

ചുട്ടുപൊള്ളുന്ന വഴിയില്‍
വറ്റിവരളുന്നൂ
കുളങ്ങള്‍, പുഴകള്‍....
വെള്ളത്തിന്
പായല്‍ നിറഞ്ഞ
പച്ചനിറം
തിളയ്ക്കുന്ന വെയിലില്‍
ചൂടുപിടിച്ച വെള്ളത്തില്‍
തവളകള്‍
പേക്രോം പേക്രോം.....
ആകാശത്ത്
കരിമേഘങ്ങളെ
ആവഹിക്കാന്‍
തവളകളുടെ
വൃഥാശ്രമം
തവളകള്‍
എപ്പോള്‍ വേണമെങ്കിലും
വറ്റുന്ന വെള്ളത്തില്‍ക്കിടന്ന്
ചത്തുപോകാം,
മഴയെത്തുമോ
ഇല്ലയോയെന്ന്
മനുഷ്യരെക്കാളും
ചില ജീവികള്‍ക്ക്
ബോധ്യമുണ്ട്,
മഴ പെയ്യുമായിരിക്കും
അല്ലെങ്കില്‍
കുളത്തില്‍നിന്നും
തവളകള്‍
മീനുകളുടെ
നീന്തല്‍ ഉപേക്ഷിച്ച്
അവിടെനിന്നും
രക്ഷപ്പെടില്ലേ
തവളകള്‍
കരയുന്നു
നിര്‍ത്താതെ
പേക്രോം പേക്രോം....
മണ്ണ് കൂടുതല്‍
ചുട്ടുപൊള്ളാന്‍
തുടങ്ങിയിരിക്കുന്നു,
വയലില്‍
കൃഷിചെയ്യുന്ന
കര്‍ഷകര്‍
കുളത്തില്‍നിന്നും
പാത്രങ്ങളില്‍
വെള്ളംകോരുമ്പോള്‍
ഒരു കരയില്‍നിന്നും
മറ്റൊരു കരയിലേക്ക്
തവളകള്‍ തുള്ളിപ്പായുമ്പോള്‍
ഉറക്കെ വീണ്ടും വീണ്ടും
പേക്രോം....പേക്രോം
കേള്‍ക്കാം
കരയില്‍
വെയിലിന്റെ
നീണ്ട നാവുകൊണ്ട്
അവശേഷിക്കുന്ന നീരും
നക്കിക്കുടിക്കുന്നു,
ജലത്തില്‍ ബിംബിച്ച
പുള്ളിപ്പുലിയുടെ ചിത്രം
മനസ്സില്‍ പതിയുന്നു,
ദാഹം സഹിക്കാതെ
കിളികള്‍ ചത്തുവീഴുന്നു,
വിത്തുകള്‍ കരിയുന്നു,
അന്യന്റെ ചോരയില്‍
പകല്‍ ആര്‍ത്തിതീര്‍ക്കുന്നു,
കുളക്കടവിലൂടെ
കര്‍ഷകര്‍
അന്തിക്കു കൂരയിലേക്ക്
മടങ്ങുമ്പോള്‍
തവളകള്‍
കര്‍ഷകരെനോക്കി
വീണ്ടും വീണ്ടും
കരയുന്നു
പേക്രം... പേക്രം...
മഴക്കുവേണ്ടിയുള്ള
ഒരു സമരം
മഴയുടെ
ഒരു മേഘവും
എവിടെയും
വന്നുപോകുന്നില്ല,
ഇലപൊഴിഞ്ഞ മരങ്ങള്‍
നക്ഷത്രങ്ങളെ
വസന്തങ്ങളായി
എടുത്തണിയുമ്പോള്‍
ചൂട്ടുവെളിച്ചത്തില്‍
കിതച്ചുകൊണ്ട്
കടന്നുപോകുന്ന
വഴിപോക്കന്‍,
മരച്ചുവട്ടില്‍
വിശ്രമിക്കുന്നു,
അയാള്‍
ആരോടെന്നില്ലാതെ പറയുന്നു :
'തവളകള്‍ കരയുന്നുണ്ട്
മഴപെയ്യുമായിരിക്കും...'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates