പിച്ചാവരം: ചിദംബരം യാത്രയിലെ കണ്ടല്‍ക്കാഴ്ചകള്‍

Pichavaram
പിച്ചാവരം ബോട്ട് യാത്രHari Chittakkadan
Updated on
4 min read

ശിവരാത്രി നാളില്‍ തഞ്ചാവൂര്‍ ക്ഷേത്രത്തിലെ ദര്‍ശനവും കലാപരിപാടികളും കണ്ടതിന് ശേഷം രാവിലെതന്നെ പ്രശസ്ത ശിവക്ഷേത്രമായ ചിദംബരത്തേക്ക് യാത്രതിരിച്ചു. ഞായറാഴ്ച ദിവസങ്ങളില്‍ മാത്രമുള്ള തിരുച്ചിറപ്പള്ളി-അഹമ്മദാബാദ് വീക്ക്‌ലി എക്്സ്പ്രസ്സിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. തഞ്ചാവൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുതന്നെയുള്ള ഹോട്ടലിലായിരുന്നു താമസമെന്നിരുന്നതിനാല്‍ രാവിലെ 7.20 നുള്ള വണ്ടിക്ക് കൃത്യസമയത്തുതന്നെ എത്താന്‍ സാധിച്ചു. അധികം തിരക്കില്ലാതിരുന്ന വണ്ടിയില്‍ ഞാന്‍ കയറിയ അതേ കോച്ചില്‍ ഭരതനാട്യം വേഷത്തില്‍ കുറച്ച് നര്‍ത്തകിമാരും അവരുടെ ഗുരുവും ഉണ്ടായിരുന്നു. അവര്‍ മലയാളത്തില്‍ സംസാരിക്കുന്നതു കേട്ട് പരിചയപ്പെട്ടപ്പോള്‍ തലേദിവസം ശിവരാത്രി നാളില്‍ തഞ്ചാവൂരില്‍ നൃത്തം കഴിഞ്ഞ് ചിദംബരത്ത് നൃത്തം അവതരിപ്പിക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. തലേന്നു രാത്രി ബ്രഹദീശ്വര ക്ഷേത്രത്തിന്റെ മണ്ഡപത്തില്‍ നൃത്തം അവതരിപ്പിച്ച കൊച്ചിയില്‍ നിന്നുള്ള ടീമായിരുന്നു ഇവര്‍. ശിവരാത്രിയോടനുബന്ധിച്ചുള്ള പുണ്യ ദിനങ്ങളില്‍ ഈ ക്ഷേത്രങ്ങളില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം കിട്ടിയ കലാകാരികള്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു.

തഞ്ചാവൂരില്‍ നിന്നും ചിദംബരത്തേക്കുള്ള യാത്ര അതീവ രസകരമാണ്. കേരളത്തിന്റെ തനത് ഭൂപ്രകൃതിയുള്ള സ്ഥലമാണ് പോകുന്ന വഴിയിലുള്ള കുംഭകോണം. കൃഷിയാണ് തീവണ്ടിയില്‍ ഇരുന്നാല്‍ ഈ ഭാഗങ്ങളില്‍ കാണാവുന്നത് മുഴുവനും. നെല്ലും തെങ്ങും ഇത്ര സമൃദ്ധിയായി വളരുന്നതും വിളയുന്നതുമായ സ്ഥലങ്ങള്‍ കാണുന്നതു തന്നെ ഒരു കുളിര്‍മ്മയാണ്. രാവിലെ 9 മണിയോടെ മയിലാടുതുറൈ സ്റ്റേഷനിലെത്തി. നര്‍ത്തകികള്‍ക്കായി രാവിലത്തെ ഭക്ഷണം ആരോ അവിടെ എത്തിച്ചുകൊടുത്തു. കുറച്ചുസമയം ഇവിടെ നിര്‍ത്തിയിട്ടതിന് ശേഷം പുറപ്പെട്ട വണ്ടി പത്തുമണിയോടെ ചിദംബരം സ്റ്റേഷനിലെത്തി. മരങ്ങളാല്‍ തണല്‍ വിരിച്ചു നില്ക്കുന്ന സ്റ്റേഷന് പുറത്ത് ഓട്ടോറിക്ഷകള്‍ നിരവധിയായി കിടപ്പുണ്ട്. ക്ഷേത്രഗോപുരത്തിന് സമീപമുള്ള ഒരു ഹോട്ടലിലാണ് റൂം ബുക്ക് ചെയ്തിരിക്കുന്നത് എന്നതിനാല്‍ ഓട്ടോ ഡ്രൈവറോട് ക്ഷേത്രത്തിലെത്തിക്കാന്‍ പറഞ്ഞു. അല്പം വലിയൊരു നഗരം തന്നെയാണ് ചിദംബരം. എടുത്തുപറയേണ്ടത് റോഡിന്റെ വീതിയാണ്. ക്ഷേത്രത്തെ ചുറ്റുന്ന സര്‍ക്കിള്‍ റോഡിന് ആറുവരിപ്പാതയുടെ വീതിയുണ്ട്. ക്ഷേത്രത്തിന്റെ ഒരു ഗോപുരത്തിന് സമീപം എന്നെ ഇറക്കി ഓട്ടോ പോയി. എന്നാല്‍ ഞാന്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടല്‍ ആ ഗോപുരത്തിന് സമീപം ആയിരുന്നില്ല. ഗൂഗിള്‍ മാപ്പ് നോക്കി നഗരത്തിന്റെ ഭംഗിയാസ്വദിച്ച് നടന്ന് അവിടേക്കെത്തി ചെക്കിന്‍ ചെയ്തു.

Pichavaram
അമ്മയുടെ നേര്‍ത്ത വിരലുകള്‍ തലമുടിയിലൂടെ നീങ്ങിയപ്പോള്‍ എന്താണെന്നറിയില്ല, കണ്ണുകള്‍ നിറഞ്ഞു
Pichavaram
പിച്ചാവരത്തെ കണ്ടല്‍ക്കാടുകള്‍ Hari Chittakkadan

ചിദംബരത്തേക്കുള്ള യാത്രയിലെ പ്രധാന ഉദ്ദേശം നടരാജ ക്ഷേത്രദര്‍ശനം മാത്രമായിരുന്നില്ല. പിച്ചാവരം കണ്ടല്‍ക്കാടുകള്‍ സന്ദര്‍ശിക്കുക എന്നതുകൂടിയായിരുന്നു. കടലൂര്‍ ജില്ലയില്‍ ചിദംബരത്ത് നിന്നും 15 കിലോമീറ്റര്‍ കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിന് തീരത്തോടടുത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് പിച്ചാവരം. പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കണ്ടല്‍ക്കാടാണ് പിച്ചാവരത്തുള്ളത്. വ്യത്യസ്തമായ സാഹചര്യത്തില്‍ വളരുന്നൊരു സസ്യജാതിയാണ് കണ്ടല്‍ അഥവാ മാന്‍ഗ്രോവ്. കടലോരങ്ങളിലും കായലോരങ്ങളിലും നദീതീരങ്ങളിലും ചതുപ്പുനിലങ്ങളിലും കണ്ടല്‍ച്ചെടികള്‍ തഴച്ച് വളരുന്നു. എട്ട് മുതല്‍ ഇരുപത് മീറ്റര് വരെ ഉയരത്തില് വളരുന്നതാണ് ഈ ചെടികള്‍. വെള്ളത്തിലും ചതുപ്പിലും ആഴ്ന്നിറങ്ങിയിരിക്കുന്ന ഇതിന്റെ വേരുകള്‍ നല്ല കട്ടിയുള്ള കമ്പുപോലെയാണ് ഇരിക്കുന്നത്.

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് ബസ് സ്റ്റാന്റിലെത്തി പിച്ചാവരത്തേക്കുള്ള ബസ് അന്വേഷിച്ച് കണ്ടുപിടിച്ചു. ആദ്യം കിടന്ന ബസ് അപ്പോള്‍ത്തന്നെ ആള് നിറഞ്ഞതിനാല്‍ അടുത്ത ബസിന് കാത്തുനിന്നു. അര മണിക്കൂറോളം എടുത്തു അടുത്ത ബസ് വരുവാന്‍. തീര്‍ത്തും പച്ചയായ ഗ്രാമപ്രദേശങ്ങളിലൂടെ അധികം വീതിയില്ലാത്ത ടാറിട്ട റോഡിലൂടെയായിരുന്നു യാത്ര. പൂര്‍ണ്ണമായും കൃഷിയും ചെറിയ കുടിലുകളും മണ്‍പാതകളും കാളവണ്ടിയും വൈക്കോലും തേങ്ങയുമൊക്കെ കയറ്റിയ ട്രാക്ടറുകളും വഴിനീളെ കാണുവാനിടയായി. വഴിവക്കിലെ കവലകളില്‍ ഇരിക്കുന്നവരുടെയൊക്കെ രൂപഭാവം കേരളവുമായി തട്ടിച്ചുനോക്കുമ്പോല്‍ അപരിഷ്‌കൃതമായി തോന്നി. എവിടെ നോക്കിയാലും കൃഷിയിടങ്ങള്‍ മാത്രം. പാടവരമ്പുകളിലും തെങ്ങിന്‍ തോപ്പുകളിലും പണിയെടുക്കുന്നവരും അവിടവിടെയായി വിശ്രമിക്കുന്ന പശുക്കളും കന്നുപൂട്ട് കാളകളും, കൂട്ടിയിട്ടിരിക്കുന്ന വോക്കോലും തേങ്ങകളും എല്ലാം സുന്ദരമായ കാഴ്ചയാണ് ചിദംബരത്ത് നിന്നും പിച്ചാവരത്തേക്കുള്ള യാത്രയില്‍ അനുഭവവേദ്യമാകുന്നത്.

Pichavaram
''രണ്ടു കണ്ണുകളില്‍ ചുവന്ന ഹൃദയമുള്ള ഇമോജി 'എനിക്കു നിന്നോടു പ്രേമം' ആണെന്നുള്ളതാണെന്ന് എല്ലാവര്‍ക്കുമറിയാം''

ഉച്ചയോടെയാണ് പിച്ചാവരത്തെ കണ്ടല്‍ക്കാടുകള്‍ക്ക് നടുവിലൂടെയുള്ള ബോട്ട് യാത്രയുടെ സ്ഥലത്ത് എത്തിയത്. തമിഴ്‌നാട് ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ വലിയൊരു ബോര്‍ഡാണ് അവിടേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത്. ലോക്കല്‍ ബസ്സിനെക്കാള്‍ കൂടുതല്‍ സ്വകാര്യ വാഹനങ്ങളിലാണ് ആള്‍ക്കാര്‍ എത്തുന്നത്. വാഹന പാര്‍ക്കിങ്ങിനായി സൗകര്യപ്രദമായ സ്ഥലം ഇവിടെയുണ്ട്. ബസ്സില്‍ നിന്ന് ഇറങ്ങിയ ഉടന്‍ തന്നെ അവിടെ നിന്ന സെക്യൂരിറ്റിയോട് തിരികെ ചിദംബരത്തേക്ക് എപ്പോള്‍ ബസ് ഉണ്ടാവുമെന്ന് ചോദിച്ചപ്പോള്‍ അരമണിക്കൂര്‍ ഇടവിട്ട് ഉണ്ടാവുമെന്ന് മറുപടി ലഭിച്ചു. ബോട്ട് യാത്രയ്ക്കുള്ള ടിക്കറ്റ് കൗണ്ടറില്‍ സാമാന്യം നല്ല ക്യൂ ഉണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേകിച്ച് നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള ചെറുപ്പക്കാരായ നിരവധിപേര്‍ സന്ദര്‍ശകരായിട്ടുണ്ടായിരുന്നു. ഉച്ചസമയം ആയതുകൊണ്ട് കൗണ്ടറില്‍ ഇരിക്കുന്നവര്‍ ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ ടിക്കറ്റ് വിതരണം നിര്‍ത്തി വച്ചിരിക്കുകയാണ്.

മൂന്ന് തരത്തിലുള്ള ടിക്കറ്റ് നിരക്കാണ് അവിടെ എഴുതിവച്ചിരിക്കുന്നത്. നാല് പേര്‍ക്കുള്ള ബോട്ടിന് 400 രൂപ, ആറ് പേര്‍ക്കുള്ള ബോട്ടിന് 600, എട്ട് പേര്‍ക്കുള്ളതിന് 1800 എന്നിങ്ങനെ. ഞാന്‍ ഒരാളേ ഉള്ളതിനാല്‍ ആദ്യത്തെ രണ്ടിലും നൂറുരൂപ വച്ചേ ആകുകയുള്ളുവെന്നും 8 പേരുള്ളതിനാണെങ്കില്‍ 225 ആകുമെന്നും കണക്കുകൂട്ടി. എട്ട് പേര് കയറുന്ന ബോട്ട് 2 കിലോമീറ്റര്‍ കണ്ടല്‍ക്കാടുകള്‍ക്ക് ഇടയിലൂടെ പോകും. ബാക്കിയുള്ളവ ഒരു കിലോമീറ്ററേ ഉള്ളുവെന്നതിനാല്‍ 225 രൂപ മുടക്കി പോകാമെന്ന് തീരുമാനിച്ചു. എന്നാല്‍ പിന്നീടാണ് ഈ ടിക്കറ്റ് നിരക്കിലെ അപാകത മനസ്സിലായത്. ആളിന്റെ തലയെണ്ണിയല്ല ബോട്ടില്‍ കയറ്റുന്നത്. ഒരു ബോട്ട് ഒന്നിച്ച് ഒരു ടീമായി ബുക്ക് ചെയ്യുകയാണ് വേണ്ടത്. അതായത് ഞാന് ഒറ്റയ്ക്കാണെങ്കിലും എട്ട് പേര്ക്കുള്ള ബോട്ടിന് 1800 രൂപ കൊടുക്കണം. കാര്യം മനസ്സിലാക്കിയ ഞാന്‍ ഒരു ഉദ്യോഗസ്ഥനോട് അന്വേഷിച്ചപ്പോള്‍ അവിടെ നില്‍ക്കുന്നവരോട് ചോദിച്ച് ഗ്രൂപ്പായി പോകുവാന്‍ നിര്‍ദ്ദേശിച്ചു. തൊട്ടു മുമ്പില്‍ നിന്ന ചെറുപ്പക്കാരുടെ ഒരു തമിഴ് സംഘത്തോട് എത്ര പേരുണ്ടെന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ ആറു പേരാണെന്നും എന്നെക്കൂടി ഉള്‍പ്പെടുത്താമോ എന്ന് ചോദിച്ചതില്‍ അവര്‍ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ 7 പേര് ചെര്‍ന്ന് 1800 രൂപ മുടക്കി ഒരു ബോട്ടിന് ടിക്കറ്റെടുത്തു.

Chidambaram temple
ചിദംബരം ക്ഷേത്രം Hari Chittakkadan

നല്ല വെയിലുണ്ടെങ്കിലും കായലിലൂടെയുള്ള യാത്ര സുഖകരമായിരുന്നു. എന്നോടൊപ്പമുള്ള ഗ്രൂപ്പിലെ ഒരാള്‍ ഇവിടെ നേരത്തെ വന്നിട്ടുള്ളതാണ്. മറ്റ് സുഹൃത്തുക്കള്‍ക്ക് ഓരോ പ്രദേശവും അയാള്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. അദ്ദേഹം എന്നെ പരിചയപ്പെടുകയും കേരളത്തില്‍ ശബരിമലയിലും ഗുരുവായൂരിലും വന്നിട്ടുണ്ടെന്ന് പറഞ്ഞതില്‍ നിന്നും ആളൊരു അടിച്ചുപൊളി ട്രാവലര്‍ അല്ലെന്ന് മനസ്സിലായി. പിച്ചാവരം കണ്ടല്‍ക്കാടുകള്‍ പ്രസിദ്ധമായത് പല സിനിമകളിലെയും ഷൂട്ടിങ്ങില്‍ നിന്നുമാണ്. മലയാളത്തില്‍ മോഹന്‍ ലാല്‍ അഭിനയിച്ച മാന്ത്രികം എന്ന സിനിമയിലെ ചില ഭാഗങ്ങള്‍ ഇവിടെവച്ചായിരുന്നു ഷൂട്ട് ചെയ്തത്. കമലഹാസന്റെ ദശാവതാരമാണ് ഈ സ്ഥലത്തെ തമിഴര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കിയത്. കൂടെവന്ന സുഹൃത്തുക്കള്‍ ദശാവതാരം ഷൂട്ട് ചെയ്ത സ്ഥലത്ത് കൂടി പോകണമെന്ന് ബോട്ട് ഡ്രൈവറോട് പറഞ്ഞു. ഡ്രൈവര്‍ക്ക് ചെറിയ തുക കൊടുത്താല്‍ ബുക്കിങ് സ്ഥലത്ത് എഴുതിവച്ചിരിക്കുന്നതില്‍ കൂടുതല്‍ സമയം നമ്മളെ കണ്ടല്‍ക്കാടുകള്‍ക്ക് ഇടയിലൂടെ അവര്‍ കൊണ്ടുപോകും. ആദ്യം വശങ്ങളില്‍ക്കൂടിയായിരുന്നെങ്കില്‍ പിന്നീട് ഗുഹപോലെ കണ്ടല്‍ വളര്‍ന്നു നില്‍ക്കുന്നതിനിടയിലൂടെയുള്ള യാത്ര വളരെ രസകരമാണ്. കണ്ടല്‍ച്ചെടികളുടെ വളര്‍ന്നുനില്‍ക്കുന്ന കമ്പുകള്‍ ശരീരത്ത് തട്ടാതെ ശ്രദ്ധിച്ചുവേണം ബോട്ടില്‍ ഇരിക്കുവാന്‍. നിരവധി ദേശാടനപ്പക്ഷികള്‍ ഇവിടെ വരാറുണ്ടെങ്കിലും ചെറിയ നീര്‍കാക്കകളെയല്ലാതെ മറ്റൊന്നും കാണാന്‍ സാധിച്ചില്ല. ഒരു മണിക്കൂറോളം കണ്ടല്‍ക്കാടുകള്‍ക്കിടയിലെ ഇടവഴികളിലൂടെ സഞ്ചരിച്ച് തിരിച്ച് ബോട്ട് കടവിലെത്തി ഇറങ്ങി. ഒപ്പം വന്ന തമിഴ് സുഹൃത്തുക്കള്‍ക്ക് നന്ദിയറിയിച്ച് ഒരു സെല്ഫിയുമെടുത്ത് അവരെ യാത്രയാക്കി. ടിക്കറ്റ് കൗണ്ടറിനടുത്ത് തിരികെ ചിദംബരത്തേക്കുള്ള ബസ് നില്പുണ്ടായിരുന്നതിനാല്‍ വേഗംതന്നെ മടങ്ങുവാനും സാധിച്ചു.

ശിവരാത്രി കഴിഞ്ഞുള്ള അടുത്ത ദിവസമാണ് ശ്രീരംഗം-തഞ്ചാവൂര്‍-ചിദംബരം യാത്രയുടെ അവസാന ഘട്ടമായ ചിദംബരം ക്ഷേത്രത്തില്‍ എത്തുന്നത്. രാത്രി തന്നെ ഈ പുണ്യഭൂമിയില്‍ നിന്നും മടങ്ങാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. വൈകിട്ടോടെ പിച്ചാവരത്തുനിന്നും ഹോട്ടലില്‍ മടങ്ങിയെത്തി പെട്ടെന്നുതന്നെ കുളിച്ച് റഡിയായി ക്ഷേത്രത്തിലേക്ക് നടന്നു. പകലിന്റെ സൂര്യന്‍ ക്രമേണ താഴ്ന്നു തുടങ്ങിയ സുഖകരമായ അന്തരീക്ഷത്തില്‍ ഭീമാകാരമായ ഗോപുരം മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. വടക്കേ നടയിലാണ് ചിദംബരം ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നത്. കുളത്തിന്റെ പശ്ചാത്തലത്തില്‍ ചിദംബരം ക്ഷേത്രത്തിന്റെ ചിത്രങ്ങളില്‍ ദൂരെ കാണുന്നത് വടക്കേ ഗോപുരമാണ്. കിഴക്കേ നടയില്‍ നടരാജപ്പെരുമാളിന്റെ മുന്നിലായി കുറച്ച് നര്‍ത്തകികള്‍ നൃത്തം അവതരിപ്പിക്കുന്നുണ്ട്. എന്നോടൊപ്പം തീവണ്ടിയില്‍ വന്ന കൊച്ചിയില്‍ നിന്നുള്ളവര്‍ രാവിലെ ഇവിടെ നൃത്തം അവതരിപ്പിച്ച് തിരിച്ചുപോയിട്ടുണ്ടാവും. തീവണ്ടി പിടിക്കണമെന്ന ചിന്ത അലട്ടിയിരുന്നതിനാല്‍ കൂടുതല്‍ കാഴ്ചകള്‍ കണ്ടുനില്ക്കാതെ ക്ഷേത്രത്തിനുള്ളിലേക്ക് ഓടിക്കയറി. എന്നാല്‍ ഇതുതന്നെയായിരുന്നു ഇവിടെയെത്തേണ്ട സമയമെന്ന് ആരോ കൃത്യമായി തീരുമാനിച്ചപോലെ നടരാജമൂര്‍ത്തിയുടെ തിരുനടയില്‍ എത്തിയതും വലിയ മണികള്‍ ഹുങ്കാര ശബ്ദത്തോടെ മുഴങ്ങി ദീപാരാധനയ്ക്ക് നട തുറന്നതും ഒന്നിച്ചായിരുന്നു.

Summary

Pichavaram: Malayalam travelogue written by Hari Chittakkadan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com