

സമര്‍പ്പണം: കോവിലന്റെ റ കഥ വായിച്ചവര്‍ക്ക്.
കോവിലന്റെ റ എന്ന ചെറുകഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു അദ്ധ്യാപികയെന്ന നിലയില്‍ തലയ്ക്കടി കിട്ടിയ പോലെയായി. ശേഷം ദിവസങ്ങളോളം കുറെ റ ക ള്‍ ശലഭങ്ങള്‍ പോലെ തലയ്ക്കു ചുറ്റും പാറാന്‍ തുടങ്ങി. അവശയായി റ പോലെ നടുവളച്ച് കട്ടിലില്‍ വീണു. പതിയെ ഉറക്കത്തിന്റെ കനപ്പെട്ട മുഷ്ടിക്കുള്ളില്‍ സമാധിയുമായി. അപ്പോള്‍ അക്ഷരമാലയിലെ പിന്നാക്കക്കാരനായ റ ഉറക്കത്തിലും നുഴഞ്ഞ് കയറി.
കഥയിലെ റ ഒന്നാമനും അതേസമയം പിന്നാക്കക്കാരനുമായ ഒരുവനാണല്ലോ. കൊച്ചു കുട്ടികള്‍ മലയാള അക്ഷരമാല പഠിക്കുമ്പോള്‍ പണ്ട് റയില്‍ തുടങ്ങിയിരുന്നു. ഏതക്ഷരവും റ യുടെ സമര്‍ത്ഥമായ വളവുകളില്‍ ഒളിഞ്ഞിരുന്നു. അക്ഷര ക്രമത്തില്‍ അവസാനക്കാരനായ ആ പിന്നാക്കക്കാരനെ ആശാന്മാരും ആശാട്ടിമാരും ചെവിക്കു പിടിച്ച് മുന്നിലെത്തിച്ച് കൊച്ചു കുട്ടികള്‍ക്ക് മലര്‍ത്തിയടിക്കാന്‍ പാകത്തില്‍ കിടത്തിക്കൊടുത്തു. പിള്ളേര്‍ റ യുടെ അറ്റം വലിച്ച് അ യും എയും ക യും തുടങ്ങി എഴുത്തോടെഴുത്ത്. ഓ... സഹിക്കാന്‍ വയ്യാഞ്ഞ എഴുത്ത് ഋ ആയിരുന്നു. അവന്മാര്‍ /അവളുമ്മാരും... നിര്‍ദ്ദയം മലര്‍ത്തിക്കിടത്തി അറ്റംപുഴു മീശ പോലെ ചുരുട്ടിക്കെട്ടി പോരാഞ്ഞിട്ട് അടിയില്‍ ഒരു റ കൂടി പറ്റിച്ചു വച്ചു. കടല്‍പ്പുറത്ത് കുസൃതിപ്പിള്ളേര് ഞണ്ടിനെ മലര്‍ത്തിയിട്ട പോലെ ഒരു വൃത്തികെട്ട കിടപ്പ്. ആദ്യമെല്ലാം ഇത്തിരി അഹങ്കാരമുണ്ടായിരുന്നു. പിന്നാക്കനായാലെന്ത് ഞാന്‍ വേണ്ടി വന്നു നാട്ടുകാര് അക്ഷരം പഠിക്കാനെന്ന ഹുങ്ക്. സകല ഹുങ്കും അലിഞ്ഞിറങ്ങിപ്പോയി ഋ ക്കിടപ്പില്‍!! മീശയുണ്ടായിട്ടെന്ത് ഒന്നു വിറപ്പിച്ച് ഇവന്മാരെ ഒതുക്കാന്‍ പറ്റുന്നില്ലല്ലോ ദൈവമേ എന്നോര്‍ത്ത് ആധിപിടിച്ച് കിടന്നു. അപ്പോഴുണ്ട് ഒരുത്തന്‍ നമ്മുടെ തുറന്ന ചട്ടി വയറില്‍ പേനയ്ക്കു കുത്തുന്നു. വേദന സഹിക്കവയ്യാതെ നിലവിളി ഉള്ളില്‍ വിഴുങ്ങി പിടിച്ചു നില്‍ക്കാന്‍ നോക്കുമ്പോള്‍ അതാ അവനൊരു ബോംബുണ്ടയുമായി വരുന്നു. അവനെന്റെ വയറ്റില്‍ ആ ഉരുളന്‍ സാധനം കുത്തിത്തിരുകി. കടലാസാന്നേലും അതേലൊരു രൂപം മലര്‍ന്നടിച്ച് കിടക്കുന്നത് കണ്ടൂടേ ചെറുക്കാന്ന് ഞാന്‍ അലമുറയിട്ടിട്ട് ഒരു കാര്യവുമുണ്ടായില്ല. എങ്ങനെയേലും ഒന്നു തിരിഞ്ഞാല്‍ ഈ സാധനം കുടഞ്ഞു കളഞ്ഞ് മോചനം നേടാമായിരുന്നു. ഇപ്പോള്‍ മേലുകീഴ് എരിപൊരിസഞ്ചാരം. എന്തെടേ ഇത് ചെക്കന്‍ തിരുകിയത്? മുളക് വട!! അമ്മേ... ചുമ്മാതല്ല എരിപൊരിസഞ്ചാരം. ഇനിയൊരിക്കലും അഹങ്കരിക്കില്ലെന്റെ സരസ്വതീദേവി..... രക്ഷപ്പെടാനൊരു വഴിയൊരുക്കണേ..... ആരു വരും ദേവി ആരുവരും? ഒരു മോചനം ആരുതരും?
കനല് പോലെ പുകയുമ്പോള്‍ ഒരു കാലൊച്ചയും സംസാരവും.... ഇതാരാണി മുളകു വട ഇങ്ങനെ തുറന്നിട്ടുപോയത് എന്ന് ചോദിച്ചു അതിനെ തൂക്കിയെടുത്തു ഒരു കൈ ഏതോ പാത്രത്തിലിട്ടു. ഒപ്പം ഫാനും ഓണാക്കി. അമ്മേ... എരിപൊരിസഞ്ചാരത്തിലൊരു കുളിര്‍. ചുരുട്ടി വച്ച എന്റെ മീശക്കൈ ഫാനിനു നേരെ നീട്ടിയപ്പോള്‍ കാറ്റ് അതിന്റെ കുളിര്‍ കൈ നീട്ടി ഞാനിരിക്കുന്ന കടലാസ് സാവകാശമുയര്‍ത്തി. രോമാഞ്ചം കൊണ്ട കടലാസ്സ് പറന്ന് പറന്ന് ആ പ്രേമലോലുപയുടെ കര തലസ്പര്‍ശനത്തിന് കൊതിച്ച് സര്‍വ്വം മറന്ന് ഇളകിപ്പറന്നു. അപകടം മണത്ത ഞാന്‍ പൊരിച്ചിലിനിടയിലും കടലാസിനെ അപകടം ഓര്‍മ്മിപ്പിച്ചു. പക്ഷേ കിം ഫലം. ഫാന്‍ ലീഫ് കൈ ഞങ്ങളെ അടിച്ചു പറത്തിക്കളഞ്ഞു. മുക്കില്‍ ചുരുണ്ടുകൂടിക്കിടക്കുമ്പോള്‍ ഒന്നാമന്റെ അന്ത്യദിനത്തിന്റെ ആരംഭം തിരിച്ചറിഞ്ഞു. കോവിലന്റെ കഥയിലെ ബാജിയുടെ റ പോലെയുള്ള ഷെല്‍ഫിലിരുന്ന ചട്ടിക്കടിയിലേക്ക് നുഴയുന്നതിനിടയില്‍ തലയ്ക്കടി കിട്ടിയ പോലെ ഒരു തോന്നല്‍. ഉറക്കത്തില്‍ നിന്ന് ഞെട്ടി റ പരുവത്തില്‍ നിന്ന് നടു നിവര്‍ത്തിയപ്പോള്‍ മുറി മുഴുവനും വെള്ളമേഘങ്ങള്‍ പാറിപ്പറക്കുന്നു. ദൈവമേ ഞാന്‍ അങ്ങ് സ്വര്‍ഗ്ഗരാജ്യത്തെത്തിയോന്ന് അന്തം വിട്ടു. കണ്ണു തിരുമി നോക്കിയപ്പോള്‍ മേശപ്പുറത്തിരുന്ന പരീക്ഷ പേപ്പറുകള്‍ ഫാനിന്റെ കാറ്റില്‍ വെണ്‍മേഘങ്ങളായി പാറിപ്പറക്കുന്നു. എന്റെ റ ദൈവങ്ങളെ കാത്തോണേന്ന് നിലവിളിച്ച് പേപ്പറുകളുടെ പിന്നാലെ പാഞ്ഞു. അവയിലെ റ ക ളെല്ലാം തേനീച്ചകളെ പോലെ എന്റെ പിന്നാലെയും.......
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates