വീടിന്റെ അവകാശികള്‍ - സംഗീത് മോന്‍സി എഴുതിയ കഥ

വീടിന്റെ അവകാശികള്‍ - സംഗീത് മോന്‍സി എഴുതിയ കഥ
Updated on
4 min read

രാവിലെ പതിനൊന്നു മണിക്കായിരുന്നു, കോഴിക്കോട് ബീച്ചിനടുത്തു വെച്ച് ജോയിയുടെയും ആശയുടെയും പുതിയ വീടിന്റെ പാലുകാച്ചല്‍. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് നിന്നും മറ്റുമുള്ള അവരുടെ ബന്ധുക്കളൊക്കെയും ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ ലീലാമ്മയും കുടുംബവും ഇവരോട് പിണക്കമായതു കൊണ്ട് പരിപാടിക്ക് വന്നില്ല. വട്ട മുഖവും ചെറുതായി നരച്ച താടിയുമുള്ള ഫാദര്‍ ജോണ്‍ മാര്‍ക്കുറ്റി, ഇവരോടുള്ള സ്‌നേഹം കൊണ്ട് ചടങ്ങിന് നേരത്തെ തന്നെ എത്തി.

പാല് കാച്ചാനായി വെള്ളമെടുക്കാന്‍ പൈപ്പ് തുറന്നതോടെ, പ്രശ്‌നങ്ങള്‍ക്ക് ആരംഭമായി.

പൈപ്പില്‍ വെള്ളം വരുന്നില്ല ചില അപശബ്ദങ്ങള്‍ മാത്രം. 'ടാങ്കില്‍ വെള്ളം അടിച്ചില്ലേ?' എന്നായി ചിലര്‍. 'ടാങ്കില്‍ വെള്ളം നിറച്ചടിച്ചതായിരുന്നു,' എന്ന് ആശ നിരാശയോടെ കുറച്ച് ഉച്ചത്തില്‍ മറുപടി പറഞ്ഞു.

പെട്ടെന്ന് വെള്ളം വരാന്‍ തുടങ്ങി, നല്ല കലക്കവെള്ളം. അവരുടെ ജീവിതവും കലങ്ങി മറിയുമെന്ന്, അവര്‍ അപ്പോള്‍ മനസ്സിലാക്കിയില്ല. ജോയി കിണറ്റിലെ വെള്ളം നോക്കിയപ്പോള്‍, അതും മുഴുവന്‍ കലങ്ങിയിരിക്കുന്നത് കണ്ടു. അയാള്‍ തലയില്‍ കൈ വെച്ചു പോയി. ഇന്നലെ വരെ നല്ല തെളിനീര് പോലെ തിളങ്ങിയ വെള്ളമാണിപ്പോള്‍ കലങ്ങിക്കിടക്കുന്നത്. എന്താണ് സംഭവിച്ചതെന്നു ജോയിക്ക് ഒരു പിടുത്തവും കിട്ടിയില്ല. ഇഷ്ടം പോലെ ആളുകളും വന്നിട്ടുണ്ട്, എല്ലാരോടും എന്തു സമാധാനം പറയും എന്നോര്‍ത്ത് അയാള്‍ നെടുവീര്‍പ്പെട്ടു.

അവിടെയുണ്ടായിരുന്ന, തൊട്ടടുത്ത വീട്ടിലെ മിലിറ്ററിക്കാരനായ യൂസഫ് ഷാ കാര്യം അറിഞ്ഞു. ഉടനെ തന്റെ വീട്ടില്‍ പോയി രണ്ട് ബക്കറ്റ് വെള്ളം കൊണ്ടുവന്നു കൊടുത്തു. എല്ലാരുടെയും മുഖമൊന്നു വിടര്‍ന്നു. പിന്നെ പാലുകാച്ചല്‍ നടന്നു, എന്നിട്ട് എല്ലാവരും ചെറിയൊരു ഗ്ലാസ്സ് പാലും കുടിച്ചു. ഫാദര്‍ ജോണ്‍ വീടിന്റെ വെഞ്ചിരിപ്പും നടത്തി, മറ്റ് പ്രാര്‍ത്ഥനകളോടൊപ്പം ഉച്ചത്തില്‍ ബൈബിളും വായിച്ചു. അദ്ദേഹം കുടുംബത്തെയും കുടുംബ ബന്ധങ്ങളെയും അതിന്റെ ആഴവും പരപ്പിനെയും പറ്റി നല്ല തീപോലെ ഒരു പ്രസംഗവും നടത്തി.

ആ നാട്ടിലെ പേരുകേട്ട കാറ്ററിംഗുകാരായ 'തനിമ രുചി' ക്കാരാണ് ഭക്ഷണം എത്തിച്ചത്. ചിക്കന്‍ ബിരിയാണിയും ഐസ്‌ക്രീമും അവര്‍ എല്ലാവര്‍ക്കും വിളമ്പി കൊടുത്തു. കൈ കഴുകാനും മറ്റാവശ്യങ്ങള്‍ക്കുമുള്ള വെള്ളം, യുസഫ് ഷായുടെ വീട്ടില്‍ നിന്നും വന്നുകൊണ്ടേ ഇരുന്നു. ജോയിയുടെ കൂട്ടുകാര്‍ രണ്ട് കുപ്പി വിസ്‌കിയും ആയിട്ടായിരുന്നു വന്നത്. വെള്ളം കുറവായതിനാല്‍, അവര്‍ വിസ്‌കി വെള്ളമൊഴിക്കാതെ ഡ്രൈ ആയി അടിച്ചു. മിലിറ്ററിക്കാരനും അവരോടൊപ്പം കൂടി, എന്നിട്ട് പറഞ്ഞു 'അല്ലേലും ഈ സാധനം വെള്ളം ഒഴിച്ച് നശിപ്പിക്കാന്‍ പാടില്ല, അത് പാപമാ, മഹാ പാപം...' എല്ലാവരും പൊട്ടിച്ചിരിച്ചു, ഒരു മാലപ്പടക്കം പോലെ.

ഭക്ഷണശേഷം എല്ലാവരും രണ്ടു നില വീടൊക്കെ മുഴുവന്‍ കേറി കണ്ടു. പടികളൊക്ക തടികൊണ്ടായിരുന്നു ഉണ്ടാക്കിയത്. വീടൊക്കെ എല്ലാവര്‍ക്കും ഇഷ്ടമായി, പലരും പല രീതിയില്‍ വര്‍ണ്ണിച്ചു, ഒരു കവിത പോലെ.

ഗംഭീര കാവ്യാത്മകം ആയിരുന്നു പലരുടെയും വര്‍ണന, പ്രിത്യേകിച്ച് രണ്ടെണ്ണം അടിച്ചവരുടെ.

'ജോയി ഒരു വീട് വെച്ചു,

അതോ ഭയങ്കരമാം ഒരെണ്ണം.

ഇന്നാട്ടിലെ മനോഹര മാളിക

ഇത് തന്നെ.

പടവുകളും ജനലുകളും വാതിലുകളും

എല്ലാം തേക്കിന്റെ മഹാപണി.'

എന്ന് ഒരു കവിത പോലെ ജോയിയുടെ കൂട്ടുകാരന്‍ ജിമ്മി വര്‍ണ്ണിച്ചു. മറ്റുള്ളവര്‍ താളം പിടിച്ച് സംഗതി കൊഴുപ്പിച്ചു.

അടുത്ത ദിവസം രാവിലെ തന്നെ, വീടിന്റെ കോണ്‍ട്രാക്ടര്‍ വന്ന് കിണറ്റില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് ഒരു തരം പൊടി ഇട്ടു. ഒരു മണിക്കൂറിനുള്ളില്‍ അത്ഭുതമാം വിതം വെള്ളമൊക്കെ ശരിയായി. ആശക്ക് സന്തോഷം കൊണ്ട് കിണറ്റിലേക്ക് എടുത്തൊന്ന് ചാടാന്‍ തോന്നി. ചുമ്മാ... പാവം പെണ്‍കിടാവ്, ജോയിച്ചന്റെ ആശ.

വൈകിട്ട് വീട്ടില്‍, അവര്‍ നാല് പേരും കൂടി സന്ധ്യാപ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരിക്കെ അടുത്ത വിനാശം സംഭവിച്ചു. അവര്‍ ചിങ്കിയെന്ന് വിളിച്ച് ഓമനിച്ചു വളര്‍ത്തിയ കട്ടിയുള്ള വെളുത്ത രോമമുള്ള പൂച്ച, അവരുടെ മുന്നില്‍ കുഴഞ്ഞു വീണു. ആ രാത്രി തന്നെ ജോയിയും ആശയും കൂടി അവരുടെ കറുത്ത സ്വിഫ്റ്റ് കാറില്‍ ചിങ്കി പൂച്ചയെയും കൊണ്ട് മൃഗശുപത്രിയില്‍ പോയെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല. തിരിച്ചു വരുന്ന വഴിക്കൊക്കെ ആശ ചിങ്കിയെ കെട്ടിപ്പിടിച്ച് കരഞ്ഞു, ജോയിയുടെ ഹൃദയവും ഭാരിച്ചു വന്നു. എന്നാല്‍ അയാള്‍ കരഞ്ഞില്ല, ആശയെ ആശ്വസിപ്പിച്ചുകൊണ്ട് അവളുടെ തൊളിലൊന്ന് അമര്‍ത്തി. തിരികെ എത്തിയതിന് ശേഷം ജോയിയും മകന്‍ മിഖായേലും കൂടി, ചിങ്കിയെ വീടിന്റെ ഇടതു വശത്ത് നിന്ന ചെറിയ മാവിന്റെ ചുവട്ടില്‍ കുഴിച്ചിട്ടു. അതിന് ആശയും മകള്‍ സുലുവും കണ്ണീര്‍ സാക്ഷികളായി നിന്നു.

രാത്രി വിഷമം കൊണ്ട് ആര്‍ക്കും നന്നായുറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും, മിഖായേലിനെ ഇതൊന്നും ബാധിച്ചില്ല. അവന്‍ പുതപ്പ് തലവഴി മൂടി നന്നായി കിടന്നുറങ്ങി.

പിന്നീടാണ് അടുത്ത പ്രശ്‌നത്തിന്റെ തുടക്കം, പ്ലസ് ടുവിനു പഠിക്കുന്ന മിഖായേല്‍ കൂട്ടുകാരുമൊത്ത് മദ്യപാനം തുടങ്ങി. സ്‌കൂള്‍ വിട്ടതിനു ശേഷം ഒരു വൈകുന്നേരം ആയിരുന്നു, അവനും അവന്റെ മൂന്ന് കൂട്ടുകാരും ചേര്‍ന്ന് ഒരു ഫുള്‍ ജവാന്‍ വാങ്ങി അടിച്ചത്. സ്‌കൂളിന് അടുത്തുള്ള പറമ്പില്‍ വെച്ചാണ് അവര്‍ അതടിച്ചത്, കൂടെ അവര്‍ സിഗററ്റും വലിച്ചു. പിള്ളേര്‍ക്കുമില്ലേ ആഗ്രഹങ്ങള്‍, അവര്‍ അങ്ങനെ അവരുടെ ആത്മാവിന് ശാന്തിയേകി. എന്നാല്‍ അതിനുശേഷം മിഖായേല്‍ വാള് വെച്ച് അലമ്പാക്കി, രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് വീട്ടില്‍ എത്തിയത്. അങ്ങനെ ആ വീട്ടില്‍ അവശേഷിച്ച സമാധാനവും പോയി, വീട് ഒരു തുലാസില്‍ കിടന്നാടി.

അടുത്ത ദിവസം രാവിലെ, മിഖായേലിനെ അമ്മ നേരത്തെ വിളിച്ചുണര്‍ത്തിയിട്ട് പറഞ്ഞു, 'എടാ നിനക്ക് എന്താ പറ്റിയെ, എന്താ നിന്റെ ഉദ്ദേശം?' അവന്‍ കട്ടിലില്‍ കിടന്ന് ഞരങ്ങിക്കൊണ്ട് പറഞ്ഞു, 'സോറി അമ്മ, പറ്റിപ്പോയതാ.' അപ്പോള്‍ അമ്മ അവനെ തട്ടി വിളിച്ച് എഴുന്നേല്‍പ്പിച്ച് കട്ടിലില്‍ ഇരുത്തിയിട്ട് പറഞ്ഞു, 'നീയും നിന്റെ അച്ഛനെ പോലെ ആവില്ല എന്ന് സത്യം ചെയ്യ്.' അവന്‍ അമ്മയുടെ മുടിയില്‍ തലോടിക്കൊണ്ട് പറഞ്ഞു, 'സത്യം അമ്മ, ഇനി ഞാന്‍ അടിക്കില്ല.' അമ്മ അവനോട് എഴുന്നേറ്റ് കുളിച്ചിട്ടു വന്ന് ചായ കുടിക്കാന്‍ പറഞ്ഞു. അങ്ങനെ അവന്‍ എഴുന്നേറ്റ് കുളിച്ചിട്ട് അടുക്കളയില്‍ വന്നപ്പോള്‍, അമ്മ അവന് നല്ല കടുപ്പത്തില്‍ ചൂടുള്ളൊരു ചായ കൊടുത്തു. തലേന്ന് രാത്രി ഒന്നും കഴിക്കാതെ വാള് വെച്ച് കിടന്നത് കൊണ്ട്, അവന്‍ ആ ചായ ആര്‍ത്തിയോടെ ഊതി ഊതി കുടിച്ചു.

എന്നിട്ട് മിഖായേല്‍ രാവിലെ സ്‌കൂളിലേക്ക് യാത്രയായി. ബസ് ഇറങ്ങി, സ്‌കൂളിലേക്കുള്ള വഴിയിലൂടെ നടക്കവേ മിഖായേലിനെ കണ്ടിട്ട് അവന്റെ അടിക്കമ്പനിക്കാരന്‍ അക്ഷയ് വിളിച്ചിട്ട് പറഞ്ഞു, 'എന്താണ് ബോസ് ഇത്ര തിരക്ക്?' അപ്പോള്‍ മിഖായേല്‍ 'ഒന്നും ഇല്ലെടാ, ഇന്നലെ മഹാ അലമ്പായിപ്പോയി.' ഒരു കഴുകനെപ്പോലെ പിടിവിടാതെ അക്ഷയ് അവനെ നിര്‍ബന്ധിച്ച് പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു സിഗററ്റ് അവന്റെ കൈയ്യില്‍ കൊടുത്തിട്ട് കത്തിക്കാന്‍ പറഞ്ഞു. ആദ്യം ഒന്ന് മടിച്ചെങ്കിലും അവന്‍ അത് കത്തിച്ച് വലിച്ചു. വീണ്ടും എല്ലാം കയ്യീന്ന് പോയി. അപ്പോള്‍ അമ്മക്ക് കൊടുത്ത വാക്ക്... എല്ലാം തേഞ്ഞു, അവന്‍ തേച്ചോട്ടിച്ചു!

വീടിന്റെ അവകാശികള്‍ - സംഗീത് മോന്‍സി എഴുതിയ കഥ
ആകാശമീനുകള്‍ - അരുണിമ എഴുതിയ കഥ

അപ്പുറത്തെ വീട്ടിലെ മിലിറ്ററിക്കാരന്റെ കൂടെ ജോയി, വെള്ളമടി ഒരു സ്ഥിരം പരിപാടിയും ആക്കി. ആശക്ക് ആണെങ്കില്‍ എല്ലാം കണ്ട് പൊറുതിമുട്ടി, തല മരച്ചു പോയി. അങ്ങനെ ആശ, വാസ്തുവൊക്കെ നോക്കുന്ന ദാസേട്ടനെ വീട്ടിലേക്ക് വിളിച്ച് വരുത്തി. അയാള്‍ ഒരു ചന്ദനക്കുറിയൊക്കെ തൊട്ട് വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ഉടുത്താണ് വന്നത്. അയാളുടെ കയ്യിലേക്ക് വീടിന്റെ പ്ലാന്‍ കൊടുത്തിട്ട്, 'എന്തെങ്കിലും പ്രശ്‌നം ഉണ്ടോ ഈ വീടിന്' എന്ന് ചോദിച്ചു. അയാള്‍ പ്ലാന്‍ മനസ്സിരുത്തി നോക്കിയിട്ട് പറഞ്ഞു, 'പ്രശ്‌നമുണ്ട്, ഈ വീടിന്റെ കന്നിമൂലയില്‍ ആണ് സെപ്റ്റിക് ടാങ്ക്. അത് അവിടുന്ന് മാറ്റാതെ ഈ വീടിന്റെ പ്രശ്‌നങ്ങള്‍ മാറില്ല.' ഇതും പറഞ്ഞ് അയ്യായിരം രൂപയും വാങ്ങി ദാസേട്ടന്‍ യാത്രയായി. പോകുന്ന വഴിക്ക് അദ്ദേഹം സ്‌കൂട്ടര്‍ ബീവറേജിന്റെ മുന്‍പില്‍ ഒന്ന് നിര്‍ത്തി. എന്നിട്ട്, വരി നിന്ന് അര ലിറ്റര്‍ മുന്തിയ ബ്രാണ്ടിയും വാങ്ങിയിട്ട്, തന്റെ ജൈത്രയാത്ര തുടര്‍ന്നു.

സെപ്റ്റിക് ടാങ്കിന്റെ കാര്യം, ജോയി അനുബന്ധ ആള്‍ക്കാരെ അറിയിച്ചു. അവര്‍ വണ്ടിയുമായി അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് എത്തിയേക്കാം എന്നേറ്റു. തലയില്‍ നൂറുകൂട്ടം പ്രശ്‌നങ്ങളുമായി ജോയിക്ക് നന്നായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല, അയാള്‍ അങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. പറഞ്ഞ സമയത്ത് തന്നെ തമിഴന്മാരായ പണിക്കാര്‍ എത്തി, പണി തുടങ്ങി. വൈകുന്നേരം ആയപ്പോഴേക്കും, അവര്‍ പണി തീര്‍ത്ത് പോകാന്‍ തുടങ്ങി. അപ്പോഴാണ് അവരിലൊരു പണിക്കാരന്‍ മുരുകന്‍ കാല്‍ വഴുതി ടാങ്കില്‍ വീണത്. പെട്ടെന്ന് എല്ലാരും കൂടി അയാളെ കയര്‍ ഇട്ടു പൊക്കിയെടുത്തിട്ട്, മണം പോകാന്‍ അയാളുടെ തല വഴി അഞ്ചു ബക്കറ്റ് വെള്ളം ഒഴിച്ചു. സങ്കടകരമായ മറ്റൊരു ദിനം കൂടി ആ വീട്ടില്‍ കടന്നുപോയി. ഈ വീടിന്റെ പ്രശ്‌നങ്ങള്‍ ഒന്നും മാറിയിട്ടില്ല എന്ന് ആശക്ക് മനസ്സിലായി.

അങ്ങനെ ഇടപ്പള്ളിയില്‍ നിന്ന് കോഴിക്കോട്ടേക്ക്, ഭൂതോച്ചാടകനായ ബെന്നി ബ്രദറിനേയും കൂട്ടിക്കൊണ്ടാണ്, ആശയുടെ ചേട്ടന്‍ ആന്റോ വന്നത്. കാരണം, ഇനി ഇതല്ലാതെ അവരുടെ മുന്‍പില്‍ വേറെ വഴികളില്ലായിരുന്നു. വരുന്ന വഴിക്ക് ഒരു ബസ്സിന്റെ പുറകിലെ ഗ്ലാസ്സില്‍ ഒട്ടിച്ച ഗണപതിയുടെ രൂപം തന്നെ നോക്കി ചിരിക്കുന്ന കാര്യം ബെന്നി ആന്റോയോട് പറഞ്ഞു. എന്നിട്ട് ബെന്നി തുടര്‍ന്നു, 'അവരുടെ വീടിരിക്കുന്ന സ്ഥലത്ത് പണ്ട് ആരോ ഗണപതി പൂജ ചെയ്തിട്ടുണ്ട്, അതിന്റെ ദോഷം ആണവിടെ ഉണ്ടാവുന്നത്.'

വൈകിട്ട് ആറര ആയപ്പോഴേക്ക് അവര്‍ രണ്ട് പേരും ആ വീട്ടില്‍ എത്തിച്ചേര്‍ന്നു. ആശക്ക് സ്വര്‍ഗം താണിറങ്ങി വന്നത് പോലെയാണ് തോന്നിയത്, അനുഗ്രഹീത നിമിഷം.

ബെന്നി ബ്രദര്‍ വീട്ടിലെ എല്ലാവരെയും, കൂടെ ഇരുത്തിയിട്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അപ്പോള്‍, ആശ വിങ്ങിപ്പൊട്ടിക്കൊണ്ട് ദൈവത്തെ വിളിച്ചപേക്ഷിച്ചു. ബ്രദര്‍ സാത്താനെ ഈ വീട്ടില്‍ നിന്നും പുറം തള്ളുന്ന പ്രാര്‍ത്ഥന, ഒരു മണിക്കൂര്‍ മുട്ടുകുത്തി നിന്ന് ചൊല്ലി. എന്നിട്ട് വെഞ്ചിരിച്ച വെള്ളം എല്ലാ മുറികളിലും തളിക്കാന്‍ തുടങ്ങി. അപ്പോഴാണ് സ്‌റ്റെപ്പിന്റെ ഏറ്റവും മുകളില്‍ മൂലയിലായി ഒരു പഴയ കറുത്ത ബാഗ് ഇരിക്കുന്നത് കണ്ടത്. ഉടനെ, ആശയോട് ആ ബാഗ് തുറക്കാന്‍ പറഞ്ഞിട്ട്, ബ്രദര്‍ ആ ബാഗിന്റെ അകത്ത് വെഞ്ചിരിച്ച വെള്ളം തളിച്ചു. എന്നിട്ട് ബ്രദര്‍ ആ ബാഗില്‍ കൈ ഇട്ടപ്പോള്‍, 'എന്തോ ഒന്ന് ഇഴഞ്ഞു പോവുന്നുണ്ട്' എന്ന് പറഞ്ഞു. എന്നിട്ട് അദ്ദേഹം വളരെ ശക്തമായി പ്രാര്‍ത്ഥിച്ചിട്ട് ആ സാധനം പുറത്തെടുത്തപ്പോള്‍ ആണ് മനസ്സിലായത്, അതൊരു ഗണപതിയുടെ വിഗ്രഹം ആണെന്ന്.

ഉടനെ തന്നെ ആ വിഗ്രഹത്തിന്റെ മുകളില്‍ വെഞ്ചിരിച്ച വെള്ളം തളിച്ചപ്പോള്‍, അത് ഉരുകി പുക ഉയരാന്‍ തുടങ്ങി. അതോടെ കുറേ പ്രാര്‍ത്ഥനകള്‍ കൂടി ചൊല്ലിയിട്ട് ബ്രദര്‍ ബെന്നി പറഞ്ഞു, 'ഇനി നിങ്ങള്‍ ഒന്നും പേടിക്കാനില്ല, ഈ വീടിന്റെ എല്ലാ ദോഷവും പോയി. ഒളിഞ്ഞിരുന്ന ആ ദുര്‍ശക്തിയെ ഞാന്‍ ഇവിടെ നിന്നും തുരത്തി.'

അങ്ങനെ കുറച്ച് ദിവസങ്ങള്‍ കൂടി പിന്നിട്ടു. അവരുടെ അവശേഷിച്ച സംശയങ്ങളും പേടിയും ഒക്കെ മാറി, മാനം തെളിഞ്ഞു. ഇന്നിപ്പോള്‍ അവര്‍ നാല് പേരും ആ വീട്ടില്‍ കിടന്ന് തലകുത്തി മറിഞ്ഞ് നൃത്തം ചെയ്യുകയാണ്, ഒരു കുഞ്ഞിനെ പോലെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com