

ഈ കേരളത്തില്‍ തന്നെ നടക്കുന്ന ഒരു വംശധ്വംസനം നാം കാണാതെ പോവുകയാണോ?
ആ വംശം ആദിവാസിയുടേതാണ്. ആദിവാസി എന്നാല്‍ ഒരു നൂറു ഗോത്രങ്ങള്‍, വിശ്വാസങ്ങള്‍, ജീവിതചര്യകള്‍, ഭാഷകള്‍, വേഷങ്ങള്‍- പക്ഷേ, അടിസ്ഥാനപരമായി അവര്‍ ഒന്നാണ്. പ്രാചീനര്‍, ആദിമര്‍, കളങ്കമറിയാത്തവര്‍, ഈ മണ്ണിന്റെ ആദ്യത്തെ ഉടമകള്‍, കാടിന്റെ മക്കള്‍-
ആദിവാസിയുടെ ജനനം മുതല്‍ മരണം വരെ കാട് അവനെ അമ്മയെപ്പോലെ പൊതിഞ്ഞുകാത്തുനിന്നു. കാട്ടുമുളകള്‍ മുറിച്ച് അടുപ്പിച്ചുകെട്ടി, മണ്ണു കുഴച്ച് അവയ്ക്കുമേല്‍ പൂശി അവന്‍ പുര പണിഞ്ഞു. കൂരപ്പുറത്ത് നീളന്‍ പുല്ലും മുളയിലകളും കാട്ടുപനയോലയും മേഞ്ഞു. മണ്ണടിച്ചുറപ്പിച്ച നിലത്ത് ചിലപ്പോള്‍ ചാണകം മെഴുകി മിനുക്കി. പ്രകൃതിയോടിണങ്ങിയ ഒരു കിളിക്കൂട്; പ്രകൃതിയെ ദ്രോഹിക്കാത്ത, ആവശ്യം കഴിഞ്ഞാല്‍ പ്രകൃതിയിലേക്കുതന്നെ മടങ്ങുന്ന ഒന്ന്. കാട് അവന് ഹിതവും മിതവുമായ ഭക്ഷണം നല്‍കി. കാട്ടുതിനയും വരിനെല്ലും പഞ്ഞപ്പുല്ലും കാട്ടുകാച്ചിലും വള്ളിക്കിഴങ്ങുകളും ഇലിമ്പിപ്പുളിയും കൈതച്ചക്കയും കരിമ്പും കാട്ടുമാങ്ങയും നെല്ലിക്കയും താന്നിക്കായും കാടന്‍ചക്കയും മുള്ളുമുന്തിരിയും ഞാവല്‍പ്പഴവും സീതപ്പഴവും ഇങ്ങനെ നൂറുനൂറു സമൃദ്ധികള്‍! അമ്പും വില്ലും കവണയും കത്തിയുമെടുത്തുള്ള വേട്ടയിലൂടെ കാട്ടിറച്ചിയും കിളിയിറച്ചിയും അവനു വേണ്ടുവോളം കിട്ടി. വിശപ്പിനു മാത്രമേ അവന്‍ കൊന്നുള്ളു. കാട്ടുപുഴയിലൊക്കെ സമ്പന്നമായ മീന്‍ വിളയാടല്‍- കാടെന്ന അമ്മ എന്നും മക്കളുടെ വയറുപൊരിയാതെ കാത്തു. അടിക്കാടുകള്‍ തീയിട്ടുചുട്ട് അവന്‍ കൃഷി ചെയ്തു. കരനെല്ലും കൂവരകും കാട്ടുചീരയുമെല്ലാം തഴച്ചുവളര്‍ന്നു. കുറേനാള്‍ കഴിയുമ്പോള്‍ അവന്‍ അവിടം വെടിഞ്ഞ് മറ്റൊരിടത്തേയ്ക്കു നീങ്ങും. കരിഞ്ഞ മണ്ണിടങ്ങള്‍ അടുത്ത മഴയ്ക്കു വീണ്ടും പച്ചപിടിക്കും. ഈ പ്രവര്‍ത്തനം നിമിത്തം കാടിന് ആഴത്തില്‍ മുറിവേറ്റില്ല. കാടു നശിച്ചില്ല. ആദിവാസിയുടെ വേട്ടയും കൃഷിയും മീന്‍പിടിത്തവുമെല്ലാം സ്വയം നിയന്ത്രിതമായിരുന്നു. പരിമിതമായിരുന്നു. കൊലയ്ക്കുവേണ്ടി അവന്‍ കൊന്നില്ല. കച്ചവടത്തിനുവേണ്ടി അവന്‍ കാടു കൊള്ളയിട്ടില്ല.
ആദിവാസി സംതൃപ്തനായിരുന്നു. നിലാവുള്ള രാത്രികാലങ്ങളില്‍ അവന്റെ തപ്പും തുടിയും ഈണത്തിലുള്ള പാട്ടും കാട്ടില്‍ അലകളിളക്കി. പെണ്ണാളുകള്‍ ഇടം ചൊരുകിയ മുടിക്കെട്ടില്‍ കാട്ടുപൂക്കള്‍ ചൂടി, മാറുചുറ്റി ചേലകെട്ടി, കല്ലുമാലയും വെള്ളി മൂക്കുത്തിയുമണിഞ്ഞ് നഗ്‌നമായ ഒറ്റത്തോള്‍ നിലാവില്‍ തിളങ്ങി കയ്യോടുകയ്യുകോര്‍ത്ത് വട്ടത്തില്‍നിന്ന് പാട്ടുപാടി ആട്ടംകളിച്ചു.
ആദിവാസിക്ക് അന്നു പേടിക്കേണ്ടത് പുലിയേയും കാട്ടാനയേയും പാമ്പിനേയും മാത്രമായിരുന്നു. നമ്മളെയല്ല. കൊടുങ്കാറ്റിനേയും മലവെള്ളപ്പാച്ചിലിനേയും ഇടിമിന്നലിനേയും മാത്രമായിരുന്നു. അവയില്‍ നിന്നെല്ലാം രക്ഷയേകിക്കൊണ്ട് മലദൈവങ്ങള്‍ അവനു കനിവോടെ കാവല്‍ നിന്നു. പക്ഷേ, നമ്മില്‍നിന്ന് അവനെ കാത്തുകൊള്ളാന്‍ ആ ദൈവങ്ങള്‍ക്കു കഴിഞ്ഞില്ല.
ഏറെ പഴയ കഥയല്ല ഞാന്‍ പറയുന്നത്. ഏതാണ്ടൊരു അന്‍പതുകൊല്ലം മുന്‍പുവരെയുള്ള കാര്യങ്ങളാണ്. സ്വാതന്ത്ര്യത്തിന്റെ അന്‍പതാം പിറന്നാള്‍ കൊണ്ടാടിയവര്‍ ഓര്‍മ്മിക്കുക. സ്വാതന്ത്ര്യലബ്ധിയോടെയാണ് കാടുപിടിച്ചടക്കാന്‍ നാം ധൈര്യം കാട്ടിയത്. കാട്ടിലേക്ക് ആര്‍ത്തിയോടെ കയറിച്ചെന്നത്. ആ വരവു കണ്ട് മലദൈവങ്ങള്‍ പേടിച്ചകന്നു. സ്വാതന്ത്ര്യത്തിന്റെ ബാലപാഠങ്ങള്‍ നാം അപരിഷ്‌കൃതനായ ആ സഹോദരനെ നന്നായി പഠിപ്പിച്ചു.
പട്ടയം, കൈവശാവകാശം, ഒറ്റി, പാട്ടം, തീറാധാരം, വിലച്ചീട്ട്- ഈ സങ്കീര്‍ണ്ണതകളൊന്നും ആദിവാസിക്ക് അറിഞ്ഞുകൂടാ. കാട് പൊതുസ്വത്താണ്. അതിന് അതിര്‍ത്തികളില്ല. മരമായ മരമൊക്കെ പൊന്നുതമ്പുരാന്റെ വകയാണെന്നറിയാം. കായും കനിയും പറിക്കാമെങ്കിലും തടിവെട്ടിക്കൂടാ. അതിന്റെ ആവശ്യവുമില്ല. പൊട്ടിയും പഴകിവീണും കിടക്കുന്ന മരക്കൊമ്പുകള്‍ വേണ്ടുവോളമുണ്ട്. വിറകിനും അത്യാവശ്യത്തിന് താഴെ നാടന്‍ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാനും തികയും. മരക്കൊമ്പുകളില്‍ കൂറ്റന്‍ തേനീച്ചക്കൂടുകളുണ്ട്. തേനടരുകള്‍ ഈമ്പിനടക്കാന്‍ പൈതങ്ങള്‍ക്കു പ്രിയമാണ്. താഴെനിന്ന് തേന്‍കൂട്ടില്‍ അമ്പെയ്തു തറപ്പിക്കും. അമ്പില്‍ ഒരു വഴുത നീട്ടിക്കെട്ടിയിരിക്കും. അതിലൂടെ തേന്‍ ഒലിച്ചൊലിച്ച് ഇറങ്ങിവരും. വഴുതയുടെ ഇപ്പുറത്തെ അറ്റം ഒരു മണ്‍കലത്തില്‍ ഇറക്കിവെച്ചാല്‍ മതി, ചില നാളുകള്‍ക്കകം കലത്തില്‍ തേന്‍ നിറഞ്ഞുകൊള്ളും. പക്ഷേ, സൂക്ഷിക്കണം. ഈ മധുരം പൈതങ്ങള്‍ക്കു മാത്രമല്ല, കട്ടുറുമ്പുകള്‍ക്കും കരടിക്കും ഇഷ്ടമാണ്.
വന്തവാസിയുടെ കൊതിക്കണ്ണുകള്‍ ഇവയെല്ലാറ്റിനേയും തൊട്ടുഴിഞ്ഞു. തേനും തിനയും തേന്‍നിറമുള്ള പെണ്ണാളും തടിമുറ്റുള്ള പെരുംമരങ്ങളും കാട്ടിറച്ചിയും കാട്ടേലവും എല്ലാം വേണം. ചെകുത്താന്റെ കാല്‍വയ്പോടെ നാം അങ്ങോട്ടു കയറിച്ചെന്നു.
ഇനിയുള്ളത് ആധുനിക ചരിത്രമാണ്. സ്വാതന്ത്ര്യാനന്തര വനഭൂമിയുടെ വികസനചരിത്രം. ശത്രുവുമായുള്ള യുദ്ധത്തിലെന്നോണം വെട്ടുക, മുടിക്കുക, കയ്യേറുക, വീണ്ടും വെട്ടിവെട്ടി മുന്നേറുക- ആദ്യകാലത്തെ വനവാസിയോട് വന്തവാസി ഭൂമി ചോദിച്ചപ്പോള്‍ പഴയ അമേരിക്കയിലെ സിയാറ്റില്‍ മൂപ്പനെപ്പോലെ അവനും അമ്പരന്നിരിക്കാം. ''ഈ മണ്ണ് വില്‍ക്കുന്നതെങ്ങനെ? ആകാശം വില്‍ക്കാനാവുമോ? പുഴ വില്‍ക്കാനാവുമോ? മഴയും വായുവും വില്‍ക്കാന്‍ കഴിയുമോ? അതുപോലെ തന്നെയല്ലേ കാടും?''
അല്ല എന്ന് നാഗരികന് അറിയാം. അവന്‍ പണം നീട്ടി ആദിവാസിയോട് മാറിപ്പോകാന്‍ ആജ്ഞാപിച്ചു. പിന്നീടാണ് നമുക്ക് ബുദ്ധിയുദിച്ചത്. ''ഈ അജ്ഞന് പണം കൊടുക്കുന്നതെന്തിന്?'' ''ഇതാ ഇത്തവണ ഇവിടെ ഞാന്‍ കൃഷിയിറക്കാം. നീ വേറെയെവിടെയെങ്കിലും നോക്ക്.'' 'ആമാംശാര്‍' എന്ന് അവന്‍ തൊഴുകയ്യോടെ മാറിത്തന്നു. അടുത്ത വട്ടം അവന്‍ വന്നപ്പോഴേയ്ക്ക് ശാറിന്റെ മുഖം കഠിനമായിക്കഴിഞ്ഞിരുന്നു. 'പോടാ പോ' എന്ന ഗര്‍ജനത്തിനു മുന്നില്‍ ആദിവാസി നിശ്ശബ്ദനായി. പിന്നെയും പിന്നെയും നാം വഴികള്‍ കണ്ടെത്തി. ഒരു കീറു കടലാസു നീട്ടി അതില്‍ ഒപ്പുവയ്ക്കാന്‍ പറഞ്ഞു. അമ്പരന്നുനിന്നവന് ഒരു കോപ്പ ചാരായം സല്‍ക്കരിച്ച് ധൈര്യം വരുത്തി വിരല്‍ പതിപ്പിച്ചു. അഞ്ചു രൂപ, ഒരു കുപ്പി, ഒരു കല്പന, വാക്കുറപ്പിക്കല്‍, ഭീഷണി, വായിക്കാനറിഞ്ഞുകൂടാത്തവന്റെ മുന്‍പില്‍ നിയമാധികാരഭാഷയില്‍ കുറേ കടലാസുകള്‍. ദൈവനാമം. ദൈവത്തിന് ഇരിക്കാന്‍ ഇടം വേണ്ടേ? മലതൈവത്തിന് മരച്ചോടോ മലമുടിയോ മതി. പക്ഷേ, നാഗരികദൈവത്തിന് കോണ്‍ക്രീറ്റ് ദേവാലയം തന്നെ വേണം. 'ആദിവാസി മാറിക്കൊടുക്ക്' മതം കല്പിച്ചു. ആദിവാസി തലകുനിച്ചു പിന്‍മാറിക്കൊണ്ടേയിരുന്നു.
വീണ്ടും നാം ചോദിച്ചു: ''നമുക്ക് വികസനം വേണ്ടേ? വികസനം?'' വേണമല്ലോ. കാടായ കാട്ടിലെല്ലാം നാം റോഡു വെട്ടി. റോഡുപണിയെല്ലാം ആദിവാസിക്കുവേണ്ടി. പക്ഷേ, പണിയെടുക്കാന്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് തമിഴനെ വിളിച്ചു. മരം വെട്ടിയിറക്കാനും മരത്തിന്റെ ജഡം പേറാനും ആദിവാസി പഠിച്ചു. ആയിരമായിരം ലോറികള്‍ വൃക്ഷജഡങ്ങളുമായി താഴേയ്ക്ക് ഇരമ്പിയിറങ്ങി. വീണ്ടും വീണ്ടും തോക്കിന്റെ ഗര്‍ജ്ജനം മുഴങ്ങി. കാട്ടുമൃഗങ്ങള്‍ കീഴടങ്ങി. കറുത്ത മലകള്‍ പതുക്കെ മൊട്ടക്കുന്നുകളായി. മദിച്ച വെള്ളച്ചാട്ടങ്ങള്‍ കണ്ണീരൊലിപ്പുകളായി. കാടു കാടല്ലാതായി. കാടുമുടിച്ച മണ്ണില്‍ നാട്ടുകൃഷിയും എസ്റ്റേറ്റുകളും കെട്ടിടങ്ങളും ചാരായഷാപ്പുകളും ദേവാലയങ്ങളും ഉയര്‍ന്നുനിരന്നു. വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. പുതിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആ പുതുമണ്ണില്‍ പൊട്ടിമുളച്ച് വേരുറച്ച് പടര്‍ന്നുപന്തലിച്ചു. റോഡുവക്കിലെല്ലാം കൈകാലുകള്‍ വെട്ടിയ മഹാവൃക്ഷങ്ങള്‍ വിസ്മയചിഹ്നങ്ങള്‍ പോലെ മാനം നോക്കിക്കിടന്നു. നനഞ്ഞു തണുത്ത കാലാവസ്ഥ മാറിത്തുടങ്ങി. കാട് മുടിമുറിച്ച് പച്ചപ്പട്ടട മാറ്റി പട്ടണവേഷം ധരിച്ച് മുഖം മിനുക്കി ചായം തേച്ചു തെളിഞ്ഞ നിലയായി.
ആദിവാസിയോ? കാട്ടരചന്റെ കണ്ണില്‍ അമ്പരപ്പ്, പേടി, ദൈന്യത. അവന്റെ മണ്ണ് അന്യന് അടങ്ങുന്നതു കണ്ടു. അവന്റെ പെണ്ണ് മുഖമില്ലാത്തവരുമൊത്തു കോയമ്പത്തൂര്‍ക്ക് ജീപ്പ് കയറുന്നതുകണ്ടു.
അവന്റെ തൈവങ്ങള്‍ എങ്ങോ മറഞ്ഞെന്നു കണ്ടു. കുടിവെള്ളം വരണ്ടുവറ്റിയെന്നും തേന്‍കലത്തില്‍ ചാരായം നിറഞ്ഞെന്നും കണ്ടു. ചാവുകാട്ടില്‍നിന്ന് പിതൃക്കള്‍ ഉള്ളുചുട്ടു ശപിക്കുന്നതു കേട്ടു. അവന്റെ രാജകുമാരന്മാര്‍ ചോര്‍ന്നൊലിക്കുന്ന ആദിവാസിപ്പള്ളിക്കൂടത്തില്‍ ഉച്ചക്കഞ്ഞിക്കുവേണ്ടി മാത്രം ചെന്നു കാത്തിരിക്കുന്നതു കണ്ടു. അവന്റെ ചെറുപ്പക്കാര്‍ ചന്ദനക്കടത്തിനും കള്ളത്തടിവെട്ടിനും ചാരായം കടത്തിനും പ്രേരിപ്പിക്കപ്പെടുന്നതും പിടിക്കപ്പെടുന്നതും കണ്ടു. അവരെ പണിക്കെടുത്ത തമ്പ്രാക്കന്മാര്‍ പോലീശേമാന്മാരോടൊപ്പം ചിരിച്ചുകൊണ്ട് കാറില്‍ കയറി പോകുന്നതും കണ്ടു. നാം എന്നും അവരെ പരിഹസിച്ചു. ''മടിയന്‍, കുടിയന്‍, കൊള്ളരുതാത്തവന്‍, സൗജന്യങ്ങള്‍ക്കു കൈനീട്ടി നടക്കുന്ന തെണ്ടി. ഇവന്‍ ഒരിക്കലും നന്നാവില്ല'' - എങ്കിലും നാം ഇടയ്ക്കിടെ അവനെ വിളിച്ചു. ''വാടാ വാ, അതിഥികള്‍ വന്നിരിക്കുന്നു. നിന്റെ പെണ്ണിനേയും കൂട്ടിക്കോ. പാട്ടുകളി കാണിക്ക്.''
അതിഥി ദേവതുല്യനാണ്. പണവും അധികാരവുമുള്ള അതിഥിയോ ദേവാധിദേവനാണ്. അവിടുത്തേയ്ക്ക് കാട്ടിറച്ചിയും കാട്ടുപെണ്ണും പത്ഥ്യമാണ്.
മലയെല്ലാം മതാടിസ്ഥാനത്തില്‍, പാര്‍ട്ടിയടിസ്ഥാനത്തില്‍ വീതം വെക്കപ്പെട്ടുകഴിഞ്ഞപ്പോള്‍, പുഴയെല്ലാം ക്ഷയരോഗബാധിതകളായിക്കഴിഞ്ഞപ്പോള്‍ ലോകം മുഴുവന്‍ കൊതിയോടെ ഉറ്റുനോക്കുന്ന ഉഷ്ണമേഖലാ വനങ്ങളുടെ ജൈവവൈവിധ്യം കട്ടും ചുട്ടും വിറ്റും മുടിക്കപ്പെട്ടപ്പോള്‍ കുറേപ്പേര്‍ കോടീശ്വരന്മാരായെന്ന നാണംകെട്ട സത്യം മാത്രം അവശേഷിക്കുമ്പോള്‍, നാം ഒരൊറ്റ തിരിമറി നടത്തി. ആദിവാസി വികസനം! ഇതൊക്കെ ആദിവാസി വികസനമോ മതവികസനമോ ആയിരുന്നു. പോരെങ്കില്‍ ഇതാ പുതിയ പദ്ധതികള്‍- ആടുവിതരണം, കന്നുകാലി വിതരണം, സുഗന്ധ എസ്റ്റേറ്റുകളില്‍ തൊഴില്‍വിതരണം, റബ്ബര്‍ തൈകള്‍, കുടില്‍ വ്യവസായങ്ങള്‍, സാക്ഷരത, എല്ലാറ്റിനും മകുടമായി ആദിവാസി ഭൂനിയമം! കുറച്ചു ഭൂമി കൊടുക്കാം കിടപ്പാടം പോയവര്‍ക്ക്. കുറച്ചു കാശുകൊടുക്കാം. വേണ്ട, എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ.
ഈ നഷ്ടങ്ങള്‍ക്കു പരിഹാരം കാണാന്‍ നമുക്കു കഴിയുമോ? നാശങ്ങള്‍ക്ക് എത്ര രൂപയാണ് നാം മതിക്കുന്നത്? കാടിന്റെ വിലയെത്ര? പുഴയുടെ വിലയെത്ര? കാട്ടുകാറ്റിന്റേയും പച്ചത്തഴപ്പിന്റേയും വിലയെത്ര? അന്യം നിന്നുപോകുന്ന ആദിമ സംസ്‌കാരത്തിന്റേയും ഭാഷയുടേയും വിലയെത്ര? വേരു പറിച്ചുമാറ്റി നട്ടാല്‍ എല്ലാ മരങ്ങളും ജീവിക്കുമോ? പെണ്ണിന്റെ നഷ്ടപ്പെട്ട മാനത്തിന്റെ വിലയെത്ര? നാട്ടുചാരായത്തില്‍ മുങ്ങിച്ചത്ത ആണിന്റെ മെയ്ക്കരുത്തിന്റെ വിലയെത്ര?
നമുക്കറിയാം, ആദിവാസി നമ്മുടെ ചാരായക്കമ്പോളം കൂടിയാണ്. ചാരായവും പുകയിലയും സമ്മാനിച്ചാല്‍ ആദിവാസിയെ അടിമയാക്കാമെന്നും നമുക്കറിയാം. അട്ടപ്പാടി ചാരായ നിരോധന മേഖലയാണെന്നു കേട്ടാല്‍ നിങ്ങള്‍ ചിരിക്കരുത്. എങ്കില്‍ എന്തുകൊണ്ട് അട്ടപ്പാടി ചാരായത്തില്‍ കുതിരുന്നു എന്നൊന്നും ചോദിക്കരുത്. വയനാട്ടിലെ പെണ്ണുങ്ങള്‍ തന്തയില്ലാ മക്കളെയും കൊണ്ട് തലകുനിച്ചു നില്‍ക്കുന്നതെന്തുകൊണ്ടെന്നും ഊരുവിലക്കപ്പെട്ട് അലഞ്ഞുനടന്ന ജാനുവിന്റെ ജഡം പുഴക്കരയില്‍ മലര്‍ന്നുകിടന്നതെന്തെന്നും ചോദിക്കരുത്. നാം യജമാനന്മാരാണ്. നമുക്ക് എന്തും ചെയ്യാം. ആദിവാസിക്കു പാര്‍ട്ടിയില്ല. പ്രബലമതങ്ങളുടെ പിന്തുണയില്ല. അവനെ ചോറും കാശും കൊടുത്ത് മതംമാറ്റി അവന്റെ ആത്മാവിനു സ്വര്‍ഗ്ഗരാജ്യം വാങ്ങിക്കൊടുക്കാന്‍ വന്തവാസികള്‍ക്കു സമ്മതമാണ്. പക്ഷേ, അവന്റെ കിടപ്പാടം മടക്കിക്കൊടുക്കാനോ? സാദ്ധ്യമല്ല. അടിച്ച് തകര്‍ത്തുകളയും. അവനു തുണ നില്‍ക്കാന്‍ ധൈര്യപ്പെട്ട ഉന്നതോദ്യോഗസ്ഥന്മാരെ വരെ പറപറപ്പിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഇനിയും കഴിയും.
ആദിവാസി മേഖലകളിലേയ്ക്ക് കോടികള്‍ ഒഴുകിക്കഴിഞ്ഞു. ഈ കോടികളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നു വ്യക്തമാകും. ഈ പണം ആദിവാസിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഓരോ ആദിവാസിയും ലക്ഷാധിപതിയായിരുന്നേനെ എന്നു മനസ്സിലാക്കുക. അപ്പോള്‍ ഈ കോടികളെല്ലാം ആരുടെ പോക്കറ്റിലേയ്ക്ക് ഒഴുകി?
എത്രയെത്ര കോണ്‍ട്രാക്ടര്‍മാര്‍, ഉദ്യോഗസ്ഥന്മാര്‍, എന്‍ജിനീയര്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍, മതാധികാരികള്‍, പദ്ധതിവിദഗ്ദ്ധര്‍ ആദിവാസിയുടെ പേരില്‍ ധനികരായി! ആദിവാസിയുടെ കൈയില്‍ ഇന്നും തെണ്ടാന്‍ ചിരട്ടയാണല്ലോ. അവന്റെ കണ്ണിലും വയറ്റിലും ഇന്നും തീയാണല്ലോ. അവന്റെ കൈകള്‍ ഇന്നും കൂപ്പിയിട്ടാണല്ലോ. അഭിമാനികളായ കാട്ടരചന്മാരെ ഇങ്ങനെയാക്കിയത് ഈ നാം തന്നെയാണെന്ന് മറക്കാതിരിക്കുക.
ഒരു നിലവിളി പോലെ കൊടുംശാപം പോലെ ആദിവാസി കേരള മനസ്സാക്ഷിക്കു മുന്നില്‍ നില്‍ക്കുന്നു. അവന്റെ തലയ്ക്കുമുകളില്‍ ചുട്ടുപൊള്ളുന്ന സൂര്യന്‍. കാല്‍ക്കല്‍ ചത്തുണങ്ങിയ കാട്ടാറ്. പശ്ചാത്തലത്തില്‍ മൊട്ടയടിക്കപ്പെട്ട മലകളുടെ പ്രേതദൃശ്യങ്ങള്‍. എല്ലാം നഷ്ടപ്പെട്ടവന്‍, നഷ്ടപ്പെടുന്നവന്‍, മനക്കരുത്തില്ലാത്തവന്‍, പാര്‍ട്ടി പിന്തുണയില്ലാത്തവന്‍, ന്യൂനപക്ഷാവകാശങ്ങള്‍ അക്കമിട്ടുനിരത്തി പിടിച്ചുവാങ്ങാന്‍ അറിഞ്ഞുകൂടാത്തവന്‍, പാവപ്പെട്ടവന്‍. അവന്‍ തീയെരിയുന്നപോലെ നമ്മോടു ചോദിക്കുന്നു- ''നാട്ടുരാശാക്കളേ, ഇനി നീങ്കളുക്ക് എന്തുവേണം?''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates