

''വര്‍ക്കല വിജയനെ ശാസ്തമംഗലം ക്രൈംബ്രാഞ്ച് ക്യാമ്പില്‍ തല്ലിക്കൊന്നതാണ്. ജഡം പൊന്മുടി അപ്പര്‍ സാനിട്ടോറിയത്തില്‍ കൊണ്ടുപോയി ആസിഡൊഴിച്ചു കരിച്ചു. എന്റെ വണ്ടിയിലാണ് ജഡം കൊണ്ടുപോയത്. കൊന്നതാരെല്ലാമെന്ന് എനിക്കറിയാം. ജഡം കരിച്ചതാരെന്നറിയാം. ഏതു കോടതിയിലും ഈ സത്യം ഞാന്‍ ഏറ്റുപറയാം.''
ശാസ്തമംഗലം ക്രൈംബ്രാഞ്ച് അനാലിസിസ് വിംഗിലെ പൊലിസ് ഡ്രൈവറായിരുന്ന പി. ദയാനന്ദന്‍ 'മലയാളം വാരിക'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. കടങ്കഥയായി മാറിക്കഴിഞ്ഞ നക്സലൈറ്റ് വിജയന്റെ തിരോധാനത്തില്‍, ഏറ്റുപറയാന്‍ സന്നദ്ധനായി. കുറ്റകൃത്യത്തിന് പങ്കാളിയായ ഒരു പൊലീസുദ്യോഗസ്ഥന്‍ രംഗപ്രവേശം ചെയ്യുകയാണ്.
തിരുനെല്ലിക്കാട്ടില്‍ നക്സലൈറ്റ് വര്‍ഗീസിനെ വെടിവെച്ചുകൊന്ന പൊലീസുകാരന്റെ കുറ്റസമ്മതാണ് ആറുമാസം മുന്‍പ് സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ ദയാനന്ദന്റെ ഏറ്റുപറയലിന് പ്രചോദനമാകുന്നത്. നക്സലൈറ്റുകളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിനായി രൂപീകരിച്ച ക്രൈംബ്രാഞ്ചിലെ അനാലിസിസ് വിംഗില്‍ (A.W) ആദ്യന്തം അംഗമായിരുന്ന ഡ്രൈവര്‍ ദയാനന്ദന്‍ അന്നത്തെ കൊടുംക്രൂരതകള്‍ വിവരിക്കുമ്പോള്‍ കരാളതയുടെ ആ കാലഘട്ടത്തിലെ ഒരദ്ധ്യായം കൂടി പൊതുജനസമക്ഷമെത്തുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോസ്റ്ററൊട്ടിച്ചു എന്നതു മാത്രമാണ് ഈ ചെറുപ്പക്കാരന്‍ പിടിക്കപ്പെടാന്‍ കാരണം. നീണ്ട നിയമയുദ്ധങ്ങള്‍ക്കുശേഷവും, കടങ്കഥയായിത്തന്നെ അവശേഷിച്ച വിജയന്റെ തിരോധാനത്തില്‍ ഏറ്റവും പ്രധാന നിയമപ്രശ്‌നം കൊലപാതക സാഹചര്യവും ജഡം മറവു ചെയ്തതു സംബന്ധിച്ച തെളിവില്ലായ്മയുമാണ്.
അറ്റുപോയ ആ സുപ്രധാനമായ കണ്ണിയാണ് ദയാനന്ദന്റെ കുറ്റസമ്മതത്തിലൂടെ പുറത്തുവരുന്നത്. തന്റെ ചുമതലയിലും ഉത്തരവാദിത്തത്തിലുമുണ്ടായിരുന്ന കെ.എല്‍.ഒ. 559 എന്ന സ്റ്റാന്‍ഡേര്‍ഡ്-20 വാനിലാണ് ചാക്കില്‍കെട്ടിയ വിജയന്റെ ജഡം കൊണ്ടുപോയതെന്നും പൊന്‍മുടി അപ്പര്‍ സാനിട്ടോറിയത്തിലെ കൊക്കയില്‍ ആസിഡൊഴിച്ച് ജഡം കരിച്ചുവെന്നും ദയാനന്ദന്‍ ഏറ്റുപറയുന്നു. വിജയന്റെ തിരോധാനത്തെക്കുറിച്ചുള്ള 'മലയാളം വാരിക'യുടെ അന്വേഷണങ്ങള്‍ ഈ മൊഴിയില്‍ അവസാനിക്കുന്നില്ല.
വിജയന്റെ അന്ത്യനിമിഷങ്ങള്‍ക്ക് സതി ദൃക്സാക്ഷിയായിരുന്നു. സതി എന്നറിയപ്പെടുന്ന സതിറാവു ശാസ്തമംഗലം ക്യാമ്പില്‍ വിജയനോടൊപ്പം തടവുകാരനായിരുന്നു.
(ദയാനന്ദന്‍, മുന്‍ ഡ്രൈവര്‍, ക്രൈംബ്രാഞ്ച് സി.ഐ.ഡി)
''വിജയന്റെ കൊലപാതകത്തെക്കുറിച്ച് ദയാനന്ദന്‍ ഇങ്ങനെ പറഞ്ഞു: 1963-ലാണ് ഞാന്‍ കേരളാ പൊലീസില്‍ ചേര്‍ന്നത്. 1974-ല്‍ ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം രൂപീകരിക്കുന്നതു മുതല്‍ ഞാന്‍ ആ വിഭാഗത്തില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നു. അന്ന് എസ്.പി. ജയറാം പടിക്കലിന്റെ നേതൃത്വത്തിലാണ് അടിയന്തരാവസ്ഥക്കാലത്ത് നക്സലൈറ്റുകളെ അമര്‍ച്ച ചെയ്യുന്നതിനുള്ള ക്രൈംബ്രാഞ്ച് അനാലിസിസ് വിംഗ് പ്രവര്‍ത്തിച്ചിരുന്നത്.
ശാസ്തമംഗലം പണിക്കേഴ്സ് ലെയിനിലുള്ള രണ്ടുനില കെട്ടിടത്തിലായിരുന്നു അനാലിസിസ് വിംഗിന്റെ ഓഫീസ്. അതിന്റെ താഴത്തെ നിലയില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫാണ്. മുകളിലത്തെ നിലയിലാണ് നക്സലൈറ്റുകളെ പാര്‍പ്പിച്ചിരുന്ന സെല്‍. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കല്ലാതെ ആര്‍ക്കും അങ്ങോട്ട് പ്രവേശനമുണ്ടായിരുന്നില്ല.
എയര്‍ഹോളില്ലാത്ത ഒരു മുറിയില്‍ നിരവധി ചെറുപ്പക്കാരെ തടങ്കലില്‍ വച്ചിരുന്നു. ഈ മുറിയില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ ഒളിച്ചുവച്ചിരുന്നു. അവിടെ നടക്കുന്ന എല്ലാ സംഭവങ്ങളും സംഭാഷണവും മറ്റൊരു മുറിയിലിരുന്ന് ടി.വിയിലൂടെ ജയറാംപടിക്കല്‍ വീക്ഷിച്ചിരുന്നു.
നക്സലൈറ്റുകളെന്ന പേരില്‍ പിടികൂടിയിരുന്ന യുവാക്കളെ ഈ മുറിക്കുള്ളില്‍ ഭീകരമായ മര്‍ദ്ദനത്തിന് വിധേയരാക്കി. പലതരം മര്‍ദ്ദനമുറകള്‍ ഇവിടെ അരങ്ങേറി. പലപ്പോഴും തടവുകാരെ ദിവസങ്ങളോളം പട്ടിണിക്കിടും. നക്സല്‍ പ്രസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചാണ് ഇവരെ മര്‍ദ്ദിച്ചിരുന്നത്. മര്‍ദ്ദനമേറ്റ് ജീവച്ഛവങ്ങളായി മാറിയിരുന്നു പല യുവാക്കളും. ഇവരെ പല്ലുതേയ്ക്കാനോ കുളിക്കാനോ അനുവദിച്ചിരുന്നില്ല. പ്രാകൃതരൂപത്തില്‍ക്കിടന്ന ഈ തടവുകാരുടെ മുറി തുറക്കുമ്പോള്‍ത്തന്നെ രൂക്ഷമായ ദുര്‍ഗന്ധം വമിച്ചിരുന്നു. മര്‍ദ്ദനത്തിലേറ്റ മുറിവുകള്‍ പഴുത്ത് ചലം ഒലിച്ചിരുന്നു.
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിദ്യാര്‍ത്ഥിയായിരുന്ന അനന്തനെ പിടികൂടിയതോടെയാണ് വിജയനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. അനന്തനെ ഭീകരമായി മര്‍ദ്ദിച്ചപ്പോള്‍ നക്സലൈറ്റുകളായ സഹപ്രവര്‍ത്തകരുടെ വിവരങ്ങള്‍ അയാള്‍ പറഞ്ഞു. 1975 മാര്‍ച്ച് അഞ്ചിന് വിജയന്‍ കിഴക്കേക്കോട്ടയിലെ പത്താംനമ്പര്‍ ബസ്സ്റ്റാന്റില്‍ വരുമെന്ന് അനന്തന്‍ പറഞ്ഞു.
അന്നേദിവസം എനിക്ക് മറ്റു ഡ്യൂട്ടിയുണ്ടായിരുന്നതിനാല്‍ വിജയനെ അറസ്റ്റ് ചെയ്യുന്ന സംഘത്തില്‍ ഞാനുണ്ടായിരുന്നില്ല. എന്നാല്‍, അറസ്റ്റ് ചെയ്യാന്‍പോയ സംഘത്തില്‍നിന്നും ഞാന്‍ അറസ്റ്റിന്റെ വിവരങ്ങള്‍ അറിഞ്ഞു.
കെ.എല്‍.എച്ച്. 12 എന്ന ക്രൈംബ്രാഞ്ചിന്റെ അംബാസഡര്‍ കാറിലാണ് വിജയനെ അറസ്റ്റ് ചെയ്യാന്‍ പോയത്. അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ഷണ്‍മുഖദാസ്, എം.എം. അലക്സാണ്ടര്‍, വി. രവീന്ദ്രന്‍, കോണ്‍സ്റ്റബിള്‍മാരായ മാധവന്‍ നാടാര്‍, കാഞ്ഞിരം കൃഷ്ണപിള്ള എന്നു വിളിക്കുന്ന വി. കൃഷ്ണപിള്ള എന്നിവരാണ് ആ സംഘത്തിലുണ്ടായിരുന്നത്. വേട്ടമുക്ക് സ്വദേശി പി.കെ. സോമശേഖരന്‍ നായരായിരുന്നു ഡ്രൈവര്‍. അനന്തനാണ് കാറിലിരുന്ന് വിജയനെ ചൂണ്ടിക്കാട്ടിക്കൊടുത്തത്.
പൊലീസ് സംഘം വരുന്നതുകണ്ട് വിജയന്‍ ഓടിയെങ്കിലും 'പോക്കറ്റടിക്കാരന്‍' എന്നു വിളിച്ച് പത്മനാഭ തിയേറ്ററിന് സമീപമുള്ള ഇടവഴിയില്‍വച്ച് പിടികൂടി.
ശാസ്തമംഗലം ക്യാമ്പില്‍ കൊണ്ടുവരുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. മുകളിലത്തെ സെല്ലില്‍ വിജയനെ പൂട്ടിയിട്ടു.
ക്രൈംബ്രാഞ്ച് ഓഫീസിനോട് ചേര്‍ന്ന് ടെന്നീസ് കോര്‍ട്ടുണ്ട്. സി.ഐമാരായ ഷണ്‍മുഖദാസ് (ഇദ്ദേഹം മരണമടഞ്ഞു), വി. രവീന്ദ്രന്‍, എം.എം. അലക്സാണ്ടര്‍. വി.എ. വര്‍ഗീസ്, എസ്.ഐ. ഗോപകുമാര്‍ എന്നിവരെല്ലാം വൈകുന്നേരത്തോടെ അവിടെ ടെന്നീസ് കളിക്കും. ടെന്നീസ് കളിച്ച് ദേഹം ചൂടായാല്‍ ഉടനെ മുകളിലത്തെ സെല്ലിലെത്തി തടവുകാരെ ഭീകരമായി മര്‍ദ്ദിക്കുമായിരുന്നു.
വിജയനു പുറമെ, നക്സലൈറ്റുകളായ സതി, താന്‍സിലാസ്, കെല്‍ട്രോണ്‍ എന്‍ജിനീയറായ മോഹന്‍കുമാര്‍, തിരുവല്ലം സ്വദേശി മാവോ സുകുമാരന്‍, തേക്കുംമൂട്ടിലെ ദിലീപ്, തിരുവല്ലക്കാരനായ ഒരാള്‍ - (അയാളുടെ പേരറിയില്ല) തുടങ്ങിയവരെ ആ സെല്ലില്‍ അടച്ചിരുന്നു.
അന്നൊരു ഞായറാഴ്ചയായിരുന്നു. താഴത്തെ നിലയിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫിന് അവധിയായിരുന്നു. വൈകുന്നേരത്തോടെ ഞാനും ഡ്രൈവര്‍മാരായ സോമശേഖരനും 4931 നമ്പര്‍ ഡ്രൈവര്‍ ശ്രീകണ്ഠനും അല്പം മദ്യപിച്ചു. ഇതിനുശേഷം ഞങ്ങളുടെ വണ്ടികളില്‍ കിടന്ന് ഉറങ്ങി.
പാതിരാത്രിയോടെ എന്നെ ആരോ തട്ടിവിളിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എ. വര്‍ഗീസ് ആയിരുന്നു അത്. നമുക്ക് ഒരു സ്ഥലം വരെ പോകണമെന്നും വണ്ടി എടുക്കാനും പറഞ്ഞു.
സി.ഐ. എം.എം. അലക്സാണ്ടറും കോണ്‍സ്റ്റബിള്‍മാരായ വി. കൃഷ്ണപിള്ളയും മാധവന്‍ നാടാരും ആറ്റിങ്ങല്‍ സ്വദേശി സോമനും എന്റെ കെ.എല്‍.ഒ 559 സ്റ്റാന്‍ഡേര്‍ഡ് വാനില്‍ കയറി. എന്നോട് വേളിയിലേയ്ക്ക് ഓടിക്കാന്‍ പറഞ്ഞു. എന്റെ വണ്ടിക്കുമുന്നില്‍, കെ.എല്‍.വി. 9129 എന്ന ജീപ്പും കെ.സി.എച്ച് 12 എന്ന അംബാസഡര്‍ കാറും പോകുന്നുണ്ടായിരുന്നു. പി.കെ. സോമശേഖരനാണ് കാര്‍ ഓടിച്ചിരുന്നത്. ജീപ്പ് ഓടിച്ചിരുന്നത് കാരയ്ക്കാമണ്ഡപം സ്വദേശി ശശിധരന്‍ നായരാണ്.
കെ.എല്‍.എച്ച് 12 എന്ന അംബാസഡര്‍ കാറില്‍ ഡി.വൈ.എസ്.പി മുരളീകൃഷ്ണദാസും സി.ഐ. വി.എ. വര്‍ഗീസും ഉണ്ടായിരുന്നു. രാത്രി ഒരുമണിയോടെ ഞങ്ങളുടെ വാഹനങ്ങള്‍ വേളിയിലെത്തി. ടൈറ്റാനിയത്തിന്റെ മതിലിന്റെ ഇങ്ങേയറ്റത്ത് ഒരു ചുടുകാടുണ്ട്. ഇതിനു സമീപം വിജനമായ സ്ഥലത്തുകൂടിയാണ് റെയില്‍വേ ട്രാക്ക്.
വണ്ടി നിര്‍ത്തിയ ഉടനെ കൃഷ്ണപിള്ള എന്നോട് വണ്ടിയുടെ പിന്‍വാതില്‍ തുറക്കാന്‍ പറഞ്ഞു. ഞാന്‍ ഇറങ്ങി വാതില്‍ തുറന്നതോടെ ഒരു വലിയ ചാക്കുകെട്ട് വണ്ടിക്കകത്തു കണ്ടു. വണ്ടി ഓടിച്ചുവരുമ്പോഴൊന്നും ഈ ചാക്കുകെട്ടിന്റെ കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഇതെന്താണെന്നു ഞാന്‍ കൃഷ്ണപിള്ളയോടു ചോദിച്ചു: ''ഡ്രൈവര്‍ ഡ്രൈവറുടെ ജോലി ചെയ്താല്‍ മതിയെന്നായിരുന്നു'' കൃഷ്ണന്റെ മറുപടി. ഈ സമയം ഓഫീസര്‍മാര്‍ അല്പം അകലെ ജീപ്പിനു സമീപം നിന്ന് കൂടിയാലോചിക്കുകയായിരുന്നു. കൃഷ്ണന്റെ എതിര്‍പ്പു വകവയ്ക്കാതെ ഞാന്‍ ചാക്കുകെട്ടിന്റെ മൂടി അഴിച്ചു. വിജയന്റെ ജഡമായിരുന്നു അതിനകത്ത്. ചാക്കിനകത്ത് ഇരിക്കുന്ന അവസ്ഥയിലാണ് ജഡം കെട്ടിവച്ചിരുന്നത്. റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെന്ന് മനസ്സിലായി. അപ്പോള്‍ റെയില്‍വേ ട്രാക്കിന്റെ അപ്പുറത്തെ ഇടവഴിയില്‍ ഒരുസംഘം പൊലീസുകാരെ കണ്ടു. അവര്‍ നടന്ന് അടുത്തുവന്നു. പേട്ടയില്‍ അന്ന് ഹെഡ്‌കോണ്‍സ്റ്റബിളായിരുന്ന പട്ടം സ്വദേശി 2000 നമ്പര്‍ മുകുന്ദനും പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുമായിരുന്നു അത്.
മുകുന്ദനെ എനിക്ക് നേരത്തെ പരിചയമുള്ളതിനാല്‍ അദ്ദേഹം എന്റെ അടുത്തുവന്നു. എന്തിനാണ് ഇത്രയും സന്നാഹത്തോടെ ഇവിടെ നില്‍ക്കുന്നതെന്ന് മുകുന്ദന്‍ ചോദിച്ചു. ഒരു പ്രതിയെ പിടിക്കാന്‍ വന്നതാണെന്ന് ഞാന്‍ കള്ളം പറഞ്ഞു. നിങ്ങള്‍ എന്തിനാണ് വന്നതെന്ന് ഞാന്‍ മുകുന്ദനോട് ചോദിച്ചു. അന്ന് ആള്‍സെയിന്റസിന് പിന്‍വശം താമസിച്ചിരുന്ന രാമചന്ദ്രന്‍ എന്ന കള്ളനെ പിടിക്കാനാണ് വന്നതെന്ന് പറഞ്ഞ് മുകുന്ദനും സംഘവും പോയി.
അവര്‍ പോയ ഉടനെ എം.എം. അലക്സാണ്ടര്‍ സാര്‍ എന്നെ വിളിച്ച് പേട്ട പൊലീസുകാര്‍ എന്താണ് ചോദിച്ചതെന്ന് അന്വേഷിച്ചു. ഞാന്‍ വിവരം പറഞ്ഞു. ഓഫീസര്‍മാര്‍ വീണ്ടും എന്തോ കൂടിയാലോചിച്ചു. തുടര്‍ന്ന് എന്നോട് വണ്ടി നെടുമങ്ങാട്ടേയ്ക്ക് വിടാന്‍ പറഞ്ഞു.
എന്റെ വണ്ടിയില്‍ സി.ഐ വി.എ. വര്‍ഗീസും പൊലീസുകാരും കയറി. നെടുമങ്ങാട്ട് എത്തിയപ്പോള്‍ കല്ലാര്‍ റൂട്ടില്‍ വണ്ടി വിടാന്‍ പറഞ്ഞു. എന്റെ വണ്ടിക്കു കുറേ മുന്നിലായി മറ്റു രണ്ടു വണ്ടികളും പോകുന്നുണ്ടായിരുന്നു.
കല്ലാറില്‍ എത്തിയപ്പോള്‍ പൊന്‍മുടി റൂട്ടില്‍ വണ്ടി വിടാന്‍ പറഞ്ഞു. അന്ന് പൊന്‍മുടിയില്‍ തേയിലത്തോട്ടങ്ങളും ഒന്നോ രണ്ടോ കെട്ടിടങ്ങളുമേയുള്ളു. പൊന്‍മുടിയില്‍ അപ്പര്‍ സാനിറ്റേറിയത്തിലേയ്ക്കാണ് പോയത്. മൂന്ന് വാഹനങ്ങളും നിര്‍ത്തി. കൃഷ്ണപിള്ളയും മാധവന്‍ നാടാരും ജഡം വണ്ടിയില്‍ നിന്നിറക്കി. അല്പം ദൂരെയുള്ള ഒരു കൊക്കയുടെ സമീപത്തേയ്ക്ക് ഓഫീസര്‍മാരടങ്ങുന്ന സംഘം പോയി. ഡ്രൈവര്‍ ശശി ജീപ്പില്‍ സൂക്ഷിച്ചിരുന്ന കന്നാസ് എടുത്ത് പിറകെ പോയി.
ഞാന്‍ വണ്ടിയില്‍ത്തന്നെ ഇരുന്നു. അല്പസമയത്തിനുശേഷം പൊലീസ് സംഘം മടങ്ങിയെത്തി. 'ആസിഡാണ്. അവന്റെ പൊടിപോലും കിട്ടില്ല' എന്ന് കൃഷ്ണന്‍ എന്നോടു പറഞ്ഞു. ഞങ്ങള്‍ തിരികെ പോകുന്നു.
അന്നത്തെ ദിവസം മൂന്നു വണ്ടിയും മൂന്നു റൂട്ടില്‍ ഓടിയതായാണ് രേഖകളില്‍. എന്നാല്‍, ഞാന്‍ കല്ലാര്‍ പോയതായി രേഖപ്പെടുത്തി, ടി.എ. എഴുതിയെടുത്തിട്ടുണ്ട്. അന്ന് ക്രൈംബ്രാഞ്ചിലുള്ള രണ്ടുവാനുകളില്‍ ഒരെണ്ണം എന്റെ ചാര്‍ജിലാണ്. അതിനാലാണ് ജഡം കൊണ്ടുപോകാന്‍ എന്നെ വിളിച്ചത്.
ആറുമാസം മുന്‍പാണ് ഞാന്‍ സര്‍വ്വീസില്‍നിന്ന് പിരിഞ്ഞത്. ഇതുവരെ കാര്യങ്ങള്‍ പറയാന്‍ ഭയമായിരുന്നു. വിജയന്റെ തിരോധാനം സംബന്ധിച്ച് അന്വേഷിച്ച വിശ്വനാഥയ്യര്‍ കമ്മീഷന്‍ എന്റെ മൊഴി എടുത്തിട്ടില്ല. അതിനുശേഷം നടന്ന പൊലീസ് അന്വേഷണത്തില്‍ എന്നെ ചോദ്യം ചെയ്തു. മേലുദ്യോഗസ്ഥരെ ഭയന്ന് അന്ന് ഞാന്‍ സത്യം പറഞ്ഞില്ല.
അടിയന്തരാവസ്ഥയ്ക്കുശേഷം വിജയന്‍ കേസ് അന്വേഷണത്തില്‍ അന്നത്തെ തടവുകാരെക്കൊണ്ട് തിരിച്ചറിയല്‍ പരേഡ് നടത്തി. എന്നെയും തിരിച്ചറിയല്‍ പരേഡിന് നിര്‍ത്തിയിരുന്നു. സതി അടക്കമുള്ള തടവുകാരാണ് മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടിയത്. എന്നെ അറിയാമെങ്കിലും ഇവരാരും എന്നെ ചൂണ്ടിക്കാട്ടിയില്ല.
നക്സലൈറ്റുകള്‍ ദിവസങ്ങളോളം പട്ടിണി കിടക്കുമ്പോള്‍ പൊലീസുകാര്‍ക്കു കൊണ്ടുവരുന്ന കഞ്ഞി ബാക്കിവരുന്നത് ചൂടാക്കി ഞാന്‍ കൊടുത്തിരുന്നു. ആര്‍ത്തിയോടെ അവര്‍ വാരിത്തിന്നുമായിരുന്നു. ഈ വിവരമറിഞ്ഞ സി.ഐമാരായ ഷണ്‍മുഖദാസും അലക്സാണ്ടറും എന്നെ അടിക്കാന്‍ പിടിച്ചു. ഇവരുടെ കൂടെ കാലുകെട്ടി പ്രതിയാക്കുമെന്നു പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്കുശേഷംമ വിജയന്‍ കേസ് അന്വേഷണമുണ്ടായപ്പോള്‍ എം.എം. അലക്സാണ്ടറും ഷണ്‍മുഖദാസും കുറേ പൊലീസുകാരും ചേര്‍ന്ന് വിജയന്റെ വീട്ടില്‍ചെന്ന് അച്ഛനെയും അമ്മയേയും ഭീഷണിപ്പെടുത്തി. ആ സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് വിജയന്റെ അച്ഛന്‍ ചോദിച്ചത് ഇന്നും എനിക്കോര്‍മ്മയുണ്ട്. ''നിങ്ങള്‍ക്കും മക്കളില്ലേ സാറേ?'' എന്ന് എനിക്ക് അന്നുമുതല്‍ ഇന്നുവരേയും കുറ്റബോധമുണ്ട്. പക്ഷേ, വെറുമൊരു ഹെഡ്‌കോണ്‍സ്റ്റബിള്‍ ഡ്രൈവറായ ഞാന്‍ ഒരുകാലത്ത് തിരുവനന്തപുരം അടക്കിഭരിച്ച ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വെറും നിസ്സാരനാണ്. എന്നെ അവര്‍ക്ക് നിഷ്പ്രയാസം ഒരു ആക്സിഡന്റിലോ മറ്റോ കൊലപ്പെടുത്താനാവുമെന്ന് എനിക്കറിയാമായിരുന്നു.
ഇന്ന് ഷണ്‍മുഖദാസ് ജീവിച്ചിരിപ്പില്ല. അന്നത്തെ പ്രമുഖരായ ഉദ്യോഗസ്ഥരെല്ലാം റിട്ടയര്‍ ചെയ്തു. എങ്കിലും ഇന്നും അവര്‍ക്ക് വന്‍സ്വാധീനമുണ്ട്.
ഈ വിവരങ്ങള്‍ ഏത് അന്വേഷണത്തിനുമുന്നിലും പറയാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ, എനിക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
കൊലപാതകക്കേസില്‍ വിചാരണയും വിധിപ്രഖ്യാപനവുമുണ്ടായാലും വര്‍ഷങ്ങള്‍ക്കുശേഷം സുപ്രധാനമായ പുതിയ തെളിവുകള്‍ പുറത്തുവന്നാല്‍ പുനരന്വേഷണം നടത്തണമെന്നാണ് നിയമം. ജഡം മറവുചെയ്ത് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് സംഘത്തിലെ ഒരാള്‍ കുറ്റം ഏറ്റുപറഞ്ഞ് രംഗത്തുവരുന്നതോടെ വിജയന്‍കേസ് വഴിത്തിരിവിലെത്തുകയാണ്.
അടിയന്തരാവസ്ഥയിലെ കസ്റ്റഡിമരണങ്ങള്‍ അന്വേഷിച്ച പൊലീസ് പലപ്പോഴും വഴിതെറ്റിക്കപ്പെട്ടു. രാജന്റെ മൃതദേഹം കക്കയം ഡാമില്‍ തപ്പിയതും തെന്മലയില്‍ കണ്ട ചീഞ്ഞഴുകിയ അജ്ഞാതജഡം വിജയന്റേതാണെന്ന ധാരണയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതും ഈ കേസുകളെ ദുര്‍ബലമാക്കിയിരുന്നു. ബോധപൂര്‍വ്വമാണോ പൊലീസ് ഇത്തരം അഭ്യാസങ്ങള്‍ നടത്തിയതെന്ന സംശയം ഇപ്പോഴും അവശേഷിക്കുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുംപ്രകാരം പുനരന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്. മാത്രമല്ല, വിജയന്‍ വധക്കേസിന് ഉത്തരവാദികളായ അന്നത്തെ മന്ത്രിമാര്‍ രാജിവയ്ക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയും സി.ബി.ഐ അന്വേഷണവും വേണമെന്നും ആവശ്യപ്പെട്ട അന്നത്തെ സി.പി.ഐ-എം സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാരാണ് ഇന്ന് മുഖ്യമന്ത്രി. വിജയന്‍കേസ് പ്രതികളായ ഉദ്യോഗസ്ഥരെ ഉടനടി സസ്പെന്റ് ചെയ്യണമെന്ന് ഇന്നത്തെ മന്ത്രി ടി.കെ. രാമകൃഷ്ണനും അന്ന് നിരവധി പ്രസ്താവനകളിലൂടെ ആവശ്യപ്പെട്ടിരുന്നു. വിജയന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പുറത്തുള്ള ഏജന്‍സികളെ ഏല്പിക്കണമെന്ന് ഇ.എം.എസ് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ മന്ത്രിമാര്‍ ഭൂതകാലം മറന്നില്ലെങ്കില്‍ വിജയന്‍ വധത്തില്‍ പുനരന്വേഷണം ഉണ്ടാവേണ്ടതാണ്.
വര്‍ക്കല കണ്ണമ്പയില്‍ പുരുഷോത്തമന്‍ പിള്ളയുടെ മൂന്നു മക്കളില്‍ മൂത്തവനാണ് വിജയന്‍. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ വിജയന് 24 വയസ്സായിരുന്നു പ്രായം. വിജയനെ പൊലീസ് മര്‍ദ്ദിച്ചുകൊന്നതിനെത്തുടര്‍ന്ന് അച്ഛന്‍ പുരുഷോത്തമന്‍പിള്ള ദീര്‍ഘകാലം നിയമയുദ്ധം നടത്തിയെങ്കിലും കീഴ്ക്കോടതിയില്‍ ശിക്ഷിക്കപ്പെട്ട പ്രതികളായ പൊലീസ് ഓഫീസര്‍മാര്‍ ഹൈക്കോടതിയില്‍നിന്ന് ശിക്ഷാവിമോചിതരാവുകയായിരുന്നു. വിജയന്‍ കൊല്ലപ്പെട്ടതിനുശേഷം എന്തു സംഭവിച്ചുവെന്നതിന് വ്യക്തമായ തെളിവ് ലഭ്യമാവാതിരുന്നതിനാലാണ് കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത്. തെന്മലയില്‍ കാണപ്പെട്ട അജ്ഞാത മൃതദേഹം വിജയന്റേതാണെന്ന ധാരണയില്‍ പോസ്റ്റ്‌മോര്‍ട്ടവും മറ്റും നടത്തിയെങ്കിലും പ്രോസിക്യൂഷന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാനായില്ല.
ശാസ്തമംഗലം ക്രൈംബ്രാഞ്ച് ഓഫീസില്‍ത്തന്നെ മൃതദേഹം സംസ്‌കരിച്ചതായും അഭ്യൂഹം പരത്താനും തല്പരകക്ഷികള്‍ തയ്യാറായി.
അടിയന്തരാവസ്ഥയിലെ കസ്റ്റഡിമരണങ്ങള്‍ അന്വേഷിക്കാന്‍ നിയുക്തമായ വിശ്വനാഥയ്യര്‍ കമ്മിഷന്‍, വര്‍ക്കല വിജയനെയും കണ്ണനെയും മര്‍ദ്ദിച്ചുകൊന്നതാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയാണുണ്ടായത്. ക്രൈംബ്രാഞ്ച് സ്റ്റേഷനുകളില്‍ വച്ച് വിജയനെയും കണ്ണനെയും ക്രൂരമായി മര്‍ദ്ദിച്ചുകൊന്നതാണെന്നും മൃതശരീരം കണ്ടുപിടിക്കാനാവാത്തവിധം മറവുചെയ്തതാണെന്നും വിശ്വനാഥയ്യര്‍ കമ്മിഷന് മുന്നിലെത്താത്ത സുപ്രധാന തെളിവാണ് പൊലീസ് ഡ്രൈവര്‍ പി. ദയാനന്ദന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്.
സംസ്ഥാന പൊലീസിലെ ഉന്നതര്‍ അടക്കമുള്ളവര്‍ പ്രതികളായ ഈ കേസുകള്‍ സംസ്ഥാന പൊലീസിനെ കൊണ്ടുതന്നെയാണ് അന്വേഷിപ്പിച്ചത്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന പ്രതികളുടെ ചാരന്മാര്‍ അപ്പപ്പോള്‍ അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്കു കൈമാറി. അതുകൊണ്ടുതന്നെ പ്രോസിക്യൂഷന്‍ ദുര്‍ബലമായി. പ്രതികള്‍ രക്ഷപ്പെട്ടു. രാജന്‍ കേസില്‍ പ്രതികളായ ഡി.ഐ.ജി അടക്കമുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തെങ്കിലും വിജയന്‍കേസില്‍ പ്രതികളിലാരെയും അറസ്റ്റ് ചെയ്തില്ല. കൊലക്കേസില്‍ പ്രതികളാക്കപ്പെട്ടിട്ടുകൂടി ഇവരെ സര്‍വ്വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ പോലും അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. കൊലക്കേസില്‍ പ്രതിയായാലും സസ്പെന്‍ഡ് ചെയ്യേണ്ടെന്ന് ഈ കേസില്‍ പ്രതിയായ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ബന്ധുവായ ചീഫ് സെക്രട്ടറി അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. വന്‍സ്വാധീനമുള്ള പ്രതികള്‍ പ്രോസിക്യൂഷന്‍ ദുര്‍ബ്ബലമാക്കി കേസില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
വിജയന് കൊലക്കേസിന് ഉത്തരവാദികള്‍ അന്നത്തെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് വിശ്വനാഥയ്യര്‍ കമ്മിഷന്‍ കണ്ടെത്തിയതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന എന്‍. ഷണ്‍മുഖദാസായിരുന്നു ഒന്നാംപ്രതി. (ഇദ്ദേഹം പിന്നീട് ഹൃദയാഘാതത്താല്‍ മരിച്ചു) കേസില്‍ 12 പ്രതികളുണ്ടായിരുന്നു. അന്ന് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന വി. രവീന്ദ്രന്‍, എം.കെ. പത്മനാഭന്‍ നമ്പ്യാര്‍, എം.എം. അലക്സാണ്ടര്‍, ജി. ഗോപകുമാര്‍, കോണ്‍സ്റ്റബിള്‍മാരായ വി. കൃഷ്ണപിള്ള, എം.ജി. മണിനായര്‍, മാധവന്‍ നാടാര്‍, ചെല്ലപ്പന്‍പിള്ള. അബ്ദുള്‍ഖാദര്‍, അപ്പുക്കുട്ടന്‍, വിജയന്‍ എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഷണ്‍മുഖദാസിനെ ഒരുകൊല്ലം കഠിനതടവിനു സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി എല്ലാ പ്രതികളേയും വെറുതെ വിട്ടു. പ്രോസിക്യൂഷന്റെ പരാജയമാണ് കാരണമായി പറഞ്ഞത്. സതിയെ കമ്മിഷനു മുന്‍പില്‍ കൊണ്ടുവന്നിരുന്നില്ല. കൊലയും ജഡം മറവുചെയ്തതും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
ഇപ്പോള്‍ വെളിപ്പെടുത്തലുമായെത്തിയ പൊലീസ് ഡ്രൈവര്‍ പി. ദയാനന്ദനെ അന്ന് അന്വേഷണ കമ്മിഷനും തുടര്‍ന്നുണ്ടായ പൊലീസ് അന്വേഷണത്തിലെ ഉദ്യോഗസ്ഥന്മാരും ചോദ്യം ചെയ്തിരുന്നെങ്കിലും ദയാനന്ദന്‍ ഒന്നും വെളിപ്പെടുത്തിയില്ല. ഈ കേസില്‍ ദയാനന്ദന്‍ സാക്ഷിയുമായിരുന്നില്ല. മേലുദ്യോഗസ്ഥന്മാരെ ഭയന്നാണ് അന്ന് വിവരങ്ങള്‍ പുറത്തുപറയാഞ്ഞതെന്ന് ദയാനന്ദന്‍ പറയുന്നു.
''വിജയനെ ശാസ്തമംഗലം ക്യാമ്പില്‍ അറസ്റ്റ് ചെയ്തുകൊണ്ടുവരുന്നത് ഞാന്‍ കണ്ടു. പിന്നീട് ഇയാളെ മര്‍ദ്ദിച്ചുകൊന്ന് ശവം ചാക്കില്‍ കെട്ടിക്കൊണ്ടുപോയി മറവു ചെയ്തതായി ഞാന്‍ മനസ്സിലാക്കി. കോണ്‍സ്റ്റബിള്‍ പി.സി. 2111 തോംസണ്‍ ഈ സംഭവത്തിന് ദൃക്സാക്ഷിയാണ്. കൊലപാതകത്തിന്റെ വിവരങ്ങള്‍ എന്നോട് പറഞ്ഞത് തോംസണാണ്.''
ശാസ്തമംഗലം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഡ്രൈവറായിരുന്ന പാപ്പനംകോട് തൂക്കുവിളയില്‍ 'ഹരിശ്രീ'യില്‍ സുഗതകുമാര്‍ മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു:
''1973 മുതല്‍ ഞാന്‍ ക്രൈംബ്രാഞ്ചിലാണ് ജോലി നോക്കിയിരുന്നത്. കെ.എല്‍.വി 6138 ടെമ്പോവാനാണ് ഞാന്‍ ഓടിച്ചിരുന്നത്. 1975-ല്‍ അടിയന്തരാവസ്ഥക്കാലത്താണ് അനാലിസിസ് വിംഗ് തുടങ്ങിയത്. അവിടെ നടന്ന പല സംഭവങ്ങള്‍ക്കും ഞാന്‍ ദൃക്സാക്ഷിയാണ്.''
''നക്സലൈറ്റ് ലഘുലേഖ കൈവശംവച്ചു, പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചെയ്ത യുവാക്കളെ അന്ന് ശാസ്തമംഗലം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കൊണ്ടുവന്നിരുന്നു. ദൈവം സഹിക്കാത്ത ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് അവരെ വിധേയരാക്കിയിരുന്നു. ഈ ക്രൂരകൃത്യങ്ങള്‍ കണ്ട് ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്. പക്ഷേ, അന്ന് ഞങ്ങളെ നികൃഷ്ടജീവികളായാണ് ഓഫീസര്‍മാര്‍ കണ്ടിരുന്നത്. ഇന്നത്തെപ്പോലെയല്ല. എടാ, പോടാ എന്നാണ് സംബോധന. തെറിവിളിയും വേണ്ടിവന്നാല്‍ കൈയ്യേറ്റവും വരെ അനുഭവിക്കേണ്ട ഗതികേടിലായിരുന്നു അന്നത്തെ സാധാരണ പൊലീസുകാര്‍.''
''ഇവരുടെ അഴിമതിക്കും അക്രമത്തിനും കൂട്ടുനില്‍ക്കാനേ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നുള്ളു. ഇവരെ എതിര്‍ത്ത് എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങളുടെ കൂട്ടത്തില്‍ത്തന്നെയുള്ള ചാരന്മാര്‍ വിവരം മുകളിലെത്തിക്കും. ''നിന്നെയൊക്കെ പ്രതിയാക്കിക്കളയും'' എന്നായിരുന്നു ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നത്.
ഒരുദിവസം വൈകുന്നേരത്തോടെയാണ് വിജയന്‍ എന്ന വര്‍ക്കല സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തുകൊണ്ടുവന്നത്. ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു അയാള്‍. ഞാന്‍ താഴെനിലയില്‍ നില്‍ക്കുമ്പോഴാണ് ഇയാളെ മുകളിലേയ്ക്ക് കൊണ്ടുപോകുന്നത് കണ്ടത്. പിന്നീട് പല ദിവസവും ഇയാളെ കസ്റ്റഡിയിലിട്ട് ഭീകരമായി മര്‍ദ്ദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചില ദിവസങ്ങള്‍ രാവിലെ ഇയാളെ കക്കൂസിലേക്ക് കൊണ്ടുവരുന്നത് രണ്ടുപേര്‍ താങ്ങിപ്പിടിച്ചായിരുന്നു.
വിജയനെ കൊലപ്പെടുത്തിയ ദിവസം എനിക്ക് ഡ്യൂട്ടിയുണ്ടായിരുന്നില്ല. അടുത്ത ദിവസം രാവിലെ വന്നപ്പോള്‍ത്തന്നെ സഹപ്രവര്‍ത്തകര്‍ പറഞ്ഞ് ഞാന്‍ വിവരം അറിഞ്ഞു. ക്രൂരമായ മര്‍ദ്ദനമേറ്റ് വിജയന്‍ മരിച്ചെന്നായിരുന്നു അറിഞ്ഞത്.
ദയാനന്ദന്‍ ഓടിച്ചിരുന്ന കെ.എല്‍.ഒ 559 എന്ന സ്റ്റാന്‍ഡേര്‍ഡ് 20 വാനിലാണ് മൃതദേഹം കൊണ്ടുപോയത്. മാനന്തവാടിയില്‍ നക്സലൈറ്റുകളെ അറസ്റ്റ് ചെയ്യാന്‍ ഈ വാന്‍ ഉപയോഗിച്ചിരുന്നതിനാല്‍ 'മന്ദാകിനി' എന്നായിരുന്നു ഈ വാന്‍ അറിയപ്പെട്ടിരുന്നത്. ഈ വാനില്‍ മൃതദേഹം കൊണ്ടുവയ്ക്കുന്നത് തോംസണ്‍ കണ്ടു.
തോംസണോട് ഞാന്‍ ഈ വിവരങ്ങള്‍ തിരക്കിയെങ്കിലും തോംസണ്‍ ഒഴിഞ്ഞുമാറി. ''ബൈബിളില്‍ പറയുന്നതുപോലെ കള്ളസാക്ഷി പറയുന്നവന്‍ നരകത്തില്‍ പോകും'' എന്ന് ഞാന്‍ തോംസണോട് പറഞ്ഞു. പെന്തക്കോസ്ത് വിശ്വാസിയായ തോംസണ്‍ സത്യം മുഴുവന്‍ എന്നോടു പറഞ്ഞു. അങ്ങനെയാണ് വിജയന്‍ കൊല്ലപ്പെട്ടതായി ഞാന്‍ അറിഞ്ഞത്.''
ക്രൂരമായ മര്‍ദ്ദനമുറകളാണ് അന്ന് ഈ യുവാക്കളുടെമേല്‍ പ്രയോഗിച്ചത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എം.എം. അലക്സാണ്ടര്‍, രവീന്ദ്രന്‍, ഷണ്‍മുഖദാസ്, ലക്ഷ്മണപണിക്കര്‍ എന്നിവരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയിരുന്നത്. അന്ന് പിടിച്ചുകൊണ്ടുവന്ന ട്രാന്‍സ്പോര്‍ട്ടിലെ ജീവനക്കാരനായിരുന്ന ബാലകൃഷ്ണനെ ചുമരോടു ചേര്‍ത്തുനിര്‍ത്തി അലക്സാണ്ടര്‍ ആഞ്ഞിടിച്ചു. ചുമരില്‍ തലയിടിച്ച ആ യുവാവിന് ഇന്നും കാഴ്ചശക്തി തിരിച്ചുകിട്ടിയിട്ടില്ല.
മനസ്സാക്ഷിയുള്ളവര്‍ക്ക് സഹിക്കാന്‍ പറ്റാത്തതായിരുന്നു അന്നത്തെ മര്‍ദ്ദനമുറകള്‍. ക്രൈംബ്രാഞ്ച് ഓഫീസിനു മുകളിലത്തെ ടെറസില്‍ ബെഞ്ചിട്ട്, അതില്‍ പ്രതിയെ പിടിച്ച് കൈയും കാലും ബന്ധിച്ചുകിടത്തും. നാമമാത്രമായ വസ്ത്രം മാത്രമേ ധരിക്കാന്‍ അനുവദിച്ചുള്ളൂ. പ്രത്യേകം ഉണ്ടാക്കിയെടുത്ത റൂള്‍തടികൊണ്ട് രണ്ടുപേര്‍ രണ്ടുവശത്തുനിന്ന് ഉരുട്ടും. വേദനകൊണ്ട് പിടയുന്ന പ്രതി നിലവിളിക്കാതിരിക്കാന്‍ തോര്‍ത്തു ചുരുട്ടി വായില്‍ കുത്തിക്കയറ്റും. ഒരിക്കല്‍ ഉരുട്ടി നീരുവീര്‍ത്ത കാലില്‍ വീണ്ടും ഉരുട്ടുമ്പോള്‍ ജീവനെടുക്കുന്ന വേദനയില്‍ പ്രതികള്‍ പിടയും. കണ്ണ് തുറിച്ചുവരും. പലതവണ ഇതാവര്‍ത്തിക്കും. മനസ്സാക്ഷിയുള്ളവര്‍ക്ക് ഇതു കണ്ടുനില്‍ക്കാന്‍ എങ്ങനെ സാധിക്കും? പ്രപഞ്ചം മാത്രം സാക്ഷി. അതുകൊണ്ടുതന്നെ ദൈവം ഇവര്‍ക്ക് ശിക്ഷയും നല്‍കുമെന്ന് അന്നേ എനിക്കുറപ്പുണ്ടായിരുന്നു.
വിജയന്റെ അന്ത്യനിമിഷങ്ങള്‍ സതി വിവരിക്കുന്നു
''ഒരുദിവസം വൈകിട്ട് എന്നെയും വിജയനെയും പടിക്കലിന്റെ മുറിയില്‍ കൊണ്ടുപോയി കെട്ടിയിട്ടു. വൈകുന്നേരം സി.ഐ. ഷണ്‍മുഖദാസ് ടെന്നീസ് കളി കഴിഞ്ഞ് കയറിവന്നു. അയാള്‍ നന്നായി മദ്യപിച്ചിരുന്നു. വന്നപാടെ വിജയനെ ചവിട്ടിയുരുട്ടാന്‍ തുടങ്ങി. ഇടിയും ചവിട്ടും കൂടിയപ്പോള്‍ വിജയന്‍ വല്ലാതെ നിലിവിളിച്ചു. ''എടാ പട്ടീ, ഇനിയും എന്നെ അടിക്കരുത്'' എന്ന് വിജയന്‍ വിളിച്ചുപറഞ്ഞു. കലികയറിയ ഷണ്‍മുഖദാസ് വീണ്ടും വീണ്ടും ചവിട്ടി. വിജയന്‍ ബോധംകെട്ടു.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. ഞങ്ങളെ സെല്ലിലേയ്ക്ക് കൊണ്ടുപോയില്ല. അന്നു പകല്‍ മുഴുവന്‍ വിജയന്‍ വേദനകൊണ്ട് പിടയുന്നുണ്ടായിരുന്നു. വൈകിട്ട്, നാലുമണിയോടെ വിജയന്‍ ഛര്‍ദ്ദി ആരംഭിച്ചു. ആഹാരം ഒന്നും കഴിച്ചിട്ടില്ലാത്തതിനാല്‍ വെറും മഞ്ഞവെള്ളമാണ് ഛര്‍ദ്ദിച്ചത്. അല്പംകഴിഞ്ഞ് രക്തം കലര്‍ന്ന ഛര്‍ദ്ദി പുറത്തുവന്നു. തുടര്‍ന്ന് മരണവെപ്രാളത്തോടെ വിജയന്‍ പിടച്ചു. എന്റെ കാലിലെ ചങ്ങല മുറുകി കാല്‍ മുറിഞ്ഞു. എന്റെ മുണ്ടിലും ഷര്‍ട്ടിലും ചോര തെറിച്ചു. തുടര്‍ന്ന് ഒരു ചുമയോടെ ഒരു വലിയകട്ട രക്തം ഛര്‍ദ്ദിച്ചു. നാക്കുതള്ളി കണ്ണുതുറിച്ച് അവസാനമായി പിടഞ്ഞ് വിജയന്‍ നിശ്ചലനായി. രണ്ടുതുള്ളി കണ്ണീരും ഒഴുകിയിറങ്ങുന്നത് ഞാന്‍ കണ്ടു.
ഞാന്‍ നിലവിളിച്ചു. പൊലീസുകാരായ കാഞ്ഞിരം കൃഷ്ണപിള്ളയും സോമനും വന്നു. തുടര്‍ന്ന് എന്റെ കെട്ടഴിച്ച് എന്നെ താഴേയ്ക്കു കൊണ്ടുവന്നു. എന്നെ കുളിപ്പിച്ച് കഞ്ഞി തന്നു. വേറെ വസ്തുവും നല്‍കി. അഡ്മിനിസ്ട്രേറ്റീവ് ഇന്‍സ്പെക്ടറായ വി.എ. വര്‍ഗീസിന്റെ മുറിയില്‍ കൊണ്ടുവന്ന് എന്നെ ഇരുത്തി. അന്നുരാത്രി എന്നെ ഒരു വണ്ടിയില്‍ ആലപ്പുഴയിലേക്കു കൊണ്ടുപോയി. അവിടെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് എന്നെ പിന്നീട് തടവിലിട്ടത്. അന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആയിരുന്ന ലക്ഷ്മണ പണിക്കരും കുറേ പൊലീസുകാരും ചേര്‍ന്ന് എന്നെ ഭീകരമായി മര്‍ദ്ദിച്ചു. തൂക്കുചായപ്പാത്രത്തിന്റെ അടപ്പുകൊണ്ട് എന്നെ ലക്ഷ്മണപണിക്കര്‍ അടിച്ചപാടാണ് നെറ്റിയില്‍ കാണുന്നത്. 215 ദിവസത്തിനുശേഷമാണ് എന്നെ കോടതിയില്‍ ഹാജരാക്കിയത്'' സതി പറഞ്ഞു.
നിശ്ശബ്ദയാമങ്ങളെ ഞെട്ടിത്തരിപ്പിക്കുന്ന ഒരു നിലവിളി. ഇരുളിന്റെ ഹൃദയം പിളര്‍ക്കുന്ന 'മോനേ'യെന്ന ആര്‍ത്തനാദം. മനസ്സിന്റെ സമനില തെറ്റിയ ഒരമ്മയുടെ ഇന്നും തോരാത്ത കണ്ണീര്‍.
''എനിക്കൊന്നും അറിയില്ല മക്കളെ. അവന്‍ വന്നില്ല. ആര്‍ക്കറിയാം എന്തൊക്കെ നടന്നെന്ന്'' ശ്രീദേവിയമ്മ പറഞ്ഞു.
വര്‍ക്കല കണ്ണമ്പയിലെ ജലജാഭവനില്‍, മകന്‍ വരുമെന്ന പ്രതീക്ഷയില്‍ ജീവിക്കുന്ന ശ്രീദേവിയമ്മ ഒരു കാലഘട്ടത്തിലെ കരാളതയുടെ ബാക്കിപത്രമാണ്. ഇതുപോലെ ഒരമ്മ തൃശൂരിലുണ്ട്. അതിഥികള്‍ ആരുവന്നാലും 'മോനേ രാജാ' എന്ന് അലമുറയിട്ട് ഓടിയെത്തി കെട്ടിപ്പിടിക്കുന്ന രാജന്റെ അമ്മ.
ഇന്നും ജനനേതാക്കളായി വിരാജിക്കുന്ന, അന്നത്തെ ഭരണാധികാരികളുടെ പ്രീതിക്കായി നിരവധി യുവാക്കളെ ഇഞ്ചിഞ്ചായി തല്ലിക്കൊന്ന മനുഷ്യമൃഗങ്ങളില്‍ വലിയൊരു പങ്കും ഇന്ന് കാക്കിക്കുപ്പായമൂരി വിശ്രമജീവിതം നയിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്തെ മര്‍ദ്ദകവീരന്മാരും കൊലയാളികളുമായ ഉദ്യോഗസ്ഥപ്രമുഖരെ വ്യക്തിജീവിതത്തില്‍ ദുരന്തങ്ങള്‍ വേട്ടയാടിയത് കാലത്തിന്റെ തിരിച്ചടിയാവാം.
എസ്.എസ്.എല്‍.സി പാസായ വിജയന്‍ വര്‍ക്കലയില്‍ ഒരു ബുക്ക്സ്റ്റാള്‍ നടത്തിയിരുന്നു. തുടര്‍ന്ന് സി.പി.ഐ(എ.എല്‍)ല്‍ ആകൃഷ്ടനായി. നക്സലൈറ്റ് പ്രചാരണപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു എന്നതുമാത്രമാണ് വിജയന്‍ ചെയ്ത കുറ്റം.
വിജയന്റെ അച്ഛന്‍ പുരുഷോത്തമന്‍പിള്ള മകനെത്തേടി ഏറെ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. 1976-ല്‍ കസ്റ്റഡിയിലെടുത്ത നക്സലൈറ്റുകളെ 1977-ലെ തിരഞ്ഞെടുപ്പിന് ശേഷം വിട്ടയച്ചിരുന്നു. എന്നാല്‍, വിജയനോടൊപ്പം കസ്റ്റഡിയിലെടുത്തവരെല്ലാം മടങ്ങിവന്നിട്ടും വിജയന്‍ വന്നില്ല. ഇതിനിടയില്‍ വിജയനോടൊപ്പമുണ്ടായിരുന്ന അനന്തന്‍ വിജയന്റെ വീട്ടിലെത്തി വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും അച്ഛനെ അറിയിച്ചു.
1977 ഏപ്രില്‍ 24-ന് പുരുഷോത്തമന്‍പിള്ള ശാസ്തമംഗലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഷണ്‍മുഖദാസിനെ കണ്ടു. വിജയനെ പൊലീസ് പിടിച്ചിട്ടില്ലെന്നായിരുന്നു ഷണ്‍മുഖദാസിന്റെ മറുപടി. എന്നാല്‍, അനന്തനും വിജയന്റെ കൂടെ കസ്റ്റഡിയിലുണ്ടായിരുന്ന മറ്റു ചിലരും വിജയന്‍ കസ്റ്റഡിയിലുണ്ടായിരുന്നെന്നും മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നും വെളിപ്പെടുത്തി. പ്രതീക്ഷ കൈവിടാതെ പലതവണ വിജയന്റെ അച്ഛനും അമ്മയും ശാസ്തമംഗലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി വിജയനെ വിട്ടയയ്ക്കണമെന്ന് അപേക്ഷിച്ചു. മാതാപിതാക്കള്‍ കരഞ്ഞുയാചിച്ചെങ്കിലും വിജയനെപ്പറ്റി ഒന്നും അറിയില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടി.
രാജന്‍ സംഭവം പത്രത്തില്‍ വന്നതോടെ വര്‍ക്കലയില്‍ പൊതുജനങ്ങള്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. അഡ്വക്കറ്റ് വര്‍ക്കല വിക്രമന്‍ നായര്‍ പ്രസിഡന്റായ കൗണ്‍സിലിന്റെ സെക്രട്ടറി സുധാകരനായിരുന്നു. സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റിയില്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരുമുണ്ടായിരുന്നു.
ആക്ഷന്‍ കൗണ്‍സില്‍ വിജയനോടൊപ്പം തടവിലുണ്ടായിരുന്ന സതി, സ്റ്റാന്‍ലിലാസ്, ഭാസ്‌കരന്‍, ശ്രീകണ്ഠന്‍, വിക്രമന്‍, രമേശന്‍, മോഹന്‍കുമാര്‍, സുകുമാരന്‍, തങ്കയ്യ എന്നിവരുടെ അഡ്രസ് കണ്ടുപിടിച്ച് അവരുമായി ബന്ധപ്പെട്ടു. ഇവരെല്ലാം വിജയനെ പൊലീസ് പിടികൂടി ഭീകരമായി മര്‍ദ്ദിച്ചുകൊന്നതാണെന്ന് വെളിപ്പെടുത്തി. ഇവരില്‍ ചില സാക്ഷികളെ പിന്നീട് പൊലീസ് സ്വാധീനിച്ചു. വിശ്വനാഥയ്യര്‍ കമ്മിഷന്‍ രൂപീകരിച്ചതിനെത്തുടര്‍ന്ന് സര്‍വ്വീസിലുണ്ടായിരുന്ന പ്രതികളായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലീസ് വ്യാപകമായി തെളിവു നശിപ്പിക്കല്‍ നടത്തി. വിജയന്റെ വീട്ടിലെത്തിയ പൊലീസ് സംഘം ഭീഷണിമുഴക്കിയിരുന്നു.
നീതി തേടിയുള്ള നീണ്ട നിയമയുദ്ധങ്ങള്‍ക്ക് ഫലം കാണാതെ തന്നെ വിജയന്റെ അച്ഛന്‍ അഞ്ചുവര്‍ഷം മുന്‍പ് മരിച്ചു. വിജയന്റെ അനുജന്‍ രവിയും അനുജത്തി ജലജയും ഇപ്പോള്‍ അമ്മയോടൊപ്പമുണ്ട്. വിജയന്‍ മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാതെ, മകനെ കാത്തിരിക്കുകയാണ് ഈ അമ്മ.
''അച്ഛന്‍ മരിച്ചത് വിജയന്റെ കൊലപാതകികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനാവാത്ത ദുഃഖവുമായാണ്. എന്നാല്‍, അച്ഛന്‍ നടത്തിയ ദീര്‍ഘകാലത്തെ നിയമയുദ്ധത്തിന് വഴിത്തിരിവുണ്ടായിരിക്കുകയാണ്. അച്ഛന്‍ തുടങ്ങിവച്ച നിയമയുദ്ധം ഞാന്‍ തുടരും'' വിജയന്റെ അനുജന്‍ രവി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates