

മഴ തോര്‍ന്ന മണ്ണിന്റെ ഈര്‍പ്പുമണം വായുവില്‍ തങ്ങിനിന്നിരുന്ന ഒരു പുലര്‍ച്ചെ. വീടിന്റെ തെക്കേ വരാന്തയില്‍ ഇരുന്ന് അച്ഛന്‍, ബാഹുലേശ്വരന്‍ ചായ പതുക്കെ കുടിക്കുകയായിരുന്നു.
എഴുപത്താറ് വയസ്സ് കഴിഞ്ഞ ശരീരമെങ്കിലും, കണ്ണുകളില്‍ പതിഞ്ഞിരുന്ന ക്ഷീണം ഉറക്കമില്ലായ്മയുടെ നീണ്ട വര്‍ഷങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
''അച്ഛാ... നാളെ അഞ്ചാം തീയതിയല്ലേ?''
അടുക്കളയില്‍ നിന്നും അനുജത്തി സിന്ധുവിന്റെ ശബ്ദം ഉയര്‍ന്നു. അച്ഛന്‍ തല ഉയര്‍ത്തി നോക്കി.
''ആണ്...' എന്ന വാക്ക് മാത്രം അച്ഛനില്‍ നിന്നും ലഭിച്ചു.
പിന്നെ വീണ്ടും അദ്ദേഹം മൗനത്തിലേക്ക് വഴുതി.
വരാന്തയ്ക്കപ്പുറം മഴത്തുള്ളികള്‍ ഇലകളില്‍ നിന്ന് താഴേക്ക് വീണുകൊണ്ടിരുന്നു. ദൂരെയൊരിടത്ത് കാക്ക കരയുന്നുണ്ടായിരുന്നു. പഴയ ഘടികാരത്തിന്റെ ടിക്... ടിക്... ശബ്ദം മാത്രം വീടിന്റെ നിശബ്ദതയില്‍ കേള്‍ക്കാമായിരുന്നു.
ആ വീട്ടില്‍ താമസിച്ചിരുന്ന ഞങ്ങള്‍ക്കൊക്കെയും ഒരു കാര്യം നന്നായി അറിയാമായിരുന്നു ഓരോ മാസവും അഞ്ചാം തീയതി കടന്നുവരുമ്പോള്‍ ബാഹുലേശ്വരന്‍ എന്ന എന്റച്ഛന്‍ മറ്റൊരാളായി മാറുമെന്ന്. ആ ദിവസം രാവിലെ മുതല്‍ അദ്ദേഹം ആരോടും അധികം സംസാരിക്കാറില്ല. ഭക്ഷണത്തോട് പോലും വിരക്തി കാണിക്കും. ഉച്ചയാകുമ്പോഴേക്കും മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചുപൂട്ടും. രാത്രിയൊട്ടാകെ ആ മുറിക്കുള്ളില്‍ വെളിച്ചം കത്തിക്കൊണ്ടിരിക്കും. പക്ഷേ, അതിനെക്കുറിച്ച് ആരും ഒരിക്കലും ചോദിച്ചിട്ടില്ല. ചോദിക്കാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു.
അഞ്ചാം തീയതി ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ബാഹുലേശ്വരന്‍ മറ്റൊരു മനുഷ്യനായിരുന്നു. എപ്പോഴും ചിരിയോടെ സംസാരിക്കുന്ന, ചെറിയ തമാശകള്‍ പറഞ്ഞ് വീട്ടിലാകെ സന്തോഷം നിറയ്ക്കുന്ന അച്ഛന്‍ ആണ്. കൂട്ടുകാര്‍ക്കിടയിലും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. ആരോടും പകയില്ല, ആരെയും വേദനിപ്പിക്കാത്ത സ്വഭാവം. അമ്മയുടെ അഭാവം ഞങ്ങളെ അറിയിക്കാതെയായിരുന്നു അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയത്. ഒരു കുറവും വരുത്താതെ, സ്‌നേഹത്തിന്റെ നിഴലില്‍ ചേര്‍ത്തുപിടിച്ച് വളര്‍ത്തിയ ഞങ്ങളുടെ പൊന്നച്ഛന്‍. നാട്ടില്‍ ആര്‍ക്കെങ്കിലും ഒരു സഹായം ആവശ്യമുണ്ടായാല്‍ ആദ്യം ഓടിയെത്തുന്നത് അച്ഛനായിരുന്നു. ആരുടെയെങ്കിലും മകളുടെ വിവാഹം മുടങ്ങാനിരിക്കുകയാണെന്ന് കേട്ടാല്‍ പോലും, സ്വന്തം സ്വര്‍ണം പണയം വെച്ചെങ്കിലും പണം കണ്ടെത്തും.
''ഒരു പെണ്‍കുട്ടിയുടെ കല്യാണം മുടങ്ങരുത്...' എന്നത് അദ്ദേഹത്തിന് ഒരു നിര്‍ബന്ധം പോലെയായിരുന്നു.
''നിന്റെ അച്ഛനെ പോലൊരു മനുഷ്യന്‍ വേറെ ഉണ്ടാവില്ല മോനേ...'
നാട്ടുകാര്‍ അങ്ങനെ പറയുമ്പോഴെല്ലാം എന്റെ ഉള്ളില്‍ അഭിമാനത്തിന്റെ ഒരു ചൂട് നിറയുമായിരുന്നു.
പക്ഷേ, ഞാന്‍ വളരുന്നതോറും ഒരു ചോദ്യമാത്രം എന്നെ ഉള്ളില്‍നിന്ന് അലട്ടിക്കൊണ്ടിരുന്നു, അഞ്ചാം തീയതി. ആ ദിവസത്തിന് മാത്രം എന്തായിരുന്നു പ്രത്യേകത? എത്ര ആലോചിച്ചിട്ടും അതിന് ഒരു ഉത്തരം എനിക്ക് കിട്ടിയിരുന്നില്ല.
കുടുംബസ്വത്തായി ലഭിച്ച റബ്ബര്‍തോട്ടത്തില്‍ നിന്നുള്ള വരുമാനമായിരുന്നു ഞങ്ങളുടെ ജീവിതത്തിന്റെ ആശ്രയം. കുട്ടിക്കാലത്ത് അച്ഛന്‍ എന്നെ പലപ്പോഴും പഴയ റബ്ബര്‍തോട്ടത്തിലേക്ക് കൊണ്ടുപോകുമായിരുന്നു.
''ഈ മണ്ണാണ് നമ്മളെ ജീവിപ്പിച്ചത്...' അച്ഛന്‍ പറയും.
പക്ഷേ ചില നിമിഷങ്ങളില്‍ അദ്ദേഹം പെട്ടെന്ന് മൗനത്തിലാകുമായിരുന്നു. പിന്നെ കണ്ണുകള്‍ എവിടെയോ വിദൂരതയിലേക്ക് നീട്ടി, എന്തോ നഷ്ടപ്പെട്ടതിനെ തിരയുന്നതുപോലെ നിശ്ചലനായി നില്‍ക്കും. ആ കണ്ണുകളില്‍ ഒരു അജ്ഞാതഭയം നിഴലിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
അമ്മ മരിച്ചശേഷം അച്ഛന്‍ കൂടുതല്‍ ഒറ്റപ്പെട്ടുപോയി.
രാത്രികളില്‍ ഉറക്കം നഷ്ടപ്പെട്ടവനെപ്പോലെ വരാന്തയില്‍ ഒറ്റയ്ക്കിരുന്നു പുലര്‍ച്ചെയാകുന്നത് വരെ ഇരിക്കുക...
ആരുമില്ലാത്ത സമയങ്ങളില്‍ പഴയ അലമാര തുറന്ന് എന്തോ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുക...
ചില രാത്രികളില്‍ മുറിക്കുള്ളില്‍ നിന്ന് അടക്കിപ്പിടിച്ച കരച്ചിലിന്റെ ശബ്ദം പുറത്തേക്ക് ഒഴുകിവരിക...
അച്ഛന്റെ ഉള്ളില്‍ ഞങ്ങള്‍ക്കറിയാത്ത ഏതോ വേദന വര്‍ഷങ്ങളായി ജീവനോടെ ഉണ്ടെന്ന് തോന്നുമായിരുന്നു.
ഒടുവില്‍, അതിന്റെ കാരണം കണ്ടെത്തണമെന്ന് ഞാന്‍ തീരുമാനിച്ചു. ഒരു ദിവസം വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഞാന്‍ പതുക്കെ അച്ഛന്റെ പഴയ അലമാര തുറന്നു. പഴകിയ വസ്ത്രങ്ങള്‍ക്കും മങ്ങിപ്പോയ കടലാസുകള്‍ക്കുമിടയില്‍ ഒരു തവിട്ടുനിറമുള്ള കവര്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതിനുള്ളില്‍ ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ഉണ്ടായിരുന്നു.
ചെറിയൊരു പുഞ്ചിരിയോടെ ക്യാമറയിലേക്ക് നോക്കി നില്‍ക്കുന്ന ഒരു യുവതിയുടെ ചിത്രം.
പിന്നില്‍ വിറയലേറ്റ കൈപ്പടിയില്‍ എഴുതിയിരുന്നത്
'ഹേമ (1960 - 1978)'.
ആ രാത്രി ഞാന്‍ ഫോട്ടോ അച്ഛന്റെ മുന്നിലേക്ക് നീട്ടി.
''ഹേമയിളയമ്മയല്ലേ ഇത്?''
വെള്ളം കുടിച്ചുകൊണ്ടിരുന്ന അച്ഛന്‍ പെട്ടെന്ന് നിശ്ചലനായി.
''അതെ...' അത്ര മാത്രം പറഞ്ഞു.
പക്ഷേ ആ ഒരു വാക്കിനുള്ളില്‍ തന്നെ വര്‍ഷങ്ങളായി അടച്ചുവെച്ച ഏതോ വേദനയുടെ ഭാരം ഉണ്ടായിരുന്നു. എന്റെ കയ്യില്‍ നിന്ന് ഫോട്ടോ വാങ്ങിയ അച്ഛന്‍ മുറിക്കുള്ളിലേക്ക് നടന്നു. ആ രാത്രി അച്ഛന്റെ മുറിക്കുള്ളില്‍ നിന്ന് കരച്ചിലിന്റെ ശബ്ദം കേട്ടു. മുമ്പൊരിക്കലും കേട്ടിട്ടില്ലാത്തത്ര ശക്തിയായി.
അടുത്ത ദിവസം നാട്ടിലെ പഴയ ആളുകളെ തേടി ഞാന്‍ ഇറങ്ങി. ഒടുവില്‍, ചായക്കടക്കാരനായ ശങ്കരേട്ടനാണ് ആദ്യ സൂചന നല്‍കിയത്.
''ഹേമ മരിച്ചത് നിന്റെ അച്ഛന് വലിയൊരു ആഘാതമായിരുന്നു...' അദ്ദേഹം പതുക്കെ പറഞ്ഞു.
''ആത്മഹത്യയാണെന്നാണ് അന്ന് പറഞ്ഞത്...'
ആ വാക്കില്‍ എന്തോ അസ്വാഭാവികത ഉണ്ടായിരുന്നു.
''അപ്പോ ആത്മഹത്യ അല്ലായിരുന്നോ?''
ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പെട്ടെന്ന് വിഷയം മാറ്റി. പക്ഷേ ആ മറുപടി എന്റെ മനസ്സില്‍ കുടുങ്ങിക്കിടന്നു.
അതിനുശേഷം ഓരോ അഞ്ചാം തീയതിയിലും അച്ഛനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
ഒരു രാത്രി മുറിയുടെ വാതില്‍ക്കല്‍ ചെന്നപ്പോള്‍, അച്ഛന്‍ പഴയൊരു നോട്ട് ബുക്ക് തുറന്ന് എന്തോ വായിക്കുന്നതായി കണ്ടു. അടുത്ത നിമിഷം പുസ്തകത്തിനുമേല്‍ മുഖം അമര്‍ത്തി അദ്ദേഹം പൊട്ടിക്കരയാന്‍ തുടങ്ങി.
പിറ്റേന്ന് രാവിലെ അച്ഛന്‍ പുറത്തുപോയ സമയത്ത് ഞാന്‍ വീണ്ടും മുറിക്കുള്ളില്‍ കയറി. അലമാര മുഴുവന്‍ പരതി. ഒടുവില്‍ ആ നോട്ട് ബുക്ക് കണ്ടെത്തി.
അകത്തെ പേജുകള്‍ മുഴുവന്‍ ഒരേ വരി വീണ്ടും വീണ്ടും എഴുതിയിരുന്നു
'ഞാന്‍ നിന്നെ കൊന്നതല്ല ഹേമ... ഞാന്‍ നിന്നെ കൊന്നതല്ല...'
ആ വാക്കുകള്‍ വായിച്ച നിമിഷം ഒരു തണുത്ത വിറയല്‍ എന്റെ ശരീരമാകെ പടര്‍ന്നു. ജീവിതത്തില്‍ ആദ്യമായി എന്റെ സ്വന്തം അച്ഛനോട് എനിക്ക് ഭയം തോന്നി.
വീണ്ടും ശങ്കരേട്ടനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം ഒടുവില്‍ മറ്റൊരു രഹസ്യം തുറന്നു പറഞ്ഞു. ഹേമയാന്റിക്ക് രാഘവന്‍ എന്ന പേരുള്ള ഒരു ആത്മസുഹൃത്ത് ഉണ്ടായിരുന്നുവെന്ന്. വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ രഹസ്യമായി രാഘവേട്ടനെ കാണാന്‍ പോയി.
ഞാന്‍ അച്ഛന്റെ പേര് പറഞ്ഞ നിമിഷം തന്നെ അയാളുടെ കണ്ണുകളില്‍ വിറയല്‍ പടര്‍ന്നു. കുറച്ചുനേരം കഴിഞ്ഞ് അദ്ദേഹം ഒരു പഴയ ഫോട്ടോ കൊണ്ടുവന്നു. അതേ ഹേമയുടെ ചിത്രം.
''ഞങ്ങള്‍ കല്യാണം കഴിക്കാനിരുന്നതായിരുന്നു...' രാഘവേട്ടന്‍ പതുക്കെ പറഞ്ഞു.
''ആത്മഹത്യ ആയിരുന്നല്ലേ?'' ഞാന്‍ ചോദിച്ചു.
അയാള്‍ ഏറെ നേരം മിണ്ടിയില്ല. പിന്നെ വളരെ പതുക്കെ പറഞ്ഞു
'ഹേമ അബദ്ധത്തില്‍ ആസിഡ് കുടിച്ചതായിരുന്നു... പക്ഷേ നിന്റെ അച്ഛന്‍ അത് ഇന്നും വിശ്വസിക്കുന്നില്ല...'
ആ വാക്കുകള്‍ കേട്ട നിമിഷം എന്റെ ഉള്ളില്‍ ഒരാന്തല്‍ ഉണ്ടായി.
''അച്ഛനോട് പറഞ്ഞ് മനസ്സിലാക്കണം മോനേ... അവള്‍ ആത്മഹത്യ ചെയ്തതല്ല...'
ആ രാത്രി ഞാന്‍ നേരെ അച്ഛന്റെ മുന്നില്‍ ചെന്നുനിന്നു.
''ഹേമ ആന്റി ആത്മഹത്യ ചെയ്തതല്ലേ?''
ഞാന്‍ ചോദിച്ചു. അച്ഛന്‍ പെട്ടെന്ന് എഴുന്നേറ്റു.
''പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കണ്ട...' പക്ഷേ ഞാന്‍ നിര്‍ത്തിയില്ല.
''അച്ഛന്‍ എന്തിനാ ഇത്രയും വര്‍ഷം കുറ്റബോധം ചുമന്നത്?''
ആ വാക്കുകള്‍ കേട്ട നിമിഷം അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞു.
''ഞാനവളെ രക്ഷിച്ചില്ല മോനേ...'
അങ്ങനെ വര്‍ഷങ്ങളായി അടച്ചുവെച്ചിരുന്ന കഥ ആദ്യമായി പുറത്തുവന്നു.
ഹേമ അച്ഛനെക്കാള്‍ പത്ത് വയസ് ഇളയവളായിരുന്നു. രാഘവനുമായി പ്രണയത്തിലായപ്പോള്‍ ആ ബന്ധം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അസ്വീകാര്യമായിരുന്നു. രാഘവന്‍ താഴ്ന്ന ജാതിക്കാരനായിരുന്നു.
''എന്റെ ജീവിതമാണ് ചേട്ടാ...' എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് ഹേമ കാലില്‍ വീണിട്ടും അച്ഛന്‍ സമ്മതിച്ചില്ല.
നാല്‍പ്പത്തെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു അഞ്ചാം തീയതി. മഴ കനത്തുപെയ്തിരുന്ന രാത്രി.
വീടിനുള്ളില്‍ പെട്ടെന്ന് ഒരു അലറിവിളി ഉയര്‍ന്നു 'ചേട്ടാ...!''
ഓടിയെത്തിയപ്പോള്‍ ഹേമ നിലത്ത് വീണ് കിടക്കുകയായിരുന്നു. വായില്‍ നിന്ന് നുര പൊങ്ങുന്നുണ്ടായിരുന്നു. സമീപത്ത് ഫോര്‍മിക് ആസിഡിന്റെ കാലിക്കുപ്പി. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍, മരണത്തോട് മല്ലിടുന്നതിനിടയിലും ഹേമ അച്ഛന്റെ കൈ മുറുകെ പിടിച്ച് പറഞ്ഞിരുന്നു 'ഞാന്‍ അബദ്ധത്തില്‍ കുടിച്ചതാ...'
പക്ഷേ പിറ്റേന്ന് നാട്ടില്‍ മറ്റൊരു കഥ പരന്നു ആത്മഹത്യ. പ്രണയപ്രശ്‌നം. വീട്ടുകാര്‍ എതിര്‍ത്തതുകൊണ്ട്.
''ഞാന്‍ അവളെ കൊന്നു മോനേ...' അച്ഛന്‍ കരഞ്ഞു. ''ഞാന്‍ ആ വിവാഹത്തിന് എതിര്‍ത്തില്ലായിരുന്നെങ്കില്‍ അവള്‍ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു...'
ആ രാത്രിമുഴുവന്‍ അച്ഛന്‍ വരാന്തയില്‍ തന്നെ ഇരിക്കുകയായിരുന്നു.
പിറ്റേന്ന് പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ അച്ഛന്‍ വീട്ടിലില്ലായിരുന്നു. മുറിയില്‍ നിന്നാണ് ആ കത്ത് കിട്ടിയത്.
''എന്റെ മക്കള്‍ക്ക്, അച്ഛനോട് പൊറുക്കണം... ഹേമയുടെ ആത്മാവ് എന്നെ വിടുന്നില്ല... എനിക്ക് ഇനി ജീവിക്കാന്‍ പറ്റുന്നില്ല... ഞാന്‍ പോകുകയാണ്... എന്നെ അന്വേഷിക്കരുത്.''
കത്ത് വായിച്ച നിമിഷം ഞാന്‍ പുറത്തേക്ക് ഓടി.
കവലയിലെത്തി അന്വേഷിച്ചപ്പോള്‍ ആരോ പറഞ്ഞു 'നിന്റച്ഛന്‍ ഇപ്പോഴാണ് ഡാമിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടത്...'
ഞാന്‍ ബൈക്ക് അതിവേഗത്തില്‍ ഓടിച്ചു. മലമുകളിലെ ഡാമിലെത്തി. ദൂരെ അച്ഛനെ കണ്ടു.
കരിങ്കല്‍ മതിലിന് മുന്നില്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നു അദ്ദേഹം.
''അച്ഛാ...!''
എന്റെ വിളി കേട്ടില്ല. ഞാന്‍ ഓടി അടുത്തെത്തി. ''അച്ഛാ... വേണ്ട!''
അപ്പോള്‍ മാത്രമാണ് അച്ഛന്‍ തിരിഞ്ഞുനോക്കിയത്. കണ്ണുകള്‍ നിറഞ്ഞ് അദ്ദേഹം വിലപിച്ചു 'ഹേമ എന്നെ വിളിക്കുന്നുണ്ട് മോനേ...'
'അത് അച്ഛന്റെ മനസ്സാ പറയുന്നത്... ഞങ്ങള്‍ ഉണ്ടല്ലോ അച്ഛാ...'
അച്ഛന്‍ എന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളില്‍ മരിക്കാന്‍ പോകുന്ന ഒരാളുടെ പേടി ഉണ്ടായിരുന്നില്ല. വര്‍ഷങ്ങളായി കുറ്റബോധത്തില്‍ ചവിട്ടിമെതിക്കപ്പെട്ട ഒരു മനുഷ്യന്റെ ദൈന്യത മാത്രമായിരുന്നു.
''അച്ഛാ... കൈ തരൂ...' ഞാന്‍ കരച്ചിലോടെ വിളിച്ചു.
അച്ഛന്‍ വിറയ്ക്കുന്ന കൈ പതുക്കെ ഉയര്‍ത്തി. അടുത്ത നിമിഷം കാലുകള്‍ വഴുതി.
''അച്ഛാ...!''
ഞാന്‍ മുന്നോട്ട് ആഞ്ഞെങ്കിലും അച്ഛന്റെ കൈയില്‍ എന്റെ പിടി കിട്ടിയില്ല.
താഴെ വെള്ളം ഭീകരമായി ഇരമ്പുന്ന ശബ്ദം മാത്രം കേട്ടു. ആ വലിയ ഡാമിന്റെ ശൂന്യതയില്‍ എന്റെ നിലവിളി വീണ്ടും വീണ്ടും പ്രതിധ്വനിച്ചു 'അച്ഛാ...!''
പക്ഷേ ''മോനേ...' എന്ന ആ മറുവിളി ഇന്നുവരെ എനിക്ക് ലഭിച്ചിട്ടില്ല.
ഇന്നും അച്ഛന്റെ മുറി ശൂന്യമാണ്. പക്ഷേ ഓരോ മാസവും അഞ്ചാം തീയതി എത്തുമ്പോള്‍ ഇന്നും ഞാന്‍ ആ മുറിക്കുള്ളില്‍ കയറി വാതില്‍ അടയ്ക്കാറുണ്ട്.
ഒരിക്കല്‍ എല്ലാവര്‍ക്കും വെളിച്ചമായിരുന്ന മനുഷ്യന്റെ ഉള്ളില്‍ ഇത്രയും വലിയൊരു ഇരുട്ട് ജീവിച്ചിരുന്നുവെന്ന് അപ്പോള്‍ എനിക്ക് ശ്വാസംമുട്ടലോടെ മനസ്സിലാകും.
സ്വന്തം അനിയത്തിയുടെ മരണത്തിന് സാക്ഷിയായിരുന്ന അച്ഛന്‍...
അച്ഛന്റെ മരണത്തിന് സാക്ഷിയായത് ഞാന്‍.
ചില നിമിഷങ്ങള്‍ ജീവിതകാലം മുഴുവന്‍ മനുഷ്യനെ പിന്തുടരുമെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി.
ആ രാത്രിയും...
ആ നിലവിളിയും...
ആ കൈ വഴുതിപ്പോയ നിമിഷവും...
മരിക്കുന്നതുവരെ എന്നെ വിട്ടുപോകില്ല.
ഞാന്‍ ഒരിക്കലും മറക്കാത്ത തീയതിയാണ് - അഞ്ചാം തീയതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates