

കനലെഴുത്താണ് ജീവിതം പാളത്തി-
ലുയിര് ഹോമിച്ച് പോകാതിരിക്കുക
ജലമെഴുത്താണ് ചുറ്റും കയങ്ങളിൽ
ഒഴുകി മായാതിരിക്കാൻ ശ്രമിക്കുക
അരിയലക്ഷതപ്പൂവിട്ട് പോകാതെ-
മിഴിയിലൊരു തുള്ളി വെട്ടമിറ്റിക്കുക
ചെറിയ മിന്നാമിനുങ്ങിൻ്റെ വീടുകൾ
ഇരുളകറ്റുമെന്നോർത്ത് ജീവിക്കുക.
സഹനഭൂമിയിൽ പൂവിൻ്റെ ഭാഷയിൽ
ഋതു പകർത്തിച്ചിരിക്കാൻ പഠിക്കുക
വെയില് കൊണ്ട് തളർന്ന് പോകുമ്പോഴും
മരമതൊന്നുണ്ട് പൂക്കുന്നു കായ്ക്കുന്നു.
പ്രളയജലമുയർന്നതിരിൻ്റെ ലിപികളെ
പതിയെ മായ്ക്കുന്ന സമയചക്രങ്ങളിൽ
മഴയതൊന്നുണ്ട് പ്രാണൻ്റെ മണ്ണിനെ
ജലതരംഗശ്രുതിയിലുണർത്തുവാൻ
മലയിടിഞ്ഞ് വീഴുന്നതിന്നിടയിലായ്
ഒരു തളിർപ്പച്ച വേരിൽ തൊടുന്ന പോൽ
ഇടറിവീഴുന്ന വഴികൾക്കുമപ്പുറം
പ്രകൃതിപാഠം പഠിക്കാനിരിക്കുക
ഉലയിലെ സ്വർണ്ണമാകാനൊരുങ്ങുക
തിരയെഴുത്തിലുൾക്കടലിനെ തേടുക
വഴിയിലുഷ്ണമദ്ധ്യാഹ്നം കടക്കുവാൻ
തണൽമരങ്ങൾക്ക് ചോട്ടിലിരിക്കുക
ഇടറിവീഴുന്ന നേരത്ത് മനസ്സിനെ
ഒരു പ്രതീക്ഷയിൽ കോർത്ത് സൂക്ഷിക്കുക
കനവതായിടാം, കല്പനാലോകത്തി-
നിതളതായിടാം കൈയിൽ സൂക്ഷിക്കുക
ജനനസങ്കടപ്പക്ഷിയെ കൂടിൻ്റെ
ജനലഴി തുറന്നാകാശമേറ്റുക
അവിടെ ദൂരത്ത് യുദ്ധം, പലായനം
പകുതിവേവുന്ന മണ്ണും, ദിഗന്തവും
ഇവിടെ നോക്കൂ ഒരിറ്റ് വാശിപ്പുറ-
ത്തെഴുതി മായ്ക്കാതിരിക്കൂ ജന്മത്തിനെ-
തിരിയിലെ കരിങ്കനല് മായ്ചീടുക..
ചെറിയ മൺവിളക്കൊന്ന് കൊളുത്തുക
പകയെഴുത്തിൽ കുരുന്ന് ബാല്യങ്ങളെ-
കനലിലേക്കിട്ട് പോകാതിരിക്കുക
മഴകൾ, വേനൽ, വസന്ത, ഹേമന്തങ്ങൾ
പ്രകൃതിഭാവങ്ങളെന്നോർത്തിരിക്കുക
ഇലകളെ പോലെഴുത്ത് സൂക്ഷിക്കുക
മഴകളെ പോലെ പെയ്ത് പോയീടുക
ഇടയിലെ ജന്മസങ്കടപ്പുഴകളെ
പ്രകൃതിപാഠത്തിലേറിക്കടക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates