

ആ രാത്രിയിലാണ് ട്രെയിന്‍ അതിന്റെ അവസാനത്തെ സ്റ്റേഷനിലെത്തിയത്. ഘടികാരത്തില്‍ സമയം പുലര്‍ച്ചെ രണ്ട് മണി നാല്‍പ്പത് കഴിഞ്ഞിരുന്നു. മഴ പെയ്തുതീര്‍ന്ന നഗരത്തിന്റെ നനഞ്ഞ ശരീരത്തില്‍ നിന്ന് തണുത്ത നീരാവി പുകപോലെ ഉയര്‍ന്നുകൊണ്ടിരുന്നു. പ്ലാറ്റ്ഫോം ഏതാണ്ട് പൂര്‍ണ്ണമായും ശൂന്യമായിരുന്നു. ദൂരെയൊരു ചായക്കട മാത്രം ഇരുട്ടിനെ കീറിമുറിച്ച് തുറന്നുകിടന്നു. അതിന്റെ മങ്ങിയ മഞ്ഞവെളിച്ചം, കാലത്തിനുപോലും മായ്ക്കാന്‍ കഴിയാത്ത ഒരു പഴയ ഓര്‍മ്മപോലെ ആ നിശ്ശബ്ദതയില്‍ വിറച്ചുനിന്നു.
ലഗേജും തൂക്കി ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുമ്പോള്‍, തണുത്ത കാറ്റില്‍ അപ്രതീക്ഷിതമായി പിന്നില്‍ നിന്നൊരു ശബ്ദം എന്നെ തളച്ചിട്ടു.
''ആദി...'
വര്‍ഷങ്ങള്‍ക്കുശേഷം ആരോ എന്റെ പേര് വിളിക്കുകയായിരുന്നു. ആ ശബ്ദം കാതില്‍ പതിച്ച നിമിഷം, ഉള്ളില്‍ എവിടെയോ കാലങ്ങളായി അടച്ചിട്ടിരുന്ന ഒരു ഇരുണ്ട മുറിയുടെ വാതില്‍ തനിയെ തുറന്നുപോയതുപോലെ എനിക്ക് തോന്നി. ഞാന്‍ പതുക്കെ തിരിഞ്ഞുനോക്കി.
അവന് അവിടെയുണ്ടായിരുന്നു.
ഒരിക്കല്‍ എന്റെ ആത്മാവിനോളം ചേര്‍ത്തുവെച്ച സുഹൃത്ത്. പിന്നീട്, ഒരു പ്രണയത്തിന്റെ തകര്‍ച്ചയ്‌ക്കൊടുവില്‍ എന്നില്‍ നിന്ന് എന്നെന്നേക്കുമായി അകന്നുപോയ മനുഷ്യന്‍. അവനെ കണ്ട നിമിഷം തന്നെ, മഴയുടെ മണവും കട്ടന്‍ചായയുടെ ചൂടും കലര്‍ന്ന ഞങ്ങളുടെ പഴയ കാലങ്ങള്‍ ഒരൊറ്റ മിന്നലില്‍ തിരികെവന്നു. സിഗരറ്റ് പുക നിറഞ്ഞ കോളജ് വരാന്തകള്‍, രാത്രിയേറെ നീളുന്ന സാഹിത്യ തര്‍ക്കങ്ങള്‍, കവിതകളെക്കുറിച്ചുള്ള ഭ്രാന്തന്‍ സംഭാഷണങ്ങള്‍... പിന്നെ, ഞങ്ങള്‍ ഒരാളെയായിരുന്നു സ്‌നേഹിച്ചിരുന്നത്. അത് ഞങ്ങളുടെ സൗഹൃദത്തിന്റെ അവസാനമായിരുന്നില്ല; പക്ഷേ, പരസ്പരം സമ്മതിക്കാന്‍ കൂട്ടാക്കാത്ത, ഉള്ളിലൊതുക്കിയ ഒരു നിശ്ശബ്ദ യുദ്ധത്തിന്റെ തുടക്കമായിരുന്നു.
ഞങ്ങള്‍ പതുക്കെ ആ ചായക്കട ലക്ഷ്യമാക്കി നടന്നു. അവിടെയുള്ള ബെഞ്ചിലിരിക്കുമ്പോള്‍ രണ്ടുപേരുടെയും ഇടയില്‍ ഒരു വലിയ കടല്‍ പോലെ മൗനം ഇരമ്പുന്നുണ്ടായിരുന്നു.
''നീ ഒരുപാട് മാറിപ്പോയി, ആദി,'' ചായക്കടയിലെ ബെഞ്ചിലിരുന്ന് എന്റെ മുഖത്തേക്ക് നോക്കാതെ അവന്‍ പറഞ്ഞു.
''നഗരങ്ങള്‍ മനുഷ്യരെ മാറ്റും. നമ്മള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ നമ്മളെ മറ്റൊരാളാക്കി തീര്‍ക്കും,'' ശൂന്യതയിലേക്ക് നോക്കി ഞാന്‍ മറുപടി നല്‍കി.
അവന്‍ പതുക്കെ ചിരിച്ചു. ആ ചിരിയില്‍ പഴയ ആത്മവിശ്വാസത്തിന് പകരം ഒരുതരം വിരക്തിയുണ്ടായിരുന്നു.
''അല്ല ആദി. നഗരങ്ങളല്ല മനുഷ്യനെ മാറ്റുന്നത്, നമ്മള്‍ വഴിയിലുപേക്ഷിച്ചു പോന്ന നഷ്ടങ്ങളാണ്.''
ചായക്കാരന്‍ പഴയ ചില്ലുഗ്ലാസുകളില്‍ ആവിപറക്കുന്ന കട്ടന്‍ചായ പകര്‍ന്നുതന്നു. ആ ചൂട് വിരലുകളിലേക്ക് പടരുമ്പോള്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി എഴുതിവെച്ച ആ അവസാനത്തെ കത്താണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. ഞങ്ങളുടെ മത്സരം അവളെ എത്രത്തോളം തളര്‍ത്തിയിരുന്നു എന്ന് തിരിച്ചറിയാന്‍ ഞങ്ങള്‍ വൈകിയിരുന്നു.
കത്തില്‍ അവള്‍ എഴുതി:
'നിങ്ങള്‍ രണ്ടുപേരും യഥാര്‍ത്ഥത്തില്‍ എന്നെയല്ല സ്‌നേഹിക്കുന്നത്. നിങ്ങളുടെ സ്വന്തം ഏകാന്തതകളില്‍ നിന്നും ശൂന്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴി മാത്രമായിട്ടാണ് എന്നെ കാണുന്നത്. നിങ്ങളുടേത് പ്രണയമല്ല, അതൊരു മത്സരമാണ്... അതുകൊണ്ട് ഞാന്‍ രണ്ടുപേരുടെയും ജീവിതത്തില്‍ നിന്നും, ഈ നഗരത്തില്‍ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങുന്നു.'
അവള്‍ ആ നഗരവും ഞങ്ങളെയും ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ ഒരു പുലര്‍ച്ചെ യാത്രയായി. അവള്‍ പോയ ആ രാത്രിയിലാണ് ഓര്‍മ്മകളോട് വിടപറഞ്ഞ് ഞാന്‍ ആദ്യമായി നാടുവിട്ടോടിയത്.
പിന്നീട് വര്‍ഷങ്ങളോളം ഞാന്‍ ഒരിടത്തും സ്ഥിരമായി താമസിച്ചില്ല. ദുബൈ വിമാനത്താവളത്തിലെ ഉറക്കമില്ലാത്ത രാത്രികള്‍, വിയന്നയിലെ തണുത്തുറഞ്ഞ മഴകള്‍, വാര്‍സോയിലെ കട്ടിപ്പുക നിറഞ്ഞ മഞ്ഞ്, ഡല്‍ഹിയിലെ ശ്വാസംമുട്ടിക്കുന്ന തിരക്കുകള്‍. ഓരോ പുതിയ നഗരവും എന്നില്‍ നിന്ന് അല്പം വീതം മനുഷ്യനെ കവര്‍ന്നെടുത്തുകൊണ്ടിരുന്നു. ഓര്‍മ്മകളില്‍ നിന്ന് ഓടിയൊളിക്കാന്‍ നോക്കുംതോറും ഞാന്‍ കൂടുതല്‍ കൂടുതല്‍ അതിലേക്ക് ചുരുണ്ടുകൂടുകയായിരുന്നു.
''നിനക്ക് അറിയാമോ,'' ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ചുകൊണ്ട് അവന്‍ പതുക്കെ പറഞ്ഞു, ''അവളുടെ വേര്‍പാടിന് ശേഷം ഞാന്‍ ദൈവത്തെ വിശ്വസിക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥനകളിലാണ് ഇപ്പോള്‍ എന്റെ അഭയം.''
ഞാന്‍ അവനെ ആശ്ചര്യത്തോടെ നോക്കി.
''എന്നാല്‍ ഞാന്‍ ദൈവത്തെ പൂര്‍ണ്ണമായും ഉപേക്ഷിച്ചു.''
''അത് രണ്ടും ഒരേ വേദനയുടെ രണ്ട് വ്യത്യസ്ത ദിശകളായിരിക്കാം ആദി,'' അവന്‍ ശാന്തമായി പറഞ്ഞു. അവന്റെ കണ്ണുകളില്‍ ഉറക്കമില്ലാത്ത എത്രയോ വര്‍ഷങ്ങളുടെ ക്ഷീണവും ശൂന്യതയും പടര്‍ന്നുകിടപ്പുണ്ടായിരുന്നു.
''നീ ഇപ്പോഴും എഴുതാറുണ്ടോ?'' അവന്‍ ചോദിച്ചു.
''ഇല്ല, നിര്‍ത്തി.''
''കള്ളം.''
അവന്‍ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
ഞാന്‍ ചിരിച്ചില്ല. കാരണം, അവന്‍ പറഞ്ഞതായിരുന്നു സത്യം. ഞാന്‍ ഇപ്പോഴും എഴുതുന്നുണ്ടായിരുന്നു. ആര്‍ക്കും കാണിച്ചുകൊടുക്കാത്ത ഡയറിക്കുറിപ്പുകളില്‍, ഹോട്ടല്‍ ബില്ലുകളുടെ പിന്‍വശങ്ങളില്‍, വിമാനടിക്കറ്റുകളുടെ അരികുകളില്‍ ഒക്കെ ഞാന്‍ വാക്കുകള്‍ കുത്തിക്കുറിച്ചിരുന്നു. ജീവിതം പൂര്‍ണ്ണമായി ചിതറിപ്പോകാതിരിക്കാന്‍ വാക്കുകള്‍കൊണ്ട് ഞാന്‍ എന്നെത്തന്നെ തുന്നിക്കെട്ടുകയായിരുന്നു.
പെട്ടെന്ന് സ്റ്റേഷനിലെ സ്പീക്കറില്‍ അടുത്ത ട്രെയിനിന്റെ പ്രഖ്യാപനം മുഴങ്ങി. അവന് പോകേണ്ട ട്രെയിന്‍ അഞ്ചു മിനിറ്റിനകം എത്തും.
അവന്‍ ഒരു സിഗരറ്റ് കത്തിച്ചു. അതിന്റെ കനല്‍വെളിച്ചത്തില്‍ അവന്റെ മുഖത്തെ ചുളിവുകള്‍ തെളിഞ്ഞുകണ്ടു. പുക പതുക്കെ ആ രാത്രിയിലെ ഇരുട്ടിലേക്ക് അലിഞ്ഞുപോയി.
''നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ആദി,'' അവന്‍ പുകയൂതിക്കൊണ്ട് ചോദിച്ചു, ''നമ്മള്‍ ജീവിക്കുന്നത് യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെട്ടുപോയ വസന്തങ്ങളെ തിരിച്ചുപിടിക്കാനാണെന്ന്?''
''അപ്പോള്‍ പ്രണയമോ?'' ഞാന്‍ തിരിച്ചുചോദിച്ചു.
അവന്‍ കുറച്ചുനേരം മിണ്ടാതിരുന്നു. കാറ്റ് വീണ്ടും ശക്തിയായി വീശിയടിച്ചപ്പോള്‍ ചായക്കടയിലെ മഞ്ഞവിളക്ക് ആടിയുലഞ്ഞു.
''പ്രണയം,'' അവന്‍ പതുക്കെ പറഞ്ഞു, ''ഒറ്റപ്പെട്ടുപോകാതിരിക്കാന്‍ മനുഷ്യന്‍ കണ്ടുപിടിച്ച ഏറ്റവും മനോഹരമായ ഒരു അഭയസ്ഥാനമാണ്.''
അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് ദേഷ്യമോ വിഷമമോ തോന്നിയില്ല. മറിച്ച്, വര്‍ഷങ്ങളായി അനുഭവിക്കാത്ത വിചിത്രമായൊരു സമാധാനമാണ് ഉള്ളില്‍ നിറഞ്ഞത്. കാരണം, ഇത്രയും കാലം ഞാന്‍ ലോകം മുഴുവന്‍ ഓടിക്കൊണ്ടിരുന്നത് പുതിയ ഉത്തരങ്ങള്‍ക്കായിരുന്നില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മറക്കാതിരിക്കാനായിരുന്നു... എന്നെത്തന്നെ, ഒരിക്കല്‍ ഞാന്‍ വിശ്വസിച്ചിരുന്ന സൗഹൃദത്തെ.
ദൂരെ ഇരുട്ടിലൂടെ നീണ്ടൊരു അഗ്‌നിരേഖ പോലെ ട്രെയിനിന്റെ വെളിച്ചം പ്രത്യക്ഷപ്പെട്ടു. അത് പ്ലാറ്റ്ഫോമിലേക്ക് അടുത്തു കൊണ്ടിരുന്നു. അവന്‍ എഴുന്നേറ്റു, തന്റെ ബാഗ് തോളിലിട്ടു.
''ആദി,'' അവന്‍ വിളിച്ചു, ''നീ ഇന്നും പഴയതുപോലെ കാര്യങ്ങളെ ഗൗരവമായി കാണുന്നുണ്ടല്ലേ? നമ്മള്‍ ഇനിയും പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ല എന്ന് എനിക്ക് തോന്നുന്നു.''
ഞാന്‍ ഒന്നും പറയാതെ അവനെ നോക്കി പുഞ്ചിരിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി അവന്റെ മുഖത്തും പഴയ ആ തെളിച്ചം തിരിച്ചുവരുന്നത് ഞാന്‍ കണ്ടു.
ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ വന്ന് നിന്നു. അവന്‍ വണ്ടിയിലേക്ക് കയറി. വാതിലുകള്‍ അടയുന്നതിനുമുമ്പ് അവന്‍ അവസാനമായി എന്നെ നോക്കി പറഞ്ഞു:
''ശൂന്യത നമ്മളെ ഓര്‍ക്കാതിരിക്കാം ആദി... പക്ഷേ ചില മനുഷ്യര്‍ നമ്മളെ എന്നും ഓര്‍ക്കും.''
ട്രെയിന്‍ പതുക്കെ നീങ്ങിത്തുടങ്ങി. പ്ലാറ്റ്ഫോമിലെ വെളിച്ചത്തിനപ്പുറത്തേക്ക് അവന്റെ മുഖം മങ്ങിമറഞ്ഞു. പിന്നെ, ഇരുട്ട് ആ ട്രെയിനെ മുഴുവനായി വിഴുങ്ങി.
പ്ലാറ്റ്ഫോമില്‍ ഞാന്‍ വീണ്ടും ഒറ്റയ്ക്കായി. അന്തരീക്ഷത്തില്‍ അപ്പോഴും അവന്‍ ഉപേക്ഷിച്ചുപോയ സിഗരറ്റ് പുകയുടെ മണം ബാക്കിയുണ്ടായിരുന്നു. ആകാശത്ത് നിന്ന് വീണ്ടും പതുക്കെ മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങി.
ഞാന്‍ റെയില്‍വേ സ്റ്റേഷന്റെ കവാടം കടന്ന് പുറത്തേക്ക് നടന്നു. പെയ്തുതോര്‍ന്ന രാത്രിയുടെ അവശേഷിപ്പുകളിലേക്ക് നോക്കുമ്പോള്‍, കിഴക്കന്‍ ആകാശത്ത് പുലരിയുടെ ആദ്യത്തെ വെളിച്ചം പടരുന്നുണ്ടായിരുന്നു. ആ തണുത്ത കാറ്റില്‍, നഗരത്തിന്റെ തിരക്കുകളിലേക്ക് ഇറങ്ങുന്നതിന് പകരം, വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി എനിക്ക് എന്റെ വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നു തോന്നി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates