

''എന്നെ വിട്ടേക്ക്'
ശരവേഗത്തിലാണ് അയാളുടെ നടത്തം.
ഇന്നലെ വൈകുന്നേരം നേഴ്‌സിങ്‌ഹോമില്‍നിന്ന് അയാളെ കാണാനില്ലെന്ന് ഡോക്ടര്‍ സില്‍വിയ വിളിച്ചറിയിക്കുമ്പോള്‍ അവള്‍ അയാള്‍ക്കിഷ്ടമുള്ള തിരുതയ്ക്ക് വിലപേശുകയായിരുന്നു. ഭ്രാന്ത് ഒരു കടന്നല്‍കൂടിളകുംപോലെ അവളുടെയുള്ളിലേക്കുമാവാഹിച്ചു. കയ്യിലെടുത്ത തിരുത മീന്‍തട്ടിലേക്കെറിഞ്ഞവളോടി. പിന്നില്‍നിന്നുള്ള തെറിവിളികള്‍ക്കു കാതുകൊടുക്കാതെ ആദ്യംകണ്ട ഓട്ടോയില്‍ റെയില്‍വേസ്‌റ്റേഷനിലേക്കാണു പോയത്. അയാളെ കണ്ടുകിട്ടുമ്പോള്‍ രാത്രി എട്ടുമണി.
'മാഷേ ഇങ്ങട്ട് കേറിക്കേ' ആ വിളികേട്ടതും അയാള്‍ ഇടതുവശത്തേക്കു തിരിഞ്ഞു. കുറച്ചുനേരം ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കി നിന്നു. അവളുടെ കൈ തോളില്‍ തട്ടിയതും സ്വിച്ചിട്ട പോലെ വേഗത്തില്‍ നടന്നുതുടങ്ങി. ഓട്ടോക്കാരനു കാശുകൊടുത്ത് അവളും പിന്നാലെ കൂടി.
എത്ര നേരമങ്ങനെ നടന്നുകാണും. ഇരുട്ടു കനത്തുവന്നു, അരക്കെട്ടില്‍നിന്നു വിട്ടുപോകുംപോലെ കാലുകള്‍ കടഞ്ഞതും വഴിയരികിലെ മരബെഞ്ചിലവള്‍ ഇരുന്നു. ഉന്മാദത്തിന്റെ ഉച്ചസ്ഥായിയിലും അവളുടെ നിസ്സഹായത തിരിച്ചറിയാനുള്ള ബോധം അയാളിലുണ്ടായിരുന്നു. തിരികെ നടന്നയാള്‍ അവള്‍ക്കരികിലിരുന്നു.
'ഞാനൊന്നു കിടന്നോട്ടെ' അവളാമടിയില്‍ കിടന്നു. മുണ്ടാകെ മുഷിഞ്ഞു മൂത്രം മണക്കുന്നുണ്ട്
'എന്നെ വിട്ടേക്ക്' അയാള്‍ പിറുപിറുത്തു
'അങ്ങനെ പറയല്ലേ.. ഒറ്റയ്ക്കാക്കി ഒരിടത്തും പോവില്ല. മാഷ് എന്റെ കൂടെ വരണം'
അയാള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ അവളുടെ കൈപിടിച്ചു നടന്നു.
പന്ത്രണ്ടാം ക്ലാസ്സില്‍ തോറ്റുനില്‍ക്കുമ്പോഴാണയാളെ അവള്‍ പരിചയപ്പെടുന്നത്. ഇംഗ്ലീഷും സിവിക്‌സും കൂടിയെഴുതിയെടുത്താല്‍ ഡിഗ്രിക്കു ചേരാമെന്ന വ്യാമോഹത്തോടെ സെന്റ് മേരീസ് ട്യൂട്ടോറിയലില്‍ ചേരുമ്പോള്‍ അയാളവിടെ ഇംഗ്ലീഷ് അധ്യാപകനാണ്. ക്ലാസ്സിലേക്കുള്ള അയാളുടെ ആദ്യ വരവിപ്പോഴുമോര്‍മ്മയുണ്ട്. മുട്ടോളം ജീന്‍സ് തെറുത്തു കയറ്റി ഒരു കൈ അദൃശ്യമായ കടിഞ്ഞാണില്‍ പിടിച്ച് മറ്റേതു വായുവില്‍ ചുഴറ്റി കുതിരപ്പുറത്തെന്നപോലെ ഉയര്‍ന്നുപൊങ്ങിയും താഴ്ന്നും അയാള്‍ കടന്നുവന്നു. കസേരയില്‍ കാലെടുത്തുയര്‍ത്തിവെച്ചുകൊണ്ടയാള്‍ ഉച്ചത്തില്‍ പാടിത്തുടങ്ങി.
'കാറ്റിലുലഞ്ഞിരുളാര്‍ത്തുനില്‍ക്കുന്നൊരു ചോലമരങ്ങള്‍ക്കിടയിലൂടെ
മേഘത്തിരകളില്‍മുങ്ങിയും പൊങ്ങിയും ദിക്കറ്റുഴറുന്ന ചന്ദ്രികയില്‍
പുല്‍മേടതന്നില്‍ നിലാനാടപോലെ പരന്നുകിടക്കുന്ന പാതവഴി
വന്നവന്‍ നിത്യപ്രണയി, ഏകാകിയായ് പായുന്ന ചെമ്പന്‍ കുതിരമേലേ'
'ഏതാണീ കവിത? ആദ്യം പറയുന്നാള്‍ക്കീപേന' പോക്കെറ്റില്‍ നിന്നൊരു റെയ്‌നോള്‍ഡ് പേനയെടുത്തയാള്‍ നീട്ടി.
'ഹൈവേമാന്‍' അവളാണാദ്യം പറഞ്ഞത്. അയാള്‍ കുതിരയെ അവള്‍ക്കരികിലേക്കോടിച്ചു.
'ബെസ് ഇത് നിനക്ക് ഹൈവേമാന്‍ തരുന്ന സമ്മാനം' അയാള്‍ ഇല്ലാത്ത തൊപ്പിയൂരി ഒരു നിമിഷം തലകുനിച്ചു. അവളാകെ നാണിച്ചുപോയി. പെട്ടന്നു തന്നെ നാടകീയത അഴിച്ചുവെച്ചയാള്‍ ഗൌരവത്തോടെ ഹൈവേമാന്‍ പഠിപ്പിച്ചു തുടങ്ങി
'ദി വിന്‍ഡ് വാസ് എ ടോറന്റ് ഓഫ് ഡാര്‍ക്ക്‌നെസ് എമങ് ദ ഗസ്റ്റി ട്രീസ്
ദി മൂണ്‍ വാസ് എ ഗോസ്റ്റ്‌ലി ഗാലിയണ്‍ ടോസ്ഡ് അപോണ്‍ ക്‌ളൌഡി സീസ്
ദി റോഡ് വാസ് എ റിബണ്‍ ഓഫ് മൂണ്‍ലൈറ്റ് ഓവര്‍ ദി പര്‍പിള്‍ മൂര്‍
ആന്റ് ഹൈവേമാന്‍ കേം റൈഡിങ് റൈഡിങ് റൈഡിങ്'
ഹൈവേമാനെ അവള്‍ക്ക് പെരുത്തിഷ്ടമാണ്. അവളുടെ ദിവാസ്വപ്നങ്ങളില്‍ എപ്പോഴുമവനുണ്ട്. എന്നാലും വഴങ്ങാത്ത ഭാഷയില്‍ ചോദ്യം വന്നാല്‍ ചുറ്റിപ്പോകും. ഇനിയൊരു ചോദ്യവും വന്നു വീഴരുതേ എന്ന പ്രാര്‍ത്ഥനയോടെ പതുങ്ങിയിരിക്കുമ്പോഴാണ് തണ്ടും തടിയുമുള്ളൊരുത്തന്‍ അതേ പേടിയോടെ ചുക്കിച്ചുളുങ്ങി എതിര്‍നിരയില്‍ ഇരിക്കുന്നതു കണ്ടത്. ഫൈസല്‍ഫരീദ്. കണ്ണുകള്‍ മെല്ലെ ചിമ്മി അവനൊന്നു ചിരിച്ചു. അതുവരെ കണ്ടിട്ടില്ലാത്ത ഒരു വശ്യത അവന്റെ കണ്ണുകള്‍ക്കുള്ളതുപോലെ.
ബൂട്ടും തൊപ്പിയും കുതിരയുമൊക്കെ അവനും ചേരും. ഹൈവേമാന്‍ അവന്‍തന്നെ.
അവള്‍ മെടഞ്ഞമുടി മുന്നിലേക്കെടുത്തിട്ടു. മുടിക്കുമുട്ടോളം നീളമുണ്ട്. ബെസിനുമിത്രതന്നെയേ മുടിയുണ്ടാവൂ. ഇന്നു തന്നെ ലോനപ്പന്റെ കടയില്‍നിന്ന് ക്ലിനിക് പ്ലസ്സിന്റെ ചെറിയ പാക്കറ്റ് വാങ്ങണം. എണ്ണമെഴുക്കു കളഞ്ഞാല്‍, കറുത്ത തിരമാലപോലെയാവും. നെഞ്ചിലേക്കതുവീണാല്‍ അവനും ഹൈവേമാനെപ്പോലെ ആവേശത്തോടെ പുണരും. അതോര്‍ത്തു കോരിത്തരിച്ചിരിക്കുമ്പോഴാണ് അയാള്‍ ചോക്കെറിഞ്ഞവളെ ഉണര്‍ത്തിയത്.
'കായലില്‍ നിലാവത്ത് ഊത്തമീനുകള്‍ പരക്കുന്നതു കണ്ടിട്ടുണ്ടോ'
'ഇല്ല' അവള്‍ ജാള്യതയോടെ തലയാട്ടി
'കായലിന്റെ പൊക്കിള്‍ചുഴിയില്‍ കാറ്റിറങ്ങുന്നതു കണ്ടിട്ടുണ്ടോ'
അതിനുമവള്‍ക്കുത്തരമില്ലായിരുന്നു.
വട്ടക്കായലില്‍ മീന്‍പിടിക്കാന്‍പോയ കഥയയാള്‍ പറഞ്ഞുതുടങ്ങി.
'കണ്ണെത്താ കായിലൂടെ ആകാശത്തെ നക്ഷത്രങ്ങളെ വഴികാട്ടിയാക്കി ഓളത്തില്‍ തുഴയെറിഞ്ഞുള്ളയാത്ര, എന്തൊരു ഗാംഭീരൃമാണു കായലിന്. ശ്വാസം കൊണ്ടുപോലും കായലിന്റെ ഏകാന്തതയെ തൊടാന്‍ ഭയം തോന്നും. ചിലപ്പോള്‍ കാറ്റിന്റെ ഒരു വട്ടം കറക്കലുണ്ട്. ഒന്നു ചലിക്കുവാന്‍ പോലുമാവാതെ കണ്ണുകളിറുക്കിയടച്ചിരിക്കുമ്പോള്‍ പ്രപഞ്ചത്തെ അറിയാതെ കയ്യെടുത്തു തൊഴുതുപോകും..' പ്രപഞ്ചം മുന്നിലെത്തിയപോലെ അയാള്‍ തൊഴുതു. പെട്ടെന്നു വിടുതല്‍കിട്ടിയപോലെ അയാള്‍ ആവേശത്തോടെ ചോദിച്ചു
'ഊത്ത പറ്റിച്ചതു കഴിച്ചിട്ടുണ്ടോ'
'ഉണ്ട്' അവളിത്തിരി ഉറക്കെ തന്നെ പറഞ്ഞു
'ഹൌ' ഞൊട്ടി നുണഞ്ഞുകൊണ്ടയാള്‍ ഹൈവേമാനിലേക്കൂളയിട്ടു.
ഓരോ ക്ലാസ്സിലും നിര്‍ദോഷമായൊരു ചോദ്യം അയാള്‍ അവള്‍ക്കായി കരുതി. ആ ചോദ്യങ്ങളെക്കാളും അതിനെചുറ്റിപ്പറ്റിയുള്ള ഫൈസല്‍ ഫരീദിന്റെ കളിയാക്കലുകളാണവളെ സന്തോഷിപ്പിച്ചത്. അതെന്തൊരു കാലമായിരുന്നു. എല്ലാത്തിനും നല്ല അഴകുള്ള കാലം. കളിയാക്കലിന്, അലമ്പിടലിന്, വഴക്കുപറച്ചിലുകള്‍ക്ക്, എന്തിന് ഇംഗ്‌ളിഷിനുപോലും.
ഒന്നിനും ഒരു തുടര്‍ച്ചയുണ്ടാവില്ലെന്ന് അന്നൊരിക്കലും തോന്നിയിരുന്നില്ല. കക്ക വാരുന്നതിനിടയില്‍ കാലില്‍ കടകമുള്ളു തറച്ച് അമ്മ ആശുപത്രിയിലായ മൂന്നാഴ്ചക്കാലം താണ്ടി അവള്‍ തിരികെയെത്തുമ്പോള്‍ ഇംഗ്‌ളീഷ് ക്ലാസ്സില്‍ പുതിയ മാഷ്. അവള്‍ക്കൊരു വല്ലായ്മ തോന്നി. ക്ലാസ്സ് അന്യമായപോലെ.
'ഓനൊരു മന്ദതയാര്ന്ന് കൊറച്ചീസം. പിന്നെവരാണ്ടായി. പ്രാന്തായിപ്പോയെന്നാ അച്ചൂട്ടിചേട്ടായി പറഞ്ഞത്' ഫൈസല്‍ ഉദാസീനമായി പറഞ്ഞു. അച്ചൂട്ടി പ്യൂണാണ്.
ക്ലാസ്സ് കഴിഞ്ഞ് മടങ്ങും വഴി ബാര്‍ബര്‍ഷാപ്പിന്റെ തിരിവിലെത്തിയും ഫൈസല്‍ഫരീദുണ്ടവിടെ കാത്തുനില്‍ക്കുന്നു.
'ഇന്നൂടെകണ്ടില്ലേല്‍ എനക്ക് വട്ടായിപ്പോയേനേ. നിന്നെ കാണാന്‍ മാത്രമാ ഈ പുല്ല് ക്ലാസ്സീ വരണേ'
അവള്‍ക്കാ പറച്ചില്‍ ഇഷ്ടമായി.
സെന്റ്‌മേരീസ് ട്യൂട്ടോറിയലിനും അപ്പുറത്തൊരു ലോകമുണ്ടെന്ന് അവള്‍ക്ക് കാണിച്ചുകൊടുത്തത് അവനായിരുന്നു അവനൊപ്പമാണ് തീയറ്ററില്‍ പോയി ആദ്യമായൊരു ഹിന്ദി സിനിമ കണ്ടത്. 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ'. അവനാപ്പേര് അവളുടെ നോട്ടുബുക്കില്‍ ഹിന്ദിയില്‍ എഴുതിവെച്ചു. ഷാരൂഖ് കജോളിനെ സനോറീറ്റ എന്നു വിളിച്ചപ്പോഴൊക്കെ അവനും അവളെ അങ്ങനെ വിളിച്ചു.
കടല്‍തീരത്ത് നട്ടുച്ചയ്ക്ക് ഐസ്‌ക്രീം നുണഞ്ഞിരിക്കുമ്പോള്‍ റോഡിനപ്പുറത്തുള്ള ഇരുനിലക്കെട്ടിടം ചൂണ്ടിയവന്‍ പറഞ്ഞു 'മാഷ് അവിടയൊണ്ട്. പ്രാന്തന്‍മാരുടെ ആശൂത്രിയാ'
പെട്ടെന്നൊരു നോവ് അവളെ വന്നു മൂടി.
'പടാറ് പാട്ടാണ് ഓന്‍ പടിപ്പിച്ചത്. ...വണ്‍ കിസ്സ് മൈ ഡാളിങ്' അവന്‍ ഒളികണ്ണിട്ടവളെ നോക്കി
'അതങ്ങനെയല്ല' അവള്‍ തിരുത്തി ''വണ്‍കിസ്സ് മൈ ബോണി സ്വീറ്റ്ഹാര്‍ട്ട്, ഐ ആം ആഫ്റ്റര്‍ എ െ്രെപസ് റ്റു നൈറ്റ്
ബട്ട് ഐ ഷാല്‍ ബി ബാക് വിത്ത് യെല്ലോ ഗോള്‍ഡ് ബിഫോര്‍ ദി മോണിങ് ലൈറ്റ്'
'വമ്പത്തീ നീ ജയിക്കും ഞാന്‍ പൊട്ടും' അവന്‍ കെട്ടിപ്പിടിച്ചൊരുമ്മ കാച്ചി. ആദ്യത്തെ ഉമ്മ. വല്ലാത്ത തരിപ്പുണ്ടായിരുന്നു അതിന്. പിറ്റേന്നു വെളുക്കോളം അതവളുടെ ചുണ്ടില്‍ തങ്ങി നിന്നു.
പക്ഷേ രണ്ടാം തവണയും ഇംഗ്ലീഷ് അവളെ പറ്റിച്ചു. കൂടെ തോല്‍ക്കാന്‍ ഫൈസല്‍ ഫരീദുമുണ്ടായിരുന്നു.
നാട്ടിലെ ശിവരാത്രി ഭജനസംഘത്തില്‍ അംഗത്വമെടുത്ത് ഉറക്കമിളപ്പും ഉപവാസവുമനുഷ്ഠിക്കാന്‍ അമ്മ പുറപ്പെട്ട ആ കുംഭമാസരാത്രിയാണ് പെട്ടി ഓട്ടോയുമായെത്തി അവനവളെ കൂടെക്കൂട്ടിയത്. അന്നവന്‍ ചൂളം കുത്തിയപോലൊരു ട്യൂണാവും ഹൈവേമാന്റെ വിസിലിങ്ട്യൂണെന്നവള്‍ നെഞ്ചിലെ പെരുമ്പറത്താളത്തെ വിശ്വസിപ്പിച്ചു.
ആക്രി പെറുക്കിയും കപ്പലണ്ടി വറുത്തുവിറ്റും ഫൈസല്‍ഫരീദെന്ന ഹൈവേമാന്‍ അവളുടെ സ്വന്തം പുതിയാപ്ലയായി. ഒറ്റമുറി വാടകവീട്ടില്‍ അവന്റെ ബീടരായി നിറഞ്ഞാടുമ്പോള്‍ അവനിടയ്ക്കിടയ്ക്ക് അവളെ കളിയാക്കും 'നിനക്കു ഞാന്‍ പോരാണ്ടു വെരും മുത്തേ' ആ പറച്ചിലിലെ അശ്ലീലം അന്നൊന്നുമവളെ ബേജാറാക്കിയില്ല. ഒരുനാള്‍ ഉപ്പയ്ക്കുവയ്യെന്നു പറഞ്ഞു വീട്ടിലേക്കുപോയവന്‍ ഒരാഴ്ച കഴിഞ്ഞാണു മടങ്ങിയത്. അവളുടെ കാലില്‍കെട്ടിവീണവന്‍ മാപ്പിരന്നു.
'നീ പൊറുക്കണം. ഉപ്പാന്റെ കൂട്ടുകച്ചോടക്കാരന്‍ റഹീംകാക്കാന്റെ മോളെ എനക്ക് നിക്കാഹാക്കി. നിനക്കൊരു കുറവും വെരുത്തൂല'
പിന്നെപ്പിന്നെ ദിവസങ്ങളുടെ വലിയൊരു പങ്ക് റഹീം കാക്കാന്റെ മകള്‍ക്കും ചെറിയൊരുപങ്ക് അവള്‍ക്കുമായി പകുത്തു. പലചരക്കുകടയിലെ പറ്റുതീര്‍ക്കുമ്പോള്‍ അവന്‍ ദേഷ്യപ്പെട്ടു 'മുടിപ്പാണല്ലാ. കോഴീം മക്കളുമുണ്ടാ പള്ളേല്'
ഒരു രാത്രി വാതിലില്‍കേട്ട മുട്ടിന് ചങ്കുറപ്പില്ലാത്തപോലെ അവള്‍ക്കു തോന്നി. അന്നവനൊപ്പം ഒരപരിചിതനും ഉണ്ടായിരുന്നു. അകത്തേക്കു കയറിയതും അവന്‍ അയയില്‍കിടന്ന ഷാളെടുത്തവളുടെ കൈകള്‍ കൂട്ടികെട്ടി. വായില്‍ തോര്‍ത്തുതിരുകി. 'ഒരു കച്ചോടം തൊടങ്ങാനാ.. നീയ്യൊന്നു സഹകരിക്കണം.'
കണ്ടുതീര്‍ന്നൊരു സിനിമ മാത്രമാണ് ഫൈസല്‍ഫരീദുമായുള്ള ജീവിതമെന്നവള്‍ക്ക് തോന്നി. ഇപ്പോഴത്തെ അവന്റെ വേഷം കച്ചോടക്കാരന്റേതാണ്. അവള്‍ പഴയൊരു എയര്‍ബാഗില്‍ അത്യവശ്യം കുറച്ചു വസ്ത്രങ്ങളെടുത്തു വെച്ചു.
'എവിടേക്കാണ്' അവന്‍ പുച്ഛത്തോടെ ചോദിച്ചു.
'നീയില്ലാതെയും കച്ചോടം നടത്താമോ എന്ന് ഞാനൊന്നു നോക്കട്ടെ. ഏതായാലും നിന്നെക്കാള്‍ കൊള്ളാമായിരുന്നു ഇന്നലെ വന്നവന്‍' അവള്‍ ബാഗുമായിറങ്ങി.
അമ്മ മാത്രമുള്ള വീട്ടിലേക്ക് ഒരു പരീക്ഷണംപോലെയാണവള്‍ ചെന്നു കയറിയത്. പ്രായത്തിന്റെ അവശതകളില്‍ താങ്ങില്ലാതെ നന്നേ പ്രയാസപ്പെട്ടിരുന്നതിനാലാവും കുറച്ചു ചീത്തവിളികള്‍ക്കും പതംപറച്ചിലിനുമൊടുവില്‍ അമ്മയവളുടെ ചൂടികട്ടില്‍ എരുത്തിലില്‍ നിന്നെടുത്ത് മുറിയിലിട്ടു.
ജനതാ ഹോംകെയറില്‍ വീട്ടുവേലയ്ക്ക് പേരു രജിസ്റ്റര്‍ ചെയ്യാനായി ചെല്ലുമ്പേള്‍ ഗേറ്റിനുവെളിയില്‍ സൈക്കിള്‍, സ്റ്റാന്റിലിട്ട് കുറ്റിബീഡിയിലെ അവസാനത്തെ പുകയ്ക്കായി ആഞ്ഞാഞ്ഞു വലിച്ചുകൊണ്ടായാസപ്പെട്ടു നില്‍ക്കുകയായിരുന്നു അയാള്‍. അയാളൊന്നവളെ ആകെ നോക്കി.
'താന്‍ നമ്പൂതിരിച്ചിത്രം പോലെയായല്ലോ' അയാള്‍ചിരിച്ചു
'മാഷാകെ മെലിഞ്ഞുചെറുതായി. അപ്പി ഹിപ്പിയെപ്പോലുണ്ട്' അവളും വിട്ടുകൊടുത്തില്ല
'താനെന്താ ഇവിടെ'
'മാഷെന്താ ഇവിടെ' അവളും മറുചോദ്യമെറിഞ്ഞു
'അമ്മ വീണു കാലൊടിഞ്ഞെടോ. എല്ലാം കൂടെ എന്നെക്കൊണ്ടാവുന്നില്ല. വീട്ടുവേലയ്‌ക്കൊരാളെവേണം'
'ഞാന്‍ വരാം. കമ്മീഷന്‍ വെറുതേ കളയണ്ട. അതൂടെ എന്റെ ശമ്പളത്തില്‍ കൂട്ടിക്കോ'
അന്നവള്‍ അയാള്‍ക്കൊപ്പം കൂടിയതാണ്.
വാഴച്ചോട്ടിലിരുന്ന് മീന്‍ വെട്ടിക്കഴുകുമ്പോള്‍ അടുക്കളയിറയത്ത് പരിസരം മറന്നുനില്‍ക്കുന്ന രണ്ടുകണ്ണുകള്‍ നോക്കി മേല്‍മുണ്ട് നേരെയിട്ട് അവളൊരു കുസൃതിച്ചിരി ചിരിച്ചു. അത് കണ്ടയാള്‍ നാണത്തോടെ പറഞ്ഞു. 'ഇത്തിരി കഞ്ഞിവെള്ളം'
'ചോറുവാര്‍ക്കണം. ഇതൊന്നു കഴിഞ്ഞോട്ടെ'
കുടംപുളിയിലയിട്ടുതേച്ച് വെളുപ്പിച്ച ഊത്തമീനുകളുമായി അടുക്കളയിലെത്തുംവരെ അയാള്‍ കാത്തുനിന്നു.
'ഉം?' അവളയാളെ പേടിപ്പിച്ചു
'ഒന്നുമില്ല' അയാളൊന്നു പതറി. അത് കണ്ടവള്‍ പിന്നെയും ചിരിച്ചു.
'നിനക്കു നല്ല ഊത്തമണം'. അയാള്‍ കുളിര്‍ന്നിട്ടെന്നപോലെ വിറച്ചുകൊണ്ട് അവളെ ഇറുക്കിപ്പുണര്‍ന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്നതവള്‍ക്കു കേള്‍ക്കാമായിരുന്നു. പിന്നെയതത്രയും സ്വാഭാവികമായി മാറി. അയാളുടെ പുസ്തകങ്ങള്‍ വിതറിയ കട്ടിലിലും വിറകുപുരയിലും മച്ചിന്‍പുറത്തും കാമം ഒരു നാട്യവുമില്ലാതെ കടന്നുവന്നു. ചിലപ്പോള്‍ തുണി തിരുമുമ്പോള്‍, മറ്റു ചിലപ്പോള്‍ അരി കഴുകി അടുപ്പത്തിടുമ്പോള്‍....
'വരാമോ' അയാള്‍ ചോദിക്കും. കൈതുടച്ചവള്‍ ചെല്ലും. ധനുമാസരാത്രിയിലെ പാലപ്പൂമണംപോലെ, ബ്രഹ്മാനന്ദന്റെ നീലനിശീഥിനി പാട്ടുപോലെ സൌമ്യമായിരുന്നു അയാളുടെ കാമം. അപ്പോഴവള്‍ക്കയാളോടളവറ്റ വാത്സല്യംതോന്നി.
പണിയൊതുക്കി മടങ്ങുമ്പോള്‍ എല്ലാ വൈകുന്നരവും രണ്ടിലയടയോ പഴംപൊരിയോ ചായക്കടയില്‍നിന്നുവാങ്ങി ഒരു രഹസ്യം പോലെ ബാഗില്‍വെയ്ക്കുന്നതില്‍ മാത്രമേ അവള്‍ക്കതൃപ്തി തോന്നിയുള്ളൂ. അന്നത്തെ സ്‌നേഹത്തിന്റെ കൂലിയാണോ അതെന്നവള്‍ സംശയിച്ചു. സ്‌നേഹത്തിലാരും തന്നെ കടപ്പെടുത്തുന്നതവള്‍ക്കിഷ്ടമായിരുന്നില്ല. അയാളോടുള്ള ഒടുങ്ങാത്ത വാത്സല്യമൊന്നുകൊണ്ടുമാത്രം അവളയാളെ നിഷേധിച്ചില്ല. വഴിയില്‍ കണ്ട ആര്‍ക്കെങ്കിലും അവളതു ദാനംചെയ്തു.
'മോനിപ്പോള്‍ വലുതായിക്കാണുമല്ലേ' അയാളുടെ മകന്റെ പഴയ ഫോട്ടോ തുടച്ചുവെയ്ക്കുമ്പോള്‍ അവള്‍ ചോദിച്ചു.
'ഉം''
'കുട്ടീനെ പോയൊന്ന് കാണാന്‍മേലേ'
'അവന്റെ അമ്മയ്ക്കതിഷ്ടമല്ല'
'പെണക്കമൊക്കെ മതിയാക്കി ഒരു ദെവസമവര്‍ വരും'
'കാല്‍ക്കൊല്ലം പ്രാന്തൊള്ളവനെ ആരും സഹിക്കില്ലെടോ'
അടുത്തു നില്‍ക്കുമ്പോഴും അകലെയാവാന്‍ അയാള്‍ക്കറിയാമായിരുന്നു. ഭ്രാന്തിലെത്തോളം വേണ്ടുന്നതും വേണ്ടാത്തതും വേര്‍തിരിച്ചാവശ്യപ്പെടുന്നതില്‍ അയാളൊട്ടും പിന്നോട്ടുപോയില്ല.
'അമ്മയ്ക്കതിഷ്ടമാവില്ല' അതായിരുന്നു അവള്‍ക്കുള്ള അടയാളവാക്യം. അതുകേള്‍ക്കുന്നിടത്തെല്ലാം അവള്‍ പിന്മാറണം അമ്മയുടെ മുറി തൂത്തുവാരാനൊരുങ്ങുമ്പോള്‍, അമ്മയെ കുളിപ്പിക്കും നേരം കുളിമുറിവാതില്‍ കടന്ന് ചൂടുവെള്ളക്കലം നീക്കിവെയ്ക്കുമ്പോള്‍, അമ്മയുടെ ഭാഗവതത്തില്‍ തൊടുമ്പോള്‍.... അപ്പോഴൊക്കെയവള്‍ തോറ്റുപോകും. അവള്‍ സ്‌നേഹിക്കുമ്പോള്‍ അവള്‍ക്കുമേലെയാണ് സ്‌നേഹം.
'തനിക്കിവിടെ താമസിച്ചുകൂടെ'. ഒരിക്കല്‍ പ്രണയത്തിന്റെ പാരമ്യത്തില്‍ അയാള്‍ ചോദിച്ചു.
'തെക്കേമുറിയുടെ വാതില്‍പ്പടിക്കപ്പുറമില്ലാത്ത ഒരവകാശവുമെനിക്കു വേണ്ട'
കള്ളം പിടിക്കപ്പെട്ട കുട്ടിയെപ്പോലയാള്‍ തലകുനിച്ചു. അയാളെ നോവിക്കാന്‍ അവള്‍ക്കിഷ്ടമായിരുന്നില്ല. നെറ്റിയില്‍വീണ മുടി മാടിയൊതുക്കിക്കൊണ്ടവള്‍ ചോദിച്ചു 'ഞാന്‍ പോന്നാല്‍ എന്റെ അമ്മയ്ക്ക് ആരുണ്ട്?'
'ഇവിടം വിട്ടാല്‍ പിന്നെ ഞാനില്ലല്ലോ. തനിക്കെന്നെ ഇവിടെ മറന്നുവെയ്ക്കാം. ഓര്‍മ്മ പെരുത്ത്‌പെരുത്ത് പ്രാന്തിന്റെ പുറംപോക്കിലേക്കു ഞാന്‍ ചെന്നുവീഴുമ്പോള്‍ എന്നെ മറന്ന് ചെന്നുകേറാനൊരു കൂരയുള്ളതു നല്ലതാ'
അയാളതു പറയുമ്പോള്‍ അവളയാളെ ഒന്നും പറഞ്ഞാശ്വസിപ്പിച്ചില്ല. എന്നാലും ഭ്രാന്തൊറ്റപ്പെടുത്തുന്ന ഒരുവന് തുണയാകാന്‍ അവള്‍ക്കാവുമായിരുന്നു. ഭ്രാന്ത് കനിഞ്ഞുനീട്ടുന്ന ഔദാര്യമായിരുന്നു അയാള്‍ അവള്‍ക്ക്.
അയാളെമാത്രം തൊടുന്ന ആനന്ദങ്ങളില്‍ അവളെയും കൂടെക്കൂട്ടാന്‍ അയാളുത്സാഹിച്ചിരുന്നു. കരുത്തുള്ള നല്ല വാഴക്കന്നുകള്‍ നടാനായി തെരഞ്ഞുവെയ്ക്കുമ്പോള്‍ അയാളവളോടുചോദിക്കും 'എവിടെ നടണമെടോ.
ഭ്രാന്ത് എത്ര സൌമ്യമായാണ് കടന്നു വരുന്നത്. അപ്പോള്‍ അയാളെക്കാള്‍ മുന്തിയതായി അയാളിലതുണ്ടാവും. തുടങ്ങുമ്പോഴേ അവളതറിയും. അവളെ വിളിച്ചെപ്പോഴുമരികിലിരുത്തും. അവളുടെ മടിയില്‍ പേടിച്ചരണ്ട കുഞ്ഞിനെപ്പോലെ കണ്ണുകളടയ്ക്കാതെ കിടക്കും. അയാള്‍ക്കല്ല, ഭ്രാന്തിനാണവളെ കൂടുതലിഷ്ടമെന്നവള്‍ക്കറിയാം. അപ്പോളവള്‍ പറയുന്നതുമാത്രമേ അനുസരിക്കൂ. അവള്‍ നല്‍കുന്നതെന്തും വയര്‍ നിറയെ കഴിക്കും.
'താനിന്നൊറ്റയ്ക്കുപോവണ്ട. വഴിയില്‍ അവരുണ്ട്.'
'ആര്?'
അയാള്‍ ചൂണ്ടുവിരല്‍ ചുണ്ടിലമര്‍ത്തി 'പതുക്കെ... ഇവിടെല്ലാം സൌണ്ട് റെസെപ്‌റ്റേഴ്‌സ് ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. എന്നെ സഹായിക്കുന്നവരെയെല്ലാം അവര്‍ ഇല്ലാതാക്കും. താന്‍ സൂക്ഷിക്കണം'
അയാള്‍ ടോര്‍ച്ച് തെളിച്ചു നടന്നു.
'മാഷേ ഇരുട്ടിയിട്ടില്ല. ടോര്‍ച്ചണക്ക്'
'ഇരുട്ടായി, ഇതവരുടെ അടവാണ്. നമ്മളെ പറ്റിക്കാന്‍. ടോര്‍ച്ചണച്ചാല്‍ അവര്‍ ആക്രമിക്കും'
അയാളവളുടെ കയ്യില്‍ പിടിച്ചു 'താനൊന്ന് വേഗം നടക്ക്'
വീട്ടില്‍ കയറി വാതിലടയ്ക്കും വരെ അയാള്‍ മുറ്റത്തു തന്നെ നിന്നു.
പിറ്റേന്നവള്‍ ചെല്ലുമ്പോള്‍ ഭിത്തിയിലെ ചെറുദ്വാരങ്ങള്‍പോലും കറുത്ത സെലോടേപ്പു കൊണ്ടടച്ചു വെച്ചിരിക്കുകയായിരുന്നു അയാള്‍. അവളകത്തു കയറിയതും വാതിലുകളും ജനലുകളും അയാള്‍ അടച്ചുപൂട്ടി.
'ഹൈഫ്രീക്വന്‍സി റേസാണവര്‍ വിടുന്നത്. കരിഞ്ഞുപോകും. ഒരു വിടവും വെറുതേ ഇടരുത്. എല്ലാം അടയ്ക്കണം. താനൊന്ന് നോക്കിക്കേ ഏതെങ്കിലും വിട്ടുപോയോന്ന് '
'നോക്കാം.'
'ഒറ്റക്ക് പുറത്തിറങ്ങല്ലേ' അയാള്‍ അപേക്ഷിച്ചു
'ഇല്ല. ഇന്നലെ മാഷുറങ്ങിയോ ?' അയാളൊന്നും മിണ്ടിയില്ല
'വാ.. ഇത്തിരിനേരം കെടക്കാം'
'അവനെ നന്നായി നോക്കണം നീയ്' അയാളുടെ അമ്മ അവളെ കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തും
'ആ കൊച്ചന് ഭേദമാകും വരേക്ക് നീയവിടെനിന്നോ. തെക്കേതിലെ പെണ്ണിനെ കൂട്ടുകെടത്തിക്കോളാം'. അവളുടെ അമ്മയും സൌമ്യമായി പറയും.
അക്കാലമവള്‍ വിശ്രമമില്ലാതെ പണിയെടുത്തു, തൂത്തുവാരാനായി അമ്മയുടെ മുറിയില്‍ കയറി. അവര്‍ക്കു ഭക്ഷണം കൊടുത്തു. കുളിപ്പിച്ചു. അയാളുടെ കാലദോഷമറിയാനായി ഭാഗവതം പകുത്തു. അപ്പോള്‍ അതൊക്കെ ചെയ്യേണ്ടത് അവള്‍ മാത്രമായിരുന്നു.
ഭ്രാന്തിന്റെ പരമപീഢയിലാണയാളെ നേഴ്‌സിങ് ഹോമിലേക്കു മാറ്റുന്നത്. അതു കൊടിയിറക്കത്തിന്റെ കാലമാണ്. അബോധത്തിന്റെ പരപ്പില്‍നിന്നു ബോധത്തിന്റെ കുടുസ്സിലേക്കുവീഴും മുന്‍പ് പൂര്‍ണ്ണമായുമയാള്‍ ഇല്ലാതാകും. എന്താണെന്നോ എങ്ങനെയെന്നോ പറയാനാവാത്ത വിധം.
'സൂക്ഷിക്കണം. പേനാക്കത്തിപോലും അരികില്‍ വെയ്ക്കരുത്' ഡോക്ടര്‍ ഓര്‍മ്മപ്പെടുത്തി
'കയ്യിലേയും കാലിലേയും കെട്ടഴിക്കരുത്' ഉറക്കമരുന്ന് ഇന്‍ജെക്ട് ചെയ്യുമ്പോള്‍ നഴ്‌സ് പറഞ്ഞു
'എനിക്കു പേടിയാണ്. അടുത്തുവാ...' അയാള്‍ അവളെ വിളിച്ചു
'കയ്യൊന്നഴിച്ചുതാ... മടിയില്‍ കിടക്കണം'
അവളില്ലെന്നു തലയാട്ടി
'വേദനിക്കുന്നമ്മേ ...അമ്മേ...'അയാള്‍ അലറിക്കരഞ്ഞു
അവള്‍ക്കു സങ്കടം തോന്നി. കയ്യിലെ കെട്ടുകളയച്ച് അവള്‍ അയാളെ മടിയില്‍കിടത്തി. കൈവിരല്‍കൊണ്ട് മുടികോതിയൊതുക്കി.
'നോവുന്നു' അയാള്‍ പിറുപിറുത്തു
'മാഷിനിഷ്ടമുള്ളൊരു പാട്ടു പാടട്ടെ. നോവെല്ലാം പമ്പ കടക്കും' അവള്‍ ചോദിച്ചു
'കാറ്റിലുലഞ്ഞിരുളാര്‍ത്തുനില്‍ക്കുന്നൊരു ചോലമരങ്ങള്‍ക്കിടയിലൂടെ
മേഘത്തിരകളില്‍മുങ്ങിയും പൊങ്ങിയും ദിക്കറ്റുഴറുന്ന ചന്ദ്രികയില്‍
പുല്‍മേടതന്നില്‍ നിലാനാടപോലെ പരന്നുകിടക്കുന്ന പാതവഴി
വന്നവന്‍ നിത്യപ്രണയി, ഏകാകിയായ് പായുന്ന ചെമ്പന്‍കുതിരമേലേ'
പെട്ടെന്നൊരാസുരഭാവമയാളുടെ കണ്ണില്‍ തെളിഞ്ഞു. വികൃതമായി പല്ലിളിച്ചയാള്‍ ഒരു കൈകൊണ്ട് അവളുടെ കഴുത്തു താഴേക്കു വളച്ചു. മറുകൈയിലെ തോര്‍ത്ത് വായില്‍ തിരുകി. ഒരു പക്ഷിയുടെ കുഞ്ഞു കഴുത്തൊടിക്കുന്ന ലാഘവത്തോടെ പ്രാണന്‍ വലിച്ചടര്‍ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates