അഞ്ഞൂറിന്റെ ഒരു നോട്ട് അപ്പോഴേക്കും പെണ്‍കുട്ടി ചെറുപ്പക്കാരന് നേരെ നീട്ടി

ഹുഗ്ലി - വിപിന്‍ മണിയന്‍ എഴുതിയ കഥ
malayalam story
ഹുഗ്ലി - വിപിന്‍ മണിയന്‍ എഴുതിയ കഥ malayalam storyAI Image
Updated on
4 min read

ഹുഗ്ലി - വിപിന്‍ മണിയന്‍ എഴുതിയ കഥ

ഹൂഗ്ലി നദിയേക്കാള്‍ വേഗത്തില്‍ ഒഴുകുന്ന മനുഷ്യന്റെ പ്രവാഹത്തെ താങ്ങി ആ ഇരുമ്പ് നിര്‍മ്മിതി ബംഗാളിന്റെ നട്ടെല്ലായ് അങ്ങനെ നിന്നു. ആ പ്രവാഹത്തില്‍ പതിയെ അവരും ഒഴുകി. കാളിയില്‍ കലര്‍ന്നൊഴുകുന്ന കൊല്‍ക്കത്താ നഗരത്തെ കണ്ടുള്ള നടത്തം. ചോര പോലെ ചുവന്ന ദേവീ ചിത്രങ്ങള്‍ നിറഞ്ഞ തെരുവിന്റെ മുക്കും, മൂലയും രക്തം കണക്കെ ചുവന്ന മുറുക്കാന്‍ കറയില്‍ മങ്ങിയിരുന്നു. പഴയ പ്രതാപത്തിന്റെ സ്മൃതികളില്‍ ഒഴുകുന്ന മഹാനഗരത്തിലൂടെ മനുഷ്യര്‍ക്കിടയില്‍ ഇടവഴികള്‍ തീര്‍ത്ത് അവരങ്ങനെ നടന്നു. നടപ്പിനിടയില്‍ ദൂരെ ആകാശത്ത് തെളിഞ്ഞ പൂര്‍ണ്ണ ചന്ദ്രനെ ചൂണ്ടി അവള്‍ അയാളോട് ചോദിച്ചു.

നീ അതിലെ ഉണ്ണിയേശുവിനേയും മാതാവിനേയും കണ്ടോ?

അയാള്‍ പറഞ്ഞു, ഇല്ല. ഓര്‍മ്മ വച്ച കാലം മുതല്‍ അമ്പിളി മാമനുള്ളിലെ ഹനുമാനെയും മരുത്വാമലയും കണ്ടിരുന്ന അയാള്‍ക്ക് എത്ര ശ്രമിച്ചിട്ടും അവളുടെ കാഴ്ചയാവാന്‍ കഴിഞ്ഞതേയില്ല, അവള്‍ക്ക് അയാളുടെയും. എന്നിരുന്നാലും അവര്‍ പരസ്പര വൈരുദ്ധ്യങ്ങളില്‍ കലരാനുള്ള ശ്രമത്തിലായിരുന്നു.

തെരുവില്‍ തിരക്ക് കൂടി വരികയാണ്, ആ തിരക്കിലേക്ക് എവിടുന്നോ ഓടി പാഞ്ഞ് വന്നത് പോലെ മൂടല്‍ മഞ്ഞ് പതിയെ ഹൗറാ ബ്രിഡ്ജിനെ മറച്ചു കളഞ്ഞെങ്കിലും, ചന്ദ്രന്‍ അപ്പോഴും തന്നെ മൂടിയ മഞ്ഞു പാളികള്‍ക്കിടയിലൂടെ ആരെയോ തിരയുന്നത് പോലെ ഇടക്കിടക്ക് തെളിഞ്ഞ് വന്നു. ചില വഴിയോര കച്ചവടക്കാര്‍ കളം ഒഴിയാന്‍ തുടങ്ങുന്നതിന്റെ ഭാഗമായ് തട്ടിക്കുടഞ്ഞ ടാര്‍ പായകളില്‍ നിന്ന് ദുഷിപ്പ് മണം അന്തരീക്ഷത്തിലാകെ പടര്‍ന്നു. പകലില്‍ ആ നഗരത്തിന് ആകെയുണ്ടായിരുന്ന വാടിയ അരളി പൂവിന്റെയോ ചന്ദനത്തിരിയുടേയോ ബംഗാളിന്റെ ദേശീയ മത്സ്യമായ ഇല്‍ഷയുടേയുമൊക്കെ ഗന്ധങ്ങള്‍ അതിന്റെ രൂക്ഷതയിലേക്ക് എത്തുന്ന സമയമായിരുന്നു അത്. ഒരാള്‍ കാളിദേവിയുടെ ചിത്രം പതിച്ച ഒരു തട്ടില്‍ പൂക്കളും മീനും സിന്ധൂരവും ഒന്നിച്ച് നിരത്തി വച്ച് വില്‍ക്കുന്നു.

malayalam story
'അമ്മെ.. ഞങ്ങളെ കൊല്ലരുതമ്മെ.. നമ്മക്ക് ചാവണ്ട...'

വിശപ്പും, വിശ്വാസവും ഒന്നിച്ച് ചേര്‍ത്ത് വില്‍ക്കുന്ന അപൂര്‍വ്വങ്ങളില്‍, അപൂര്‍വ്വമായ കാഴ്ച. നാട്ടില്‍ ചെട്ടികുളങ്ങര ഉത്സവത്തിന് ചെമ്മീനും മാങ്ങയും കറി വയ്ക്കുന്നത് പോലെ ഇവിടെ കാളീപൂജയ്ക്ക് ഇല്‍ഷ ചുട്ടത് ഒരു പ്രധാന വിഭവമാണെന്ന് എവിടെയോ വായിച്ചത് ആ വൈരുദ്ധ്യത്തെ അതിശയത്തോടെ നോക്കി നിന്ന അവളുടെ അറിവിലേക്കായ് അയാള്‍ പറഞ്ഞു വച്ചു. പാലം ഇറങ്ങി മുന്നോട്ട് നടക്കും തോറും വഴിയോര കച്ചവടക്കാരാല്‍ അഴുക്ക് ചാലായ് മാറിയ ആ നഗര വീഥിയിലൂടെ അവര്‍ നടത്തം തുടര്‍ന്നു. എന്നോ ബംഗാളിന്റെ ചരിത്രത്തില്‍ നിന്ന് മാഞ്ഞ് പോയ തുരുമ്പിച്ച അരിവാളും ചുറ്റികയും ചില ചുവരുകളില്‍ ത്രിണമൂല്‍ ചിഹ്നത്തിന് പിന്നില്‍ അപ്പോഴും മായാതെ കിടക്കുന്നുണ്ടായിരുന്നു. അയാള്‍ പണ്ട് നാട്ടില്‍ ചെങ്കൊടിക്ക് കീഴെ തലകുനിക്കേണ്ടി വന്ന ഒരു അപ്പാവി മുതലാളിയെ ഓര്‍ത്തു. ഒടുവില്‍ തന്റെ സ്ഥാപനത്തിന് താഴിടുമ്പോള്‍ അവിടെ ഉയര്‍ന്ന് നിന്ന ചെങ്കൊടിക്ക് കീഴെ അയാള്‍ ഇങ്ങനെ കുറിച്ചിട്ടിരുന്നു.

തൊഴിലുണ്ടെങ്കിലേ തൊഴിലാളിയുള്ളു,

തൊഴിലാളി ഉണ്ടെങ്കിലേ തൊഴിലാളി പ്രസ്ഥാനമുള്ളു.

അയാളെ ആ ചിന്തയില്‍ നിന്ന് പുറത്തു കടത്തിയത് ആ മനുഷ്യനാണ്. പ്രതാപം ഒഴിഞ്ഞ് മെലിഞ്ഞുണങ്ങിയ ബംഗാള്‍ പോലെ ഒരു മനുഷ്യന്‍. ആ തെരുവിനെ മുഴുവന്‍ സുഗന്ധപൂരിതമാക്കി അവര്‍ക്കടുത്തേക്ക് കടന്ന് വന്ന അയാള്‍, ചവണ്ട സഞ്ചിയില്‍ നിന്ന് അത്തറ് കുപ്പികള്‍ എടുത്ത് കാട്ടിയും മണപ്പിച്ചും അവര്‍ക്ക് അവ വില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. അവള്‍ അയാളില്‍ നിന്ന് ഒരു അത്തറ് വാങ്ങാന്‍ മനസ്സ് കാട്ടിയപ്പോള്‍ ചെറുപ്പക്കാരന്‍ അവളെ തടഞ്ഞു. എന്നിട്ടയാള്‍ പരത്തിയ സുഗന്ധങ്ങള്‍ ശ്വസിച്ച് അയാളില്‍ നിന്ന് കുതറി ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ കൈപിടിച്ച് മുന്നോട്ട് നടന്നു. പിന്നില്‍ നിരാശനാവാതെ ആ മനുഷ്യന്‍ മറ്റു മനുഷ്യരിലേക്ക് പടര്‍ന്നു. അവര്‍ അയാളെ ശ്രദ്ധിക്കാതെ ആമാശയം തീര്‍ത്ത അലയൊലികള്‍ക്ക് പരിഹാരം തേടി മുന്നോട്ട് നീങ്ങി.

വിയര്‍ത്തൊട്ടിയ മനുഷ്യര്‍ക്ക് വൃത്തി എന്ന അവസ്ഥ എവിടെയോ നഷ്ടപ്പെട്ടിരുന്നു. അങ്ങനെയായിരുന്നു അവര്‍ കണ്ട പല വഴിയോര കടകളും. ഒരു മോടിയും ഇല്ലാത്ത തട്ടുകളില്‍, തിളച്ച് മറിയുന്ന എണ്ണയില്‍ പൊരിച്ച പല ചിക്കന്‍ വിഭവങ്ങളും നിറഞ്ഞിരിന്നു. അതില്‍ പ്രധാനമായിരുന്നു കോഴിയുടെ കാല്‍പാദങ്ങള്‍ എണ്ണയില്‍ പൊരിച്ചത്. അത് കണ്ട് അവള്‍ക്ക് ഓക്കാനം വന്നിട്ടാണ് കൂടുതല്‍ വൃത്തിയുള്ള മറ്റൊരു കട തേടി മുന്നോട്ട് നടന്നത്. ആ നടപ്പിന് ഒരന്തവും ഉണ്ടാവില്ല എന്ന തിരിച്ചറിവില്‍ കൂട്ടത്തില്‍ ഭേദപ്പെട്ട ഒരു തട്ടുകടയില്‍ അവര്‍ കയറി. പാചകക്കാര്‍ക്കൊപ്പം അടുപ്പിനടുത്ത് ചുറ്റിത്തിരിയുന്ന രണ്ട് തെരുവുനായ്ക്കള്‍ അവ കടയുടമയെ പോലെ എന്താണ് വേണ്ടതെന്ന ഭാവത്തില്‍ അവരെ നോക്കി. മനംമറിക്കുന്ന കൂടുതല്‍ ചിന്തകള്‍ക്ക് ഇടകൊടുക്കാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അവര്‍ കാത്തിരുന്നു.

malayalam story
'അപ്പാ എന്നും വിളിച്ചു കൊണ്ടവന്‍ ഒരു നൊടിയിലെഴുന്നേറ്റ് വരുന്നത് അയാള്‍ കണ്ടു'

നഗരം സന്ധ്യയില്‍ നിന്ന് രാത്രിയിലേക്ക് ചുവട് വയ്ക്കുകയാണ്. ബംഗാളിയും ഹിന്ദിയും സംസാരിക്കുന്ന മനുഷ്യരും ഹൂഗ്ലിയുടെ മറുകരയിലൂടെ കടന്ന് പോവുന്ന തീവണ്ടിയൊച്ചയും നഗര വീഥികളില്‍ പായുന്ന ടാക്‌സി കാറുകളുമൊക്കെ കൂടി നഗരത്തെ തിരക്കില്‍ നിന്ന് തിരക്കിലേക്ക് തള്ളിയിടുകയായിരുന്നു. അപ്പോഴാണ് അടുത്തെവിടെ നിന്നോ ബംഗാളി സംഗീതം ആ ശബ്ദങ്ങളെയെല്ലാം മുക്കി പരന്ന് ഒഴുകിയത്. ഏറെ നേരത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സംഗീതത്തിന് ഒപ്പം വന്ന ഭക്ഷണം ആര്‍ത്തിയോടെ കഴിക്കാന്‍ തുടങ്ങുമ്പോഴാണ്, പിന്നില്‍ വീണ്ടും ആ അത്തറ് കച്ചവടക്കാരന്‍. ഇത്തവണ അയാള്‍ കടയുടമയെന്ന് തോന്നുന്ന ആള്‍ക്ക് മുന്നിലായിരുന്നു. തന്റെ സഞ്ചിയിലെ ഏറ്റവും മികച്ച ഗന്ധം നീട്ടി ആദ്യം കച്ചവടത്തിനും തുടര്‍ന്ന് വിശന്നൊട്ടിയ വയറ് തടവി ദയനീയമായ് ഭക്ഷണത്തിനായും അയാള്‍ കേണു.

ആദ്യമൊന്നും അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ നിന്ന കടക്കാരന്‍ അയാളുടെ ശല്യം സഹിക്കാഞ്ഞിട്ടോ, മനുഷ്യത്വം ഇല്ലാഞ്ഞിട്ടോ ആ മനുഷ്യനോട് കയര്‍ത്തു കൊണ്ട് ഹിന്ദിയില്‍ ഇങ്ങനെ പറഞ്ഞു, വേറെ എവിടെയെങ്കിലും പോയ് ഇരക്കടാ തെണ്ടി.

മറ്റ് സ്ഥലങ്ങളിലെല്ലാം കയറി മടുത്തിട്ടാവും ആ മനുഷ്യന്‍ വീണ്ടും അത്തറ് കുപ്പികള്‍ കടക്കാരന് മുന്നില്‍ നീട്ടിയത്. പക്ഷേ ഒട്ടും മനുഷ്യത്വമില്ലാതെ ആ മനുഷ്യനെ അയാള്‍ പുറത്തേക്ക് പിടിച്ച് തള്ളി, ഒര് നേര്‍ത്ത കാറ്റിന് പോലും ചുഴറ്റി എറിയാന്‍ കഴിയും വിധം മെലിഞ്ഞ അയാള്‍ ഒരു കരിയില പോലെ തെറിച്ച് ദൂരേക്ക് വീണു. അയാളുടെ കയ്യിലും സഞ്ചിയിലും ഇരുന്ന അത്തറ് കുപ്പികളാകെ താഴെ വീണ് ചിതറി. ചിലത് ഉടഞ്ഞ് സുഗന്ധം അവിടമാകെ പരന്നു. താഴെ വീണ് കിടക്കുന്ന ആ സാധുമനുഷ്യനെ നോക്കി നായ്ക്കള്‍ കുരച്ചു; അവര്‍ക്കൊപ്പം താഴെ ചിതറിയ കുപ്പി ചില്ലുകള്‍ പെറുക്കി മാറ്റണമെന്ന് പറഞ്ഞ് കടക്കാരനും. ആ മനുഷ്യന്‍ നിലത്ത് കുത്തിയിരുന്ന് ചിതറി വീണ കുപ്പികളും പൊട്ടിയ കുപ്പി ചില്ലുകളും പെറുക്കി എടുത്തു അതിനിടയില്‍ കയ്യില്‍ തറച്ച ചില്ല് അയാളുടെ രക്തം വറ്റിയ വിരലുകളെ ചോരയില്‍ കുതിര്‍ത്തു. മുഷിഞ്ഞ് ചവണ്ട ഉടുപ്പു കൊണ്ട് കൈ വിരല്‍ പൊത്തി അയാള്‍ ചുറ്റും ചിതറി തെറിച്ച അത്തറ് കുപ്പികള്‍ പരതി. ചെറുപ്പക്കാരന്റെ കാല്‍ ചുവട്ടിലേക്ക് ആ സാധു അടുത്തപ്പോഴാണ് തന്റെ കാലിന് അരികില്‍ കിടക്കുന്ന ആ അത്തറ് കുപ്പി അയാള്‍ കണ്ടത്. ചെറുപ്പുക്കാരന്‍ വേഗമത് കയ്യിലെടുത്തു. എന്നാല്‍ യുവാവിന്റെ തീരുമാനം മുന്‍പേ മനസിലാക്കിയിട്ടോ സ്വയം തീരുമാനിച്ചിട്ടോ അഞ്ഞൂറിന്റെ ഒരു നോട്ട് അപ്പോഴേക്കും പെണ്‍കുട്ടി ചെറുപ്പക്കാരന് നേരെ നീട്ടി. അയാള്‍ വേഗം അത് വാങ്ങി. ആ മനുഷ്യന്റെ ദൈന്യതക്ക് ഒപ്പം എപ്പോഴോ അലിഞ്ഞ് പോയ വിശപ്പ് മറന്ന് യുവാവ് കയ്യിലുള്ള അത്തര്‍ തന്റെ മുന്നില്‍ നിലത്തിരിക്കുന്ന മനുഷ്യനെ കാട്ടിയിട്ട് അഞ്ഞൂറിന്റെ നോട്ട് അയാള്‍ക്ക് നീട്ടി. ഒരു നിമിഷം യുവാവിനെ രൂക്ഷമായ് നോക്കിയ അയാള്‍ ഇനി കച്ചവടം ഇല്ല എന്ന മട്ടില്‍ യുവാവിന്റെ കയ്യിലിരുന്ന അത്തറ് കുപ്പി പിടിച്ച് വാങ്ങി തന്റെ സഞ്ചിയും തപ്പി തടഞ്ഞെടുത്ത് നിറഞ്ഞ കണ്ണുകളും വിറയാര്‍ന്ന മനസ്സുമായ് നദിക്കരയിലേക്ക് നടന്നു.

malayalam story
“മോളെ അമ്മച്ചി മരിക്കുന്നതിനു മുന്‍പ് ഒന്നു കാണാന്‍ ഭാഗ്യമുണ്ടാകുമോ?”

ഈ സമയവും കടക്കാരന്‍ അയാളോട് പറയുന്നുണ്ടായിരുന്നു, പോയി ചാവെടാ, ചാവ്. നടന്നു പോവുന്ന ആ മനുഷ്യനിലേക്ക് കണ്ണെടുക്കാതെ നോക്കി നിന്നത് ആ തിരക്കില്‍ അവര്‍ മാത്രമായിരുന്നിരിക്കണം. നദിക്കരയിലെ മഞ്ഞ് അയാളെ അവരില്‍ നിന്ന് മറയ്ക്കാന്‍ തുടങ്ങിയ നേരത്ത് ആരോ പറഞ്ഞിട്ടെന്ന പോലെ യുവാവ് താന്‍ കഴിച്ച് തുടങ്ങാത്ത ഭക്ഷണ പ്ലേറ്റുമായ് അയാള്‍ക്ക് പിന്നാലെ ഓടി. അയാളുടെ പ്രവൃത്തി കണ്ട് പിന്നില്‍ നിന്ന് വിളിക്കണോ അവിടെ നില്‍ക്കണോ എന്ന് ഒരു നിമിഷം സംശയിച്ചെങ്കിലും പഴ്‌സില്‍ നിന്ന് പൈസയെടുത്ത് ടേബിളില്‍ വച്ച് കടക്കാരനെ നോക്കിയിട്ട് പെണ്‍കുട്ടിയും യുവാവിന് പിറകെ ഓടി. ഇവര്‍ക്ക് എന്ത് വട്ടാണ് എന്ന ഭാവത്തില്‍ ബംഗാളിയില്‍ എന്തോ പറഞ്ഞ് കടക്കാരനും മറ്റു ചിലരും അവരെ ഒരു നിമിഷം നോക്കിയിട്ട് അവരുടെ തിരക്കുകളിലേക്ക് തിരികെ പോയി.

പിന്നാലെയോടിയെത്തുമ്പോള്‍ ആ വിശാലമായ പുഴക്കരയില്‍ ഒരിടത്ത് മഞ്ഞിനിടയിലൂടെ ഊര്‍ന്നിറങ്ങിയ വഴിവിളക്കിന്റെ നേര്‍ത്ത വെളിച്ചത്തില്‍ യുവാവ് വീണ്ടുമാ മനുഷ്യനെ കണ്ടു. ആ നേരം കൊണ്ട് നദീതീരത്തെ പടിക്കെട്ടുകള്‍ ഇറങ്ങിയ അയാള്‍ സഞ്ചിയില്‍ നിന്ന് അവസാനത്തെ അത്തറുകുപ്പിയും ഹൂഗ്ലിയിലേക്ക് ഊറ്റി ആ മലം മണക്കുന്ന തീരത്തേയും നദിയേയും സുഗന്ധത്തില്‍ മുക്കുകയായിരുന്നു. തന്റെ തോള്‍ സഞ്ചിയും നദിയിലേക്ക് വലിച്ചെറിഞ്ഞ് ആ പടിക്കെട്ടില്‍ കുത്തിയിരുന്ന അയാള്‍ ഒരു നിമിഷം വിതുമ്പിയിട്ട് ചുറ്റും കണ്ണോടിച്ച്, പടിക്കെട്ടില്‍ നിന്ന് എന്തോ ഒന്ന് വാരി വായിലേക്ക് വയ്ക്കാന്‍ തുടങ്ങുന്നിടത്താണ് യുവാവ് അയാളുടെ അടുത്തേക്ക് ഓടി ഇറങ്ങിയത്. ചെറുപ്പക്കാരന്റെ കാല്‍പ്പെരുമാറ്റം കേട്ടിട്ടെന്ന പോലെ എന്തോ മറയ്ക്കാന്‍ ശ്രമിക്കും പോലെ കൈ കൊണ്ട് നദിയെ വീണ്ടും മലീമസമാക്കിയിട്ട് ആരായെന്ന മട്ടില്‍ അയാള്‍ യുവാവിന് നേരെ തിരിഞ്ഞു. സുഗന്ധത്തില്‍ നിന്ന് ദുര്‍ഗന്ധത്തിലേക്കുള്ള ആ മനുഷ്യന്റെ പരിണാമം ചെറുപ്പക്കാരന് മനം മറിച്ചു. യുവാവ് അയാള്‍ക്ക് നേരെ തന്റെ കയ്യിലിരുന്ന ഭക്ഷണ പാത്രം നീട്ടി. അയാള്‍ ഒരു നിമിഷം ആലോചിച്ച് നിന്നിട്ട് വേഗമാ ഭക്ഷണം വാങ്ങി ആര്‍ത്തിയോടെ കഴിച്ചു. എന്നിട്ട് ഹൂഗ്ലിയില്‍ നിന്ന് ഒരു കുമ്പിള്‍ വെള്ളവും കുടിച്ചിറക്കി. അടങ്ങാത്ത വിശപ്പിനും നോവിനും ഇടയില്‍ കലര്‍ന്ന് നന്ദിയോടെ യുവാവിനെ നോക്കി. ചെറുപ്പക്കാരന്‍ അപ്പോഴേക്കും വീണ്ടും പോക്കറ്റില്‍ നിന്ന് ആ പൈസ അയാള്‍ക്കായ് എടുക്കാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ യുവാവത് അയാള്‍ക്ക് നേരെ നീട്ടുന്നതിന് മുമ്പ് അയാള്‍ ഹൂഗ്ലിയെ കുടിച്ച് മതിയാവാതെ നദിയിലേക്ക് ചാടി മറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം പകച്ച് നിന്നിട്ട് യുവാവ് പടിക്കെട്ടുകള്‍ ഓടിക്കയറി. ആ വിജനമായ നദിക്കരയില്‍ ഒരിടത്തു നിന്ന് മനം മറിക്കുന്ന കാമുകിയെയല്ലാതെ ആ മനുഷ്യനെ രക്ഷിക്കണമെന്ന് പറയാന്‍ അയാള്‍ അവിടെ വേറാരെയും കണ്ടില്ല. അവര്‍ ആ കടയിലേക്ക് തന്നെ തിരികെ ഓടി. അവരുടെ വെപ്രാളവും മറ്റും കണ്ടിട്ട് കച്ചവടത്തിരക്കിനിടയിലും ആ കടക്കാരന്‍ ബംഗാളി കലര്‍ന്ന ഹിന്ദിയില്‍ അവരോട് തിരക്കി.

malayalam story
മൊബൈലും ലാപ്ടോപ്പും പോയാൽ ജീവച്ഛവമായിപോകുമെന്ന പേടി അവനിൽ ഉണർന്നു

എന്താ അവന്‍ ചത്തോ?

ആ ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ മരവിച്ച മനസ്സുള്ള മനുഷ്യനിലേക്ക് നോക്കി വാ മലര്‍ക്കെ തുറന്ന് അവര്‍ നിന്നു. കടക്കാരന്‍ അടുത്ത് നിന്ന മനുഷ്യരോട് ആ മരണത്തെക്കുറിച്ച് പറഞ്ഞ് ചിരിച്ചു. യുവാവ് ഒരു നിമിഷം മനുഷ്യരില്‍ ഒളിഞ്ഞിരിക്കുന്ന മൃഗത്വം എന്ന വികാരത്തെ തിരിച്ചറിയുകയായിരുന്നു.

ഹൂഗ്ലിയില്‍ ലയിച്ച ആ മനുഷ്യന്റെ ഓര്‍മ്മകളുമായ് മുന്നോട്ട് നടക്കും തോറും വീണ്ടും വീണ്ടും മുഖത്തേക്ക് കുത്തിയൊഴിച്ച വെള്ളം നല്‍കിയ മനക്കരുത്തില്‍ നിന്ന് മുഖമുയര്‍ത്തി ആ പെണ്‍കുട്ടി യുവാവിനോട് ചോദിച്ചു.

നമ്മളാ അത്തറ് വാങ്ങിയിരുന്നെങ്കില്‍ ഒരു പക്ഷേ?

യുവാവ് അവളോട് മറുപടിയൊന്നും പറഞ്ഞില്ല. അവര്‍ ആ രാത്രി തന്നെ ഹൗറയില്‍ നിന്ന് ഷാലിമാറിലേക്ക് വണ്ടി കയറി, ബസ്സ് ഹൗറാ പാലത്തിലൂടെ അവരെയും കൊണ്ട് മുന്നോട്ട് കുതിക്കുമ്പോള്‍ മൃഗീയരായ മനുഷ്യരില്‍ നിന്ന് അകന്ന് മഞ്ഞ് മൂടിയ ഹൂഗ്ലിക്ക് അടിയില്‍ ആ മനുഷ്യന്‍ താന്‍ നദിയില്‍ കലര്‍ത്തിയ ഗന്ധത്തില്‍ കലരുകയായിരുന്നു.

Summary

malayalam short story

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com