്പിച്ച ഒരു വലിയമ്മയുടെ നേരെ നമ്മള്‍ തോക്കു ചൂണ്ടുന്നു എന്നു സങ്കല്പിക്കുക. അവര്‍ അപ്പോള്‍ ഉടുതുണി പൊക്കിക്കാണിക്കുന്നു എന്നുകൂടി കരുതുക. അന്നേരം കാണപ്പെടുന്ന അവയവം ഏതെന്ന് മറ്റൊരാള്‍ക്ക് സഭ്യമായി പറഞ്ഞുകൊടുക്കാന്‍ മലയാളഭാഷയില്‍ ഒരു വാക്കും ഇല്ല! ഉള്ള വാക്കുകളെല്ലാം തെറിപ്പദങ്ങളാണ്. ലോകത്ത് മറ്റൊരു ഭാഷയ്ക്കും ഈ ഗതികേടില്ല എന്ന കഥയും അദ്ദേഹം തന്റെ ശ്രോതാക്കളേയും പ്രേക്ഷകരേയും ഓര്‍മ്മിപ്പിച്ചു.
ഇങ്ങനെ വരാനുള്ള ഭാഷാശാസ്ത്രപരമായ കാരണം എന്തെന്ന് ഒരു പണ്ഡിതനും അന്വേഷിക്കുന്നില്ല എന്ന ഖേദം രേഖപ്പെടുത്തിയതിനു പിന്നാലെ അദ്ദേഹം എത്തിനിന്ന നിലപാടുതറ ഇനി എപ്പോഴെങ്കിലും ലീലാവതി ടീച്ചറെ കണ്ടുകിട്ടിയാല്‍ ഇക്കാര്യം ചോദിക്കാന്‍ താന്‍ തീരുമാനിച്ചിരിക്കുന്നു എന്നും!
ഏതോ ഒരു പ്രാന്തന്‍ ഇങ്ങനെയൊക്കെ പറഞ്ഞുവെന്നിരുന്നാലും അതിനോട് ശരിയായി പ്രതികരിക്കാന്‍ ആ പാനലില്‍ ആരുമുണ്ടായില്ല എന്നതാണ് ഈ കഥ പറഞ്ഞ വിമര്‍ശകന്റെ പ്രധാന പരാതി. എല്ലാരും ചിരിച്ചു രസിച്ചുപോലും.
ഈ സംശയം തീര്‍ക്കാന്‍ നിങ്ങളെന്തിന് ലീലാവതി ടീച്ചറെ കാണുവോളം കാത്തിരിക്കണം, വീട്ടില്‍ ചെന്ന് സ്വന്തം അമ്മയോട് ചോദിച്ചാല്‍ പോരെ എന്ന് അയാളോട് ആരായാന്‍ ആരും മുതിര്‍ന്നില്ല. കടന്നുപോന്ന വഴി ഒരാള്‍ അഥവാ മറന്നുപോയി എന്നിരുന്നാലും ആ വഴിപിഴച്ചവനെ നൊന്തുപെറ്റവര്‍ക്ക് മറവി സംഭവിച്ചിരിക്കില്ലല്ലോ!
ചര്‍ച്ച നിയന്ത്രിക്കുന്ന ചാനല്‍വക്താവുപോലും തന്റെ കണ്‍മുന്നില്‍ നടക്കുന്ന സാംസ്‌കാരികാതിക്രമത്തിന്റെ ആഴം തിരിച്ചറിഞ്ഞില്ല! ചാനലൊ, ഒരു തവണ ഈ പൂരപ്രബന്ധം സംപ്രേഷണം ചെയ്തതു പോരാഞ്ഞ്, ഏതോ പാട്ടില്‍ പറഞ്ഞപോലെ, പിന്നെയും പിന്നെയും എതോ കിനാവിന്റെ...
പൂരങ്ങളില്‍ വെടിക്കെട്ടിന് നിയന്ത്രണം കൊണ്ടുവന്ന സര്‍ക്കാര്‍ ഈ വക അശ്ലീല അമിട്ടുകള്‍ക്കും ഡയനകള്‍ക്കും സാഹിത്യപ്പൂരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതല്ലോ? ഭരണിപ്പാട്ടിന് മൂക്കുകയറിട്ടപോലെ ഇവിടെയും ഒരു ചെറിയ കടിഞ്ഞാണ്‍ ആകരുതേ?
കൈകൊണ്ടു വാരി വായിലാക്കുന്ന എന്തും മലമായി മാറുന്നത് കൈയിന്റെ അശുദ്ധി ഒന്നുകൊണ്ടുമാത്രമാണെന്ന ബാലപാഠം എത്ര ലിറ്റററി ഫെസ്റ്റിവലുകള്‍ കഴിഞ്ഞാലാണ് ഉറപ്പാവുക? അശ്ലീലം കുടികൊള്ളുന്നത് നാക്കിലൊ വാക്കിലൊ അല്ല മനസ്സിലാണെന്ന നേര് അറിയാത്തവരുടെ സംഖ്യ ഇനിയും പെരുകിയേ തീരൂ എന്നാണൊ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates