P kunjiraman Nair`s life
പി കുഞ്ഞിരാമന്‍ നായരുടെ ജീവിത വഴികളിലൂടെ P Kunjiraman NairFile

മായാത്ത കാല്പാടുകള്‍

1997 സെപ്തംബര്‍ 5 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
Published on

കവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിത വഴികളിലൂടെ ആലങ്കോട് ലീലാകൃഷ്ണന്‍ നടത്തിയ യാത്ര- ഭാഗം ആറ്. 1997 സെപ്തംബര്‍ 5 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്.

''ദേവീ വിഗ്രഹംപോലെ അമ്മ കട്ടിലിലിരുന്നു. മൗനജപം. ജപത്തിനിടയില്‍ കണ്ണു തുറക്കാതെ മെല്ലെ വിളിച്ചു

''കുഞ്ഞി, അടുത്തുവാ, ഇവിടെയിരിക്ക്.''

മെത്തപ്പായ വിരിച്ചു നിലത്തിരുന്നു.

''നിനക്ക് ഈ ലോകത്തില്‍ എല്ലാമുണ്ട്. എന്നാല്‍ ഒന്നുമില്ല.''

വീടില്ല, വീട്ടുകാരില്ല. നാടില്ല, നാട്ടുകാരില്ല. ഭാര്യയില്ല. ഭാര്യ വീടില്ല. മക്കളില്ല. ജ്യേഷ്ഠനില്ല. അനുജനില്ല.

നല്ലരിക്കഞ്ഞി കുടിക്കാന്‍ കണ്ടമില്ല. കരിക്കിട്ടു കുടിക്കാന്‍ തെങ്ങില്ല. വീടും വയലും തെങ്ങും പറമ്പുമെല്ലാം നിന്നെവിട്ടു പോയി.

എല്ലാം തന്ന, അച്ഛന്‍, വെളിച്ചം തന്ന സൂര്യന്‍ - നിന്നെയോര്‍ത്തു നെടുവീര്‍പ്പിട്ടുപോയി.

നിന്നെപ്പെറ്റ് കണ്ണീര്‍ കുടിച്ച അമ്മയും പോവും. കണ്ണുണ്ടായിട്ടും ഒന്നും കാണാതെ നീ കാട്ടുവഴിയിലകപ്പെടും. ഗുരുവായൂരപ്പന് നിന്റെ കാര്യത്തില്‍ വേദനയുണ്ട്. അതു നീ അറിയണം.

നീയെന്തിനാണ് കരയുന്നത്? വിഡ്ഢി. ഭഗവാന്റെ മുന്നിലിരുന്നു കരയരുത്.

ഇതാ ഇതു കയ്യില്‍ വച്ചോ. നീ കുഴങ്ങരുത്.

വെളുത്തു മെലിഞ്ഞ ആ കൈ നൂറുറുപ്പിക നോട്ട് കയ്യില്‍ വെച്ചു തന്നു.

''കണ്ണു തുടയ്ക്ക്'' എന്നു പറഞ്ഞ് അമ്മ ആരും കാണാതെ കണ്ണു തുടച്ചു.'' (കവിയുടെ കാല്പാടുകള്‍)

മിക്കവാറും അജ്ഞാതവും എന്നാല്‍, പ്രിയതമവും ആയ തന്റെ മാതൃ-പിത്യഭൂമികളില്‍നിന്ന് ബഹിഷ്‌കൃതനാക്കപ്പെട്ട് അലഞ്ഞുനടക്കുന്നവന്റെ ഒടുങ്ങാത്ത വേദന കുഞ്ഞിരാമന്‍ നായരുടെ കവിതകളില്‍ ആവര്‍ത്തിച്ചു വന്നിട്ടുള്ള ഒരു പ്രമേയമാണ്.

'ഉത്സവക്കളി' എന്ന കവിതയില്‍ കളികാണാന്‍ വന്ന കവി അരയാല്‍ത്തറയില്‍ തോര്‍ത്തുമുണ്ടു വിരിച്ചു കിടന്നുറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ കളി കഴിഞ്ഞിരുന്നു.

''ഒരൊറ്റവേഷം കണ്ടില്ല

പാട്ടുകേട്ടി, ല്ലൊഴുക്കെഴും

മേളത്തിലൊന്നു മുങ്ങീല

അരങ്ങില്‍ക്കേറിയില്ല ഞാന്‍.

എന്തിനു വന്നുഞാ, നേതു

വഴിയീനാട്ടിലെത്തി ഞാന്‍,

തിരിച്ചുചെല്ലുമെമ്മട്ടു-

കളി കാണാതുറങ്ങിയോന്‍.''

സ്‌നേഹശൂന്യതകൊണ്ടല്ല താന്‍ വീടുവിട്ടിറങ്ങിയതെന്ന് കവിക്കറിയാം. സ്‌നേഹമനുഭവിക്കാന്‍ യോഗമില്ലാത്ത പാപിയാണ് താനെന്ന അപകര്‍ഷബോധവും നീചരാശിയില്‍ പിറന്നവനെന്ന അന്ധവിശ്വാസവും തീരാശാപമായി കവിയെ എന്നും വേട്ടയാടിയിരുന്നു. സ്വയം തിരസ്‌കൃതനാവുന്നവന്റെ ഈ തീവ്രവിഷാദമുഖം കാവ്യരംഗത്തു കാലുകുത്തിയ കാലം തൊട്ടേ കവിയുടെ കൂടെയുണ്ടായിരുന്നുവെന്നു കാണാം. പത്തൊന്‍പതാം വയസ്സിലെഴുതിയ 'ജീവിതദാഹം' എന്ന കവിതയില്‍ത്തന്നെ.

 P kunjiraman Nair`s life
പി. പ്രണയപാപങ്ങളുടെ കടംകഥ

സ്വയം ദുഃഖമേറ്റുവാങ്ങുന്നതിന്റേയും പാപഭാരം ചുമക്കുന്നതിന്റേയും പലായന സ്വഭാവത്തിന്റേയും സ്വരം ഇവിടം മുതല്‍ കവിയുടെ ജീവിതാന്ത്യം വരെയും നാം കേള്‍ക്കുന്നു. പലായനത്തിന്റെ പീഡാനുഭവമുള്ളവര്‍ കുറ്റങ്ങളേറ്റു പറയുന്നവരും നിത്യവിഷാദികളുമായിരിക്കും. മനുഷ്യകുലത്തിന്റെ മുഴുവന്‍ പാപങ്ങളുമേറ്റു വാങ്ങി അവര്‍ സ്വയം പീഡനത്തിന്റെ കുരിശുമല കയറിക്കൊണ്ടിരിക്കും. വിശ്വകവി യേറ്റ്‌സ് ഒരിക്കല്‍ പാടിയതുപോലെ നിരവധി തവണ മരിക്കുകയും നിരവധി തവണ ഉയിര്‍ത്തെഴുന്നേക്കുകയും ചെയ്യും.

പി. കുഞ്ഞിരാമന്‍ നായര്‍ എന്ന നിത്യവിഷാദത്തിന്റെ കവി പല ജീവിതം ജീവിക്കുകയും പല മരണം വരിക്കുകയും ചെയ്തു.

''ഏതോ കൊടുംശാപശിക്ഷ-

യേറ്റു ജീവിതവല്ലരി

വേരുണങ്ങിക്കല്‍ത്തുറുങ്കില്‍

മരവിച്ചു മരിപ്പൂ ഞാന്‍.''

എന്ന മട്ടില്‍ ജീവിതം കവിക്ക് മരിച്ചുകൊണ്ടിരിക്കുന്ന ഒരു ജൈവാവസ്ഥയാണ്. അവിടെ കവിത (സൗന്ദര്യം) അതിജീവനമന്ത്രവും സഞ്ജീവനവുമാകുന്നു.

''കുടമണി നാദമുള്ള ഒറ്റക്കാളവണ്ടിയില്‍ അവള്‍ (കവിത) വരും. വീണാനാദമായി. മുരളീനാദമായി. പ്രപഞ്ച പുഷ്പപരിമളമായി അവള്‍ വരും.'' എന്ന് ഓരോ ഏകാന്ത ദുഃഖത്തിന്റെ തടവറയിലും കവി കാത്തിരുന്നു.

തപാല്‍ ശിപായി കത്തുകള്‍ കൊണ്ടുനടക്കുംപോലെ കവിതയും കൊണ്ട് ഊരു ചുറ്റുന്നവനാണ് താന്‍ എന്ന് കവി സ്വയം നിരീക്ഷിച്ചിട്ടുണ്ട്. കവിതയാണ് തന്റെ അസ്തിത്വത്തിന്റെ നിദാനം. എന്നാല്‍, അതിന്മേല്‍ തനിക്ക് യാതൊരവകാശവും ഇല്ല താനും. കവിതയുടെ ഉടുപ്പഴിച്ചാല്‍ ദിവസവും കാണുന്നവര്‍പോലും തന്നെ തിരിച്ചറിയുകയില്ല. അറിയണമെന്ന മോഹവുമില്ല.

 P kunjiraman Nair`s life
ഇവിടെയൊക്കെയാണ് കവിയുടെ കടിഞ്ഞൂല്‍ പ്രണയം നിബിഡ സുഗന്ധമായി നിറഞ്ഞത്

''യാതൊരു വ്യവസ്ഥയുമില്ലാത്ത ജീവിതം എന്ന് വ്യവഹാരികള്‍ തന്നെ ചൂണ്ടി പറയുമ്പോഴും കവിക്ക് യാതൊരു കൂസലുമില്ല. ജീവിതമെന്നത് വിലയേറിയതും സര്‍വപ്രധാനവുമായ ഒരു പ്രക്രിയയാണെന്നു കരുതിയാലല്ലേ അതിന്റെ വ്യവസ്ഥയെക്കുറിച്ച് വേവലാതിപ്പെടേണ്ടതുള്ളൂ.. സര്‍വോത്കൃഷ്ടവും സനാതനവുമായ കാവ്യാനുഭൂതിയുടെ, ഭംഗുരവും അന്യഥാ പ്രയോജനരഹിതവുമായ വാഹനം മാത്രമാണ് ജീവിതം എന്നാണ് കുഞ്ഞിരാമന്‍ നായര്‍ വിശ്വസിച്ചത്. അതുകൊണ്ടുതന്നെ അവ്യവസ്ഥ അതിന്റെ സ്ഥായീഭാവമായിത്തീരുകയും ചെയ്തു.

''തെല്ലുമില്ലാശ പൊള്ളയാം പേരിലും

തെണ്ടിവണ്ടിന്‍ മുഖസ്തുതിവാക്കിലും

ആത്മനിര്‍വൃതിയൊന്നില്‍ കൃതാര്‍ത്ഥങ്ങള്‍

സ്വാനുഭൂതി തന്‍ സല്‍ക്കലാസൃഷ്ടികള്‍''

-(പതിറ്റടിപ്പൂവിനോട്)

ആകാശനീലിമയില്‍ ഒരു അരയന്നമായി പറന്നുപോവുക. അസ്തമയപ്രഭയില്‍ ഒരു മുകില്‍ത്തുണ്ടായി നീരാടുക. പൂവിലെ പൂമണമാവുക. താനേ പാടുന്ന ഓടക്കുഴലാവുക, പൂഴിയും നക്ഷത്രവുമാവുക, കാട്ടരുവിയായി കടല്‍ തേടുക. ചെന്താമരയായി സൂര്യബിംബം മുകരുക. ആമ്പല്‍മൊട്ടായി പൂര്‍ണചന്ദ്രനെ കാക്കുക. പുല്‍ത്തലപ്പില്‍ മഞ്ഞുതുള്ളിയായിക്കിടന്ന് നീലാകാശത്തെ ധ്യാനിക്കുക.

ഇതൊക്കെയാണ് കുട്ടിക്കാലം തൊട്ടെ കവിയുടെ കാല്പനിക മോഹങ്ങള്‍.

ഭാവനയുടെ മഹാസിദ്ധികൊണ്ട് അതിരുകളും അവസാനമില്ലാത്ത കല്പനാലോകത്ത് വിഹരിക്കുന്ന ഒരു കാല്പനിക കവിയെ സംബന്ധിച്ച് സ്വാതന്ത്ര്യം തന്നെയാണ് മഹാസൗന്ദര്യം.

കാല്പനിക സാഹിത്യ പ്രസ്ഥാനത്തെക്കുറിച്ച് ആഴമേറിയ പഠനങ്ങള്‍ നടത്തിയിട്ടുള്ള കേസരി ബാലകൃഷ്ണപിള്ള ഇപ്രകാരം നിരീക്ഷിച്ചിട്ടുണ്ട്.

''ഒരു റൊമാന്റിക് സാഹിത്യകാരന്‍ അനുഭവത്തിന് ശാശ്വതത്വവും അന്തമില്ലായ്മയും നല്‍കുവാനാണ് ശ്രമിക്കുന്നത്. റൊമാന്റിക് സാഹിത്യത്തെ പോഷിപ്പിക്കുന്നത് വികാരവും അതിനെ ദേവലോകത്തേയ്ക്കുയര്‍ത്തിക്കൊണ്ട് പോകുന്നത് ഭാവനയുമാകുന്നു. മനുഷ്യരില്‍ ശാശ്വതമായി കാണുന്ന മോഹങ്ങളാണ് അതിന്റെ പ്രാണവായു. സാധനങ്ങളുടെ ക്ഷണഭംഗുരത്വവും വേദനയും മരണവുമാണ് അതിന്റെ വിഷയങ്ങള്‍.''

റൊമാന്റിസിസത്തെക്കുറിച്ചുള്ള ഈ സങ്കല്പം വെച്ച് വിലയിരുത്തുമ്പോള്‍ മലയാള ഭാഷയിലെ ലക്ഷണമൊത്ത ഒരു കാല്പനിക കവിയായിരുന്നു പി. കുഞ്ഞിരാമന്‍ നായര്‍ എന്നു കാണാം.

പി. കുഞ്ഞിരാമന്‍ നായര്‍ മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക കവിയാണെന്ന് സ്ഥാപിച്ചുകൊണ്ടുള്ള പഠനത്തില്‍ പ്രൊഫ. മേലത്തു ചന്ദ്രശേഖരന്‍, ആംഗല കവി കീറ്റ്‌സിന്റെ 'ഓഡ് ഓണ്‍ എ ഗ്രീഷ്യന്‍ യേണ്‍' എന്ന കവിതയേക്കാള്‍ മികച്ച കവിതയാണ് പി.യുടെ 'മലനാടന്‍ മങ്കമാര്‍' എന്നു നിരീക്ഷിക്കുന്നുണ്ട്.

''Beauty is truth, truth is beauty, that is all

Ye know on earth and all ye need to know'

എന്ന് കീറ്റ്‌സ്. സത്യസൗന്ദര്യാത്മക ദര്‍ശനത്തിലൂടെ നമ്മെ എത്തിക്കുന്നത് പൂര്‍ണവും സുന്ദരവുമായ ഒരു ഭാവതലത്തിലണെങ്കില്‍, പി. അതിനുമപ്പുറം ആത്മാവിന്റെ ദിവ്യവും ഗൂഢവുമായ ഒരു പ്രശാന്തി മണ്ഡപത്തിലാണ് നമ്മെ നിര്‍ത്തുന്നത്. ഈയൊരു സംസ്‌കാരതലത്തില്‍ വെച്ചുതന്നെയാണ് 'മലനാടന്‍ മങ്കമാര്‍' 'ഗ്രീഷ്യന്‍ യേണി'നേക്കാള്‍ വലുതാവുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ ഈ റൊമാന്റിക് കവി ഒരായ്ഷുക്കാലം മുഴുവന്‍ തന്നെ തിരിച്ചറിയാത്തവര്‍ക്ക് നടുവില്‍ കാലവേദനയുടെ കുരിശില്‍ത്തറഞ്ഞു കിടന്നു. ആ കുരിശുമരണം ലോകത്തിനു നല്‍കിയ രക്തവും കണ്ണീരുമാണ് അരല ക്ഷത്തിനടുത്തു വരുന്ന കവിതകള്‍.

 P kunjiraman Nair`s life
''അച്ഛന്‍ വല്യ ആളായിരുന്നതുകൊണ്ടല്ലേ ഇങ്ങളൊക്കെ ഇപ്പൊ എന്ന കാണാന്‍ വന്നത്''

''പകുതി ഹൃത്തിനാല്‍ വെറുക്കുമ്പോള്‍ നിങ്ങള്‍ പകുതി ഹൃത്തിനാല്‍ പൊറുത്തുകൊള്ളുവിന്‍'' എന്ന് ആ കവിതകള്‍ ജീവനുള്ള മുറിവുകളുമായി വന്ന് ഇന്നും നമ്മെ അലോസരപ്പെടുത്തുന്നു. നമ്മുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് യുഗപാപങ്ങളുടെ കുരിശു പീഡനങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു.

കവിതയുടെ വേദനയില്‍നിന്നു മാത്രം നേടിയതാണ് കുഞ്ഞിരാമന്‍ നായര്‍ തന്റെ ജീവിതം.

കവി തന്നെ പറയുന്നു:

''പട്ടിണി കിടന്നാലും മരിച്ചാലും മറ്റെല്ലാം വിട്ട് കവിതയ്ക്കുവേണ്ടി ജീവിതം ഹോമിക്കും. അവളുടെ അടിയും ചവിട്ടും ചിരിച്ചുകൊണ്ടേല്‍ക്കും. ഒരഗ്‌നി പരീക്ഷ. അതാണ് കവി ജീവിതം. ചിരിച്ചു ചിരിച്ച് ആ ചെങ്കനല്‍ക്കുഴിയടുപ്പിലിറങ്ങും.''

-(ഞെട്ടറ്റ നക്ഷത്രം)

ഉമിത്തീയില്‍ നീറിനീറിത്തീര്‍ന്ന ആ ജീവിത പരീക്ഷയില്‍ ബന്ധുവായും ശത്രുവായും കവിക്ക് തുണ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ-സ്വന്തം മനഃസാക്ഷി.

'കവിയുടെ കാല്പാടുകള്‍' അവസാനിക്കുന്നത് ഒരു ജ്യോതിഷി കവിയുടെ ജാതകം നോക്കി ഗുണദോഷ വിചാരം ചെയ്യുന്നിടത്താണ്.

''പണിക്കര്‍ പ്രമാണം ചൊല്ലി. സാരമിതാണ്. പൂളമരത്തില്‍ കഴുകന്‍. താഴത്തു കുറുക്കന്‍. മലിന വസ്ത്രമുടുത്ത മനുഷ്യന്‍. ഇതാണ് ലഗ്‌നചിത്രം.

കവിത തേടിയിറങ്ങി ജീവിതം അനാഥമാകും. ഇടഞ്ഞുപോയ അച്ഛനമ്മമാരെ ഓര്‍ത്ത് എന്നും നിലവിളിക്കുന്ന അവസ്ഥ. അര്‍ദ്ധ സന്ന്യാസയോഗം. കള്ള ഭക്തന്‍, കള്ള സന്ന്യാസി എന്നൊക്കെ പറയാം. വലിയ തറവാട്, വലിയ പിതൃസ്വത്ത്. തനിക്കനുഭവമില്ല. പൂര്‍വസ്വത്തുകളത്രയും താനറിയാതെ, താനനുഭവിക്കാതെ കൈമോശം വരും. മകനെ ഓര്‍ത്ത് കണ്ണീരു കുടിച്ചുപോയ അമ്മ. പുണ്യം നശിച്ചവന്‍. നിസ്സഹായന്‍.

പരയുവതി രതന്‍. സ്ത്രീകള്‍ കാരണം സര്‍വസ്വവും നശിച്ചവന്‍. ചരരാശിയില്‍ ജനനം. എന്നും ദേശാടനം. കിടക്കാന്‍, സുഖമായി ആഹാരം കഴിപ്പാന്‍ തരപ്പെടില്ല. സ്വന്തം നാടില്ല. സ്വന്തം വീടില്ല. ജീവിതാവസാനം വരെ എഴുത്തു ജോലിയുണ്ടാവും. പക്ഷേ, കൂലിയില്ലാത്ത ചുമടേറ്റലാവും ഫലം. ദുര്‍വ്യയം. എന്നും കടം.

പരമലക്ഷ്യത്തിലെത്തില്ല. ആശിക്കുന്ന ആത്മസാക്ഷാല്‍ക്കാരം നേടാന്‍ പറ്റില്ല.

മതി പണിക്കരേ മതി.

ജീവചരിത്രക്കുറിപ്പു കിട്ടി. ഇത് എന്‍ലാര്‍ജ് ചെയ്താല്‍ ആത്മകഥയായി.''

-(കവിയുടെ കാല്പാടുകള്‍)

 P kunjiraman Nair`s life
പ്രണയത്തിന്റെ നീളുന്ന പാത

ഈ ജാതകഗണനവും ജീവചരിത്രക്കുറിപ്പു മടക്കം ആത്മകഥാഖ്യാനങ്ങള്‍ പലതും കവിയുടെ എക്സെന്‍ട്രിക് ശീലങ്ങളുടേയും ആത്മനിഗൂഢവല്‍ക്കരണത്തിന്റേയും ഫലമാണെന്ന് പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടിട്ടുണ്ട്. എല്ലാം തന്റെ ജാതകഫലമാണെന്ന മട്ടില്‍, പാപമെന്ന് ബോദ്ധ്യമുള്ള തന്റെ പിഴച്ച കര്‍മങ്ങള്‍ക്ക് വിശ്വാസ്യമായ ഒരു സാധൂകരണം കണ്ടെത്തുകയായിരുന്നവത്രേ കവി. മറ്റുള്ളവരില്‍ സഹാനുഭൂതിയുണര്‍ത്തുന്ന, ആത്മനിന്ദ കലര്‍ന്ന ഈ സ്വയം ചിത്രണം കവിയുടെ ഒരാത്മപ്രതിരോധ തന്ത്രമായിരുന്നു എന്നും പില്‍ക്കാലത്ത് പലരും നിരീക്ഷിച്ചിട്ടുണ്ട്.

'എന്നെത്തിരയുന്ന ഞാന്‍' എന്ന ആത്മകഥാഖ്യാനത്തിലെ 'കുഞ്ഞിരാമന്‍ നായരുടെ ശവം' എന്ന അദ്ധ്യായം ഇതിനുദാഹരണമാണ്. തന്നെക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍ കവി തന്നെ ഇപ്രകാരം കുറിക്കുന്നു:

''മൂത്ത സ്വാര്‍ത്ഥിയാണ് മഹാകവി. കാര്യത്തിനുള്ള കപടനാട്യം. ഉള്ളാലെ ഒരാളേയും ഇതുവരെ സ്‌നേഹിച്ചിട്ടില്ല. സ്‌നേഹിക്കുകയുമില്ല. ദുഷ്ടന്‍.''

സി.പി. ശ്രീധരന്‍ ഒരിക്കലിങ്ങനെ തുറന്നെഴുതിയിട്ടുണ്ട്:

കവി ആത്മകഥയിലെഴുതിയ വസ്തുതകള്‍പോലും പലതും യാഥാര്‍ത്ഥ്യത്തില്‍നിന്നു വളരെ അകന്നതും കാല്പനികഭാവന നിറംപിടിപ്പിച്ചതുമാണ്. കവിതയിലുടനീളം ആത്മവത്തയുടേയോ സ്വത്വത്തിന്റേയോ നിജാവസ്ഥ മറച്ചുവയ്ക്കുന്ന കവി ആത്മകഥയിലും ആത്മസ്വരൂപത്തിന്റെ ഭൗതികമായ ഒരു തലവും ഐന്ദ്രിയമുഖവും ഗോപനം ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു. മഹാകവിയുടെ ജീവിതവുമായി അടുത്തു ബന്ധപ്പെട്ടവര്‍ക്കു മാത്രമറിയാവുന്നതാണ് ഈ വസ്തുതകള്‍. 'രഥോത്സവം' എന്ന പേരില്‍ അവസാനകാലത്ത് സ്വയം സമാഹരിച്ച് എഡിറ്റു ചെയ്ത സമ്പൂര്‍ണ ഗ്രന്ഥത്തില്‍പ്പോലും ഓരോ കവിതയ്ക്കുമെഴുതിച്ചേര്‍ത്ത പശ്ചാത്തലക്കുറിപ്പുകള്‍ മിക്കതും തെറ്റാണ്. ആര്‍ക്കും പിടികൊടുക്കാതെ ഒഴിഞ്ഞുമാറിയും വഴിതെറ്റിയും നടക്കുന്ന കവിയുടെ സവിശേഷമായ നിഗൂഢവല്‍ക്കരണ പ്രവണത ഈ രംഗത്തെല്ലാം ഒരുപോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്.''

 P kunjiraman Nair`s life
സ്വയം ഏറ്റുവാങ്ങിയ പീഡനം

വളരെ വര്‍ഷങ്ങളോളം കവിയുടെ ജീവിതം പഠിച്ചറിഞ്ഞ് കൂടെ നടന്ന ഒരുത്തമ ബന്ധുവിന്റെ സത്യസന്ധമായ വെളിപ്പെടുത്തലാണിത്.

ഏതോ ചരരാശിയില്‍ കാലം തെറ്റിപ്പിറന്ന ഈ മനുഷ്യന്റെ പ്രഹേളികാജന്മം അപ്പോള്‍ നമുക്ക് പ്രണയപാപങ്ങളുടെ ദ്വന്ദ്വാത്മക സമസ്യയായിത്തീരുന്നു.

''ഇരുന്നേടം ഇരിപ്പിടം, കിടന്നേടം കിടപ്പാടം, കൊതിച്ചതൊക്കെയും സ്വന്തം, നിനച്ചതൊക്കെയും കാവ്യം, കിടച്ചതൊക്കെയും നഷ്ടം'' എന്നൊരു കടംകഥ പറഞ്ഞ് അതിനുത്തരം 'കുഞ്ഞിരാമന്‍ നായര്‍' എന്നു ചിരിക്കുന്നു കവിയായ വിഷ്ണു നാരായണന്‍ നമ്പൂതിരി.

(അവസാനിച്ചു.)

Summary

Archive: Alankode Leelakrishnan writes about P Kunjiraman Nair`s life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com