Archives|'നടരാജ ഗുരു പറഞ്ഞു; എസ്എന്‍ഡിപി യോഗം നാരായണ ഗുരുവിനെ കരയിച്ചു'; മുനി നാരായണ പ്രസാദ് അഭിമുഖം

മുനി നാരായണ പ്രസാദ് അഭിമുഖം, 2015 നവംബര്‍ ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
Muni Narayana Prasad
മുനി നാരായണ പ്രസാദ് അഭിമുഖം Muni Narayana PrasadFile
Updated on

നാരായണഗുരുവിന്റെ ചിന്തകളെ ഐക്യരാഷ്ര്ടസഭയോളമെത്തിച്ച ഏകലോക പൗരന്‍ ഗാരി ഡേവിസ്, ജോണ്‍ സ്പിയേഴ്‌സ്, മംഗളാനന്ദസ്വാമി, നിത്യചൈതന്യയതി തുടങ്ങിയവരുള്‍പ്പെടുന്ന നടരാജഗുരുവിന്റെ ശിഷ്യപരമ്പരയില്‍ പ്രമുഖനാണ് ഗുരു മുനിനാരായണ പ്രസാദ്. സമുദായസംഘടനകള്‍ തന്നെ വെറും പ്രതിമയാക്കി മാറ്റുന്നുവെന്ന് കണ്ട് അതില്‍നിന്ന് കുതറിമാറാന്‍ ശ്രമിക്കുകയും നമുക്കാരുമില്ലല്ലോ എന്ന് തന്റെ ജ്ഞാനമാര്‍ഗം പിന്തുടരാനാരുമില്ലെന്ന് കണ്ട് ഖേദിക്കുകയും ചെയ്ത നാരായണഗുരുവിന്റെ മാര്‍ഗത്തെ ശരിയായി പിന്തുടരാന്‍ ശ്രമിച്ചത് നടരാജഗുരുവാണ്. ഡോ. പല്പുവിന്റെ മകനും നാരായണഗുരുവിന്റെ ശിഷ്യനുമായ നടരാജഗുരു ശ്രീനാരായണ ദര്‍ശനം പ്രചരിപ്പിക്കാനായി തുടക്കമിട്ട നാരായണഗുരുകുലപ്രസ്ഥാനത്തിന് ഇന്ന് നേതൃത്വം നല്‍കുന്നത് ഗുരു മുനി നാരായണപ്രസാദ് ആണ്. വിദേശത്തും സ്വദേശത്തുമായി നിരവധി കേന്ദ്രങ്ങള്‍ നാരായണഗുരുകുലത്തിനുണ്ട്. വര്‍ക്കല ശ്രീനിവാസപുരത്തുള്ള നാരായണഗുരുകുല കേന്ദ്രമാണ് ഇവയുടെ ആസ്ഥാനം. നാരായണഗുരുവിന്റെ ചിന്തയെ പഠിച്ചും ലളിതമായി വ്യാഖ്യാനിച്ചും ധ്യാനിച്ചും മനനം ചെയ്തും മുനി നാരായണപ്രസാദ് വര്‍ക്കലയിലുണ്ട്. നിഷ്‌കളങ്കമായ പുഞ്ചിരിയോടെ എന്നാല്‍, വാക്കുകള്‍ ഒട്ടും മയപ്പെടുത്താതെ സംസാരിക്കുന്നയാളാണ് പ്രസാദ് സ്വാമി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം നാരായണഗുരുവിന്റെ ദര്‍ശനത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും തത്വചിന്താപദ്ധതികളെക്കുറിച്ചും ആഴത്തില്‍ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന സന്യാസിവര്യനാണ്. 1938ല്‍ നഗരൂരില്‍ ജനിച്ച ഗുരു മുനി നാരായണപ്രസാദ് പില്‍ക്കാലത്ത് നടരാജഗുരുവിന്റെ ശിഷ്യനായി. ഉപനിഷത്തുകള്‍, ഭഗവദ്ഗീത തുടങ്ങിയവയ്ക്ക് മലയാളത്തിലും ഇംഗ്്ളീഷിലും വ്യാഖ്യാനമെഴുതിയ മുനി നാരായണപ്രസാദ് നാരായണഗുരുവിന്റെ എല്ലാ കൃതികളും ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തുകയും അവയ്ക്ക് വ്യാഖ്യാനമെഴുതുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ, ബേസിക് ലെസണ്‍സ് ഓണ്‍ ഇന്‍ഡ്യാസ് വിസ്്ഡം, ഫങ്ഷണല്‍ ഡെമോക്രസിഎ ഫെയ്‌ലര്‍ ഇന്‍ ഇന്‍ഡ്യ, ദ ഫിലോസഫി ഒഫ് നാരായണഗുരു, അറിവിന്റെ കളിമുറ്റം, യുവദര്‍ശനം, പ്യൂര്‍ ഫിലോസഫി സിംപ്‌ൡഫൈഡ് ഫോര്‍ യൂത്ത് തുടങ്ങി ഒട്ടനവധി പുസ്തകങ്ങളുടേയും രചയിതാവുമാണ്. വിദ്യാഭ്യാസ ചിന്തകന്‍ കൂടിയായ മുനി നാരായണപ്രസാദ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും സിംഗപ്പൂര്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവടങ്ങളിലും പര്യടനം നടത്തുകയും വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. നാരായണഗുരുവിന്റെ ദര്‍ശനത്തെക്കുറിച്ചും അതിന്റെ കാലികപ്രസക്തിയെക്കുറിച്ചും സാമുദായികതയെക്കുറിച്ചുമൊക്കെയുള്ള തന്റെ അഭിപ്രായങ്ങള്‍ വര്‍ക്കലയിലെ ഗുരുകുലത്തില്‍ വെച്ച് സമകാലിക മലയാളം വാരികയോട് പങ്കുവെച്ചു. പ്രസക്തഭാഗങ്ങള്‍:

നാരായണഗുരു ഒരു സാധാരണ മനുഷ്യനായിരുന്നില്ല. ഈ അസാധാരണത്വം നമ്മളെ പല നിലയ്ക്ക് അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നതിന് പ്രേരിപ്പിച്ചു. ചിലര്‍ അദ്ദേഹത്തെ സാമൂഹ്യ പരിഷ്‌കര്‍ത്താവെന്ന് വിളിച്ചു. ചിലര്‍ അദ്ദേഹത്തെ മതവ്യക്തിത്വമായും മറ്റു ചിലര്‍ സമുദായാചാര്യനായും കണ്ടു. ഇനിയും മറ്റു ചിലരാകട്ടെ, സ്വന്തം ദര്‍ശനത്തെ സമൂഹത്തില്‍ പ്രയോഗവല്‍ക്കരിച്ച ഒരു ആക്ടിവിസ്റ്റായി കണ്ടു. ശരിക്കു പറഞ്ഞാല്‍ ആരായിരുന്നു നാരായണഗുരു? അദ്ദേഹത്തിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ ശ്രമിച്ചയാളെന്ന നിലയില്‍ എങ്ങനെയാണ് അങ്ങ് നാരായണഗുരുവിനെ കാണുന്നത്...?

കേരളം എന്ന ചെറിയ വൃത്തത്തിനുള്ളില്‍നിന്നു ലോകത്തെയും ജീവതത്തെയും കാണുകയും ആ മണ്ഡലത്തിനകത്തെ താല്പര്യങ്ങള്‍ മാത്രം മനസ്സില്‍ വെയ്ക്കുകയും ചെയ്യുന്ന ആളുകളുടെ കാഴ്ചപ്പാടാണ് അദ്ദേഹത്തെ ഓരോ നിര്‍വചനങ്ങളിലേക്കു ചുരുക്കുന്നത്. ഗുരു ഏതെങ്കിലും ജാതിക്കുവേണ്ടിയോ മതത്തിനുവേണ്ടിയോ സമുദായത്തിനുവേണ്ടിയോ ചിന്തിച്ചയാളല്ല. ഗുരു 'ഒരു ജാതി, ഒരു ദൈവം' എന്നു പറഞ്ഞു. ആര്‍ക്ക്? മനുഷ്യന്. മനുഷ്യന് എന്നാണ് പറഞ്ഞത്. മനുഷ്യന്‍ എന്നാല്‍, കേരളത്തിലുള്ളവര്‍ എന്നാണോ അര്‍ത്ഥം? ലോകത്തിലുള്ള എല്ലാവരും മനുഷ്യരല്ലേ? എല്ലാ മനുഷ്യരെയും സംബന്ധിക്കുന്ന സത്യമല്ലേ ഗുരു പറഞ്ഞത്? ഇവിടത്തെ സാമൂഹ്യവ്യവസ്ഥിതി കണ്ടിട്ടാണ് ഗുരു അങ്ങനെ പറഞ്ഞത് എന്നു കേള്‍ക്കാറുണ്ട്. ഒരുപക്ഷേ, ഗുരുവിനതു പ്രചോദനമായിട്ടുണ്ടാകാം. ഇല്ലെന്നു പറയുന്നില്ല. പക്ഷേ, ഗുരു അങ്ങനെ പറഞ്ഞത് ഒരു സത്യത്തെ വെളിപ്പെടുത്താനാണ്. ഒരു തത്ത്വമാണു പറഞ്ഞത്. പക്ഷേ, ഇവിടത്തെ സാമൂഹ്യവ്യവസ്ഥിതിയുടെ പശ്ചാത്തലം മാത്രം കണക്കാക്കിക്കൊണ്ട്, ഗുരു അങ്ങനെ പറയാനിടയായ സാഹചര്യം മാത്രം വച്ചുകൊണ്ട്, പല ജാതിക്കാരുടെയും ഇടയിലുണ്ടായിരുന്ന ആചാരമൊക്കെ വച്ചുകൊണ്ട്, ഇവിടത്തെ ജാതിസമ്പ്രദായം, ജാതിവിവേചനം ഇതൊക്കെ വച്ചുകൊണ്ട്, ഗുരുവിനെ ചിലര്‍ വ്യാഖ്യാനിച്ചപ്പോള്‍ ചിലര്‍ക്കു തോന്നി ഗുരു ഒരു പ്രത്യേകജാതിയുടെ ആളാണെന്ന്. നാരായണഗുരു അങ്ങനെ പ്രത്യേകിച്ച് ഒരാളുടെയും ആളായിരുന്നില്ല. എന്നാല്‍, എല്ലാവരുടെയും ആളായിരുന്നു. ഗുരുവിനെ ഓരോ കൂട്ടര്‍ അവരവരുടെ ആളായി അങ്ങോട്ട് അവരോധിക്കും. രാഷ്ട്രീയക്കാര്‍ക്ക് അദ്ദേഹം നവോത്ഥാനായകനായി. അധഃസ്ഥിതര്‍ക്കുവേണ്ടി സംസാരിച്ചതുകൊണ്ട് അധഃസ്ഥിതരുടെ ആളായി. അധഃസ്ഥിതര്‍ മിക്കവാറും തൊഴിലാളിവര്‍ഗത്തില്‍ പെട്ടവരായതുകൊണ്ട് തൊഴിലാളി നേതാവായി. ഇനിയും മറ്റു ചിലര്‍ക്കു തോന്നി ഗുരു ഒരു പ്രത്യേക ജാതിയുടെ ആളാണെന്ന്. ശരിക്കു പറഞ്ഞാല്‍ ഗുരു മനുഷ്യരെയാണു സ്‌നേഹിച്ചത്. അവര്‍ക്കുവേണ്ടിയാണു സത്യം പറഞ്ഞത്. എല്ലാ മനുഷ്യരെയും സ്‌നേഹിച്ചതില്‍ ഹിന്ദുക്കളുമുണ്ടായിരുന്നു. അവര്‍ക്കു തോന്നി ഗുരു തങ്ങളുടെ ആളാണെന്ന്. ഗുരു സ്‌നേഹിച്ച മനുഷ്യരില്‍ അധഃകൃതരുമുണ്ടായിരുന്നു. അവരോട് അത്യധികമായ അനുകമ്പ തോന്നിയിരുന്നു. അപ്പോള്‍ അവര്‍ക്കു തോന്നി ഗുരു അവരുടെ ആളാണെന്ന്. ഗുരുവിന്റെ അടുത്തു വന്നു കൂടിയവരില്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ടയാളുകളായിരുന്നു അധികം. അവരുടെ അധഃസ്ഥിതാവസ്ഥയില്‍ ഉന്നതിക്കുവേണ്ട ചില മാര്‍ഗനിര്‍ദേശങ്ങള്‍ താല്പര്യപൂര്‍വം ഗുരു നല്‍കി. അതുകൊണ്ട് അവര്‍ക്കും തോന്നി ഗുരു അവരുടെ സമുദായഗുരുവാണെന്ന്. അവര്‍ ഇതിനൊക്കെ ഓരോ യുക്തി പറയും. ഇങ്ങനെ ഓരോ യുക്തി പറഞ്ഞുകൊണ്ട് ഗുരുവിനെ ഓരോ വിഭാഗക്കാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഗുരു അവിടെയിരുന്നു പറയും:''പലവിധ യുക്തി പറഞ്ഞ് പാമരന്മാര്‍ അലവതു കണ്ട് അലയാതെ അമര്‍ന്നിടേണം.' ഏതെങ്കിലും ഒരു ജാതിക്കുവേണ്ടിയാണ്, മതത്തിനുവേണ്ടിയാണ്, അധഃസ്ഥിതനുവേണ്ടിയാണ് നാരായണഗുരു നിലകൊണ്ടതെങ്കില്‍ ഗുരു അത് വ്യക്തമാക്കുമായിരുന്നു. മലയാളം, തമിഴ്, സംസ്‌കൃതം എന്നിങ്ങനെ മൂന്നു ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന, ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത നല്ല ഭാഷാശൈലിക്ക് ഉടമയായിരുന്നു ഗുരു. ഒന്നാന്തരം ഭാഷയില്‍ ഗുരു പറയാനുള്ളത് മുഴുവന്‍ മനോഹരമായി എഴുതിവച്ചിട്ടുണ്ട്. ലോകഗുരുക്കന്മാര്‍ക്കേറെയും സാധിക്കാതെ പോയ കാര്യം. ബുദ്ധനോ ക്രിസ്തുവിനോ ഒന്നും എല്ലാ തലമുറകളോടും നേരിട്ടു പറയുന്ന തരത്തില്‍ എഴുതിവെയ്ക്കാന്‍ സാധിച്ചിട്ടില്ല. അവര്‍ ഓരോ സന്ദര്‍ഭത്തില്‍ പറഞ്ഞതു മറ്റാരൊക്കെയോ പില്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. നാരായണഗുരുവാകട്ടെ, തനിക്കു പറയാനുള്ളതെല്ലാം ഒരു സംശയത്തിനും ഇടവരുത്താതെ നല്ല ഭാഷയില്‍ വ്യക്തമായി എഴുതിവച്ചു. മാത്രമല്ല, എഴുതിവച്ചതില്‍നിന്ന് എന്തെങ്കിലും എടുത്തുമാറ്റാനോ, ഇനി ഒരു ശേ്‌ളാകംകൂടി എഴുതിച്ചേര്‍ക്കാനോ സാധ്യമല്ലാത്ത വിധമാണ് ആ എഴുത്ത്. ഇങ്ങനെ എഴുതിവെയ്ക്കുന്ന കൂട്ടത്തില്‍ തനിക്ക് പ്രത്യേകിച്ച് ഒരു സമുദായത്തോട് താല്‍പര്യമുണ്ടെങ്കില്‍ അദ്ദേഹം അതെഴുതി വയ്ക്കുമായിരുന്നു. അങ്ങനെയൊരു പരാമര്‍ശം എങ്ങുമില്ല.

Nitya, Nataraja Guru, John spears
നിത്യചൈതന്യ യതി, നടരാജ ​ഗുരു, ജോൺ സ്പിയേഴ്സ്

ദൈവദശകത്തിന്റെ നൂറാം വാര്‍ഷികമാണല്ലോ പിന്നിട്ടത്. അതിലെ ഓരോ ശേ്‌ളാകവും ഒട്ടേറെ വ്യാഖ്യാനസാധ്യതകള്‍ തുറന്നുതരുന്നുണ്ട്. ലോകജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചുള്ള ദര്‍ശനം അതു മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഉദാഹരണത്തിന്, അന്നവസ്ര്താദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അതില്‍ പാരിസ്ഥിതികമായ ഒരു ദര്‍ശനമുണ്ട്. നമുക്കാവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്. മുട്ടൊന്നും വരാത്ത രീതിയില്‍ തന്നിട്ടുണ്ട്. ചൂടില്‍നിന്നും തണുപ്പില്‍നിന്നും രക്ഷപ്പെടാന്‍ കിളിക്ക് തൂവലുകളും മരങ്ങള്‍ക്ക് മരത്തൊലിയും തന്നിട്ടുണ്ട്. ആസ്തികരുടെ ഒരു വാദമാണിത്. ഒരു ഗ്രാന്‍ഡ് ഡിസൈന്‍ എല്ലാറ്റിലും കാണുന്നു. അന്നവും വസ്ര്തവുമടക്കം എല്ലാവര്‍ക്കും ആവശ്യമുള്ളതെല്ലാം തന്നിട്ടുണ്ടെന്ന് ആ വരികളിലുണ്ട്. എന്നിട്ടും നമുക്ക് ഒന്നും തികയാതെ വരുന്നല്ലോ, അത് മനുഷ്യരുടെ മറ്റെന്തോ ദോഷം കൊണ്ടു സംഭവിക്കുന്നതല്ലേ എന്ന തോന്നല്‍ വരികള്‍ വായിക്കുന്ന ഈശ്വരവിശ്വാസികള്‍ക്കു ഉണ്ടാകേണ്ടതല്ലേ?

എല്ലാ ജീവജാലങ്ങള്‍ക്കും ഇവിടെ ജീവിക്കാനാവശ്യമായതെല്ലാം ഒത്തിണക്കിവെച്ചിട്ടുണ്ട്. അതിന്റെ നിറവില്‍ തന്നെ. എല്ലാ സാഹചര്യങ്ങളും ഇവിടെ ഒത്തിണക്കിവെച്ചിട്ടുണ്ട്. വിശപ്പോടുകൂടി ജീവികളുണ്ടാകുന്നു. സകല ജീവികളുടെയും വിശപ്പു ശമിപ്പിക്കാന്‍ വേണ്ടതെല്ലാം പ്രകൃതി വിളയിച്ചുകൊണ്ടുമിരിക്കുന്നു. ആരാണ് ഇങ്ങനെ ചേര്‍ത്തിണക്കിവെച്ചത്? അതിനു പിന്നില്‍ പ്രവര്‍ത്തിച്ച അറിവിന്റെ മാഹാത്മ്യത്തെക്കുറിച്ച് അപ്പോള്‍ പ്രകീര്‍ത്തിക്കാതെ വയ്യ. അറിവു തന്നെയാണല്ലോ ദൈവം, ദൈവം എവിടെയിരിക്കുന്നു എന്നു ചോദിച്ചാല്‍ ദൈവം എങ്ങും നിറഞ്ഞിരിക്കുന്നുവെന്നു പറയും. ദൈവം സ്വര്‍ഗത്തിലാണോ ഇരിക്കുന്നത്? സ്വര്‍ഗം അറിവിലല്ലേ ഇരിക്കുന്നത്? സ്വര്‍ഗനരകങ്ങളെല്ലാം അറിവില്‍ തന്നെയാണിരിക്കുന്നത്. സ്വര്‍ഗം, നരകം ഇവയൊക്കെ സങ്കല്പങ്ങളല്ലേ? സങ്കല്പം എവിടെയാണിരിക്കുന്നത്? അറിവില്‍ തന്നെ. അറിവാണ് ദൈവം.

Muni Narayana Prasad
Archives|'സഹികെട്ട് നാരായണ ഗുരു കേരളം വിട്ടുപോയിട്ടുണ്ട്'- മുനി നാരായണ പ്രസാദുമായി എൻഇ സുധീർ നടത്തിയ അഭിമുഖം

നാരായണഗുരുവിനെ ഏതു നിലയ്ക്കും വീക്ഷിക്കാമെന്നു അങ്ങ് പറഞ്ഞതോടുകൂടി എല്ലാ വ്യാഖ്യാനവും ഗുരുവിനു ബാധകമാകാമെന്ന തോന്നലുണ്ടാകും. അതുകൊണ്ട് ഇനി ഏത് വീക്ഷണകോണാണ് പ്രസക്തം എന്ന ചോദ്യവും അസാധുവായി.

ഗുരുവിന്റെ സത്യദര്‍ശനത്തിന് ഒരു പ്രത്യേകതയുണ്ട്. ഒന്നും അതിന്റെ വെളിയിലല്ല. കാരണം ഗുരു പരമമായ സത്യമായി കാണുന്നത് അറിവിനെയാണ്. അതിനെത്തന്നെയാണു വേദാന്തശാസ്ര്തങ്ങളില്‍ ആത്മാവ് എന്നും ബ്രഹ്മം എന്നുമൊക്കെ പറയുന്നത്. ഗുരു അതിനെ അറിവ് എന്നു പറയും. ഏതെങ്കിലും കാര്യങ്ങളെക്കുറിച്ചുള്ള അറിവല്ല. എല്ലാ കാര്യങ്ങള്‍ക്കും പിറകിലിരുന്നു പ്രവര്‍ത്തിക്കുന്ന ഒരു ബോധമുണ്ട്. ആ ബോധത്തിന്റെ വ്യാപാരമേഖലയില്‍ പെടാത്തതായി എന്തുണ്ട്? അങ്ങനെ നോക്കുമ്പോള്‍ ആ ബോധം എന്ന അതിരില്ലാത്ത സത്യത്തിന്റെ വ്യാപ്തിയില്‍ പെടാത്ത ഒന്നുമില്ല. സകല മതങ്ങളും സകല ശാസ്ര്തങ്ങളും അതില്‍ പെടുന്നു. അതുകൊണ്ടു ഗുരുവിന്റെ ദര്‍ശനമെന്നു പറയുന്നതു സകലതിനെയും ഒരു സത്യത്തില്‍ അറിവില്‍ സമന്വയിക്കുന്ന ഒന്നാണ്. ഒന്നും അതിനു വെളിയിലല്ല. ഇന്ന മതം തെറ്റ്, ഇന്ന മതം ശരി എന്ന വാദമില്ല. ബൈബിളില്‍ പറയുന്നുണ്ട് എന്റെ പിതാവിന്റെ കൊട്ടാരത്തില്‍ എല്ലാവര്‍ക്കുമുണ്ട് ഓരോ അറ എന്ന്. പിതാവിന്റെ കൊട്ടാരമെന്നത് അതിരില്ലാത്ത ആ സത്യമാണ്, അറിവാണ്. ഓരോ ശാസ്ര്തവും ഓരോ പ്രത്യേക അറിവാണ്, അറിവെന്ന വലിയ കൊട്ടാരത്തിലെ ഓരോ അറ തന്നെയാണ്. ആ അറിവിനെ ഓരോരുത്തരും അവരവരിലെ സത്യമായി ദര്‍ശിക്കുന്നതിനെയാണ് ഗുരു ദൃഢനിശ്ചയമെന്നോ ആത്മനിശ്ചയമെന്നോ ഒക്കെയായി അവതരിപ്പിക്കുന്നത്. ഗുരുവിന്റെ കാഴ്ചപ്പാടില്‍ ഈ ലോകത്തുള്ള ഒന്നും തന്നില്‍നിന്ന് അന്യമായിരുന്നില്ല. മനുഷ്യനെ സംബന്ധിച്ച് ഒന്നും ഗുരുവിന് അന്യമല്ല. മാനവികതയുടേതായ ഒരു ദര്‍ശനം പ്രബലമാകുന്നത് മാര്‍ക്‌സിസത്തില്‍ കാണുന്നുണ്ട്. പക്ഷേ, മാര്‍ക്‌സിസം ഭൗതികതയില്‍ മാത്രം ഒതുങ്ങിപ്പോയി. ഭൗതികമായ മനുഷ്യന്റെ ഉന്നമനത്തില്‍ മാത്രമായിപ്പോയി മാര്‍ക്‌സിസത്തിന്റെ ഊന്നല്‍. മനുഷ്യന് ഒരു മനസ്സുണ്ടെന്നും ആ മനസ്സ് ഭൗതികമായിട്ടുള്ള, ശാരീരികമായ സത്തയ്ക്ക് അപ്പുറത്തു നില്‍ക്കുന്നതാണെന്ന ഒന്നാണെന്നും മാര്‍ക്‌സിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മാര്‍ക്‌സ് രൂപം കൊടുത്തത് ഒരു ശാസ്ത്രത്തിനാണ്. ആ ശാസ്ത്രത്തിന്റെ നിലനില്പ് എവിടെയാണ്? അറിവിന്റെ തലത്തിലല്ലേ? മാര്‍ക്‌സിന് അത് കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മാര്‍ക്‌സിസം പില്‍ക്കാലത്ത് ഡയലക്ടിക്കല്‍ മെറ്റീരിയലിസമെന്നു വിളിക്കപ്പെട്ടു. ഭൗതികവാദമെന്ന് വിളിക്കപ്പെട്ടു. മാര്‍ക്‌സിന്റെ ചിന്ത ഒരുതരത്തില്‍ പറഞ്ഞാല്‍ സാമ്പത്തികമണ്ഡലത്തില്‍ മാത്രം ഒതുങ്ങിനിന്നു. നാരായണഗുരുവാകട്ടെ, ഒന്നിനെയും ഒഴിവാക്കുന്നില്ല. ബാഹ്യമായ ഭൗതികതയെയോ ആന്തരികമായ ബോധവ്യാപാരത്തെയോ ഒഴിവാക്കുന്നില്ല. ആത്മോപദേശശതകത്തിന്റെ തുടക്കത്തില്‍ തന്നെ ഗുരു പറയുന്നുണ്ട്: അറിവിലുമേറിയറിഞ്ഞിടുന്നവന്‍ ത-ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കിത്തെരുതെരെ വീണുവണങ്ങിയോതിടേണം. അറിഞ്ഞിടുന്നവന്‍ തന്‍ ഉരുവിലും - എന്നാല്‍, അറിഞ്ഞിടുന്നവന്റെ ഉള്ളില്‍, ബോധത്തില്‍ സങ്കല്പങ്ങളായും ആശയങ്ങളായും സബ്ജക്ടീവ് ആസ്‌പെക്റ്റായിട്ട്, പുറത്തും-പുറത്തു കാണുന്ന ഭൗതികവിഷയങ്ങളായും-ഇങ്ങനെ രണ്ടായിട്ടു വിരിഞ്ഞു വിലസുന്ന ഒരു സത്യമുണ്ട്. അതാണ് കണ്ടെത്തേണ്ടത്. പക്ഷേ, മാര്‍ക്‌സ് ഭൗതികതയില്‍ മാത്രം ഒതുങ്ങിനിന്നു.

NITYA CHAITANYA YATI
NITYA CHAITANYA YATICenter-Center-Kochi

നാരായണഗുരു ഏറെ ആവര്‍ത്തിച്ചിട്ടുള്ള വാക്കാണ് സുഖം എന്നത്. ഭൗതികവും ആത്മീയവുമായ സുഖം. ക്ഷേമമെന്ന സങ്കല്പം രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു കാലത്ത് നാരായണഗുരുവിന്റെ ചിന്തകളില്‍ അതു പ്രതിഫലിക്കുകയായിരുന്നോ?

സുഖം, അത് എക്കാലത്തെയും ആവശ്യമല്ലേ? ''അഖിലരുമാത്മസുഖത്തിനായ് പ്രയത്‌നം സകലവുമിങ്ങു സദാപി ചെയ്തിടുന്നു' വെന്നാണ് ആത്മോപദേശശതകത്തില്‍ തന്നെയുള്ളത്. മനുഷ്യന് വേണ്ടത് ഭൗതികവും ആത്മീയവുമായ ക്ഷേമമാണ്. മനുഷ്യന് മാത്രമല്ല, എല്ലാ ജീവികള്‍ക്കും ബാധകമാണത്. എല്ലാ ജീവികളും സ്വന്തം സുഖത്തിനുവേണ്ടി സദാ ആഗ്രഹിക്കുന്നു, അതിനു വേണ്ടി പ്രയത്‌നിക്കുന്നു.''അഖിലരുമാത്മസുഖത്തിനായ് പ്രയത്‌നംസകലവുമിങ്ങു സദാപി ചെയ്തിടുന്നു; ജഗതിയിലിമ്മതമേകമെന്നു ചിന്തി-ച്ചഘമണയാതകതാരമര്‍ത്തിടേണം. 'എല്ലാവരും ആത്മസുഖത്തിനായി സദാ പ്രയത്‌നിക്കുന്നു. ഇതു തന്നെയാണ് ഗുരു ദര്‍ശിച്ച ഏകമായ മതം. ഹിന്ദുവായാലും കൊള്ളാം, മുസ്ലിമായാലും കൊള്ളാം, ക്രിസ്ത്യാനിയായാലും കൊള്ളാം, ഇനി നിരീശ്വരവാദിയായാലും കൊള്ളാം എല്ലാവര്‍ക്കും വേണ്ടത് സുഖമാണ്. ഇതുതന്നെയാണ് ഏകമതം. നാരായണഗുരു പറഞ്ഞ ഒരു മതം ഇതുതന്നെയാണ്. ഇത് മനുഷ്യര്‍ക്കു മുഴുവന്‍ ബാധകമാണ്. ഒരാള്‍ ഒരു പ്രത്യേക മതത്തില്‍പ്പെട്ട ഒരാളുടെയടുത്ത് ചെന്നു പറയുന്നു: ''നീ ഇപ്പോഴുള്ള മതത്തില്‍നിന്നു മാറണം. നീ ഞങ്ങളുടെ മതത്തില്‍ ചേരണം.' ''എന്താ പ്രയോജനം?' ''നിനക്ക് ദുഃഖിയായി ജീവിക്കാം പോരേ?' അയാള്‍ ആ മതത്തിലേക്കു പോകുമോ? ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സുഖമുണ്ടാകും, ക്ഷേമമുണ്ടാകുമെന്നു പറഞ്ഞാലേ പോകൂ. സുഖമന്വേഷിച്ചാണ് ആളുകള്‍ ഓരോന്നിനും ഇറങ്ങിപ്പുറപ്പെടുന്നത്. ഇവിടെ ഗുരു മതമെന്ന വാക്ക് ഉപയോഗിച്ചത് റിലീജ്യന്‍ എന്ന അര്‍ത്ഥത്തിലല്ല. മതമെന്ന വാക്കിന് ഗുരു തന്നെ അര്‍ത്ഥം പറയുന്നുണ്ട്-അഭിപ്രായം. ചിന്തിച്ച്, മനനം ചെയ്ത് എത്തിച്ചേര്‍ന്ന തീരുമാനം, അറിഞ്ഞത്-ഇങ്ങനെ പല അര്‍ത്ഥങ്ങളുമുണ്ട് മതത്തിന്. അതുകൊണ്ടാണ് ഗുരു പറഞ്ഞത് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന്. മനുഷ്യനാണ് വളരേണ്ടത്. മതമല്ല. ഇപ്പോഴുള്ള സ്ഥിതിയെന്താണ്? മതം വളരാന്‍ വേണ്ടി മനുഷ്യനെ കുരുതികൊടുക്കുന്നു. മതമാണ് വളരുന്നത്. മനുഷ്യനല്ല. മതം മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ മതത്തിനുവേണ്ടിയല്ല.

Muni Narayana Prasad
Archives|ഗുരു മുനി നാരായണ പ്രസാദ് ചിന്തയുടെ ധ്യാനം

ഗുരു അദ്വൈതവാദിയായിരുന്നു. അദ്വൈതത്തില്‍ പ്രാര്‍ത്ഥനയില്ലല്ലോ. പ്രാര്‍ത്ഥന ദ്വൈതികളുടേതല്ലേ? പക്ഷേ, നിരവധി കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനാഗീതങ്ങളും നാരായണഗുരു രചിച്ചിട്ടുണ്ട്. ഇതെന്തുകൊണ്ടാണ്?

ആദ്യമേ പറയട്ടെ; ഗുരുവിനൊരു വാദവുമുണ്ടായിരുന്നില്ല. ഈ വാദം എന്നു പറയുന്ന വാക്കൊക്കെ ശ്രദ്ധിച്ചു ഉപയോഗിക്കേണ്ട ഒന്നാണ്. ഗുരു അദ്വൈതിയായിരുന്നു. ശങ്കരാചാര്യര്‍ അദ്വൈതവാദിയായിരുന്നുവെന്നറിയാമോ? എതിരാളികളെയെല്ലാം വാദത്തില്‍ തോല്പിച്ച് അദ്വൈത ചിന്തയെ ഇവിടെ ഒരു മതമാക്കി സ്ഥാപിച്ചെടുത്തത് ശങ്കരാചാര്യരാണ്. പ്രാര്‍ത്ഥന ആര്‍ക്കുവേണ്ടിയാണ് ഗുരു എഴുതിയത്? അദ്വൈതദര്‍ശികളല്ലാത്ത സാധാരണ മനുഷ്യര്‍ക്കുവേണ്ടിയാണ്. തങ്ങളുടെ ജീവിതത്തിന് ആധാരമായ ഒരു സത്യം ഉണ്ടെന്ന് ചിന്തിച്ച് അതിനെ മനസ്സുകൊണ്ട് ആശ്രയിച്ച് കഴിയുന്നവരുടെ രീതിയാണ് പ്രാര്‍ത്ഥന. അതിനെയാണ് ഗുരു അല്പമൊന്നു പരിഷ്‌കരിച്ചത്. ശ്രദ്ധിച്ചുനോക്കിയിട്ടുണ്ടോ എന്നറിയില്ല. ദൈവദശകത്തിന്റെ തുടക്കത്തില്‍ ദ്വൈതമാണുള്ളത്. അവിടെ അങ്ങിരിക്കുന്ന ദൈവം. ഇങ്ങുള്ള ഞങ്ങള്‍ എന്നിങ്ങനെ രണ്ട് അസ്തിത്വങ്ങളുണ്ട്. പക്ഷേ, അവസാനിക്കുന്നതിങ്ങനെ:''ആഴമേറും നിന്‍ മഹസ്സാ-മാഴിയില്‍ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം. 'ഈ വരികളിലുള്ളത് അദ്വൈതമല്ലേ? ദ്വൈതത്തിന്റെ ലോകത്ത് ജീവിച്ചിരിക്കുന്നവരെ, പ്രാര്‍ത്ഥന എന്ന സമ്പ്രദായത്തെ മാധ്യമമാക്കിക്കൊണ്ട് അദ്വൈതത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണ് ഗുരു ചെയ്തത്. ഗുരു അദ്വൈതിയായിരുന്നുവെന്ന് പറഞ്ഞല്ലോ. ഉപനിഷത്തുകളാണ് അദ്വൈതത്തിന് അടിസ്ഥാനമായിരിക്കുന്നത്. അവയുടെ ഫിലോസഫിയുടെ ഒരു റീസ്റ്റേറ്റുമെന്റാണ് ഭഗവദ്ഗീത. അവയിലെ തത്ത്വങ്ങളെ ക്രിട്ടിക്കലായും ലോജിക്കലായും വിലയിരുത്തുകയാണ് ബ്രഹ്മസൂത്രം. ഉപനിഷത്തുകളുടെ സ്ഥാനമുള്ളവയാണ് ഗുരുവിന്റെ വാക്കുകള്‍.

nataraja guru
നടരാജ ​ഗുരു

വേദമാണല്ലോ ഹിന്ദുമതത്തിന്റെ തലച്ചോറ്. പക്ഷേ, എന്തുകൊണ്ടാണ് നാരായണഗുരു വേദത്തെക്കാളധികം വേദാന്തത്തില്‍ തല്പരനായത്?

ഗുരു പറയുന്നത് മുഴുവന്‍ വേദാന്തമാണ്. വേദമെന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്? അറിവെന്നാണ് അതിന്റെ അര്‍ത്ഥം. അറിവിനെപ്പറ്റിയുള്ള ശാസ്ത്രമല്ലേ നാരായണഗുരു പറഞ്ഞത്. വേദാന്തമെന്നതിന്റെ അര്‍ത്ഥമെന്താണ്? വേദത്തിന്റെ, അറിവിന്റെ അവസാനമെന്നാണ്. ഇനി അറിയാനൊന്നും ബാക്കിയില്ലാത്ത തരത്തിലുള്ള ഒരറിവുണ്ട്. അത് വേദങ്ങളിലില്ല എന്ന് പറഞ്ഞുകൂടാ. ഞാന്‍ അതേപ്പറ്റി ചിന്തിക്കുകയായിരുന്നു. വേദം ഞാന്‍ പഠിച്ചിട്ടില്ല. വേദാന്തത്തിലാണെന്റെ താല്പര്യം. ഞാന്‍ വേദങ്ങളെപ്പറ്റി സൂക്ഷ്മമായി ചിന്തിച്ചപ്പോള്‍ എനിക്കു മനസ്സിലായത് അതില്‍ ഉള്ളത് മുഴുവന്‍ അര്‍ത്ഥവത്തായ പ്രതീകങ്ങളെന്നതാണ്. വേദം മുഴുവന്‍ കര്‍മകാണ്ഡമാണ്. ഉദാഹരണം യജ്ഞം, ഹോമം. യജ്ഞസങ്കല്പം എല്ലാ മതങ്ങളിലുമുണ്ടെന്നു കാണാം. എങ്ങനെയാണ് ഇതിവിടെ ഉണ്ടായത്. അങ്ങോട്ട് എന്തോ ഓഫര്‍ ചെയ്യുകയാണ് യജ്ഞത്തില്‍. ആര്‍ക്കു കൊടുക്കുന്നു? മനുഷ്യനടക്കം സകല ജീവജാലങ്ങളും പ്രകൃതിനിയമമനുസരിച്ചു ലോകത്തുണ്ടാകുന്നു. സമാധാനത്തോടെ ജീവിക്കുന്നു. സമാധാനത്തോടെ മരിക്കുന്നു. മനുഷ്യനു മാത്രമില്ല സമാധാനം. അപ്പോള്‍ എന്തുപറ്റി മനുഷ്യജാതിക്ക്? ഈ പ്രകൃതി തന്നെ മനുഷ്യനുവേണ്ടി കുറെ കാര്യങ്ങള്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. ആലോചനാശേഷി, വിവേചനശക്തി, ഇച്ഛാസ്വാതന്ത്ര്യം, ഉത്തരവാദിത്വബോധം, മൂല്യബോധം എന്നിങ്ങനെ. അറിവിന്റെ മേഖലയിലുള്ള ഒരുപാടു സവിശേഷതകളോടെയാണു മനുഷ്യനുണ്ടായി വന്നത്. പ്രകൃതി മനുഷ്യനു നല്‍കിയ ഈ കഴിവുകള്‍ പ്രയോഗിക്കുമ്പോള്‍ അവന്‍ ചിന്തിക്കുന്നത് ഇതു തന്റെ കഴിവാണെന്നാണ്. പ്രകൃതി അവനു കൊടുത്ത കഴിവാണെന്ന് അവനറിഞ്ഞിരുന്നെങ്കില്‍ തന്നില്‍ക്കൂടി പ്രവര്‍ത്തിക്കുന്നതു പ്രകൃതിയാണ് എന്നവന്‍ മനസ്സിലാക്കുമായിരുന്നു. 'ഇതു ഞാനാണ് ചെയ്യുന്നത്' എന്നാണു മനുഷ്യന്റെ ചിന്ത. വേദാന്തത്തിന്റെ ഭാഷയില്‍, ഇതിനെ കര്‍ത്തൃത്വം എന്നു പറയും. കര്‍ത്തൃത്വം അവനങ്ങ് ഏറ്റെടുത്തു. കര്‍ത്തൃത്വം അവനെ കര്‍മബന്ധങ്ങളില്‍ പെടുത്തുന്നു. എന്റെ കര്‍മഫലം എന്റേത് എന്ന് അവന്‍ കരുതുന്നു. വിവേകമുള്ളവരങ്ങനെയല്ല ചിന്തിക്കുക. ഞാന്‍ പരമമായ സത്യത്തിന്റെ അംശമാണ്. ആ സത്യമാണു നമ്മളായിട്ട്, ലോകമായിട്ടു വിരിഞ്ഞുനില്‍ക്കുന്നത്. ആ സത്യമാണു കര്‍മമായി എന്നിലൂടെ പ്രവര്‍ത്തിക്കുന്നത്. ഇത് അവനറിയുന്നില്ല. ഗുരുവിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, ''ആത്മൈവമായയ കര്‍മ കരോതി ബഹുരൂപധൃക്' (ദര്‍ശനമാലയില്‍ പറയുന്നതാണ്.) അറിവാകുന്ന പരമമായ സത്യം തന്നെയാണ് സ്വന്തം മായ, അല്ലെങ്കില്‍ സ്വയം വിരിഞ്ഞു വികസിക്കാനുള്ള അത്ഭുതവൈഭവം കൊണ്ട് കര്‍മം ചെയ്തുകൊണ്ടിരിക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള ഈ സത്യമറിഞ്ഞ ചിലരെയാണ് നാം ഋഷിമാര്‍ എന്നു വിളിക്കുന്നത്. അവര്‍ പറയുന്നു, നിന്റേതെന്ന് കരുതിയതൊന്നും നിന്റേതല്ല. അത് പരമമായ സത്യത്തിന്റേതാണ്. അത് തിരികെ കൊടുക്കുക. ആ തിരികെ കൊടുക്കലാണ് യജ്ഞം. പരമമായ സത്യത്തിന്റെ അംശമായി ജീവിക്കുക. അപ്പോള്‍ സമാധാനമുണ്ടാകും. ഇതു തന്നെയാണ് ഗുരു പറഞ്ഞത്. ഗുരു വേദത്തില്‍നിന്നും ഒട്ടും അകന്നിട്ടില്ല. വേദം പ്രതീകങ്ങളെക്കൊണ്ടു ഗഹനമായ തത്ത്വങ്ങളെ ആവിഷ്‌കരിക്കുന്നു. ഉപനിഷത്തുകള്‍ നേരിട്ടു പറയുന്നു. അതാണു വ്യത്യാസം. വേദത്തിനു മറ എന്നൊരു പേരുണ്ട്. കവിതയുടെ ലോകത്ത് അങ്ങനെയാണ്. എല്ലാം മറച്ചുവെച്ചേ പറയൂ. 'അവാങ്മനോഗോചരമിതിലെങ്ങ് ചരിച്ചിടും പ്രമാണം' എന്നാണ്. മറവിലിരിക്കുന്ന രഹസ്യത്തെപ്പറ്റി ഒരു പ്രമാണംകൊണ്ടും അളന്നറിയാന്‍ സാധിക്കാത്ത അറിവിനെ വാക്കുകൊണ്ടു മറച്ചുവെയ്ക്കാനല്ലാതെ വാക്കുകൊണ്ട് വെളിപ്പെടുത്താനാകുമോ?

ഗുരുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യരില്‍ ഒരാളായിരുന്നു നടരാജഗുരു. നാരായണഗുരു കണ്ടത് ലോകത്തെ എല്ലാ മനുഷ്യരെയുമാണ്. ദേശത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ അതിരുകളില്ലാതെ ഈയൊരു സമീപനത്തിന് പ്രായോഗികരൂപം നല്‍കുകയാണോ നടരാജഗുരു തന്റെ ചിന്തകളില്‍ ചെയ്തത്?

അതു വെച്ചുകൊണ്ടാണല്ലോ നടരാജഗുരു എല്ലാം ചെയ്തത്. സകല ശാസ്ര്തങ്ങളെയും സമന്വയിക്കുന്ന ശാസ്ര്തമായി ബ്രഹ്മവിദ്യയെ അഥവാ ഗുരുവിന്റെ സത്യദര്‍ശനത്തെ ആവിഷ്‌കരിക്കുകയാണ് ആന്‍ ഇന്റഗ്രേറ്റഡ് സയന്‍സ് ഓഫ് ദ അബ്‌സല്യൂട്ട് എന്ന പുസ്തകത്തില്‍ നടരാജഗുരു ചെയ്തത്. അതേ ശാസ്ര്തത്തെത്തന്നെ വിദ്യാഭ്യാസരംഗം, സാമ്പത്തികരംഗം തുടങ്ങിയ മേഖലകളിലൊക്കെ പ്രയോഗിക്കാമെന്ന് വെവ്വേറെ ഗ്രന്ഥങ്ങളെഴുതി ലോകരെ നടരാജഗുരു ബോധ്യപ്പെടുത്തി. ഇതൊക്കെ ഒരു സ്വപ്നലോകമാണ്. ഗുരുവിന്റെ കാലത്തും ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു. 1970-ല്‍ ഏഴിമലയില്‍ ഒരു ലോകസമാധാന സമ്മേളനം നടന്നു. അന്നതു വൈദ്യുതി ഒന്നുമില്ലാത്ത ഒരു ഓണംകേറാമൂല. എത്തിപ്പെടാന്‍ തന്നെ പാട്. വാഹനസൗകര്യവും കഷ്ടി. പതിനൊന്നു ദിവസത്തെ സമ്മേളനമാണ്. ഞാനുമുണ്ടായിരുന്നു സംഘാടകനായിട്ടും പ്രബന്ധാവതാരകനായിട്ടും. അന്ന് സമ്മേളനത്തിനെത്തിയ ഒരാള്‍ ചോദിച്ചു ഈ ഓണംകേറാ മൂലയില്‍ ഒരു സമ്മേളനം നടത്തിയിട്ട് ലോകത്തില്‍ എന്തു സമാധാനമാണ് ഉണ്ടാകാന്‍ പോകുന്നത്? അപ്പോള്‍ നടരാജഗുരു പറഞ്ഞു: ''ഞാന്‍ കാണുന്ന സത്യം പുലരാന്‍ മാത്രം നല്ലതല്ല ഈ ലോകം. ഞാനൊരു സ്വപ്നം കാണുന്നു. സ്വപ്നം കാണാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അത്രതന്നെ.' അന്ന് ഉള്ളതില്‍നിന്ന് ഉണ്ടായിട്ടുള്ള ഒരു വ്യത്യാസം ഇന്നു താല്പര്യങ്ങളൊക്കെ മാറിയിട്ടുണ്ട് എന്നുള്ളതാണ്. ആഗോളവത്കരിക്കപ്പെട്ട ലോകത്തു സ്വാര്‍ത്ഥതയ്ക്കു സ്ഥാനം വര്‍ദ്ധിച്ചു. ചെറുപ്പക്കാരൊക്കെ മൂല്യബോധമുറയ്ക്കുന്ന പ്രായത്തില്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ തെരഞ്ഞെടുക്കുന്നു. ഓരോ മേഖലയിലും സ്‌കില്‍ ഡവലപ് ചെയെ്തടുക്കുക മാത്രമാണ് അപ്പോള്‍ നടക്കുന്നത്. ഫോര്‍മേഷന്‍ ഘട്ടത്തില്‍ അവര്‍ സ്‌കില്‍ വികസിപ്പിച്ചെടുക്കുകയല്ലാതെ ധാര്‍മികതയെക്കുറിച്ചോ മൂല്യബോധത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ ഒന്നും മനസ്സിലാക്കുന്നില്ല. ഇക്കാര്യം കാണിച്ചുകൊണ്ട് ഞാന്‍ മന്‍മോഹന്‍സിങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴും മോദി വന്നതിനു ശേഷവും കത്തെഴുതി. ടെക്‌നിക്കല്‍ വിദ്യാഭ്യാസത്തിനോടൊപ്പം മൂല്യബോധം നല്‍കുന്ന ഒരു വിഷയം നിര്‍ബന്ധമായും പഠിപ്പിക്കണം എന്നാവശ്യപ്പെട്ട്, ഒരു മറുപടിയും ഉണ്ടായില്ല. അവസാനം വിവരാവകാശനിയമപ്രകാരം, എന്റെ കത്ത് എന്തു ചെയ്തു എന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ മറുപടി വന്നു. ഇതു മറ്റൊരു ഓഫീസിലേക്കയച്ചിട്ടുണ്ടെന്ന്. ഇതാണു നമ്മുടെ അധികാരികളുടെ മനോഭാവം. ഇതിനൊരു പുതിയ ടെക്സ്റ്റു ബുക്കു വേണം, അണ്ടര്‍ ഗ്രാഡ്വെറ്റ് തലത്തിലുള്ള എല്ലാവരെയും പഠിപ്പിക്കണം-ഇതായിരുന്ന എന്റെ പ്രപ്പോസല്‍. ആഗോളവത്കൃതമായ ഒരു ധീരനൂതനലോകത്തെക്കുറിച്ച് സ്വപ്നം കണ്ട ഇരുപതാം നൂറ്റാണ്ടിലെ ചിന്തകരിലൊരാളായിരുന്നു നടരാജഗുരു. ഇപ്പോള്‍ ആഗോളവത്കരണത്തിന്റെ കാലമാണ്. എന്നാല്‍, ഈ ആഗോളവത്കരണത്തിന്റെ മൂല്യവ്യവസ്ഥ നടരാജഗുരുവിന്റെ ഏകലോകത്തില്‍നിന്ന് എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നു കാണാം. ലോകം ഒരു ഗ്രാമം എന്ന നിലയിലേക്കു ചുരുങ്ങിയിട്ടും മനസ്സുകള്‍ തമ്മിലുള്ള അകലം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഓരോരുത്തരും സ്വന്തം ജാതിയിലേക്കും മതത്തിലേക്കും കുടുംബത്തിലേക്കുമൊക്കെയായി ലോകവ്യവഹാരത്തെ ചുരുക്കുന്നു. സംഘടനകള്‍ കോര്‍പ്പറേറ്റു സ്വഭാവത്തിലേക്കു മാറുന്നു. അവ വ്യക്തികളുടെ കൈപ്പിടിയിലമരുന്നു. അവര്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി സമുദായത്തെയും സംഘടനയെയും വിനിയോഗിക്കുന്നു. ഈ വിപര്യയം നാരായണഗുരു മുന്‍കൂട്ടി കണ്ടിരുന്നോ? ശ്രീനാരായണ ധര്‍മ പരിപാലനയോഗം നാരായണഗുരുവില്‍ നിന്നകലുകയാണോ, അതോ നാരായണഗുരു എസ്.എന്‍.ഡി.പിയില്‍ നിന്നകലുകയാണോ ചെയ്തത്? തുടക്കം മുതലേ എസ്.എന്‍.ഡി.പി. നാരായണഗുരുവില്‍ നിന്നകന്നുതന്നെയാണ് നിന്നിരുന്നത്. ജാതി-മതങ്ങള്‍ക്കതീതമായ സംഘടന എന്നതായിരുന്നു ഗുരുവിന്റെ സങ്കല്പം. പക്ഷേ ഉണ്ടായിവന്നപ്പോള്‍ അതു ജാതിസംഘടനയായി. നാരായണഗുരുവിന് രാഷ്ട്രീയത്തില്‍ താല്പര്യമില്ലായിരുന്നു. സാമുദായികതയില്‍ താല്പര്യമില്ലായിരുന്നു. ഇന്ന് നാരായണഗുരു ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്നതിനെയെല്ലാം തള്ളിപ്പറയുമായിരുന്നു. ഈഴവനില്‍ മാത്രമല്ല നാരായണഗുരുവിനു താല്പര്യമുണ്ടായിരുന്നത്. മറിച്ച്, എല്ലാ മനുഷ്യരിലുമാണ്. ഗുരുവിനെയങ്ങു വിട്ടേയ്ക്കൂ. നിങ്ങള്‍ക്ക് സമുദായം വളര്‍ത്തണമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. ഗുരുവിന്റെ പേരില്‍ സാമുദായികത വളര്‍ത്തുകയാണ് ചിലര്‍. ഇത് ഗുരുനിന്ദയാണ്. സംവരണം വേണമെന്നോ വേണ്ടെന്നോ ഗുരു പറഞ്ഞില്ല. ജാതീയത വേണ്ടെന്നേ പറഞ്ഞുള്ളൂ. അതിനുള്ള വഴി എന്തൊക്കെയാണെന്ന് ഗുരു ചൂണ്ടിക്കാട്ടിയപ്പോള്‍, ഇപ്പോള്‍ ജാതിചിന്ത നിലനിറുത്താനുള്ള വഴി എന്തൊക്കെയാണെന്നാണ് എല്ലാവരും ആലോചിക്കുന്നത്. ഗുരുവിന്റെ തത്ത്വമൊന്നുമല്ല അവര്‍ക്ക് പ്രശ്‌നം. പ്രത്യേക താല്പര്യങ്ങള്‍ക്കുവേണ്ടി ഗുരുവിന്റെ പേര് ഉപയോഗിക്കുന്നു. അത്രതന്നെ. 1916-ല്‍ പ്രബുദ്ധകേരളം മാസികയില്‍ നാരായണഗുരു പ്രസിദ്ധപ്പെടുത്തിയ ഒരു 'വിളംബരം' ഇങ്ങനെയാണ്:

''നാം ജാതിഭേദം വിട്ടിട്ട് ഇപ്പോഴേതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍ പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായി, അതു ഹേതുവാല്‍ നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും, നമ്മുടെ ശിഷ്യവര്‍ഗത്തില്‍നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവണ്ണം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ക്കുകയുള്ളു എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി നാം പ്രസിദ്ധം ചെയ്തിരിക്കുന്നു.'എന്ന് (ഒപ്പ്)നാരായണഗുരു.

ഇതിനു പുറമേ 1916 മേയ് 22-ന് ഡോക്ടര്‍ പല്പുവിന് ഗുരു എഴുതിയ ഒരു കത്ത് ഇങ്ങനെയാണ്:

എന്റെ ഡോക്ടര്‍ അവര്‍കള്‍ക്ക്:

''യോഗത്തിന്റെ നിശ്ചയങ്ങള്‍ നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും, യോഗത്തിന്റെ ആനുകൂല്യമൊന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിനു ജാത്യാഭിമാനം വര്‍ദ്ധിച്ചുവരുന്നതുകൊണ്ടും, മുമ്പേതന്നെ മനസ്സില്‍ നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ വിട്ടിരിക്കുന്നു.' എന്ന് നാരായണ ഗുരു.

എന്നാല്‍, യോഗം ഗുരുവിന്റെ നിലപാടിനെ കണ്ടില്ലായെന്നു തന്നെയാണ് നടിച്ചത്. ഏറ്റവും അവസാനം വരെ സമ്പത്തിനുവേണ്ടി ഗുരുവിനെ പീഡിപ്പിച്ചു എന്നുതന്നെ വേണം പറയാന്‍. ഗുരുവിനെ ഏല്പിച്ചാല്‍ സമൂഹത്തിന് ഉപകരിക്കുമെന്നു കരുതി ആളുകള്‍ സ്വത്ത് വിശ്വസിച്ചേല്പിച്ചു. ഗുരുവിന്റെ പേരിലായിരുന്നു സ്വത്തെല്ലാം. എസ്.എന്‍.ഡി.പി. യോഗത്തിന്റെ ആജീവാനന്ത അദ്ധ്യക്ഷനായിരുന്നു ഗുരു. അതുകൊണ്ട് അതെല്ലാം എസ്.എന്‍.ഡി.പി. യോഗത്തിന്റെ സമ്പത്താണെന്നായിരുന്നു യോഗത്തിന്റെ അവകാശവാദം. മനം മടുത്ത്, രണ്ടാം സിലോണ്‍ സന്ദര്‍ശനത്തിനുശേഷം തിരികെ കേരളത്തിലേക്കു വരാതെ മധുരയില്‍ തങ്ങുകയായിരുന്നു ഗുരു. മൂര്‍ക്കോത്തു കുമാരന്റെ ജീവചരിത്രത്തില്‍ ഇതു സൂചിപ്പിക്കുന്നുണ്ട്. കാരണം പറയാതിരിക്കുന്നതാണ് നല്ലതെന്നു മാത്രം പറയുന്നു. നിര്‍ബന്ധത്തിനു വഴങ്ങി ഗുരു തിരികെ വന്നു. ഗുരുവിനെ വീണ്ടും സ്വത്തിന്റെയും സമ്പത്തിന്റെയും പേരില്‍ തര്‍ക്കമുണ്ടായപ്പോള്‍ 'നമ്മോടു സംസാരിക്കാന്‍ തറവാടിത്തമുള്ളവര്‍ വരട്ടെ'യെന്നുവരെ ഗുരുവിനു പറയേണ്ടതായും വന്നു. അവര്‍ അത്രയ്ക്കധികം അദ്ദേഹത്തെ വിഷമിപ്പിച്ചു. ഗുരുവിന്റെ മഹാസമാധിക്കുശേഷം മണ്ഡലപൂജ എന്നൊരു ചടങ്ങു നടത്താന്‍ തീരുമാനിച്ച അവസരത്തിലും എസ്.എന്‍.ഡി.പി ക്കാരുടെ ഗുരുനിന്ദ ആവര്‍ത്തിക്കപ്പെട്ടു. തലേദിവസം രാത്രി പാചകത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ അതു നടക്കാന്‍ പാടില്ല, സമാധാനഭംഗം ഉണ്ടാകുമെന്നു പറഞ്ഞ് കോടതി ഉത്തരവ് വന്നു. മണ്ഡലപൂജ സന്ന്യാസിമാരുടെ നേതൃത്വത്തില്‍ നടന്നാല്‍ ഗുരുവിന്റെ സ്വത്തിനുള്ള ധാര്‍മികമായ അവകാശം അവര്‍ക്കായിപ്പോകും എന്നതുകൊണ്ടാണ് യോഗനേതൃത്വം ഈ നിരോധന ഉത്തരവ് സമ്പാദിച്ചത്. തന്റെ ഗുരുവിനെ കരയിച്ചവരാണ് അവരെന്ന് ഒരിക്കല്‍ നടരാജഗുരുതന്നെ എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്.

Summary

Archives: Muni Narayana Prasad interview

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com